Thamasoma News Desk
കഴിവുള്ള ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ കിട്ടുക (Job) എന്നത് വലിയ പ്രയാസമാണ്. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാപനം തന്നെ തകര്‍ത്ത് തരിപ്പണമാക്കിക്കളയും ചിലര്‍. എവിടെ നിന്നാണ് പണി വന്നതെന്ന് ചില സ്ഥാപനങ്ങള്‍ക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലും പറ്റിയെന്നു വരില്ല. തന്റെ ബിസിനസിനു നേര്‍ക്കു വന്ന വലിയൊരപകടം കൃത്യസമയത്ത് തിരിച്ചറിയാനും തടയാനും സാധിച്ച ഒരു സംഭവം മഹാരാഷ്ട്രയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ സജി തോമസ് പങ്കുവച്ചു. അത് ഇങ്ങനെയാണ്.
എന്റെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു സ്റ്റാഫ്, കൂടുതല്‍ ശമ്പളം കിട്ടുന്ന ജോലി ലഭിച്ചപ്പോള്‍ പൊടിയും തട്ടി പോയി. അവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജീവിത ചിലവുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുമ്പോള്‍ വരുമാനം പ്രധാന ഘടകം തന്നെയാണല്ലോ. അങ്ങിനെയാണ് മറ്റൊരു സ്റ്റാഫിനായി അന്വേഷണം തുടങ്ങിയത്.
കുറച്ച് പ്രവര്‍ത്തി പരിചയമുള്ള ഒരാളാണെങ്കില്‍ എന്റെ ജോലി കുറയുമല്ലോ എന്ന് കരുതിയാണ് അത്യാവശ്യം വിദ്യാഭ്യാസവും പ്രവര്‍ത്തി പരിചയവും ഉളള ഒരാളേ ജോലിക്ക് എടുത്തത്.
ആദ്യ ദിവസം. ഒരു നാലുമണി സമയം. എതോ ആവശ്യത്തിനായി പുറത്തു പോയി വന്ന എന്നോട് എന്തോ പ്രധാന കാര്യം പറയുന്ന ആശ്ചര്യത്തില്‍ ഇവര്‍ ചോദിച്ചു. ‘സര്‍ ഇവിടെ ജോലി ചെയ്യുന്ന ഒരു ജോലിക്കാരന്‍ (അദ്ദേഹം പതിനാല് വര്‍ഷമായി എന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ്. വേറേയും മൂന്നു നാല് ജോലിക്കാരുണ്ട് ) നിങ്ങളുടെ പാര്‍ട്ണര്‍ ആണോ അതോ ശമ്പളക്കാരനാണോ ‘ എന്ന്…
ഒരു ടെക്‌നീഷന്‍ എന്ന നിലക്ക് പല അപകടങ്ങളും മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നത് കൊണ്ട് ആ ചോദ്യത്തിലെ അപകടം ഞാന്‍ തിരിച്ചറിഞ്ഞു. എങ്കിലും അറിയാത്ത ഭാവത്തില്‍ ചോദിച്ചു. ‘താങ്കള്‍ക്ക് ഇങ്ങിനെയൊരു സംശയം ഉണ്ടാകാന്‍ കാരണമെന്താണ് ?’
“സര്‍ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍ ഇത്രയും ജോലി ഒരാള്‍ ചെയ്യുമോ? സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ പുറത്തു പോകുന്നു. വന്നാല്‍ വര്‍ക്ക്‌ഷോപ്പിലെ ജോലി തുടരുന്നു. ഇതിനിടയില്‍ സര്‍വ്വീസ് ആവശ്യത്തിനായി ആരെങ്കിലും വിളിച്ചാല്‍ അത് അറ്റന്റ് ചെയ്യുന്നു. കസ്റ്റമറെ ഹാന്റില്‍ ചെയ്യുന്നു.’
ഇത്രയും കേട്ടപ്പോള്‍ തന്നെ ഞാന്‍ സംശയിച്ച അപകടം അത്ര ചെറുതല്ല എന്ന് മനസ്സിലായി. അതിന്റെ ഏറ്റവും ഭീകരമായ വേര്‍ഷന്‍ എന്നത് എന്നെ അലട്ടിയത്. ഇവരുടെ ഈ ആശങ്ക അവര്‍ ആ ജോലിക്കാരനുമായി പങ്കു വെച്ചോ എന്നതായിരുന്നു. എങ്കില്‍ പണി പാളും എന്ന് നന്നായി അറിയാവുന്ന ഞാന്‍ ചോദിച്ചു.
‘മാഡം നിങ്ങള്‍ ഈ വിവരം അവനുമായി പങ്കുവെച്ചോ’ എന്ന്.
‘പിന്നെ .. ഞാനിതയാളോട് ചോദിച്ചു. പാര്‍ട്ണര്‍ അല്ല ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്ന് അയാള്‍ പറയുകയും ചെയ്തു. പാര്‍ട്ണര്‍ അല്ലെങ്കില്‍ നിങ്ങളെന്തിനാ ഇത്രേം ജോലി ചെയ്യുന്നത് എന്ന് ചോദിക്കുകയും ചെയ്തു.’
അങ്ങ് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള വേലിയില്‍ ഇരുന്ന പാമ്പിനേയാണല്ലോ ഞാനെടുത്തു ഓഫീസില്‍ കൊണ്ടു വന്നിരുത്തിയത് എന്ന് ഓര്‍ത്തുകൊണ്ട് ഞാന്‍ ചുറ്റുപാടും പരതി ഈ സംഭാഷണം ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന്. ഇല്ല എല്ലാവരും അവരവരുടെ ജോലിയിലാണ്. നല്ല ജോലിക്കാരേ ലഭിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുകയും മാര്‍ക്കറ്റിലെ കിടമത്സരവും കുതികാല്‍ വെട്ടും എല്ലാം കൊണ്ടും ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുക എന്നത് പ്രയാസകരമായ ഈ കാലത്ത് നല്ല ആത്മാര്‍ത്ഥതയുള്ള ഒരു ജോലിക്കാരനെ സംരക്ഷിച്ചു പോകുക എന്നത് വല്ലാത്ത പ്രയാസമുള്ള കാര്യമാണ്. അതിനിടയിലാണ് ഇതുപോലുള്ള മാരണങ്ങള്‍. വൈകിട്ട് പോകാന്‍ നേരം ഒരായിരം രൂപ കൊടുത്തിട്ടു ഞാന്‍ പറഞ്ഞു.
മാഡം നാളെ ഇങ്ങോട്ട് വരണമെന്നില്ല. എനിക്ക് വേണ്ടത് അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്ന ഒരാളേയാണ്. ജോലിക്കാര്‍ എങ്ങിനെ ജോലി ചെയ്യുന്നു എന്ന് നോക്കാന്‍ തത്കാലം എനിക്ക് ആളെ ആവശ്യമില്ല. ദേഷ്യം തോന്നരുത്. മറ്റൊന്നുകൊണ്ടുമല്ല. താങ്കള്‍ ഇവിടെ തുടര്‍ന്നാല്‍ അത് ഈ സ്ഥാപനത്തിന്റെ ഭാവിയെത്തന്നെ ബാധിക്കും. നാലഞ്ചു കുടുംബങ്ങള്‍. ഇതുകൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ്.’
അവര്‍ നടന്നകലുമ്പോള്‍ എന്റെ ചിന്ത മറ്റൊന്നായിരുന്നു. അവര്‍ പറഞ്ഞതു കേട്ട ആ ജോലിക്കാരന്റെ ഇനിയങ്ങോട്ടുള്ള സമീപനം എന്താകുമോ എന്നാതായിരുന്നു, സജി പറഞ്ഞു നിറുത്തി.
ഈ സ്ത്രീ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഏതു സ്ഥാപനത്തിലായിരിക്കും? ഏതെല്ലാം സ്ഥാപനങ്ങള്‍ ഇവര്‍ മൂലം തകര്‍ന്നിട്ടുണ്ടാവും? ആത്മാര്‍ത്ഥതയുള്ള എത്രയോ ജീവനക്കാര്‍ ഇവര്‍ മൂലം സ്ഥാപനത്തിനെതിരെ തിരിഞ്ഞിട്ടുണ്ടാവും?
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47