സൂപ്പര്‍ സി ഐ ഡികള്‍ സൂക്ഷിക്കുക, അടുത്ത ഇര നിങ്ങളുടെ മകളാകാം…….!

Jess Varkey Thuruthel & D P Skariah

വിവാഹം കഴിഞ്ഞ പെണ്ണ് കുറച്ചു ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ വന്നു നിന്നാല്‍ പിന്നെ നാട്ടുകാര്‍ സൂപ്പര്‍ സി ഐ ഡികളായി മാറും. അവള്‍ എന്തിനു വന്നു? ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങിപ്പോകാത്തത്? അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വരാത്തതെന്ത്? അവര്‍ തമ്മിലുള്ള പ്രശ്‌നമെന്ത്…?? തുടങ്ങി ഒട്ടനവധി ചോദ്യങ്ങളുമായി ആ പെണ്ണിന്റെ സകല സമാധാവും ഈ സി ഐ ഡികള്‍ തകര്‍ത്തെറിയും.

ഇനി കുട്ടികളെയും കൊണ്ടാണ് വന്നു നില്‍ക്കുന്നതെങ്കില്‍ ആണ്‍തുണയില്ലാതെ നീ എങ്ങനെ ജീവിക്കുമെന്നും നിനക്കു വേണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അവരുടെ അച്ഛന്‍ വേണ്ടേ എന്ന ചോദ്യങ്ങളായിരിക്കും അവളോടു ചോദിക്കുക. പെണ്ണായി പിറന്നാല്‍ മണ്ണോടു ചേരുവോളം കണ്ണീരാണ് വിധിച്ചിരിക്കുന്നത് എന്ന ഡയലോഗുമായി എത്തുന്നവരും നിരവധി. അവള്‍ വെടിയാണെന്നും ഭര്‍ത്താവ് മതിയാകാഞ്ഞിട്ടാണ് അവള്‍ വേലി ചാടി എത്തിയിരിക്കുന്നതെന്നു പറഞ്ഞ് ആര്‍ത്തു ചിരിക്കാനും ആളുകള്‍ ധാരാളമുണ്ടാകും. ഈ ചോദ്യം ചെയ്യലുകളും പരിഹാസങ്ങളും കേട്ടു കേട്ട് സഹികെടുമ്പോള്‍ അവള്‍ തീരുമാനിക്കും, ഈ ഇവരോടെല്ലാം മറുപടി പറയുന്നതിനെക്കാള്‍ ഭേതം മരണമാണന്ന്…..

വിവാഹം കഴിഞ്ഞ മകള്‍ വീട്ടില്‍ താമസിക്കുന്നതിനെ അവളുടെ മാതാപിതാക്കളും വേണ്ടത്ര പിന്തുണ കൊടുക്കാറില്ല. ഇതെല്ലാം ജീവിതത്തില്‍ സാധാരണമാണെന്നും കുറച്ചൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്നുമാണ് സ്ത്രീധനമായി കിട്ടിയ കാറു പോരാത്തതിന് ഭര്‍ത്താവ് കിരണ്‍ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വിസ്മയയുടെ പിതാവു പറഞ്ഞത്.

വിവാഹമെന്നത് പുരുഷന്റെ ആവശ്യമാണെന്നത് സ്ത്രീകളും ഈ സമൂഹവും മനസിലാക്കുക…?? സ്വന്തമായി ഭക്ഷണമുണ്ടാക്കാനറിയാത്ത, വസ്ത്രമലക്കാനോ വീടു വൃത്തിയാക്കാനോ അറിയാത്ത, എന്തിന്, കഴിച്ച പാത്രം കഴുകി വയ്ക്കാനോ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിക്കാനോ ആരുടെയെങ്കിലും സഹായം വേണ്ടിവരുന്ന പുരുഷന്റെ നിലനില്‍പ്പിന്റെ ഭാഗമാണ് വിവാഹമെന്നത്. പക്ഷേ, സ്ത്രീ പൂര്‍ണ്ണതയിലെത്തുന്നത് ഭാര്യയാകുമ്പോള്‍, അമ്മയാകുമ്പോള്‍ ആണെന്നു പറഞ്ഞു വയ്ക്കുകയും അത്തരമൊരു ചിന്ത അവളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുകയാണീ സമൂഹം.

ജോലി ഉള്ള സ്ത്രീകള്‍ പോലും കരുതുന്നത് വീട്ടുജോലികളും മക്കളെ വളര്‍ത്തലും സ്ത്രീകളുടെ മാത്രം കടമയും ഉത്തരവാദിത്വവുമാണെന്നാണ്. അതൊന്നും പുരുഷന്‍ ചെയ്താല്‍ ശരിയാവില്ലെന്ന് ആത്മാഭിമാനത്തോടെ പറയുന്ന സ്ത്രീകളുമുണ്ട്. സിനിമകളും ടെലിവിഷന്‍ കാഴ്ചകളും സാഹിത്യകൃതികളുമെല്ലാം ഈ ചിന്ത ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെ തന്ത്രപരമായി ട്രാപ്പിലാക്കുന്ന വഴികളാണിവ.

ഒരു കുടുംബം മുന്നോട്ടു പോകുന്നത് പരസ്പരം സ്‌നേഹിച്ചും മനസിലാക്കിയും സഹായിച്ചും സഹവര്‍ത്തിച്ചും ജീവിക്കുമ്പോഴാണ്. കൂടുമ്പോള്‍ ഇമ്പം നഷ്ടപ്പെട്ട ഒന്നായി നിങ്ങളുടെ കുടുംബ ജീവിതം മാറിയെങ്കില്‍, രാപ്പകലില്ലാതെ, വിശ്രമമില്ലാതെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടിട്ടും സമാധാനമെന്ന ഒന്ന് നിങ്ങള്‍ക്കു കിട്ടുന്നില്ലെങ്കില്‍ ആ കുടുംബത്തില്‍ നിന്നും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോരാനും ബന്ധം അവസാനിപ്പിക്കാനുമുള്ള ധൈര്യം നിങ്ങള്‍ കാണിച്ചില്ലെങ്കില്‍ അതിനു നിങ്ങള്‍ കൊടുക്കേണ്ടി വരുന്നത് നിങ്ങളുടെ ജീവന്‍ തന്നെ ആയിരിക്കും.

സംരക്ഷിക്കാന്‍ ആണൊരുത്തന്‍ കൂടെയില്ലെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു കരുതുന്ന നട്ടെല്ലുറപ്പില്ലാത്ത മനുഷ്യരും സമൂഹവുമാണ് സ്ത്രീകളുടെ ദുരിത ജീവിതത്തിനും പീഢന മരണത്തിനും കാരണം. സ്വന്തം വീട്ടില്‍ താമസിക്കാനോ സ്വന്തം കാലില്‍ ജീവിക്കാനോ തീരുമാനിക്കുന്ന സ്ത്രീകളെ ചോദ്യശരങ്ങള്‍ കൊണ്ടും അപവാദ പ്രചാരണങ്ങള്‍ കൊണ്ടും തളര്‍ത്താന്‍ ഒരു പട തന്നെയുണ്ടാവും. അതെല്ലാം കണ്ട് ഭയന്നു പിന്‍മാറി എല്ലാ മാനസിക ശാരീരിക പീഡനങ്ങളും സഹിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകളെക്കാത്ത് മരണം പതിയിരിക്കുന്നുണ്ടാവും. സദാചാര, ഉപദേശ കമ്മറ്റിക്കാരെ, കരുതിയിരിക്കുക, കാലന്‍ തമ്പടിച്ചിരിക്കുന്നത് നിങ്ങളുടെ മകളുടെ പ്രാണനു വേണ്ടി ആകാതിരിക്കാന്‍ സൂക്ഷിക്കുക…!


Leave a Reply

Your email address will not be published. Required fields are marked *