പണം കൊണ്ടു കഴുകാവുന്നതോ ഈ ചോരക്കറ…..???

ഒരിക്കല്‍ക്കൂടി മലയാളികളുടെ മുന്നിലേക്കാ വാക്കെത്തുകയായി. യെമനില്‍ വധശിക്ഷ കാത്തു കിടക്കുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരാനുളള ഒരേയൊരു വഴി ചോരപ്പണം മാത്രമാണത്രെ…..! യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹദിയെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ യെമനിലെ സന ജയിലില്‍ തടവില്‍ കഴിയുകയാണിപ്പോല്‍ നിമിഷപ്രിയ. തലാലിനെ കൊന്നു കഷണങ്ങളാക്കിയതു താനല്ലെന്നു നിമിഷ പറയുന്നു. പക്ഷേ, നിമിഷയുടെ കേസ് വാദിക്കാന്‍ നല്ലൊരു വക്കീലിനെപ്പോലും ലഭിച്ചില്ല എന്നതാണ് ദു:ഖകരമായ വസ്തുത.

ചോരപ്പണത്തിന്റെ ചുടുചോര മണക്കുന്ന വഴികള്‍…..

നിഷ്ഠൂരക്കൊലപാതകികളുടെ കൈകളില്‍ പുരണ്ട ചോരക്കറകള്‍ പണം നല്‍കി കഴുകിക്കളഞ്ഞതിന്റെ വിറങ്ങലിച്ച സത്യങ്ങളില്‍ ചിലത് ഇതാണ്.

സൗദി ജേര്‍ണലിസ്റ്റായിരുന്ന ജമാല്‍ ഖഷോംഗിയെ നികൃഷ്ടമായ രീതിയില്‍ കൊന്നുതള്ളിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ ഖഷോംഗി നാടുവിട്ടോടുകയായിരുന്നു. പക്ഷേ, നാട്ടില്‍, സ്വന്തം കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു വരുത്തിയ ശേഷം അദ്ദേഹത്തെ കൊത്തിനുറുക്കി കൊന്നു.

2018 ഒക്ടോബറിലായിരുന്നു ഈ സംഭവം. സൗദി ഭരണകൂടം ഈ വാര്‍ത്ത ആദ്യം നിഷേധിച്ചു. പക്ഷേ, എതിര്‍പ്പുകള്‍ രൂക്ഷമായപ്പോള്‍ തങ്ങളാണ് ഖഷോംഗിയെ കൊന്നതെന്നു സമ്മതിച്ചു. എങ്കിലും കിരീടാവകാശിയായ രാജകുമാരന് ഇതിലൊരു പങ്കുമില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു.

എന്നാല്‍, പിന്നീടു നടന്ന സംഭവങ്ങള്‍ നോക്കൂ…

തന്റെ പിതാവിനെ അതിക്രൂരമായി കൊലചെയ്തവരോടു താന്‍ ക്ഷമിച്ചതായും അവരെ വെറുതെ വിടുന്നതായും ഖഷോംഗിയുടെ മൂത്ത മകന്‍ സലാ ഖഷോംഗി പിന്നീട് വെളിപ്പെടുത്തി. ഇതിനു പകരമായി സലായ്ക്കും സഹോദരങ്ങള്‍ക്കും ദശലക്ഷക്കണക്കിനു ഡോളര്‍ പണമായും കോടികളുടെ വസ്തുവകകളും ലഭിച്ചതായി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു….!

പണത്തിനു മുകളിലൂടെ പറക്കാന്‍ തക്ക കെല്‍പ്പുള്ള പരുന്തുകളൊന്നുമില്ലായിരുന്നു. തന്നോടു കൊടുംക്രൂരതകള്‍ ചെയ്തവര്‍ക്ക് സ്വന്തം മക്കള്‍ മാപ്പുകൊടുത്തതിന് ആ മനുഷ്യന്റെ ആത്മാവ് ഏതു തരത്തില്‍ പ്രതികരിച്ചിരിക്കുമെന്നുമറിയില്ല. അതിക്രൂരമായ രീതിയിലൊരു കൊലപാതകം നടത്തിയ ശേഷം പണം കൊടുത്തു രക്ഷപ്പെടാന്‍ കുറ്റവാളിക്കു കഴിഞ്ഞു. അതിനു പേരാണ് ബ്ലഡ് മണി അഥവാ ചോരപ്പണം….. മനുഷ്യനെ പച്ചയ്ക്കു വെട്ടിനുറുക്കി കൊന്ന ശേഷം ഉറ്റവര്‍ക്കു പണം നല്‍കി ആ ചോരക്കറ കഴുകിക്കളയുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ച….!!

അതിക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ പ്രതികള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ വേണ്ടി നിയമവും അധികാരവും രൂപപ്പെടും മുന്‍പേ ചില ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നിലനിന്നൊരു നിയമമാണ് ബ്ലഡ് മണി. പിന്നീടത് ഖുറാന്‍ മതവിശ്വാസികള്‍ തങ്ങളുടെ ദൈവത്തിന്റെ അരുളപ്പാടാക്കി അതിനെ മാറ്റി. കണ്ണിനു കണ്ണും പല്ലിനു പല്ലും കൊലയ്ക്കു കൊലയും പിന്നീടവ മായ്ച്ചു കളയാന്‍ ചോരപ്പണവുമെന്ന നിയമവും നിലവില്‍ വന്നു.

ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റകൃത്യമല്ല കൊലപാതകമെന്നും പണം നല്‍കിയാല്‍ തീര്‍ക്കാവുന്ന ഒരു നിയമലംഘനം മാത്രമാണതെന്നുമാണ് ചോരപ്പണം നമ്മോടു പറയുന്നത്. അതിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്. ‘ഞാന്‍ നിങ്ങളുടെ മകളെ കൊന്നാല്‍, ഞാന്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു എന്നാണര്‍ത്ഥം. നിങ്ങള്‍ക്ക് എന്നെ തൂക്കിക്കൊല്ലാന്‍ ആവശ്യപ്പെടാം. അതല്ലെങ്കില്‍ പകരമായി പണം സ്വീകരിച്ച് എന്നെ വെറുതെ വിടാം. നിങ്ങള്‍ ചോദിക്കുന്ന പണം എനിക്കു തരാന്‍ സാധിച്ചാല്‍ അന്നുമുതല്‍ നിങ്ങളെപ്പോലെ തന്നെ ഞാനും സ്വതന്ത്രമനുഷ്യനാണ്……’

ഫെയ്ഹാന്‍ അല്‍ ഖാംദി എന്ന ‘ധര്‍മ്മോപദേശകന്‍’ അഞ്ചുവയസുകാരിയായ സ്വന്തം മകള്‍ ലാമയെ അതിദാരുണമായി കൊന്നത് 2013 ലാണ്. കുഞ്ഞുലാമയ്ക്കു നീതി തേടി ട്വിറ്ററില്‍ ഹാഷ്ടാഗുകള്‍ പറന്നു നടന്നു. പക്ഷേ, കുഞ്ഞിന്റെ അമ്മയ്ക്കു വലിയൊരു തുക നല്‍കി കേസില്‍ നിന്നും ഖാംദി പുറത്തുകടന്നു.

നിര്‍ധനരായ ഇരകളുടെ കുടുംബത്തിനു പണം നല്‍കി സമ്പന്നരായ കുറ്റവാളികള്‍ തങ്ങള്‍ ചെയ്ത കൊടും കുറ്റകൃത്യത്തില്‍ നിന്നും ഒരു പോറല്‍ പോലും പറ്റാതെ രക്ഷപ്പെടുകയാണ്. ചോരപ്പണം നല്‍കുന്നതിനു വേണ്ടി ചാരിറ്റി എന്ന പേരില്‍ പണപ്പിരിവും ഇവര്‍ നടത്തുന്നു. അതിക്രൂരകൃത്യങ്ങളെയും കൊടുംക്രിമിനലുകളെയും വെള്ളപൂശാന്‍ മാത്രമേ ഇതുപകരിക്കുകയുള്ളു.

1990 ല്‍ ഈ നിയമം പാക്കിസ്ഥാനും അംഗീകരിച്ചു. കൊലപാതകക്കേസുകള്‍ അവസാനിപ്പിക്കാന്‍ ചോരപ്പണം ഉപയോഗിക്കാമെന്നത് നിയമം മൂലം അംഗീകരിക്കപ്പെട്ടു. ഇതിലൂടെ, ദുരഭിമാനക്കൊലകള്‍ക്കും പുതിയൊരു മാനം കൈവന്നു.


ചോരപ്പണം കൊണ്ടു മായ്ക്കുന്ന ദുരഭിമാനക്കൊലകള്‍

കുടുംബത്തിന്റെ ഇംഗിതത്തിനു വിരുദ്ധമായി ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടി തീരുമാനിച്ചാല്‍ അവളെ കൊന്നുതള്ളുന്നതാണ് കുടുംബത്തിന്റെ അന്തസ് എന്നു കരുതുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തിലും അത്തരത്തില്‍ നിരവധി കൊലപാതകങ്ങള്‍ നടന്നുകഴിഞ്ഞു. അപ്പോള്‍പ്പിന്നെ പെണ്ണിനെ അടിച്ചമര്‍ത്തി ചാക്കില്‍പ്പൊതിഞ്ഞു കൊണ്ടു നടക്കുന്ന മുസ്ലീം രാജ്യങ്ങളിലെ അവസ്ഥ പറയേണ്ടതില്ലല്ലോ.

ചോരപ്പണം കൊണ്ട് അത്തരമൊരു കൊലപാതകം നടത്തി പ്രതികള്‍ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്.


സ്വന്തം കല്‍പ്പനകളെ അനുസരിക്കാത്ത പെണ്‍മക്കളെ കൊന്നുതള്ളാന്‍ ഒരു കുടുംബം ഒന്നാകെ തീരുമാനിക്കുന്നു. അവളുടെ സഹോദരന്‍ ആ കൊല നടത്തുന്നു. പിന്നീട്, പെണ്‍കുട്ടിയുടെ പിതാവ് മകളുടെ കൊലയാളിയായ മകന് മാപ്പു കൊടുക്കുന്നു. അതോടെ ആ കൊലയാളി കൊലക്കുറ്റത്തില്‍ നിന്നും നിരുപാധികമായി രക്ഷപ്പെടുന്നു.

ലോകമനസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2012 ല്‍ പാക്കിസ്ഥാനില്‍ നടന്നത്. പാക്ക് പൗരനും കോളജ് വിദ്യാര്‍ത്ഥിയുമായ ഷഹസേബ് ഖാന്റെ അരുംകൊലയായിരുന്നു അത്. തന്റെ സഹോദരിയോട് മൃഗീയമായി പെരുമാറിയ മദ്യപിച്ചു മദോന്മത്തരായ ഒരു സംഘം ക്രിമിനലുകളെ ഖാന്‍ നേരിട്ടു. സഹോദരിക്കു വേണ്ടത്ര സംരക്ഷണം നല്‍കി. എന്നാല്‍, ആ കൊടുംക്രിമിനലുകള്‍ ആ കൗമാരക്കാരനെ അതിക്രൂരമായി കൊലചെയ്തു.

പണവും സ്വാധീനവും അധികാരവുമുള്ള ക്രിമിനലുകള്‍ ഖാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. സഹോദരിമാരെയും കൊലപ്പെടുത്തുമെന്നും അതു ചെയ്യാതിരിക്കണമെങ്കില്‍ തങ്ങളോടു ക്ഷമിച്ചുവെന്നു സമ്മതിക്കണമെന്നും അതിനായി പണം കൈപ്പറ്റണമെന്നുമായിരുന്നു അവരുടെ ആവശ്യം.

ചോരപ്പണത്തിനെതിരെയുള്ള ഹാസന്‍ ജാവേദെന്ന പാക് പണ്ഡിതന്റെ പോരാട്ടത്തിന്റെ തുടക്കം കൂടിയായിരുന്നു ഷഹസേബ് ഖാന്റെ അരും കൊലയും ആ കുടുംബത്തില്‍ പിന്നീടു നടന്ന സംഭവങ്ങളും.


ചോരയ്ക്കു പണം നല്‍കി കൊല നടത്തുന്ന ആധുനിക ഭരണകൂടങ്ങള്‍


സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍, സോമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ നിയമം നിലവിലുണ്ട്. 2011 ലെ പുതുക്കിയ നിരക്കനുസരിച്ച് അപകടമരണത്തില്‍ പെട്ടയാളുടെ അടുത്ത ബന്ധുവിന് 80,000 അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം. കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള തുക 106,666 അമേരിക്കന്‍ ഡോളറാണ്. ഒട്ടകങ്ങളുടെ വില കൂടിയതിനാലാണ് ചോരപ്പണ നിരക്കു കൂട്ടിയത്.

സോമാലിയയിലെ സുന്നി മുസ്ലീം പ്രദേശങ്ങളില്‍ കൊലക്കുറ്റത്തില്‍ നിന്നുമാത്രമല്ല, ശാരീരിക ആക്രമണം, മോഷണം, ബലാത്സംഗം, മാനനഷ്ടം എന്നിവയില്‍ നിന്നെല്ലാം ഇരകള്‍ക്കോ ഇരകളുടെ കുടുംബത്തിനോ പണം നല്‍കി രക്ഷപ്പെടാം. എന്തുകുറ്റകൃത്യവും ചെയ്യാം, പണം നല്‍കിയാല്‍ മാത്രം മതി എന്ന നിലപാട്.

പാക്കിസ്ഥാന്‍, സൗദി അറേബ്യ, യു എ ഇ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ ചോരപ്പണം എന്ന കിരാത നിയമം അതി ശക്തമാണ്. പാവപ്പെട്ടവന്റെ ജീവനെടുക്കാന്‍ പണക്കാരനെ അധികാരപ്പെടുത്തുന്ന നിയമമാണിതെന്നദ്ദേഹം ശക്തിയുക്തം വാദിച്ചു. എന്തു ക്രൂരകൃത്യം ചെയ്താലും പണം കൊടുത്താല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്ന നെറികെട്ട നിയമം.


ചോരപ്പണം വന്ന വഴി……


ഈ നിയമം ഇപ്പോഴും നിലനില്‍ക്കാന്‍ കാരണം മുസ്ലീം മതവിശ്വാസികളും അവരുടെ മതഗ്രന്ഥമായ ഖുറാനുമാണ്. എന്നാല്‍, ചോരപ്പണം നിയമം നിലനില്‍ക്കണമെന്നു വാദിക്കുന്ന മുസ്ലീങ്ങള്‍ മറന്നുപോകുന്നൊരു സത്യമുണ്ട്. ഖുറാനില്‍ ചോരപ്പണനിയമം ഉപയോഗിച്ചിരിക്കുന്നത് കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല. ഇതു കൃത്യമായി മനസിലാക്കണമെങ്കില്‍ 12-ാം നൂറ്റാണ്ടില്‍ സുന്നി പണ്ഡിതന്‍ ഫക്കര്‍ അല്‍ ദിന്‍ അല്‍ റാസി ചെയ്ത അത്യുദാത്തമായ വ്യാഖ്യാനം ശ്രദ്ധിച്ചാല്‍ മതിയാകും.

ഇസ്ലാം മതം രൂപപ്പെടുന്നതിനു മുന്‍പ് അറേബ്യ ഗോത്രവര്‍ഗ്ഗക്കാരുടെ യുദ്ധഭൂമിയായിരുന്നു. അവിടെ കോടതിയോ പോലീസോ ഭരണകര്‍ത്താക്കളോ നിയമങ്ങളോ ഉണ്ടായിരുന്നില്ല. ഈ യുദ്ധത്തിലും അക്രമങ്ങളിലും ആരെങ്കിലും കൊല്ലപ്പെട്ടാല്‍ കൊലയാളിയോടു പ്രതികാരം ചെയ്തിരുന്നത് കൊലയ്ക്കു പകരം കൊല, കണ്ണിനു പകരം കണ്ണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, ഒരാളെ കൊന്നാല്‍ രണ്ടോ അതില്‍ക്കൂടുതലോ പേരുടെ ജീവനെടുത്തു പ്രതികാരം ചെയ്യണമെന്നതായിരുന്നു ഗോത്രവര്‍ഗ്ഗക്കാര്‍ സ്വീകരിച്ചിരുന്ന നിയമം. ഇത് കൂടുതല്‍ യുദ്ധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണമായി. ബാര്‍ട്ടര്‍ സമ്പ്രദായം നിലനിന്നിരുന്ന കാലമാണത്. വ്യക്തികള്‍ തമ്മിലല്ല, മറിച്ച് ഗോത്രങ്ങള്‍ തമ്മിലായിരുന്നു അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിരുന്നത്.

അതിനാല്‍, ആരെങ്കിലും ആരെയെങ്കിലും കൊന്നാല്‍, പിന്നീടവിടെ കൊലപാതക പരമ്പരകള്‍ അരങ്ങേറാതെ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി നിലനിന്നിരുന്നൊരു സമ്പ്രദായമായിരുന്നു പണം നല്‍കി ചോരയ്ക്കു പരിഹാരം കാണുക എന്നത്.

ഇസ്ലാമിക ചരിത്ര പണ്ഡിതശ്രേഷ്ഠനായ മോണ്‍ടോഗൊമറി വാട്ട് ആദ്യകാല ആംഗ്ലോ സാക്‌സന്‍ സമുദായത്തില്‍ നിലനിന്നിരുന്ന ആചാരത്തെക്കുറിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘അക്കാലത്തെ ശക്തരും ബുദ്ധിമാന്മാരുമായ മനുഷ്യര്‍ ശത്രുക്കളെ കൊന്നുതള്ളാന്‍ വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന ഒരു നിയമമായിരുന്നു രക്തബുദ്ധി. പക്ഷേ, ഖുറാന്‍ ഇതിനു നല്‍കിയിരിക്കുന്ന വിശദീകരണം വ്യത്യസ്ഥമാണ്.

‘നിങ്ങള്‍ ചെയ്ത ഹീനകൃത്യത്തെ കൊല്ലപ്പെട്ടവന്റെ സഹോദരനു ക്ഷമിക്കാന്‍ കഴിയുകയാണെങ്കില്‍, അയാളോടുള്ള നന്ദി സൂചകമായി കൈനിറയെ സമ്മാനങ്ങള്‍ നല്‍കി അയാളെ സംതൃപ്തിപ്പെടുത്തണം. നിങ്ങള്‍ ചെയ്ത ഹീനകുറ്റകൃത്യം കാരുണികനായ ദൈവം ക്ഷമിക്കുവാനും ആ കരുണ നിങ്ങള്‍ക്കു ലഭിക്കുവാനും നിങ്ങളിതു ചെയ്തിരിക്കണം.’

ചുരുക്കിപ്പറഞ്ഞാല്‍, ചോരപ്പണം കൊണ്ടു ഖുറാന്‍ ഉദ്ദേശിക്കുന്നത് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനാണ്. അല്ലാതെ, സമ്പന്നര്‍ക്കും സ്വാധീനവും അധികാരവുമുള്ളവര്‍ക്കും ഭരണാധികാരികള്‍ക്കും കൊന്നുതള്ളാനുള്ള മാര്‍ഗ്ഗമായിട്ടല്ല.

ചോരപ്പണത്തിന്റെ റോമന്‍ യഹൂദ വിശദീകരണങ്ങള്‍

കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തിനു പണം നല്‍കി കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനെക്കുറിച്ച് ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്‌സന്‍ വംശജര്‍ക്കിടയിലും മറ്റ് ജെര്‍മനിക് സമൂഹത്തിലും നിലനിന്നിരുന്നതായി പറയുന്നുണ്ട്. എന്നാല്‍, റോമന്‍ നിയമത്തില്‍ ഇതിനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. റോമന്‍ നിയമമനുസരിച്ച്, കൊലപാതകമൊഴിച്ചുള്ള ഏതു കുറ്റകൃത്യവും പണം നല്‍കി ശിക്ഷയില്‍ നിന്നും ഒഴിവാകാം. എന്നാല്‍, കൊലപാതകത്തിന്റെ ഹീനതയനുസരിച്ച് വധശിക്ഷ നല്‍കുന്നൊരു കുറ്റമാണ് റോമന്‍ നിയമമനുസരിച്ച് കൊലപാതകം.

എന്നാല്‍, ബിബ്ലിക്കല്‍ നിയമമനുസരിച്ച് ഭൂമിയിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കൊലപാതകം. ആ കുറ്റത്തില്‍ നിന്നും പണം നല്‍കി രക്ഷപ്പെടുക എന്നത് കുറ്റകൃത്യങ്ങളെ വെള്ളപൂശുന്നതിനു തുല്യമാണ്. കൊലയാളിയുടെ ക്രൂരതകളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ക്കൂടുതല്‍ കൊലപാതകള്‍ നടത്താനും പ്രേരണ നല്‍കുന്ന ഒന്നാണ് ചോരപ്പണമെന്ന് യഹൂദ നിയമം പറയുന്നു.

കരുതിക്കൂട്ടി നടത്തുന്ന കൊലപാതകള്‍ക്കു ശിക്ഷ മരണമാണെന്ന് യഹൂദനിയമം പറയുന്നു. എന്നാല്‍, അബദ്ധത്തില്‍ ചെയ്തു പോകുന്ന കൊലപാതകങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കേണ്ടെന്നും യഹൂദ നിയമത്തിലുണ്ട്. കൊലപാതകത്തെക്കാള്‍ ഹീനമായൊരു കുറ്റകൃത്യമില്ലെന്നും അതിനെ പണം കൊടുത്തു വെളുപ്പിക്കാനാവില്ലെന്നും പണം കൊടുത്താല്‍ കഴുകാവുന്നതല്ല ആ ചോരക്കറയെന്നും യഹൂദ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസിനു കിട്ടിയ 30 വെള്ളിക്കാശിനെയാണ് ചോരപ്പണമെന്നു ബൈബിള്‍ പറയുന്നത്. ആ പണം കൊടുത്തു വാങ്ങിയ സ്ഥലം ചോരനിലമെന്നും അറിയപ്പെടുന്നു.

ദൈവത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ ഏതു ഹീനകൃത്യവും സാധ്യമാകുമെന്ന് പുരാതന കാലം മുതല്‍ക്കേ മനുഷ്യന്‍ കണ്ടെത്തിയ ഒരു സത്യമാണ്. അതിനാല്‍, അതിക്രൂര കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും, മോഷണങ്ങള്‍ക്കും, മറ്റുമെല്ലാം മതങ്ങളുടെയും മതദൈവങ്ങളുടെയും പിന്തുണയുണ്ടെന്ന് വിശ്വാസികളെ പറഞ്ഞു പഠിപ്പിക്കുന്നു, അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ നടത്തുന്നു. അങ്ങനെ, രക്തം മരവിക്കുന്ന കൊടുംക്രൂരതകള്‍ പോലും ദൈവേഷ്ടമായി അവര്‍ മാറ്റിയെടുക്കുന്നു, പണ്ഡിതരെന്നു സ്വയം പറയുന്ന കുറ്റവാളികള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മതങ്ങളെ കൂട്ടുപിടിക്കുന്നു.

മതഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി നടപ്പാക്കി ദൈവപ്രീതി പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന മതവിശ്വാസികള്‍ കാണിച്ചു കൂട്ടുന്ന കൊടിയ ക്രൂരതകളുടെ ഫലങ്ങളാണ് ഇന്നത്തെ സമൂഹം ഇപ്പോള്‍ അനുഭവിക്കുന്നത്. ഒരു നിയമം ഏതു സാഹചര്യത്തില്‍, ഏതു കാലഘട്ടത്തില്‍, ഏതൊക്കെ സാമൂഹിക ചുറ്റുപാടുകളില്‍ നടപ്പാക്കി എന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും ജീവനു പകരം ജീവനുമെടുക്കുമെന്ന 7-ാം നൂറ്റാണ്ടിലെ നിയമങ്ങള്‍ ഈ 21-ാം നൂറ്റാണ്ടിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ചെയ്തു കൂട്ടിയ കൊടുംക്രൂരതകള്‍ക്കു കുടപിടിക്കാന്‍ ഈ വേദഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു.

മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ അതേപടി നടപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്ന മതവിശ്വാസികള്‍ ഒരു കാര്യം മനസിലാക്കണം. മനുഷ്യനീതിയിലൂന്നിയ നീതി നടപ്പാക്കുക എന്നതാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത്. 7-ാം നൂറ്റാണ്ടില്‍ നടമായിരുന്ന കുറ്റകൃത്യങ്ങള്‍ക്കു നല്‍കിയിരുന്ന ശിക്ഷകള്‍ ഇക്കാലത്ത് നടപ്പാക്കാനാവില്ല. ഓരോ കുറ്റകൃത്യങ്ങളും വെവ്വേറെ വിലയിരുത്തപ്പെടണം. എല്ലാ രീതിയിലും അന്വേഷണങ്ങള്‍ നടത്തി കുറ്റവാളി ചെയ്ത കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ചു വേണം ശിക്ഷ നടപ്പാക്കാന്‍. അല്ലാതെ, കൊലക്കുറ്റം ചെയ്തവര്‍ക്കെല്ലാം വധശിക്ഷയെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ പണം കൊടുത്താല്‍ മതിയാകുമെന്നുള്ള പ്രാകൃത നീതിക്ക് അറുതി വന്നേ തീരൂ.


ചോരപ്പണം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍


ഈ പ്രാകൃത നിയമങ്ങള്‍ക്ക് അറുതി വരുത്താനുള്ള കാര്യമായ നടപടികള്‍ നടപ്പാക്കിയിട്ടുള്ളത് ഖിലാഫത്തിന്റെ അവസാന സാമ്രാട്ടായ ഓട്ടോമാന്‍ സാമ്രാജ്യമാണ്. 19-ാം നൂറ്റാണ്ടിലായിരുന്നു ഇത്. ഇതിനായി അവര്‍ ആധുനിക നിയമങ്ങളും മതേതര കോടതികളും നടപ്പാക്കി. 1858 ല്‍ അവര്‍ കൊണ്ടുവന്ന പുതിയൊരു ശിക്ഷാ നിയമമായിരുന്നു ഈ മാറ്റത്തിലെ ഏറ്റവും വലിയൊരു കാല്‍വയ്പ്പ്. ഈ പുതിയ ശിക്ഷാ നിയമപ്രകാരം, ചോരപ്പണം കൊടുത്ത് കൊലക്കുറ്റം ഒത്തുതീര്‍പ്പാക്കിയാലും കൊലയാളിക്ക് ചെയ്ത കുറ്റത്തിനനുസരിച്ച് കടുത്ത ശിക്ഷ കിട്ടുക തന്നെ ചെയ്യും.

രണ്ടു ദശാബ്ദത്തിനു ശേഷം അധികാരത്തിലേറിയ പയസ് സുല്‍ത്താന്‍ ഹമിദ് രണ്ടാമന്‍ മറ്റൊരു ധീരമായ ചുവടുവയ്പുകൂടി നടത്തി. ചോരപ്പണം കൊണ്ടോ ക്ഷമായാചനം കൊണ്ടോ രക്ഷപ്പെടാന്‍ കുറ്റവാളികള്‍ക്ക് അവസരം നല്‍കാതെ അവര്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ക്കായി പ്രത്യേക ഓഫീസിനു തന്നെ അദ്ദേഹം രൂപം കൊടുത്തു.

ഇത്തരത്തിലുള്ള ധീരവും ശക്തവുമായ ആധുനിക നിയമങ്ങള്‍ക്കെല്ലാം തുരങ്കം വച്ച് പുരാതന ഇസ്ലാമിത പാരമ്പര്യത്തെ ആഞ്ഞുപുല്‍കുകയാണ് ഇപ്പോഴത്തെ മുസ്ലീം രാജ്യങ്ങള്‍. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് തനിയെ വാഹനമോടിക്കാനും ഡാന്‍സ് ചെയ്യാനുമുള്ള അവകാശങ്ങള്‍ ഭരണാധികാരികള്‍ ചെയ്യുന്നുണ്ടെന്നത് സത്യം തന്നെയാണ്. പക്ഷേ, ഒരു നാട് സംസ്‌കാര സമ്പന്നമാകുന്നത് പുരാതന കിരാത നിയമങ്ങളെ കാറ്റില്‍പ്പറത്തുകയും നിയമങ്ങളില്‍ കാലാനുസൃതമായി മാറ്റം വരുത്തുകയും ചെയ്യുമ്പോഴാണ്. ഭരണാധികാരികളുടെ കൊടുംക്രൂരതകളെയും ദുഷ്‌ചെയ്തികളെയും എതിര്‍ക്കുന്നവരെ കൊന്നുതള്ളി ആശ്രിതര്‍ക്ക് ആ ചോരയുടെ പണം നല്‍കി സ്വതന്ത്രരായി നടക്കുന്നവര്‍ ഭരണാധികാരികളോ നിയമങ്ങളോ പോലീസോ ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിലേക്കോ അതിനും പിന്നിലേക്കോ ആ രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്.

പണം നല്‍കിയാല്‍ ചെയ്തുപോയ കൊടുംക്രൂരത വെളുപ്പിക്കാനാവുമെന്ന കിരാതന പ്രാകൃത നിയമം പരിഷ്‌കൃതരെന്നഭിമാനിക്കുന്ന ഈ ആധുനിക യുഗത്തിലെ ജനങ്ങള്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും യോജിച്ചതല്ല.

മുസ്ലീം രാജ്യ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കണമെന്നു വാദിക്കുന്നവരോട്…..


ഇന്ത്യയില്‍ വധശിക്ഷ നല്‍കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കുറ്റകൃത്യങ്ങള്‍ക്കാണ്. മനുഷ്യന്‍ പിശാചായി മാറി ചെയ്തുകൂട്ടുന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ക്കു പരിഹാരമായിട്ടാണ് വധശിക്ഷ വിധിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ക്കു തടയിടാന്‍ മുസ്ലീം രാജ്യങ്ങളിലേതു പോലെ ശരിയത്ത് നിയമം ഇന്ത്യയിലും നടപ്പിലാക്കണമെന്ന മുറവിളികള്‍ പല കോണുകളില്‍ നിന്നും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കുറ്റാന്വേഷണം കുറ്റമറ്റതായിരിക്കണമെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും നിഷ്‌കര്‍ഷിക്കുന്നൊരു നിയമ സംവിധാനമാണ് നമുക്കുള്ളത്. കുറ്റകൃത്യത്തിന് ഇരയാകുന്നവര്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ പണം നല്‍കിയാല്‍ തീരുന്നതല്ല ചെയ്തുപോയ കുറ്റകൃത്യങ്ങളുടെ ശിക്ഷാ നടപടികള്‍.

ഇത്തരം മഹത്തരമായൊരു നിയമ സംവിധാനത്തെ ചോരപ്പണം കൊണ്ടു പങ്കിലമാക്കാന്‍ സാധ്യമല്ല. അതിനാല്‍, നടത്തിപ്പില്‍ എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ആ പോരായ്മകളുടെ പഴുതിലൂടെ എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും കൊലയെ പണം കൊടുത്തു സാധൂകരിക്കുന്ന നിയമസംവിധാനങ്ങളെക്കാള്‍ വളരെ മികച്ചതാണ് നമ്മുടെ നിയമം.

നിമിഷപ്രിയ എന്ന മലയാളി നഴ്സ് ഒരു സ്ഥിരം കുറ്റവാളിയല്ല. പക്ഷേ, ഒരു മനുഷ്യനെ കൊത്തിനുറുക്കി കഷണങ്ങളാക്കി മറവു ചെയ്തു എന്നതാണ് അവരുടെ കുറ്റകൃത്യത്തെ ഹീനമാക്കുന്നത്. അവരതു ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ ആ കേസ് പുനരന്വേഷിക്കപ്പെടുക തന്നെ വേണം. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിയായ മൂന്നാമനെ കണ്ടുപിടിക്കാന്‍ പോലും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അതിനാല്‍, ഈ കേസന്വേഷണം പൂര്‍ണ്ണവുമല്ല. പക്ഷേ, യെമന്‍ പോലൊരു മുസ്ലീം രാജ്യത്ത് ശരിയത്ത് നിയമം അക്ഷരം പ്രതി പാലിക്കപ്പെടുന്നൊരു നാട്ടില്‍ പണമുണ്ടെങ്കില്‍ ഏതു കൊലയും സാധ്യമായൊരു നാട്ടില്‍ അവശേഷിക്കുന്ന സാധ്യത ചോരപ്പണം മാത്രം.

മനുഷ്യര്‍ക്കു വേണ്ടി, മനുഷ്യരാല്‍ രൂപപ്പെടുത്തിയ നിയമമായിരുന്നുവെങ്കില്‍ ഈ കേസില്‍ കുറ്റമറ്റൊരു അന്വേഷണമോ പുരന്വേഷണമോ നടത്തുമായിരുന്നു. പക്ഷേ, ക്രിമിനലുകള്‍ക്കു വേണ്ടി രൂപപ്പെടുത്തിയ നിയമത്തില്‍ മനുഷ്യത്വപരമായ അന്വേഷണമോ ശിക്ഷാ നടപടികളോ പ്രതീക്ഷിക്കുന്നത് വിഢിത്തം മാത്രം.

………………………………………………………………………………………………….
ജെസ് വര്‍ക്കി
jessvarkey@gmail.com


Tags: Blood money, NimishaPriya, Yemen, Saudi law, 

Leave a Reply

Your email address will not be published. Required fields are marked *