സൂക്ഷിക്കുക…….! എല്ലാ ജൈവവും ജൈവമല്ല….!! വിശ്വാസയോഗ്യരെ തളര്‍ത്തരുത്…!

ജൈവകാര്‍ഷികോല്‍പ്പന്നവും പ്രകൃതിവിഭവങ്ങളും വാങ്ങാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ നമ്മില്‍ പലരും തയ്യാറാണ്. അസുഖം വന്ന് നരകിച്ചു ചാവാന്‍ ആര്‍ക്കും ആഗ്രഹമില്ല എന്നതാണ് ഇതിനു പിന്നിലെ വസ്തുത. സ്ഥല പരിമിതിയും സമയപരിമിതിയും മൂലം കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവര്‍ക്കും ആശ്രയം ജൈവ പച്ചക്കറികളും ഫലങ്ങളുമാണ്. പക്ഷേ, ജനങ്ങളുടെ ഈ ആധിയില്‍ നിന്നും പണമുണ്ടാക്കാന്‍ വേണ്ടി ജൈവമെന്ന പേരില്‍ നിരവധി കള്ളനാണയങ്ങളും ഇവിടെ വിലസുന്നു. അതി വിപുലമായ തട്ടിപ്പുകളും ഈ രംഗത്തുണ്ട്. അതിനാല്‍, ജൈവം എന്ന പേരില്‍ വില്‍ക്കപ്പെടുന്നതെല്ലാം ജൈവമല്ല. ജൈവപച്ചക്കറിയുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. പക്ഷേ, മനസുവച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, ജൈവസമ്പുഷ്ടമായ ഒരു ആഹാരരീതിയും ജീവിതരീതിയും.
അമ്മയുടെ സ്‌നേഹവും ജൈവപച്ചക്കറികളും പണം കൊടുത്തു വാങ്ങാനാവില്ല…!
അമ്മയുടെ സ്‌നേഹം പണം കൊടുത്തു വാങ്ങാനാവില്ല. അതുപോലെ തന്നെയാണ് ജൈവപച്ചക്കറികളും. പണം കൊടുത്തു വാങ്ങാന്‍ കഴിയുന്നത് ശുദ്ധവുമാകില്ല. ജൈവകൃഷിക്കും മണ്ണിന്റെ ഫലഭൂയിഷ്ടി തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടി കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സംഘടനയുടെ പ്രമുഖസാരഥികളില്‍ ഒരാളായ എം എസ് നാസറിന്റെ വാക്കുകളാണ് ഇവ. പച്ചക്കറി നടാനുള്ള നിങ്ങളുടെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ എന്തൊക്കെയാണ്….? വാടക വീട്, സ്ഥലപരിമിതി, സമയക്കുറവ്…. ചിലപ്പോള്‍ ന്യായങ്ങളുടെ പട്ടികയ്ക്ക് നീളമേറെ ആയിരിക്കാം. എങ്കില്‍ നിങ്ങള്‍ ഒന്നു മനസിലാക്കുക…. 1980 കളില്‍ നമ്മുടെ നാടിന്റെ ആരോഗ്യം അമേരിക്കന്‍ ജനതയുടെ ആരോഗ്യത്തെക്കാള്‍ ഏറെ മുന്നിലായിരുന്നു. എന്നാലിന്ന്, നമ്മുടെ ആരോഗ്യം ബംഗ്ലാദേശിനെക്കാള്‍ മോശമാണ്.
നമുക്ക് എല്ലാമുണ്ട്. നമ്മുടെ ചെറുപ്പക്കാരിലേറെയും നല്ല ശമ്പളം വാങ്ങുന്നവരാണ്. 80 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നത്ര പട്ടിണിയും ദാരിദ്യവും കേരളീയ ഗ്രാമങ്ങളില്‍ പോലും ഇന്നില്ല. അത്യന്താധുനികമായ ചികിത്സാ സംവിധാനങ്ങള്‍ നമുക്കുണ്ട്. ബഹുരാഷ്ട്ര കമ്പനികളെപ്പോലും വെല്ലുന്ന തരത്തിലുള്ള ആശുപത്രികളുണ്ട്. കൂണുപോലെ മുളച്ചു പൊന്തുന്ന ആശുപത്രികള്‍….! അവിടെ ഈച്ചയ്ക്കു പോലും കടക്കാന്‍ വയ്യാത്തത്ര തിരക്ക്….. ദിനംപ്രതിയെന്നോണം പുതിയ രോഗങ്ങളുടെ കടന്നു കയറ്റം. അതിവേഗം രോഗികളായിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍……!! എവിടെയാണു പിഴച്ചത്….??? ഉത്തരം തേടി നിങ്ങള്‍ കുഴഞ്ഞുവെങ്കില്‍, ഭക്ഷ്യസുരക്ഷയെക്കുറിച്ചല്ല നിങ്ങള്‍ ചിന്തിക്കേണ്ടത്. മറിച്ച് സുരക്ഷിത ഭക്ഷണത്തെക്കുറിച്ചാണ്. അമ്മിഞ്ഞപ്പാലു പോലും കുപ്പിയിലാക്കി വില്‍പ്പന നടത്തുന്ന ഇക്കാലഘട്ടത്തില്‍, ഗര്‍ഭപാത്രം പോലും വാടകയ്ക്കു കിട്ടുന്ന ഈ കാലഘട്ടത്തില്‍ എങ്ങനെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കും….?? ഉത്തരമന്വോഷിച്ചു കുഴഞ്ഞുവെങ്കില്‍, നിങ്ങള്‍ താമസിക്കുന്ന വീടിനു ചുറ്റും ഒന്നു കണ്ണോടിക്കൂ…. ജൈവ പച്ചക്കറിക്കു വേണ്ടിയുള്ള നൂറു നൂറു സാധ്യതകള്‍ നിങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞുവരും. ഒരു സെന്റില്‍ ഒതുങ്ങുന്ന കൊച്ചു വീട്ടില്‍ താമസിക്കുന്നവര്‍ക്കുപോലും 26 തരം ജൈവപച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പക്ഷേ, നിങ്ങള്‍ക്കു മനസുണ്ടാവണമെന്നു മാത്രം…!!
ഭക്ഷ്യസുരക്ഷയെക്കുറിച്ചു പറയാന്‍ നമുക്ക് നൂറു നാവാണ്. വയറു വിശന്ന് ഒരാളുപോലും ഉറങ്ങാന്‍ പാടില്ല എന്ന തീരുമാനത്തില്‍ സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. പക്ഷേ, വിഷമില്ലാത്ത ഭക്ഷണം കഴിക്കാന്‍ നമുക്ക് അവകാശമുണ്ട്. ആ അവകാശം നമ്മള്‍ ആര്‍ക്കും പണയം വയ്‌ക്കേണ്ടതില്ല. നമുക്ക് ആവശ്യമായ ജൈവ വിഭവങ്ങള്‍ നമുക്കു തന്നെ ഉല്പാദിപ്പിക്കാന്‍ കഴിയും. അതിനു വേണ്ടി നിങ്ങള്‍ ചെലവഴിക്കേണ്ടത് നിങ്ങളുടെ ഒരു ദിവസത്തില്‍ നിന്നും വെറും അരമണിക്കൂര്‍ മാത്രം…!!
പേമാരി പോലെ മാരകരോഗങ്ങള്‍….! എന്നിട്ടും പഠിക്കാതെ മനുഷ്യര്‍…!!
മണ്ണില്‍ നിന്നും മനുഷ്യന്‍ അകന്നുപോയതിന്റെ ലക്ഷണങ്ങളാണ് മാരക രോഗങ്ങളായി നമ്മിലേക്കു പെയ്തിറങ്ങുന്നത്. എന്നിട്ടും, ഈ രോഗങ്ങളുടെ കുത്തൊഴുക്കിലും, യാതൊന്നും മനസിലാക്കാതെ മനുഷ്യര്‍ കുതിക്കുന്നു, എന്തൊക്കെയോ വെട്ടിപ്പിടിക്കുന്നതിനു വേണ്ടി…..! ലാഭം മാത്രം മുന്നില്‍ കണ്ട്, പണത്തിനു പിന്നാലെ ആര്‍ത്തിപിടിച്ചു പായുന്ന മനുഷ്യര്‍ തങ്ങളെ വിഴുങ്ങാന്‍ തങ്ങളെ വിഴുങ്ങാന്‍ വായ് പിളര്‍ന്നിരിക്കുന്ന മാരക രോഗങ്ങളെ കാണുന്നില്ല. ഭൂമി മുഴുവന്‍ മലീമസമാക്കി, അവര്‍ മുന്നേറുന്നു. എല്ലാം കൈപ്പിടിയിലൊതുക്കാന്‍. പക്ഷേ, ഈ പോക്കില്‍ കൈക്കലാക്കാന്‍ കഴിയുന്നത് രോഗങ്ങള്‍ മാത്രമാണ്. മണ്ണിനെ അറിഞ്ഞ് കൃഷിയിറക്കാന്‍ നാം മറന്നു പോയി. കൃഷി തന്നെ നാം ഉപേക്ഷിച്ചു. വസ്ത്രങ്ങളില്‍ അഴുക്കു പറ്റാത്ത ജോലിക്കു പിന്നാലെ പോയി നമുക്കു ദാനമായി ലഭിച്ച മണ്ണും പുഴകളും അരുവികളും കായലും കടലുമെല്ലാം നാം നശിപ്പിച്ചു. ഫലഭൂയിഷ്ടി നഷ്ടപ്പെട്ട് ഊര്‍ദ്ധശ്വാസം വലിക്കുന്ന മണ്ണിന് പുതുജീവന്‍ നല്‍കാന്‍ ഒരു പറ്റം ജൈവകര്‍ഷകര്‍ ഒരുമിച്ചു മുന്നേറുന്നു. ആ സംഘടനയാണ് ഓര്‍ഗാനിക് കേരള.
ഓര്‍ഗാനിക് കേരള: ഒരു മഹത്തായ സംരംഭം
2006 ലാണ് ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന രൂപം കൊണ്ടത്. ജൈവകൃഷി എന്ന ആശയവും അതിന്റെ പ്രയോജനങ്ങളും മലയാളികള്‍ക്ക് അപരിചിതമായിരുന്നു അപ്പോള്‍. ഈ കൃഷി രീതിയിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കാനുമാണ് ഈ സംഘടന രൂപം കൊണ്ടത്. ഇതിനായി ജൈവകൃഷിയുടേയും ഉല്‍പ്പന്നങ്ങളുടേയും വിളകളുടെയും പ്രദര്‍ശനവും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു മുന്നേറുകയാണ് ഈ സംഘടന. സുരക്ഷിത വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ലോകത്തിന് തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്ന ലക്ഷ്യം. എന്ത് ആഹാരം കഴിക്കണമെന്നും എന്ത് ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു ഇത്തരം ചിന്തകള്‍.
രൂപീകരിക്കപ്പെട്ടതിനു ശേഷം ഓരോ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ എറണാകുളത്ത് ഓര്‍ഗാനിക് കേരളയുടെ ആഭിമുഖ്യത്തില്‍ ജൈവ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു. ജൈവ കൃഷി രീതി എന്ന ആശയത്തില്‍ ആകൃഷ്ടരായി ഇവിടേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം ഓരോ മേളയിലും കൂടിക്കൂടി വരുന്നു. ജൈവ ഉല്‍പ്പന്നങ്ങള്‍, കൃഷിരീതികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനമാണ് മേളയിലെ പ്രധാന ഇനം. കൂടാതെ, ഹരിത വിഷയങ്ങളില്‍ പൊതു ജനങ്ങളുടെ ബോധവത്കരണ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. ജൈവകൃഷിരീതിയില്‍ മികച്ച വിജയം കൈവരിച്ച കര്‍ഷകരെ ആദരിക്കുന്നതും ഈ മേളയിലെ ഒരു പ്രധാന പരിപാടിയാണ്. രാജഗിരി ഔട്ട്‌റീച്ച്, തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ ഈ മേളയ്ക്ക് കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായ സഹകരണങ്ങളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഈ മേള തടസമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ കാരണവും ഇതെല്ലാമാണ്. ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന പേരിലാണ് ഇക്കൊല്ലം മേള സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ഉത്ഘാടനം.
ജൈവകൃഷി ലാഭകരമല്ല എന്നതാണ് പലരെയും ജൈവകൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. പക്ഷേ, ഈ ചിന്താഗതി തെറ്റാണ് എന്ന് ഉദാഹരണ സഹിതം ഓര്‍ഗാനിക് കേരള വ്യക്തമാക്കുന്നു.
എറണാകുളം ആലപ്പുഴ, കോട്ടയം എന്നീ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ അംഗങ്ങളാണ്. ‘വിപണിയല്ല ഞങ്ങള്‍ ലക്ഷ്യമിടുന്നത്, മറിച്ച് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ്. നിരവധി ഇന്നവേഷന്‍സും ഇതിലൂടെ ഉരുത്തിരിയുന്നുണ്ട്. ജൈവകൃഷിയുടെ ആവശ്യകത, അനിവാര്യത എന്നിവയാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഓര്‍ഗാനിക് കേരളയുടെ ചെയര്‍മാന്‍ ഫാദര്‍ പ്രശാന്ത് (തേവര എസ് എച്ച് കോളജ് പ്രിന്‍സിപ്പാള്‍) ആണ്. റിയാബിന്റെ ചെയര്‍മാന്‍ കൂടിയായ എന്‍ പി സുകുമാരന്‍ നായരാണ് ഇതിന്റെ രക്ഷാധികാരി. ജനറല്‍ കണ്‍വീനര്‍ എം എം അബ്ബാസ്, ജസ്റ്റിസുമാരായ കെ സുകുമാരന്‍, ഹരിഹരന്‍ പിള്ള, പ്രൊഫ എം കെ പ്രസാദ്, കണയന്നൂര്‍ സഹകരണസംഘത്തിന്റെ പ്രസിഡന്റ് കൂടിയായ എം ഇ അസൈനാര്‍ എന്നിവരും ഇതില്‍ മുഖ്യപങ്കു വഹിക്കുന്നു.
ജൈവകൃഷിയുടെ ഉല്‍പ്പാദനം കൂടാതെ വിപണനവും ഉണ്ട്. ഇതിനും പുറമെ, കാന്തല്ലൂരില്‍ ഫുഡ് ക്രോപ്പ് ഡൈവേഴ്‌സിറ്റി (Food crop diverstiy ഭക്ഷ്യ വിളവ് പഠനകേന്ദ്രം), ആലപ്പുഴയില്‍ നാട്ടറിവ് പഠനകേന്ദ്രം, മണ്ണ് സമ്പൂഷ്ടീകരം, സോയില്‍ റീജനറേഷന്‍ (Soil Regeneration), എന്നിങ്ങനെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിരവധി ഇന്നവേഷന്‍സ് സെന്ററുകളും ഇവര്‍ നടത്തുന്നു.
ഓര്‍ഗാനിക് കൃഷിരീതിയുടെ ആവശ്യകത
‘കൃഷി പണം ഉണ്ടാക്കിത്തരുന്ന ഒരു വിളവു മാത്രമല്ല, ഈ ഭൂമുഖത്ത് വായുവും വെള്ളവും വൃത്തിയും വരുമാനവും ഉണ്ടാക്കിത്തരുന്ന ഒരേയൊരു സംവിധാനമാണ് കൃഷി. അത് ഓര്‍ഗാനിക് ആയിരിക്കണം. ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ ഭക്ഷ്യസുരക്ഷയ്ക്കു പര്യാപ്തമാണോ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ആണ് എന്നുതന്നെയാണ് ഉത്തരം. മണ്ണ് സമ്പുഷ്ടീകരണം ശരിയായ വിധത്തിലായാല്‍ മനുഷ്യനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. അത് ശരിയാക്കേണ്ടത് നിങ്ങള്‍ എവിടെ ജീവിക്കുന്നുവോ ആ ചുറ്റുവട്ടത്തുള്ള വസ്തുക്കള്‍ ഉപയോഗിച്ചിട്ടാവണം. അതാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത. നിങ്ങളുടെ ചുറ്റുവട്ടത്തെ മണ്ണ് ജൈവാധിഷ്ടിത കാര്‍ഷിക രീതിയില്‍ നിങ്ങള്‍ക്കു തന്നെ സമ്പുഷ്ടമാക്കിയെടുക്കാവുന്നതാണ്. അതിന് പ്രത്യേകിച്ചു ചിലവില്ല, നിങ്ങല്‍ പ്രത്യേകിച്ച് റിസ്‌കും എടുക്കേണ്ടതില്ല. വേണ്ടത് നിങ്ങളുടെ ഒരു ദിവസത്തിലെ അരമണിക്കൂര്‍ സമയം മാത്രം. ആ മണ്ണില്‍ കിട്ടുന്ന പ്രകൃതിയിലുള്ള സൂര്യപ്രകാശം, ആവശ്യത്തിന് ഈര്‍പ്പം, വായു, അങ്ങനെ എല്ലാ ഗുണങ്ങളും പുഷ്ടിപ്പെടുത്തുകയാണു വേണ്ടത്. ഇതെല്ലാം ചെയ്താല്‍ വിളപരിപാലനം വളരെ ഭംഗിയായി നടക്കും. മണ്ണ് സമ്പുഷ്ടമായിക്കഴിഞ്ഞാല്‍ ചെടികള്‍ക്കാവശ്യമായ എല്ലാ മൂലകങ്ങളും മണ്ണില്‍ നിന്നും ലഭിക്കും,’ നാസര്‍ വ്യക്തമാക്കി.
‘ഹൈറേഞ്ചിലും മലകളിലുമെല്ലാം ഒരു വളവും ഇടാതെ തന്നെ വളരെ നന്നായി പച്ചക്കറികളും മറ്റും വളരും. അത് നഗരങ്ങളിലും സാധ്യമാകും. അതിന് മണ്ണിന്റെ ഫലഫൂയിഷ്ടി വീണ്ടൈടുക്കുകയാണു വേണ്ടത്. കൂടാതെ, ഫലസമ്പുഷ്ടീകരണവും വിള പരിപാലനവും സാധ്യമാകണം. അത് സാധ്യമായാല്‍ പ്ലാന്റ് പ്രൊട്ടക്ഷന്‍ വളരെ എളുപ്പത്തില്‍ സാധ്യമാകും. അതിന് ജൈവമായാലും രാസമായാലും യാതൊരു കീടനാശിനിയും ഉപയോഗിക്കേണ്ടി വരില്ല. കീടങ്ങളെ അകറ്റാനുള്ള പത്തു മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ പറയുന്നുണ്ട്. അത് ചിട്ടയായി പാലിച്ചാല്‍ ചെടികളെ കീടങ്ങളില്‍ നിന്നും വളരെ ഫലപ്രദമായി സംരക്ഷിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങള്‍ ഒരു കീടനാശിനിയും അടിക്കേണ്ട. ചെടികളെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനുള്ള കഴിവ് അവ സ്വയം നേടിയെടുത്തുകൊള്ളും,’ നാസര്‍ പറഞ്ഞു.
മണ്ണു സമ്പുഷ്ടീകരണവും വിളപരിപാലനവും സാധ്യമായാല്‍, അവയ്ക്കു തന്നെ കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാവും. ആല്‍ക്കലൈഡുകള്‍ ആ ചെടിയെ പ്രതിരോധിക്കാന്‍ പര്യാപ്തമായിരിക്കും. അത് നാല്‍പതു ശതമാനവും പ്ലാന്റ് പ്രൊട്ടക്ഷന്‍ നടത്തും. രണ്ടാമതു വരുന്നത് ഫിസിക്കല്‍ ഒസര്‍വേഷനാണ്. ഓരോ വ്യക്തിക്കും ഇതു സ്വയം ചെയ്യാവുന്നതേയുള്ളു. ഇന്നു കേരളത്തില്‍ വീട്ടുവളപ്പിനുള്ളില്‍ തന്നെയുള്ള കൃഷിരീതിയാണ് കൂടുതാലായും ഉള്ളത്. ഓരോരുത്തര്‍ക്കും വളരെ തുച്ഛമായ കൃഷ്സ്ഥലമാണ് ഇന്ന് ഉള്ളത്. കേരളത്തിലെ 90 ശതമാനം കൃഷിയും ഇത്തരത്തില്‍ ഉള്ളതാണ്. 20 സെന്റിനും അതില്‍ താഴെയുമുള്ള സ്ഥലത്ത് പച്ചക്കറികള്‍ നടുന്നവര്‍. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ചുറ്റുവട്ടത്തില്‍ നിരീക്ഷണം നടത്താന്‍ വളരെ എളുപ്പമാണ്. എതു കീടങ്ങളാണ് കൃഷിഭൂമിയില്‍ ഉള്ളത്, അതിന്റെ സ്വഭാവം, മുട്ടയിടുന്നതാണോ, പറന്നു കയറുന്നതാണോ, തണ്ടുതുരപ്പനാണോ, പഴങ്ങള്‍ തുരക്കുന്നതാണോ, എന്നിങ്ങനെ നിരീക്ഷിക്കുക. ഇവയെയെല്ലാം പ്രതിരോധിക്കാനുള്ള ചെറിയ ടെക്‌നോളജികള്‍ ഓര്‍ഗാനിക് കേരളയുടെ കൈവശമുണ്ട്. എങ്ങനെയൊക്കെ ഈ കീടങ്ങളെ പിടികൂടാമെന്നും നശിപ്പിക്കാമെന്നും അവര്‍ പറഞ്ഞുകൊടുക്കുന്നു. ഇതിന് വെറും പത്തു മിനിറ്റു മാത്രം ചെലവഴിച്ചാല്‍ മതി.
സൂക്ഷ്മ നിരീക്ഷണം, മിത്രാണു ഉപയോഗം, നിരവധി കളര്‍ കെണികള്‍, ഫിറമോണ്‍ ട്രാപ്പ് (Feramon trap), വിളക്കുകെണി (Lamp trap), പുകക്കല്‍ (Fumigation) എന്നിങ്ങനെ കീടങ്ങളെ തുരത്താനും നശിപ്പിക്കാനുമായി നിരവധി ട്രാപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. അതായത് ചില കളറില്‍ ആകൃഷ്ടരാകുന്ന കീടങ്ങളെ കൊല്ലുന്ന മാര്‍ഗ്ഗമാണിത്. ചിലതില്‍ പെണ്ണീച്ചയുടെ ഗന്ധം ഉണ്ടാക്കുന്ന ചില ഹോര്‍മോണുകള്‍ കൃത്രിമമായി ഉണ്ടാക്കുന്നു. അങ്ങനെയും കീടങ്ങളെ കൊല്ലാന്‍ സാധിക്കും. ഇതെല്ലാം വളരെ നിസ്സാരമായി ചെയ്യാവുന്ന കാര്യങ്ങളാണ്. മിത്ര കീടാണുക്കളുടെ എണ്ണം കൂട്ടിയും വിളകള്‍ സംരക്ഷിക്കാം. കൃമികളെയും കീടാണുക്കളുടെയും തുരത്താന്‍ തുളസി, മന്ദാരം ബെന്ദി തുടങ്ങിയവയും സഹായിക്കും. നെമറ്റോഡുകള്‍ ആദ്യം പോകുന്നത് ബെന്ദിയിലേക്കാണ്. കൃഷിത്തോട്ടത്തില്‍ ബെന്ദികൂടി ഉള്‍പ്പെടുത്തിയാല്‍ അതും വളരെയേറെ പ്രയോജനം ചെയ്യും.
രാസ കീടനാശിനി ഉപയോഗിച്ചാല്‍ പോലും നൂറു ശതമാനം കീടനിയന്ത്രണം സാധ്യമല്ല. പക്ഷേ, ഇത്തരത്തില്‍, നിങ്ങളുടെ ചുറ്റുവട്ടത്തുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് 90 ശതമാനം കീടങ്ങളെയും രാസ ജൈവ കീടനാശിനികളുടെ സഹായമില്ലാതെ തന്നെ തുരത്താനാവും. ഈ മാര്‍ഗ്ഗങ്ങള്‍ തികച്ചും ചെലവില്ലാത്തതാണ്.
മനുഷ്യന് ആവശ്യം ധാതുക്കളെ ജീവതലത്തിലേക്ക് മാറ്റാന്‍ കഴിയുന്ന ഒരു പ്രക്രിയയാണ്. അത് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൂര്യപ്രകാശം, സൂക്ഷ്മജീവാണുക്കള്‍, അന്തരീക്ഷത്തിലെ താപനില, വായു, വെള്ളം, എന്നിവയെല്ലാം കൂടിച്ചേരണം. ആ പ്രക്രിയ ഓര്‍ഗ്ഗാനിക് കൃഷിയിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതു മാത്രമേ മനുഷ്യനും ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും ഗുണപ്രദമാവുകയുള്ളു. അത്തരത്തില്‍ ഒരു കൃഷി വികസനമാണ് ഓര്‍ഗാനിക് കേരള ലക്ഷ്യമിടുന്നത്.
കേരളത്തിലെ കൃഷി തെങ്ങ് അധിഷ്ഠിത കൃഷിയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കാലാവസ്ഥ, അമ്ല ക്ഷാര അനുപാതം, താപനില, എന്നിവ അടിസ്ഥാനമാക്കി, ഒരു സംയോജിത കൃഷിയാണ് (Integrated farming) നമുക്ക് ആവശ്യം. എല്ലാ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കാലിവളര്‍ത്തലും, മത്സ്യങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഒരു കൃഷി രീതി. പണ്ട് നമ്മള്‍ പിന്തുടര്‍ന്നിരുന്നതും അതുപോലുള്ള ഒരു കൃഷിരീതിയായിരുന്നു. ഈ രീതിയില്‍ കൃഷി ചെയ്താല്‍ നമുക്ക് ആവശ്യമായ എല്ലാം സ്വയം ഉല്‍പാദിപ്പിച്ചെടുക്കാന്‍ സാധിക്കും. അങ്ങനെ പലരീതിയില്‍ നമുക്ക് വരുമാനം ഉണ്ടാക്കാനും കഴിയും. ഒന്നിന്റെ സീസണ്‍ കഴിയുമ്പോള്‍ വേറൊരു കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അങ്ങനെ, തേങ്ങ, മാങ്ങ, ചക്ക, കപ്പ, കോഴി, മത്സ്യം, മാംസം, പാല്‍, പച്ചക്കറികള്‍, എന്നിങ്ങനെ എല്ലാറ്റില്‍ നിന്നും നമുക്ക് വരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയും. മണ്ണിന് ആരോഗ്യമുണ്ടാകുന്നു, നമുക്ക് വരുമാനമുണ്ടാകുന്നു, നമ്മുടെ ന്യുട്രീഷന്‍ ഡെഫിഷ്യന്‍സി പരിഹരിക്കപ്പെടുന്നു.
മണ്ണിലേക്കു രാസവളമെറിയുമ്പോള്‍ മണ്ണിലെ പി എച്ച് വ്യത്യാസപ്പെടും. ആ പി എച്ച് വ്യത്യാസം ചെടികളില്‍ ഡെഫിഷ്യന്‍സിയും ടോക്‌സിറ്റിയുമുണ്ടാക്കും. അതുതന്നെയാണ് മനുഷ്യശരീരത്തിലും ഉണ്ടാകുന്നത്. പി എച്ച് വ്യത്യാസമാണ് രോഗത്തിനു കാരണമെന്ന് ഏതു ഡോക്ടറും പറയും. ചില മൂലകങ്ങള്‍ കൂടുന്നു, ചില മൂലകങ്ങള്‍ കുറയുന്നു. ഇതെല്ലാം ശരിയാകണമെങ്കില്‍ ഓര്‍ഗാനിക് കൃഷിയിലൂടെ മാത്രമേ സാധ്യമാവുകയുള്ളു.
ഓര്‍ഗാനിക് കൃഷി എന്നു പറയുന്നത് നിങ്ങള്‍ കരുതുന്നതു പോലെ ചാണകമോ ഗോമൂത്രമോ ഒന്നുമല്ല, മറിച്ച് നിങ്ങളുടെ ചുറ്റുവട്ടത്തു കിട്ടുന്ന സാധനങ്ങളാണ്. നിങ്ങളുടെ ചുറ്റുവട്ടത്തു നിന്നും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മണ്ണിനെ സമ്പുഷ്ടീകരിക്കണം. അതിലൂടെ നിങ്ങള്‍ക്ക് വിള പരിപാലനവും സസ്യസംരക്ഷണവും സാധ്യമാക്കാം. അത് ഒരു വരുമാനമായി മാറും എന്നതില്‍ സംശയമില്ല.
മണ്ണ് സമ്പുഷ്ടീകരണത്തിലൂടെയും വിള പരിപാലനത്തിലൂടെയും സസ്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. മണ്ണ് സമ്പുഷ്ടീകരണത്തിന് നമ്മള്‍ ഒന്നും ചെയ്യേണ്ടതില്ല. ഭൂമി 5000 മീറ്റര്‍ അടിയിലേക്ക് കുഴിച്ച് എടുക്കുന്ന പെട്രോളിയം ഉല്‍പ്പന്നമാണ് രാസവളം. കടലിലെ മീനുകള്‍ക്ക് ആരും തീറ്റി കൊടുക്കുന്നില്ല. അതുപോലെ തന്നെയാണ് മണ്ണിനും. ഓര്‍ഗാനിക് കാര്‍ബണും ഹൈഡ്രോ കാര്‍ബണും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഓര്‍ഗാനിക് കാര്‍ബണ്‍ മാത്രമേ പുനചംക്രമണം നടത്തുന്നുള്ളു. ഹൈഡ്രോകാര്‍ബണ്‍ പുനചംക്രമണം നടത്തുന്നില്ല. ഈ ഒരു പ്രശ്‌നം ആണ് ഇന്നു ജനങ്ങളിലും ഭൂമുഖത്തും ഇന്നു കാണുന്നത്. അതില്‍ കൂടുതല്‍ പഠനം നടത്താന്‍ നാസറിനു സാധിച്ചിട്ടുണ്ട്.
ഓര്‍ഗാനിക് കൃഷിരീതിക്കെതിരെ അതിശക്തമായ എതിര്‍പ്പാണ് ഇപ്പോഴുള്ളത്. നിങ്ങളുടെ ശരീരം രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചതാണെന്നും അതുകൊണ്ട് രാസവളങ്ങള്‍ നിങ്ങളില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ലെന്നും പറയുന്നുണ്ട്. 2006 ല്‍ നമുക്ക് ജൈവകാര്‍ഷിക നയമുണ്ട്. പക്ഷേ ഒരു കൂട്ടം ആളുകള്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നു. അവര്‍ പറയുന്നത് ഭക്ഷ്യസുരക്ഷ എന്നാണ്. എന്നാല്‍ സുരക്ഷിത ഭക്ഷണമാണ് ജനങ്ങള്‍ക്കു വേണ്ടത്. പച്ചക്കറികള്‍ ഏറ്റവും വിഷലിപ്തമാണ്. അരിയും മറ്റും നമുക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും. അരിയും ധാന്യങ്ങളും ഉല്‍പ്പാദിപ്പിച്ച ശേഷം ദീര്‍ഘനാള്‍ കഴിഞ്ഞാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അതില്‍ അടങ്ങിയിരിക്കുന്ന വിഷാംശം അത്രത്തോളം മനുഷ്യരെ ബാധിക്കില്ല. എന്നാല്‍ പച്ചക്കറികള്‍ വിളവെടുത്ത ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം നമ്മള്‍ അത് ഉപയോഗിക്കുന്നു. അതിനാല്‍ ഈ കീടനാശിനികള്‍ നമ്മുടെ ശരീരത്തിലേക്ക് നേരിട്ടെത്തുന്നു. അതോടെ മനുഷ്യരെ മാരകരോഗങ്ങള്‍ പിടികൂടുന്നു.
കെട്രോണിലെ ജീവനക്കാരനാണ് നാസര്‍. ഇക്കാര്യങ്ങളത്രയും ചെയ്യുന്നതിന് അദ്ദേഹത്തിന് നിരവധി പേരുടെ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. എങ്കിലും ജനങ്ങളെ വിഷം തീറ്റിക്കുന്ന ലോബികളുമായി ഇടപെടാന്‍ തക്ക സാമ്പത്തിക സ്ഥിതിയിലല്ല ഈ സംഘടന. എങ്കിലും, തങ്ങളാല്‍ കഴിയുന്ന വിധം വളരെ മനോഹരമായിത്തന്നെ ഓര്‍ഗാനിക് കേരളയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.

മണ്ണിന്റെ നന്മയ്ക്കു വേണ്ടി പോരാടാന്‍, വിഷം തീണ്ടാത്ത സുരക്ഷിത
ഭക്ഷണത്തിനായി, ഓര്‍ഗ്ഗാനിക് കേരളയ്‌ക്കൊപ്പം ജനപക്ഷവും തമസോമയും ചേരുന്നു. 

Tags: Organic farming, organic food crops, organic vegetables, Soil regeneration, agriculture, Organic Kerala Charitable Trust

Leave a Reply

Your email address will not be published. Required fields are marked *