കേരളീയരില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് അനില്‍ ആന്റണിക്കെതിരെ കേസ്

Thamasoma News Desk

‘ബുര്‍ക്ക ധരിക്കാതെ വടക്കന്‍ കേരളത്തില്‍ ബസുകളില്‍ സഞ്ചരിക്കാന്‍ കഴിയില്ല’ എന്ന തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലിക്കാനിറങ്ങിയ ബി ജെ പി നേതാവ് അനില്‍ ആന്റണിക്കെതിരെ കേസ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആണ് അനില്‍ ആന്റണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണ് ഈ പോസ്റ്റ്. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 153 എ പ്രകാരം അനില്‍ ആന്റണിക്കെതിരെ കേസെടുത്തതായി കാസര്‍കോട് ജില്ലാ സൈബര്‍ സെല്‍ പറഞ്ഞു.

മതം, വംശം, ജന്മസ്ഥലം അല്ലെങ്കില്‍ താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് ഐപിസി 153 എ വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്.

എക്സിലെ വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 ന് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, അജ്ഞാതര്‍ക്കെതിരെയായിരുന്നു എഫ് ഐ ആര്‍. എന്നാല്‍, അത്യന്തം വിദ്വേഷകരമായ ഈ പോസ്റ്റ് അനില്‍ ആന്റണി ഷെയര്‍ ചെയ്യുക മാത്രമല്ല, കമന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

എന്നാല്‍, ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ ആന്റണി ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദ്വേഷം പ്രചരിപ്പിച്ചതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എഫ്ഐആര്‍ ഇട്ടതിന്റെ പിന്നാലെയാണ് അനില്‍ ആന്റണിക്കെതിരെ നടപടി.

കൊച്ചി കളമശേരിയില്‍ നടന്ന ബോംബു സ്ഫോടനത്തെ ഹമാസുമായി ബന്ധിപ്പിച്ചതിനാണ് രാജീവ് ചന്ദ്രശേഖറിനെതിരെ നടപടി.

ചന്ദ്രശേഖറിനെതിരെ ഐപിസി സെക്ഷന്‍ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), സെക്ഷന്‍ 120 (ഒ) (ഒ) (പൊതുസ്ഥലത്ത് കലാപവും പ്രശ്‌നങ്ങളും സൃഷ്ടിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം മൂലം ഇവിടേക്ക് പ്രവേശനം നഷ്ടപ്പെട്ടവരാണ് ബി ജെ പി. ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശബരിമല കാലത്ത് ഇവര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു, പക്ഷേ, നടന്നില്ല. ഇപ്പോള്‍, കേരളത്തില്‍ ബോംബുസ്‌ഫോടനമുണ്ടായതോടെ, അതില്‍ നിന്നും നേട്ടം കൊയ്യാം എന്നു ശ്രമിക്കുകയാണിവര്‍. ഇവിയെയുള്ള മതസൗഹാര്‍ദ്ദം തകര്‍ത്ത്, ജനങ്ങള്‍ക്കിടയില്‍ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ വൈരം കടത്തിവിട്ട് വോട്ടുപിടിക്കുക എന്ന ലക്ഷ്യമാണ് ഇതുപോലുള്ള രാഷ്ട്രീയ സംഘടനകള്‍ക്കും നേതാക്കള്‍ക്കും. കേരളത്തിലെ ജനങ്ങളില്‍ വെറുപ്പു കുത്തിനിറച്ച് തമ്മിലടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഇവര്‍ക്കു നന്നായി അറിയാം. പക്ഷേ, സാധ്യമായ എല്ലാ അവസരങ്ങളും ഇവര്‍ ഉപയോഗപ്പെടുത്തുന്നു.



Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#AnilAntony #SpreadingReligiousHatred #CentralElectronicandInformationTechnology #RajiveChandrashekhar

Leave a Reply

Your email address will not be published. Required fields are marked *