ടി എസ് വിശ്വന്‍
ആലപ്പുഴയ്ക്കു വടക്ക് അരുര്‍ വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മണ്ണും മനുഷ്യനും ഒരേ പോലെയാണ്, വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തില്‍. കേരളത്തിലെ ഏഴിനം മണ്ണുകളിലൊന്നായ ചൊരിമണലിന്റെ യഥാര്‍ത്ഥ രൂപം ഇവിടെയാണ്. പണ്ടെങ്ങോ കടല്‍ പടിഞ്ഞാറോട്ടു പിന്മാറി കര ആയപ്പോഴാണ് ഇവിടം കരപ്പുറമായത്. മണ്ണ് കടപ്പുറത്തെ ചൊരിമണലായത്. സസ്യപോഷകമൂലക ങ്ങള്‍ ഏറ്റവും കുറഞ്ഞ മണ്ണും ഇതാണ് (Human Survival).
വേമ്പനാട്ടുകായലിനു പടിഞ്ഞാറും അറബിക്കടലിനു കിഴക്കുമായുള്ള ഈ ദേശം നൂറ്റാണ്ടുകള്‍ക്കു മുമ്പേ മരുഭൂമിക്കു സമാനമായിരുന്നു. കടലും കായലുമായുള്ള ദൂരം ആറോ ഏഴോ കിലോമീറ്ററിനപ്പുറം വരില്ല. മറ്റു പ്രദേശങ്ങളിലെപ്പോലെ വന്‍ നദികളൊന്നും കരപ്പുറത്തൂ കൂടി ഒഴുകുന്നില്ല. പകരം വര്‍ഷകാലത്തെ മലവെള്ളപ്പാച്ചിലില്‍ കിഴക്കുനിന്നും കായല്‍പ്പരപ്പും കവിഞ്ഞൊഴുകി രൂപം കൊണ്ട ചെറുതോടുകള്‍ നിരവധിയാണ്. അവയുടെ കൈവഴികളും കൊച്ചുകൊച്ചു നീര്‍ച്ചാലുകളും കരപ്പുറത്തെ ജൈവ ആവാസ വ്യവസ്ഥയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ചെടികളും കായ്കളും വിത്തുകളുമെല്ലാം മലങ്കാടുകളില്‍ നിന്നും പുതു മണ്ണിനെ പുളകമണിയിക്കാനെത്തിയത് ഈ നീരൊഴുക്കിനൊപ്പമാണ്.
ഈ വിഷയത്തില്‍ കടലിന്റെ സംഭാവനയും ചെറുതല്ല. കടല്‍ ക്ഷോഭം കൊണ്ടും ചാകരയിളക്കം കൊണ്ടും വേലിയേറ്റം കൊണ്ടുമെല്ലാം കടപ്പുറത്തെ കീറിമുറിച്ച് അനവധി പൊഴികള്‍ രൂപമെടുത്തു. അന്ധകാരനഴി, അര്‍ത്തുങ്കല്‍ പൊഴി, ചെത്തിപ്പൊഴി തുടങ്ങിയവ ഉദാഹരണങ്ങള്‍. കടലിലൂടെ ഒഴുകിയെത്തിയ പലതരം ഫലങ്ങളും പൊഴികളില്‍ പ്രവേശിച്ച് ഉള്‍നാടുകളിലെ ഹരിത സമൃദ്ധിക്കു കാരണമായിട്ടുണ്ട്. തീരദേശങ്ങളിലെ പൊഴികളുടെ ഇരുവശങ്ങളിലും കാണുന്ന കണ്ടല്‍ക്കാടുകളും ഒതള മരങ്ങളുമെല്ലാം അതിനു മതിയായ തെളിവുകളാണ്. നാളികേരത്തിന്റെ ആഗമനവും ഇപ്രകാരം ഒഴുകി എത്തിയതാണ്. ആദികാലത്ത് തെങ്ങിനെ അറിഞ്ഞിരുന്നത് കടപ്പുറം തെങ്ങ് എന്നായിരുന്നു. ഇവിടെ നിന്നാണ് ഇതര ദേശങ്ങളിലേയ്ക്ക് വിത്തു തേങ്ങ പ്രവഹിച്ചതും. ഇന്ന് കൃഷിവകുപ്പ് അംഗീകരിക്കുന്ന West Cost Tall (WCT) പടിഞ്ഞാറന്‍ കടപ്പുറത്തെ നീളന്‍ തെങ്ങ് എന്ന അര്‍ത്ഥത്തിലാണ്.
- പലകാലങ്ങളിലായി പല വഴികളിലാണ് ഇവിടം ജനവാസമേഖലയാകുന്നതു്. അലഞ്ഞു നടന്നു ജീവിച്ചവര്‍, മത്സ്യം പിടിച്ചു ജീവിച്ചവര്‍, നാട്ടുരാജാക്കന്മാര്‍ ഭൂപ്രദേശം കൈവശമാക്കിയ ശേഷം കൃഷിക്കും മറ്റുമായി അയക്കപ്പെട്ട സേവകര്‍, അടിമകള്‍, മാടമ്പിമാര്‍ അങ്ങനെയങ്ങനെ നൂറ്റാണ്ടുകളായാണ് ജനജീവിതം ഇവിടെ ഉറപ്പിക്കുന്നത്. സ്വാഭാവികമായും പക്ഷിമൃഗാദികളും വിവിധ തരം വിളകളും കടന്നുവന്നു. കാരണം ജീവന്റെ നിലനില്പിന് അവ കൂടിയേ കഴിയൂ.
- കരപ്പുറത്തെ തീരദേശ ചൊരിമണല്‍ ഗ്രാമങ്ങളില്‍ കൃഷി വ്യാപകമായതിനു പിന്നില്‍ അതികഠിനമായ മനുഷ്യപ്രയത്‌നമാണ് വേണ്ടി വന്നത്. അന്ധകാരനഴിയിലേയും മറ്റു പൊഴികളിലേയും ചേറ് [silt] കരയ്‌ക്കെത്തിക്കാനും മണ്ണിനെ കറുപ്പിക്കാനും നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള പഠനങ്ങളൊന്നും നാം നടത്തിയിട്ടില്ല. ചേറ് എന്നാല്‍ ചെളി അഥവാ സില്‍റ്റ് ആണ്. പഴയ കാലത്ത് എല്ലാവരും പറഞ്ഞിരുന്നതും ചേറ് എന്നാണ്. ‘ചേറില്‍ നിന്നും ചെന്താമര’ എന്ന പ്രയോഗത്തിനും ഏറെ പഴക്കമുണ്ട്. ‘ചേറാണു ചോറ്’ തുടങ്ങി ഒത്തിരി പഴംചൊല്ലുകളുണ്ട്. ഈ ചേറ് മറ്റപ്രദേശങ്ങളിലെത്തിക്കാന്‍ തോടുകള്‍ തന്നെ നിര്‍മ്മിച്ചു. അതിലേയ്ക്ക് ചങ്ങാടങ്ങളും മരവള്ളങ്ങളുമുണ്ടാക്കി.
തോടുകളും ചാലുകളും കുളങ്ങളും കരപ്പുറത്തിന്റെ സവിശേഷതയായിരുന്നുവെന്നു സൂചിപ്പില്ലോ. വേനല്‍ക്കാലങ്ങളിലിവയെല്ലാം വറ്റിപ്പോകുമ്പോള്‍ കൃഷി മാത്രമല്ല കുടിവെള്ളമില്ലായ്മയടക്കം ജീവിതം ദുര്‍ഘടമായിരുന്നു. വേനല്‍ക്കാലത്ത് ഇവയെല്ലാം വെട്ടി ആഴവും വീതിയും കൂട്ടി ജല സമൃദ്ധി ഉറപ്പിക്കാന്‍ വളരെപ്പേരുടെ കഠിന അധ്വാനമാണ് വേണ്ടി വന്നത്. ഇവ നവീകരിക്കുമ്പോള്‍ അടിത്തട്ടിലുള്ള ചേറും സമീപത്തെ ചൊരിമണലിന് ഗുണകരമായിട്ടുണ്ട്.
തോടുകള്‍ നിര്‍മ്മിച്ച് വള്ളങ്ങളിലെത്തുന്ന പൊഴിയിലെ ചേറുകട്ടകള്‍ മഴയും വെയിലും മഞ്ഞുമേറ്റ് പൊടിഞ്ഞ് പഞ്ചസാര നിറമുണ്ടായിരുന്ന ചൊരിമണലിനെ കറുപ്പിച്ചു. കാര്‍ഷിക വിളകളെ സമ്പുഷ്ടമാക്കി. വാസ്തവത്തില്‍ ചേറാണ് ചൊരിമണലിലെ കാര്‍ഷിക വിളകള്‍ക്കാധാരമായത്. പ്രധാനമായും ചേര്‍ത്തല പ്രദേശമാണ് കടപ്പുറവും കരപ്പുറവും എന്നറിയപ്പെടുന്നത്. അതു കൊണ്ടാണ് ചേറു വീണു ധന്യമായ സ്ഥലം ചേര്‍ത്തലയായത് എന്ന നിഗമനത്തിലെത്താന്‍ പ്രേരണയാകുന്നത്. ചേറിന്റെ സ്ഥലമാണ് ചേര്‍ത്തല! അക്കാര്യം കൂടുതലായി പഠിക്കാന്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കട്ടെ.
കാര്‍ഷിക വിളകള്‍ക്ക് തികച്ചും പ്രതികൂലമായ സാഹചര്യത്തെ അതിജീവിച്ച് കരപ്പുറത്തെ ചൊരിമണല്‍ കൃഷിപ്പെരുമയുടെയെല്ലാം പ്രധാന അടിത്തറ ചേറ് ആയതെങ്ങനെയെന്നു സൂചിപ്പിക്കുക മാത്രമാണ് ഉദ്ദേശം.
കടല്‍ച്ചാകര ഇളക്കിവിടുന്ന ചേറ് പൊഴികളില്‍ വന്നടിയുമ്പോള്‍ ശേഖരിച്ച് ചൊരിമണലിലെത്തിച്ച് മണ്ണില്‍ വളക്കൂര്‍മ്മ (Fertility) യും ജലസംഗ്രഹണ ശേഷി (Water holding capacity) യും വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സാഹസികത നിറഞ്ഞതായിരുന്നു. ഭക്ഷ്യവിളകളും നാണ്യവിളകളും ഔഷധവിളകളുമെല്ലാം സമൃദ്ധിയായി വിളയുന്ന നാടായി ഈ ഊഷര മണല്‍ മാറിയതെങ്ങനെയെന്നു പഠിക്കുന്നവര്‍ക്കിതു പ്രഥമവും പ്രധാനവുമായ പാഠമാണ്.
പുല്‍ച്ചെടികളാണ് പുതു മണ്ണിനെ ആദ്യം പച്ചപ്പുതപ്പണിയിച്ചത്. ക്രമേണ പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെറു ധാന്യങ്ങള്‍ കൃഷി രൂപത്തിലായി. അവയില്‍ ഏറെ വ്യാപകമായത് കൂവരഗ് അഥവാ റാഗിയാണ്. കരപ്പുറത്ത് ഈ വിളയ്ക്ക് ഏറെ പഴക്കമുണ്ട്. തെങ്ങില്‍ തടങ്ങളില്‍ ഇടുന്ന ചെളി (ചേറ്) പൊടിഞ്ഞ് തടം തുറക്കുമ്പോള്‍ ചൂറ്റിനും അവ വീഴാനിടയാകുന്നു. ആ ഭാഗങ്ങളില്‍ റാഗിപ്പുല്ല് നന്നായി വളരുമായിരുന്നു. പണ്ട് കരപ്പുറത്തെ പ്രധാന ഇടവിളയും റാഗിയായിരുന്നു. ഒരു ഭക്ഷ്യവിള കൂടിയായിരുന്ന റാഗിപ്പുല്ലിനെ പഞ്ഞപ്പുല്ല് എന്നാണ് കരപ്പുറത്തുകാര്‍ വിളിച്ചിരുന്നത്. പഞ്ഞമാസങ്ങളായ മിഥുനം കര്‍ക്കിടകം മാസങ്ങളില്‍ റാഗി മണികള്‍ പൊടിച്ചുതയ്യാറാക്കുന്ന കുറുക്ക് കുഞ്ഞുങ്ങള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഇഷ്ടഭക്ഷണമായി കൊടുത്തിരുന്നു. ഉമിയില്ലാത്ത ധാന്യമാകയാല്‍ സൗകര്യപ്രദവും സ്വീകാര്യവുമായിരുന്നു ഇവയുടെ ഉപയോഗം. ചൊരിമണലിലെ അതിജീവനത്തിന്റെ ഭാഗമായ ആദ്യത്തെ ഭക്ഷ്യധാന്യവും പഞ്ഞപ്പുല്ല് എന്നറിയപ്പെട്ടിട്ടുള്ള റാഗി തന്നെയായിരുന്നു. പിന്നീട് തിന, മല്ലിച്ചോളം പോലുള്ള ധാന്യങ്ങളും കൃഷി ചെയ്തിരുന്നതായി കാണുന്നുണ്ട്.
മറ്റു പ്രദേശങ്ങളില്‍ നിന്നും കരപ്പുത്തു വന്നു താമസമാക്കിയവരാണ് നെല്ലരിയും മറ്റു ധാന്യങ്ങളുമെല്ലാം പിന്നീട് ഇവിടെ പരീക്ഷിച്ചതും കൃഷിയുടെ ഭാഗമാക്കിയതും. ഇന്നും ചെറു ധാന്യങ്ങളടെ കൃഷിക്ക് ഈ മണ്ണ് പ്രയോജനപ്പെടുത്താമെന്ന് അടുത്ത കാലത്ത് ചേര്‍ത്തല തെക്ക് എന്ന ചൊരിമണല്‍ തീരദേശ ഗ്രാമം മാതൃക കാണിച്ചതും യാദൃച്ഛികമല്ല, 2022 – 23 വര്‍ഷത്തില്‍ ‘ചെറു ധാന്യകൃഷി ഗ്രാമം’ [Millat Village] എന്ന ഒരു പദ്ധതി തന്നെ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്നു നടപ്പാക്കി. അവയുടെ വിജയ സാധ്യതകള്‍ മറ്റു പഞ്ചായത്തുകളെ ബോധ്യപ്പെട്ടുത്താനും അവര്‍ക്കു സാധിച്ചു. ഇപ്പോള്‍ സംസ്ഥാന കൃഷി വകുപ്പ് ചെറു ധാന്യ കൃഷി പദ്ധതി ആരംഭിച്ചതും ചേര്‍ത്തല തെക്കു ഗ്രാമത്തിന് അഭിമാനിക്കാന്‍ പോന്നതാണ്.
പുരാതന കാലത്തു തന്നെ ചെളി സാന്നിദ്ധ്യമുള്ള മണ്ണില്‍ വിവിധ തരം കാട്ടു കിഴങ്ങുകളും വളര്‍ത്താന്‍ പറ്റുമെന്നവര്‍ പഠിച്ചിരുന്നു. വിശപ്പടക്കാനുള്ള അദമ്യമായ അന്വേഷണമാണ് മറ്റു സ്ഥലങ്ങളില്‍ നിന്നെല്ലാം കിട്ടാവുന്ന കിഴങ്ങുകള്‍ തേടിക്കൊണ്ടു വന്ന് ചൊരിമണലില്‍ കുഴിച്ചു വച്ചത്. അതിന്റെ തുടര്‍ച്ചയാണ് പില്‍ക്കാലത്ത് കരപ്പുറത്തെ പാരമ്പര്യ കൃഷിക്കാരെല്ലാം കിഴങ്ങുവര്‍ഗ കൃഷിക്കാരായാണ് അറിയപ്പെട്ടത്. ചേമ്പും ചേനയും കാച്ചിലും ചെറുകിഴങ്ങുകളും അവയുടെ അസംഖ്യം ഇനങ്ങളുമാണ് പ്രാചീന കാലത്തെ ഭക്ഷ്യ പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിച്ചതും.
- കൃഷിക്ക് പ്രതികൂലമായ ഘടകങ്ങളെ അതിജീവിക്കാന്‍ അന്നത്തെ മനുഷ്യര്‍ നടത്തിയ സാഹസിക ശ്രമങ്ങള്‍ വാഴ്ത്തപ്പെടേണ്ടവയാണ്. പ്രത്യേകിച്ച് ആദികാലത്തെ ജലസേചനം. ചൊരിമണലിലെ കൃഷികള്‍ക്ക് പറയുന്ന മറ്റൊരു പേരായിരുന്നു ‘നട്ടുനനച്ചു’ വളര്‍ത്തല്‍. നട്ടാല്‍ പോരാ, നനച്ചു തന്നെ വളര്‍ത്തണം. ചൊരിമണ്ണില്‍ വീഴുന്ന വെള്ളം എളുപ്പത്തില്‍ ചോര്‍ന്നുപോകുന്നതും വെയിലേറ്റാലുടന്‍ മണ്ണു ചൂടുപിടിച്ചു വരണ്ടു പോകുന്നതും മൂലം ചൊരിമണലില്‍ കൃഷി അസാധ്യമായിരുന്നു. അതിനാല്‍ അതി ജീവനത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ് ചൊരിമണലിനിണങ്ങിയ ‘കൈ നന’ സമ്പ്രദായം. കരപ്പുറം മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഈ കൈനന. ജലസേചനമെന്ന പരിഷ്‌കൃത പദം ഇവര്‍ കേള്‍ക്കുന്നതു തന്നെ ആധുനിക കാലത്ത് വന്‍കിട ജലസേചന പദ്ധതികളുടെ നിര്‍മ്മിതിയെപ്പറ്റി വാര്‍ത്തകള്‍ വന്നതോടെയാണ്. മോട്ടോര്‍ പമ്പുകള്‍ ഉണ്ടാകുന്നതിന് മുമ്പ് ചെടികള്‍ക്ക് നന നടത്തിയിരുന്നത് ജല സ്രോതസ്സുകളായ, കുളം, തോട്, നദികള്‍ എന്നിവിടങ്ങളില്‍ നിന്ന് പാത്രങ്ങള്‍, കുടങ്ങള്‍ പാട്ടകള്‍, പാളകള്‍ എന്നിവ ഉപയാഗിച്ചു വെള്ളം കോരിയെടുത്തു കൊണ്ടു വന്നാണ്. പിന്നീട് കരപ്പുറത്ത് പൂര്‍ണ്ണമായും നിലവില്‍ വന്നത് മണ്‍കുടങ്ങളില്‍ വെള്ളം കോരിയെടുത്തു നനയാണ്. കളിമണ്ണ് കുഴച്ചു ചുട്ടെടുക്കുന്ന പാത്രങ്ങളും കുടങ്ങളുമായിരുന്നു അക്കാലത്തെ മനുഷ്യരുടെ ആശ്രയം. കുടങ്ങള്‍ കൈകള്‍ കൊണ്ട് വെള്ളം കോരിയെടുത്ത് മറ്റു സ്ഥലത്തെത്തിക്കാന്‍ പാകത്തിലുള്ള ആകൃതിയും വലുപ്പത്തിലുമുള്ളവയായിരുന്നു.
- വീട്ടുവളപ്പിലെ അല്പസ്വല്പം കൃഷികള്‍ക്ക് കൈനന അത്ര പ്രയാസകരമാകാറില്ല. എന്നാല്‍ അധികമായുള്ള തെങ്ങുകള്‍, വാഴ, പച്ചക്കറികള്‍ എന്നിവയ്ക്ക് ദിവസേനയും ഒന്നിടവിട്ട ദിവസങ്ങളിലും തുടര്‍ച്ചയായി നനയ്ക്കണം. വേനല്‍ക്കാലത്ത് മൂന്ന് നാല് മാസം ഈ കൈനന സമ്പ്രദായം ഏറെ പ്രയാസപ്പെട്ടതായിരുന്നു..ഇങ്ങനെ നനയ്ക്കാന്‍ വരുന്നതു് സ്ത്രീകളായിരുന്നു. പത്തു ലിറ്ററില്‍ കുറയാതെ വെള്ളം കൊള്ളുന്ന രണ്ടു കുടങ്ങള്‍ നിറച്ച് ഇരു കൈകളിലും തൂക്കി ഓരോ തെങ്ങിന്‍ തടത്തിലും വന്ന് നിലത്തു വയ്ക്കാതെ നിവര്‍ന്നു നിന്നു കൊണ്ട് കൈത്തലങ്ങളാല്‍ കമഴ്ത്തുന്ന ജോലി സമാനതകളില്ലാത്ത അധ്വാനമാണ്. മിക്കവാറും ആഴമുള്ള കുളങ്ങളില്‍ നിന്നാവും വെള്ളമെടുക്കുന്നത്.
പത്തും പതിനഞ്ചും പടികള്‍ ഇറങ്ങുന്നതും നിറകുടങ്ങളുമായി നടന്നു കയറുന്നതും ക്ലേശിച്ചാണ്. പുരയിടത്തിന്റെ വലിപ്പം, തെങ്ങുകളുടെ എണ്ണം ഇടവിളകള്‍ എന്നിവയെ ആശ്രയിച്ച് കുറഞ്ഞത് ഇരുന്നൂറും മുന്നൂറും തവണ കയറിയിറങ്ങി വൃക്ഷാദികള്‍ക്കു നടത്തിയ മഹത്തായ ഈ ജലദാന യജ്ഞം ഇന്നത്തെ തലമുറയ്ക്കു ചിന്തിക്കാന്‍ പോലുമാവില്ല, മരം കോച്ചുന്ന മഞ്ഞും തണുപ്പും സഹിച്ച് നേരം പുലരും മുമ്പേയാണ് നാലും അഞ്ചും പേര്‍ ചേര്‍ന്നു നനച്ചു തീര്‍ക്കുന്നത് അപ്രകാരമുള്ള അക്ഷീണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നു ചൊരിമണലില്‍ ഹരിതാഭ ചാര്‍ത്തിയ കേരനിരകളും, അമൃത കുംഭങ്ങളും, മധുരനീരും, സുവര്‍ണ്ണ നാരുകളും, വിദേശ ബന്ധവും കരപ്പുറത്തെ ജനജീവിതം നിലനിര്‍ത്തിയത്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന കുറെ കര്‍ഷകരെങ്കിലും കാര്‍ഷിക പ്രശസ്തിയിലെത്തിയ തീരദേശ ഗ്രാമങ്ങളില്‍ ഇപ്പോഴുമുണ്ട്. കഞ്ഞിക്കുഴി, ചേര്‍ത്തല, മാരാരിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ യുവകര്‍ഷകര്‍ പുതിയ കാലത്തിന്റെ കൂടി വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തി നേടിയത് ആ പാരമ്പര്യത്തിന്റെ കണ്ണികളായതു കൊണ്ടാണ്.
വീട്ടുമുറ്റത്തു മാത്രം കൃഷിയെ ഒതുക്കി നിര്‍ത്താതെ ഒരേക്കറിലും പത്തേക്കറിലും പച്ചക്കറികളും പഴവര്‍ഗങ്ങളും പൂക്കളും കൃഷി ചെയ്യാനവര്‍ പഠിച്ചിരിക്കുന്നു. അതില്‍ അവര്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. തൊഴിലാളി ക്ഷാമം നേരിടാന്‍ ആവുന്നത്ര കാര്‍ഷിക യന്ത്രോപകരണങ്ങളുപയോഗിക്കാനവര്‍ക്കു കഴിയുന്നു. അതേസമയം തൊഴിലുറപ്പു തൊഴിലാളികളുടെ കൂട്ടായ്മ പച്ചക്കറി പൂക്കൃഷി ചെറു ധാന്യകൃഷി സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ പാകത്തില്‍ വളര്‍ത്തിയെടുക്കുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ വിവിധ കൃഷികള്‍ക്കിറങ്ങി നൂറു മേനി വിളവെടുക്കുന്നവര്‍ സമൂഹ മാധ്യമങ്ങളിലൂടെ നല്‍കുന്ന സന്ദേശങ്ങളും വിലപ്പെട്ടതാണ്. ഈ രംഗത്ത് സുജിത് എന്ന യുവകര്‍ഷകന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ അറിയപ്പെടുന്ന നിലയിലെത്തി! വ്യത്യസ്തങ്ങളായ വിളപരിപാലന രീതികളും സ്വന്തമായ വിപണന മാതൃകകളും കൊണ്ട് കൃഷിയെ ആദായകരമായ സംരംഭങ്ങളാക്കുന്നതില്‍ സുജിത്തിനെപ്പോലെ വിജയം കണ്ടെത്തുന്ന യുവകര്‍ഷകരുടെ പട്ടിക നീണ്ടതാണ്.
ഹൈടെക് കൃഷിയിലേയ്ക്ക് അതിവേഗം നടന്നടുക്കുന്ന പ്രദേശങ്ങളായി കരപ്പുറം ചൊരിമണല്‍ ഗ്രാമങ്ങള്‍മാറുകയാണെന്നു കാണാം. പുരയിടങ്ങളെ നന്നായി സൂര്യ വെളിച്ചം കിട്ടാന്‍ പാകത്തില്‍ പാഴ്മരങ്ങളും ചോലപ്പുകളും വെട്ടിമാറ്റി ഉത്തമ കൃഷിയിടങ്ങളാക്കുന്നതിലും ശാസ്ത്രീയമായി അകലം പാലിച്ച് തടങ്ങളൊരുക്കുന്നതിലും ആവശ്യാനുസരണം അടിവളം ചേര്‍ക്കുന്നതിലുമെല്ലാം അറിവും കണിശവും പാലിക്കുന്നു.
ജൈവകൃഷിയും പ്രകൃതി കൃഷിയും അവരെ ചൊരിമണലില്‍ ജൈവവളങ്ങള്‍ അനുപേക്ഷണീയമാണെന്ന പ്രായോഗിക ജ്ഞാനത്തിന്റെ പ്രായോക്തക്കളാക്കിമാറ്റി. വന്‍കിട കോഴി ഫാമുകളില്‍ നിന്നും പത്തു ടണ്‍ കോഴിവളം വീതംനിറച്ചു വരുന്ന ലോറികള്‍ പലരുടെയും കൃഷിയിടങ്ങളില്‍ നേരിട്ടെത്തുന്നുണ്ട്. ചകിരിച്ചോര്‍ കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, തുടങ്ങിയവയുടെ സമയോജിതമായ ഉപയോഗവും കാണുന്നു.
കളകളെ നിയന്ത്രിക്കാന്‍ പ്ലാസ്റ്റിക് മള്‍ച്ചിംഗ് ഉപയോഗിക്കുന്നതിലും ഡ്രിപ്പ് ഇറിഗേഷന്‍ സെറ്റ് ചെയ്യുന്നതിലും ഫെര്‍ട്ടിഗേഷന്‍ ഫലപ്രദമാക്കുന്നതിലും ഇവിടുത്തെ കര്‍ഷകര്‍ സമര്‍ത്ഥരായി മാറി. മഴ മറകളെയും ഫാം ഹൗസു കളെയും എങ്ങനെ ഉപയോഗപ്പെടുത്തണം , ഹൈബ്രിഡ് വിത്തുകളുടെ ശേഖരണം, നല്ലയിനം തൈകള്‍ ഉല്പാദനം തുടങ്ങിയ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ ഇവര്‍ക്കു കഴിയുന്നു. ഫോളിയര്‍ സ്‌പെയിംഗ് നടത്തി ചെടിയുടെ വളര്‍ച്ച നിയന്ത്രിച്ച് അധികോല്പാദനം നേടുന്ന രീതിയും പരീക്ഷിക്കുന്നവരായി ഇന്ന് കരപ്പുറത്തെ കര്‍ഷകര്‍ മാറിയിട്ടുണ്ട്.
ഈ വര്‍ഷത്തെ ചേര്‍ത്തലക്കാരുടെ ഓണം ഓര്‍മ്മിക്കപ്പെടുന്നത്പൂക്കളുടെ ഗ്രാമം എന്ന നിലയില്‍ കൂടിയാണ്. കഞ്ഞിക്കുഴിയില്‍ വി പി സുനിലിന്റെ ബന്തിയും വാടാമല്ലിയും മറ്റു കളര്‍ പുഷ്പങ്ങളും നിറഞ്ഞ കൃഷിത്തോട്ടം കാണാന്‍ പത്തുരൂപ പ്രവേശന ഫീസ് നല്‍കി ആയിരങ്ങളാണ് എത്തിയത്. നാടെമ്പാടും ഓണപ്പൂക്കളം തീര്‍ക്കാനാവശ്യമായ വര്‍ണ്ണ പുഷ്പങ്ങള്‍ സുനില്‍, സുജിത്, ജ്യോതിഷ് മാരുടെ തോട്ടങ്ങളിലുണ്ടായി. പ്രതീക്ഷിച്ചതു പോലെ ഉണ്ടായ ബന്ദിപ്പൂക്കള്‍ മുഴുവനായും വിറ്റഴിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുതയും കാണാതിരിക്കുന്നില്ല.!
ചേര്‍ത്തലയുടെ എം എല്‍ എ യും കൃഷിമന്ത്രിയും കൂടിയായ ശ്രീ പി പ്രസാദിന്റെ വസതിക്കു ചുറ്റിനും സാമാന്യം നന്നായി പൂക്കൃഷി നടത്തിയതും കൂടുതല്‍ ജനക നേടി. ചൊരിമണലിലെ വെല്ലുവിളികളെ നേരിടുന്ന കൃഷിക്കാരെ സഹായിക്കാന്‍ കഞ്ഞിക്കുഴിയുടെ സ്വന്തം ബാങ്കായ കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രത്യക പദ്ധതികളും പ്രോത്സാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ കെ കുമാരന്‍ പാലിയേറ്റീവ് കെയര്‍ എന്ന സേവന കേന്ദ്രം ചൊരിമണല്‍ കര്‍ഷകരോടൊപ്പം നിലകൊള്ളുന്നു. കടലോര ഗ്രാമം കൂടിയായ ചേര്‍ത്തല തെക്കിലെ കൃഷി കൂട്ടായ്മകള്‍ നാടന്‍ പാട്ടുകളും നാടന്‍ കലകളുമായ് ചൊരിമണല്‍ കൃഷിവിജയത്തിന്റെ പിന്നണിപ്പടയാളികളായ് മാറുന്നു. കരപ്പുറത്തൊരു പുത്തന്‍ കാര്‍ഷിക മാറ്റത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനകളും സംരംഭങ്ങളും ധാരാളമുണ്ട്.
പുതിയ പുതിയ ഇനങ്ങളില്‍പ്പെടുന്ന കായ്കറികളും, ഫലവൃക്ഷങ്ങളും പഴവര്‍ഗങ്ങളും പൂക്കളും ചെറു ധാന്യങ്ങളും കൃഷി ചെയ്യാന്‍ മനസ്സുള്ള – യുവാക്കള്‍ കഞ്ഞിക്കുഴിയിലും ചേര്‍ത്തലയിലും മാരാരിക്കുളത്തുമുള്ളത് കൃഷിമന്ത്രിയടക്കം കേരളത്തിന്റെ പൊതുമണ്ഡലത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാളുകളില്‍ നടന്ന കരപ്പുറം കാര്‍ഷികോത്സവം അതിന് ഏറെ സഹായിച്ചിട്ടുമുണ്ട്.
എന്നാല്‍ അന്യസംസ്ഥാനങ്ങളിലേയും അന്യരാജ്യങ്ങളിലേയും കൃഷി വിജയങ്ങളും കൃഷിമാതൃകകളും കണ്ടും അറിഞ്ഞും അതുപോലെ കരപ്പുറത്തെ കൃഷികളെയും
ഉല്പാദനത്തെയും മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം കൃഷിയില്‍ നമ്മുടേതായ വെല്ലുവിളികളും പ്രയാസങ്ങളും പോരായ്മകളും സാധ്യതകളും തിരിച്ചറിയുന്നതില്‍ നാം ബഹുദൂരം മുന്നേറേണ്ടതായിട്ടുണ്ട്. സപ്ലൈകോയില്‍ നിന്നു മുളകു ലഭിച്ചില്ലെങ്കില്‍ ഓണമില്ലെന്നു പറയുന്ന ഒരു ജനതയല്ല നമുക്കാവശ്യം. പത്തേക്കറില്‍ മികച്ചയിനം മുളകു കൃഷി ചെയ്ത് പഴുപ്പിച്ചെടുത്ത് ഉണക്കി ചാക്കുകളിലാക്കി പത്തു സപ്ലൈകോ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ ചങ്കൂറ്റമുള്ള കര്‍ഷകരെയാണ് നാടിനാവശ്യം. അതു പരിശോധിക്കാന്‍ നമ്മുടെ കാര്‍ഷിക ഗവേഷണ, വികസന സ്ഥാപനങ്ങള്‍ കഞ്ഞിക്കുഴി മാരാരിക്കുളം ചേര്‍ത്തല മേഖലകളില്‍ ഒരു പഠനം നടത്താവുന്നതാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷി വിദഗ്ധനായിരുന്ന ആര്‍ ഹേലി കഞ്ഞിക്കുഴിയിലെ പൊന്നിട്ടുശ്ശേരി കൃഷിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കവെ പറഞ്ഞത് ഓര്‍മ്മപ്പെടുത്തുന്നു. ‘ഇവിടുത്തെ ചൊരിമണലില്‍ ഇതുപോലെ കൃഷി വിജയിപ്പിക്കാമെങ്കില്‍ കേരളത്തിലെവിടെയും ഇതിന്റെ പത്തിരട്ടി വിളവ് നേടാം’ എന്നാണ് അന്നു പറഞ്ഞു.
ചൊരിമണലിന്റെ സവിശേഷതകള്‍
ഏറെ ശ്രദ്ധിച്ച് ചൊരിമണല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ മാരാരിക്കുളം എം എല്‍ എ ആയിരിക്കുമ്പോള്‍ ഡോ.റ്റി എം തോമസ് ഐസക് നടപ്പാക്കിയ ‘ഹരിത കരപ്പുറം’ പദ്ധതിയും തുടര്‍ന്നുള്ള ഇടപെടലുകളും അദ്ദേഹമെഴുതിയ ‘മരുപ്പച്ചകള്‍ ഉണ്ടാകുന്നത്’ എന്ന പുസ്തകവും ഗവേഷണ വിദ്യാര്‍ത്ഥികള്‍ വിലയിരുത്തേണ്ടതാണ്.
1996-ല്‍ ആരംഭിച്ചതും പിന്നീട് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് മാര്‍ഗ ദീപവുമായി മാറിയ ‘കഞ്ഞിക്കുഴി ജനകീയപച്ചക്കറിക്കൃഷി ‘ ഇത്തരുണത്തില്‍ സ്മരിക്കേണ്ടതാണ്. ചൊരിമണല്‍ ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങളും പച്ചക്കറി കൃഷിയിലേക്കിറങ്ങാന്‍ നടത്തിയ ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയായിരുന്നു അത്. അതിനു ധീരമായ നേതൃത്വം കൊടുത്ത അന്നത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി പി സ്വാതന്ത്ര്യത്തോടൊപ്പം കൃഷി ഓഫീസറായിരുന്ന ഈ ലേഖകനും ജനപ്രതിനിധികളും ഉദ്യാഗസ്ഥരും അണിചേര്‍ന്നത് അഭിമാനത്തോടെ മാത്രമേ ഓര്‍മ്മിക്കാനാവൂ.
മണ്ണിന്റെ പോഷകക്കുറവും മനുഷ്യന്റെ ഭാരദ്ര്യവും ഉല്പാദന ഉപാധികളുടെ ദൗര്‍ലഭ്യവും പരിഹരിക്കാന്‍ പ്രദേശിക ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തിക്കു കഴിയുമെന്ന സന്ദേശമാണ് കഞ്ഞിക്കുഴിയെന്ന ചൊരിമണല്‍ ഗ്രാമത്തിന്റെ മഹത്തായ സംഭാവന. ചുറ്റുമുള്ള ചൊരിമണല്‍ ഗ്രാമങ്ങളെ അതു സ്വാധീനിച്ചിട്ടുണ്ട്. പുതുതായി ആയിരക്കണക്കിനു കൃഷിക്കാരെ സൃഷ്ടിക്കാനും നൂറു കണക്കിനു വാണിജ്യകൃഷിക്കാരെ വളര്‍ത്തിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇന്ന് ടണ്‍ കണക്കിനു പൂക്കളും പച്ചക്കറികളും തണ്ണിമത്തനും പുറമെ കൊടുക്കാന്‍ പ്രാപ്തിയുള്ളവരായി കരപ്പുറം കര്‍ഷകര്‍ മാറിയിട്ടുണ്ട്. ചൊരിമണലിലെ പ്രതിസന്ധികളെ അതിജീവിച്ച് ഹൈടെക് കൃഷി രീതികള്‍ കൊണ്ട് ഉയര്‍ന്ന ഉല്പാദനം നേടാന്‍ കഴിയുമെന്ന അനുഭവ പാഠവും കരപ്പുറത്തെ കര്‍ഷകര്‍ സ്വന്തമാക്കുന്നു!
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47