വീണുപോയവരെ വിട്ടുകളയുന്ന ഈ പഠനം ആപത്ത്

Jess Varkey Thuruthel

ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവമായ സ്‌കൂള്‍ യുവജനോത്സവത്തില്‍ നമ്മള്‍ കണ്ട മനസുനുറുങ്ങുന്ന ഒരു കാഴ്ചയുണ്ട്. ഒപ്പനയ്ക്കായി ഒരു ടീം സ്റ്റേജിലെത്തി, കളിയുടെ ആരംഭത്തില്‍ തന്നെ കൂട്ടത്തിലൊരാള്‍ വീണുപോയി. എന്നാല്‍, യാതൊന്നും സംഭവിക്കാത്തതുപരോലെ, യാതൊരു തരത്തിലുമുള്ള പതര്‍ച്ചയോ ഭാവവ്യത്യാസമോ കാണിക്കാതെ, നടന്നുപോകുന്ന വഴിയിലൊരു തടസം കിടന്നാലെന്ന പോലെ, കൂടെയുണ്ടായിരുന്ന ബാക്കിയെല്ലാവരും ആ ഒപ്പന മത്സരം പൂര്‍ത്തിയാക്കി!

സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പാട്ടു മറക്കുകയോ, പാട്ടു നിലച്ചുപോകുകയോ അബദ്ധത്തിലൊന്നു വീഴുകയോ ചെയ്യുമ്പോള്‍ സമചിത്തത കൈവിടാതെ മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്കു പ്രശംസയും കൈയ്യടികളും കിട്ടാറുണ്ട്. ഇതുപക്ഷേ, അങ്ങനെയല്ല, ആ കുട്ടി എഴുന്നേല്‍ക്കാനാവാത്ത വിധം വീണുപോയി. ഒപ്പന മത്സരം തീരും വരെയും ആ കുട്ടിക്ക് എഴുന്നേല്‍ക്കാനും സാധിച്ചിട്ടില്ല. വീണിടത്തു കിടന്നുകൊണ്ടുതന്നെ ആ കുട്ടി കളിക്കാന്‍ ശ്രമിക്കുന്നതായും കാണാം.

മത്സരത്തിനു മാര്‍ക്കിടാന്‍ വന്ന ജഡ്ജിമാര്‍ മുന്നിലിരിക്കുന്നുണ്ട്. മത്സരം കാണുന്ന കാണികളുടെ കൂട്ടത്തില്‍ അധ്യാപകരുമുണ്ട്, മാതാപിതാക്കളുണ്ട്. കൂട്ടത്തിലൊരാള്‍ വീണുകിടന്നിട്ടും മത്സരം നിറുത്തി വയ്ക്കാന്‍ ആരും ആവശ്യപ്പെട്ടില്ല! ആ ഒപ്പന ടീമിലെ ആരും മത്സരം തീരും വരെ വീണ കുട്ടിയെ താങ്ങിയെടുക്കുന്നതു പോകട്ടെ, ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല. വീണവളെ താങ്ങുമെന്ന തോന്നലുണ്ടാക്കി ഒരാള്‍ പെട്ടെന്നു തിരിയുന്നതു കാണാം. പക്ഷേ, അടുത്ത നിമിഷം നമുക്കു മനസിലാകും, ആ പെണ്‍കുട്ടി ഒപ്പനച്ചുവടുകള്‍ വയ്ക്കുകയായിരുന്നു, അല്ലാതെ വീണവളെ താങ്ങാനല്ല പിന്നോട്ടു തിരിഞ്ഞതെന്ന്!

എത്ര വേദനാജനകമായ കാഴ്ചയാണിത്? രോഗം വന്നു വീണുപോയാല്‍ സെക്കന്റുകള്‍ പോലും വിലപ്പെട്ടതാണ്. പാഴാക്കിക്കളയുന്ന ഓരോ നിമിഷത്തിനും വീണുകിടക്കുന്നവരുടെ ജീവനോളം വിലയുണ്ട്. അതറിയുന്നവര്‍ തന്നെയാണ് അവിടെയിരിക്കുന്നവരെല്ലാം. എന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. കൂട്ടത്തിലൊരാള്‍ വെറുമൊരുതമാശക്ക് വീണതാകുമെന്ന് ഇവര്‍ കരുതിയിട്ടുണ്ടാകുമോ?

പാട്ടും കലകളും കായിക മത്സരങ്ങളുമെല്ലാം നടത്തപ്പെടുന്നത് പരസ്പരമുള്ള സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനാണ്. വൈരാഗ്യമോ ഏതുവിധേനയും എതിരാളിയെ തോല്‍പ്പിക്കാനോ ഉള്ള വൃത്തികെട്ട മനസ്ഥിതി മനുഷ്യമനസില്‍ വേരുറപ്പിക്കാനാവരുത് ഈ കലാകായിക മേളകള്‍. ശത്രുക്കളെപ്പോലെ പോരടിക്കുന്ന മനുഷ്യരെയാണ് നമുക്ക് കലാകായിക വേദികളിലിന്ന് കാണാന്‍ സാധിക്കുന്നത്. ചതിച്ചും കുതികാല്‍ വെട്ടിയും വിജയിച്ചു മുന്നേറാനുള്ള ത്വര. ഇവിടെ വീണുപോയത് സ്വന്തം ടീമിലുള്ള ഒരാള്‍ തന്നെയാണ്. പക്ഷേ….


കളിക്കളത്തില്‍ വീണുപോയവരെ താങ്ങിയെടുക്കാനായി, ശുശ്രൂഷിക്കാനായി, വിജയമുറപ്പിച്ച നീക്കങ്ങള്‍ പോലും ഉപേക്ഷിച്ചവര്‍ നിരവധിയാണ്. പരിക്കേറ്റുവീണവരെ താങ്ങിയെടുക്കുന്ന എതിര്‍ടീമിലെ അംഗങ്ങളെപ്പോലും കളിക്കളത്തില്‍ നമുക്കു കാണാന്‍ സാധിക്കും.

കഴിഞ്ഞ ഒളിംബിക്‌സില്‍ വിശ്വമാനവികതയുടെ അതിമനോഹരമായ ഒരു ദൃശ്യം നാം കണ്ടു. ഖത്തറിന്റെ ബാര്‍ഷിമും ഇറ്റലിയുടെ ടംബേരിയുമായിരുന്നു ലോകത്തെ സ്‌നേഹത്തിന്റെ പുതിയ ഗാഥ നമുക്കു കാണിച്ചു തന്നത്. അതിമിടുക്കരായ കളിക്കാര്‍. രണ്ടുപേരും ഹൈജംപില്‍ മത്സരത്തിനിറങ്ങി. സെക്കന്റിനെ നൂറായി വിഭജിച്ചാല്‍ അതിലൊരു അംശത്തിനു കൂടി വിലയുള്ള ഒളിംബിക്‌സ്. അത്തരമൊരു വ്യത്യാസത്തിലാണ് പയ്യോളി എക്‌സ്പ്രസ് പി ടി ഉഷയ്ക്ക് വെങ്കലും നഷ്ടമായതെന്ന് ഓര്‍ക്കണം. ആദ്യചാട്ടത്തില്‍ ബാര്‍ഷിമും ടംബേരിയും തുല്യ ഉയരം ചാടി. തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു ടെംബേരി. എന്നാല്‍, രണ്ടാം ചാട്ടത്തില്‍ ടെംബേരിയുടെ കാലിന്റെ മസില്‍ പിടിച്ചു. അത് വളരെ ഗുരുതരമായിരുന്നു. സര്‍ജ്ജറി വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബാര്‍ഷിം അപ്പോള്‍ 2.40 മീറ്റര്‍ ചാടിയിരുന്നു. ഒരാളെ മാത്രമാണ് ഒളിംബിക്‌സ് മെഡലിനായി തെരഞ്ഞെടുക്കുക. അതൊരു അവസരമാക്കിയെടുത്ത് ബാര്‍ഷിമിന് ഒളിംബിക്‌സ് കിരീടം നേടാമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരം. അതിലൊരു കിരീടം ചൂടുക എന്നത് കായിക താരങ്ങളുടെ ജീവിത ലക്ഷ്യമാണ്. ആ മഹത്തായ നേട്ടത്തിന്റെ പടിവാതില്‍ക്കല്‍ ടെംബേരിയെ നിര്‍ഭാഗ്യം പിടികൂടി. ഇവിടെയാണ് വിശ്വമാനവികത പ്രകടമായത്. ആ മെഡല്‍ തങ്ങള്‍ക്കു രണ്ടുപേര്‍ക്കുമായി പങ്കിട്ടു തരണമെന്നതായിരുന്നു ഒളിംബിക്‌സ് കമ്മറ്റിയോടുള്ള അവരുടെ അഭ്യര്‍ത്ഥന. അതുസ്വീകരിക്കപ്പെട്ടു, ആ മെഡല്‍ അവര്‍ പങ്കിട്ടെടുത്തു.

അടുത്തകാലത്തായി പുറത്തിറങ്ങിയ നെയ്മര്‍ എന്ന മലയാള സിനിമയില്‍, കുഴിയില്‍ വീണ എതിരാളിയെ രക്ഷപ്പെടുത്തുന്ന നെയ്മര്‍ ഏറെ കൈയ്യടികള്‍ നേടിയിരുന്നു. വിവേചനബുദ്ധിയില്ലാത്ത മൃഗലോകത്തു പോലും ഇത്തരം നിരവധി നന്മകളുണ്ട്. എന്നിട്ടും മനുഷ്യകുലത്തില്‍ അതില്ലെന്നോ?

സ്‌ന്ഹമില്ലായ്മയുടെ, മറ്റുള്ളവരോടു കരുതലില്ലായ്മയുടെ പാഠങ്ങളല്ല കലാലയങ്ങളില്‍ നിന്നും പഠിക്കേണ്ടത്. പാഠ്യവിഷയങ്ങള്‍ മാത്രം പഠിച്ച്, ജോലി നേടാനായിട്ടല്ല വിദ്യാഭ്യാസം. വീണുപോയവര്‍ക്ക് കൈത്താങ്ങാന്‍ കഴിയണം. അവരെയും കൂടെ നിറുത്താന്‍ കഴിയണം. അപ്പോള്‍ മാത്രമേ വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളു. ആരൊക്കെ വീണാലും ചത്താലും മത്സരിച്ചു ജയിക്കണമെന്ന ചിന്ത ക്രൂരമാണ്.

എല്ലാ കലകളുടേയും കായിക മത്സരങ്ങളുടെയും ലക്ഷ്യം വിശ്വമാനവികത ഊട്ടിയുറപ്പിക്കുക എന്നതാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍, കുറച്ചു കൂടി വിശാലമായിപ്പറഞ്ഞാല്‍, അതിന് വസുധൈവ കുടുംബകം എന്നര്‍ത്ഥം. മാനവികതയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ നമ്മളതിനെ കാണുന്നത് വളരെ ലളിതമായിട്ടാണ്. ഉപാധികളോടെയുള്ള ഇഷ്ടങ്ങളില്‍ പെട്ടിപ്പിണഞ്ഞു കിടക്കുന്നവരാണ് നമ്മള്‍. അങ്ങനെയാണെങ്കില്‍, ഇങ്ങനെയാണെങ്കില്‍, ഈ രീതിയിലാണെങ്കില്‍ കൂടെയുണ്ടാവും, സ്‌നേഹിക്കും എന്നു പറയുന്നവര്‍. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ നമ്മളിതുവരെ പഠിച്ചിട്ടില്ല. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാവുമെന്നു പറയുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നതാണ് സ്‌നേഹം. പക്ഷേ, പ്രതിസന്ധികളുണ്ടാകുമ്പോള്‍ രക്ഷപ്പെട്ടോടുക എന്നതാണ് നമ്മളില്‍ പലരും പഠിച്ചിരിക്കുന്നത്. വീണുപോയ സഹകളിക്കാരിയെ തിരിഞ്ഞുനോക്കാതിരിക്കാനുള്ള കാരണവും ഇതുതന്നെ. ആരുവീണാലും എനിക്കു വിജയിക്കണമെന്ന ചിന്ത. ഈ വിജയം വിജയമല്ല എന്ന തിരിച്ചറിവു പോലും ആരും പഠിക്കുന്നില്ല, പഠിപ്പിക്കുന്നുമില്ല.


………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………..

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *