എയര്‍ കണ്ടീഷനിംഗ് പരിസ്ഥിതിയെ ബാധിക്കുന്ന വിധം

Suhas Thekkedath

എസിയില്‍, ശരീരം തണുപ്പിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ ബാധിക്കുക എന്ന്…?? ആഗോള താപനം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയില്‍ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം മനുഷ്യന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ഏറെ മുന്‍പേ തന്നെ എയര്‍ കണ്ടീഷനിങ്ങ് നിലവില്‍ വന്നിരുന്നു….!

അമേരിക്കയിലാണ് എയര്‍ കണ്ടീഷനിങ് സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. അക്കാലത്ത് അമേരിക്കയില്‍ പ്രിന്റിങ് ഫാക്ടറികള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ അവിടുത്തെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം മൂലം, ഫാക്ടറികളിലെ അന്തരീക്ഷത്തില്‍ സാന്ദ്രത (humidity) ക്രമാതീതമായി വര്‍ദ്ധിക്കുമായിരുന്നു.

തന്മൂലം പ്രിന്റ് ചെയ്യുന്ന പേപ്പര്‍ ചുരുങ്ങുകയും അച്ചടി മഷി പടരുകയും ചെയ്യാന്‍ ഇടയാകുമായിരുന്നു. അതുകൊണ്ട് പ്രിന്റിങ് കമ്പനികള്‍ക്ക് ഭീമമായ നഷ്ടവും വരുമായിരുന്നു.

ഇതിന് ഒരു പരിഹാരമെന്നോണം അമേരിക്കയിലെ സക്കേറ്റ് വില്‍ഹെംസ് കമ്പനി, അമേരിക്കന്‍ എന്‍ജിനീയര്‍ ആയ വില്ലിസ് കരിയറിന്റെ സഹായം ആരാഞ്ഞു.

അദ്ദേഹം കൊടുത്ത പ്രപ്പോസലില്‍ ആണ് ആദ്യ commercial എയര്‍ കണ്ടീഷനിങ്ങിന്റെ ജനനം.

ഫാക്ടറികളിലെ ചൂടായ വായുവിനെ തണുപ്പിച്ചാല്‍ ഇതിന് പരിഹാരമാകുമെന്നു വില്ലിസ് കരിയര്‍ കണ്ടെത്തി.

ഒരു റെഫ്രിജറേറ്റര്‍ പോലെ, ഉഷ്ണ വായുവിനെ തണുത്ത പ്രതലത്തിലൂടെ കടത്തി വിട്ട്, തണുത്ത വരണ്ട വായു തിരിച്ചു പമ്പ് ചെയ്യുന്ന സംവിധാനം കരിയര്‍ നിര്‍മിച്ചു. പിന്നീട് ഇത് വൈറ്റ് ഹൗസിലും, 1940 കളോടെ വീടുകളിലേക്കും എത്തിച്ചേര്‍ന്നു.

ഇന്ന്, ലോകത്തില്‍ ഒരു ബില്യനിലേറെ ഗാര്‍ഹിക എസി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. 2050 ഓടെ ഇത് 4.5 ബില്യണ്‍ ആകുമെന്നാണ് പറയപ്പെടുന്നത്. തന്മൂലം ലോകത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ 12 ശതമാനവും എസി മൂലമാകും. ഇതു കൊണ്ടു മാത്രം ലോകത്തില്‍ 2 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വമിക്കപ്പെടും. ഇന്നത്തെ കണക്ക് വെച്ചു നോക്കുകയാണെങ്കില്‍, ഇന്ത്യ മൊത്തം വമിയ്ക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന് തുല്യം.

ഇതില്‍ ഭയാനകമായ ഒരു കാര്യമുണ്ട്, co2 , ആഗോള താപനം വീണ്ടും വര്‍ധിപ്പിക്കും, തന്മൂലം കൂടുതല്‍ എയര്‍ കണ്ടീഷനിങ് ഉപഭോഗം കൂടുകയും ചെയ്യും. ഇത് ഒരു vicious cycle ആയി തുടരും.

ഇതിന് തടയിടുന്നത് എളുപ്പമല്ല. എയര്‍ കണ്ടീഷണര്‍ ഒറ്റയടിക്കു നിര്‍മാണം നിര്‍ത്തുന്നത് പ്രായോഗികവുമല്ല. അതിനാല്‍, ഇതില്‍ ഏറ്റവും പ്രായോഗികമായ നടപടി ഇതിന്റെ ടെക്നോളജി മാറ്റുക എന്നതാണ്. ഇതിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞു. ഗ്ലോബല്‍ കൂളിംഗ് പ്രൈസ് പോലുള്ള സംരംഭങ്ങള്‍ ഇതിലേക്കുള്ള ചുവടുവെയ്പ്പാണ്.

ഇതിനു പുറമെ ഗ്രീന്‍ ബില്‍ഡിങ്ങുകള്‍ പോലുള്ള ശ്രമങ്ങള്‍ എസി യുടെ ഉപഭോഗം കുറയ്ക്കും. ഇതിനായി സര്‍ക്കാരുകള്‍ ശ്രമം ഊര്‍ജ്ജിതപ്പെടുത്തേണ്ടതാണ്.



Leave a Reply

Your email address will not be published. Required fields are marked *