ശാന്തം, മനോഹരം, ആനന്ദകരം സിനര്‍ജിയിലെ ഈ ജീവിതം

Jess Varkey Thuruthel

ലോകം തന്നെ വെട്ടിപ്പിടിക്കുന്നതിനായി പരക്കംപായുന്ന ജനസമൂഹത്തിന്റെ മാറിലൂടെ യാത്ര ചെയ്ത് സിനര്‍ജിയിലേക്കെത്തുമ്പോള്‍ സമയം രാവിലെ 10 മണി കഴിഞ്ഞിരുന്നു (Synergy Homes). റൂത്ത് കോണ്‍ അവന്യൂ (Ruth Cohn Avenue) വിലൂടെ വാഹനമോടിക്കുമ്പോള്‍ മനസ് തികച്ചും ശാന്തമായിരുന്നു. ആ റോഡിന്റെ തുടക്കത്തില്‍, ഇടതു വശത്തായി ആദ്യം കാണുന്ന വീട് റിട്ടയേര്‍ഡ് കേണല്‍ മാത്യു മുരിക്കന്റേയും ഭാര്യ ഡോളി മാത്യുവിന്റെതുമാണ്. പൊതുവായ അടുക്കളയുടെ മുകള്‍നിലയിലുള്ള രണ്ടു ഗസ്റ്റ് റൂമുകളില്‍ ഒന്നിലാണ് ഞങ്ങള്‍ക്കായി താമസ സൗകര്യമൊരുക്കിയിരുന്നത്. ചെറുശബ്ദത്തോടെയൊഴുകുന്ന ളാലം പുഴയാണ് അവിടെ ഞങ്ങളെ വരവേറ്റത്. സമീപത്തെ നിരവധിയായ മരങ്ങളില്‍ നിന്നുമുയരുന്ന കിളികളുടെ ശബ്ദവും വരവേറ്റു. അസ്വസ്ഥതകളൊഴിഞ്ഞ് ശാന്തിയുടെ തീരത്തണഞ്ഞിരുന്നു മനസപ്പോള്‍.

ജീവിതത്തിലെ രണ്ടാം ബാല്യത്തിലേക്കു കടന്ന 15 ദമ്പതികള്‍ ഈ ഭൂമിയിലെ തങ്ങളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ജീവിച്ചു തീര്‍ക്കുവാനായി സിനര്‍ജി എന്ന സ്വര്‍ഗ്ഗത്തിനു രൂപം നല്‍കിയിരിക്കുന്നു! സ്വതന്ത്രമായി നിന്നുകൊണ്ട് പരസ്പരം സഹായിച്ചും സഹകരിച്ചും ഏറ്റവും മനോഹരമായി, സന്തോഷകരമായി ജീവിച്ചു തീര്‍ക്കുവാനെത്തിയ 15 കുടുംബങ്ങള്‍. 2024 നവംബര്‍ 2ന് ഔദ്യോഗികമായി സിനര്‍ജിക്കു തുടക്കമായെങ്കിലും ആ കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഇവിടെ താമസമാരംഭിച്ചിട്ടില്ല. എങ്കിലും ഞങ്ങളെത്തുന്നതും കാത്ത് 7 കുടുംബങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കേണല്‍ മാത്യു മുരിക്കനും ഭാര്യ ഡോളി മാത്യു (ടീച്ചര്‍), മാണി ജോണ്‍ (ബാങ്ക് മാനേജര്‍)-ലിസി ജോണ്‍, ഡോക്ടര്‍ എം സി ജോസഫ്-വല്‍സമ്മ, അലക്സ് മാത്യു-മിനി, എബ്രഹാം തോമസ് (ആര്‍മി)-ലിസി, പ്രൊഫസര്‍ ടി പി പോള്‍-പ്രൊഫസര്‍ മേരി പോള്‍, മാത്യു മുരിക്കനാടി -ലാലി എന്നിവരായിരുന്നു അവര്‍. ഇവരെല്ലാം തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം പ്രശാന്തസുന്ദരമായ ഈ ജീവിത വഴി തെരഞ്ഞെടുത്തവരാണ്.

ഓരോ മുഖങ്ങളിലൂടെയും ഞാനൊന്നു കണ്ണോടിച്ചു. മനസില്‍ സന്തോഷം തുടികൊട്ടുമ്പോള്‍ മുഖം ഏറ്റം സുന്ദരവും മനോഹരവുമായിരിക്കും. അവരുടെ മുഖങ്ങളിലൊന്നും ആധിയോ, ആകുലതകളോ ആശങ്കകളോ ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും അവര്‍ ആസ്വദിക്കുന്നു. പരസ്പരം തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു, പാട്ടുകള്‍ പാടുന്നു, നര്‍മ്മ സല്ലാപങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ ദമ്പതികളില്‍ ഏറ്റവും പ്രായമായവര്‍ ടി പി പോളും ഭാര്യ മേരിയുമാണ്. ഇവരെ സഹായിക്കാന്‍ ബാക്കിയുള്ളവരെല്ലാം സദാ തയ്യാറായി നില്‍ക്കുന്നു. വീഴാതെ താങ്ങാന്‍, കൈപിടിച്ചു നടത്താന്‍, ഭക്ഷണമെടുത്തു നല്‍കാന്‍, കഴിച്ച പാത്രം കഴുകി വയ്ക്കാന്‍, അങ്ങനെയങ്ങനെ പരസ്പര സഹായത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു മാതൃകയാണ് അവരവിടെ തുറന്നിട്ടത്.

പാലായില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ, ആന്ത്യാളം വില്ലേജില്‍, മീനച്ചിലാറിന്റെ കൈവഴിയായ ളാലം പുഴയുടെ തീരത്ത് ഒന്നര ഏക്കര്‍ സ്ഥലത്താണ് ആ 15 വീടുകളുള്ളത്. ഗസ്റ്റ് റൂമിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നിന്നുകൊണ്ട് ഞാനാ വിശാലമായ ഭൂമികയിലേക്കൊന്നു കണ്ണോടിച്ചു. പുഴയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് എന്നെ തഴുകി കടന്നുപോയി. എത്രയോ ശാന്തമാണീ സ്ഥലം, അത്യന്തം സമാധാന പൂര്‍ണ്ണവും!

വീടുകള്‍ ചെറുത്, മനസോ വിശാലം!

ഗസ്റ്റ് റൂമിലെത്തി ഒന്നു ഫ്രഷ് ആയതിനു ശേഷം ആ ഏരിയ മുഴുവനായി ചുറ്റിക്കാണാനായി ഞാന്‍ വെളിയിലേക്കിറങ്ങി. മക്കള്‍ രണ്ടുപേരും എനിക്കൊപ്പം സിനര്‍ജിയിലേക്കു വന്നെങ്കിലും പതിവു പോലെ മകന്‍ മാത്രമാണ് എനിക്കൊപ്പം കറങ്ങാനായി പുറത്തിറങ്ങിയത്. പുഴയുടെ തീരത്തേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. തീരത്തായി വലിയൊരു മരത്തില്‍ നിന്നും വള്ളികള്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. ആ വള്ളിയിലൂടെ മുകളിലേക്കു കയറി മകന്‍ അവയില്‍ തൂങ്ങിയാടാന്‍ ആരംഭിച്ചിരുന്നു. പെരിയാറിന്റെ തീരത്തു താമസിക്കുകയും ദിവസവും പെരിയാറില്‍ ചാടിത്തിമിര്‍ക്കുകയും ചെയ്യുന്ന മകന് ളാലം പുഴയിലും കുളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. പുഴയില്‍ ഇറങ്ങുന്നതിന് ആവശ്യമായ ഡ്രസ് എടുക്കാതിരുന്നതിനാല്‍ ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ സാധിച്ചില്ല.

ഓരോ വീടുകളിലും സന്ദര്‍ശനം നടത്തുകയായിരുന്നു പിന്നീടു ചെയ്തത്. ഡോക്ടര്‍, എന്‍ജിനീയര്‍, ആര്‍മി, ബിസിനസ്, പ്രഫസര്‍ എന്നിങ്ങനെ ജീവിതത്തില്‍ വലിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍. മികച്ച വീടും സൗകര്യങ്ങളുമുള്ളവര്‍. മക്കളെല്ലാവരും കേരളത്തിനു വെളിയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. വല്ലപ്പോഴും അവധിക്കു വരുന്ന ആ മക്കളെയും കാത്ത്, വലിയ വീടും പരിപാലിച്ച് ഏകാന്തതയില്‍ ജീവിച്ചിരുന്ന അവര്‍ അതെല്ലാമുപേക്ഷിച്ച് രണ്ടുമുറികള്‍ മാത്രമുള്ള 724 സ്‌ക്വയര്‍ഫീറ്റുള്ള ചെറിയ വീടുകളിലേക്ക് താമസം മാറിയിരിക്കുന്നു. ഭൗതികമായ ആ വലിയ സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ അവര്‍ക്കു കൈവന്നത് സ്വര്‍ഗ്ഗസമാനമായൊരു ജീവിതമാണ്. ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിനു താമസിക്കാന്‍ ഇതു തന്നെ ധാരാളം. ഈ കുടുംബത്തിലേക്ക് മക്കളോ മറ്റ് ബന്ധുക്കളോ അതിഥികളോ എത്തിയാല്‍ അവര്‍ക്കായി ഒരു മുറിയും ഈ വീട്ടിലുണ്ട്. പ്രായമാകുമ്പോള്‍, ഒരു നഴ്സിന്റെ സഹായം വേണ്ടി വന്നാല്‍ അതിനായും വീടിനുള്ളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അതു കൂടാതെ, ആ 15 കുടുംബങ്ങള്‍ക്കുമായി ഒരു നഴ്സിംഗ് സ്റ്റേഷനും ഉണ്ടായിരിക്കും.

ഭക്ഷണ സമയം, ആഹ്ലാദ നിമിഷം

ഉച്ചയ്ക്ക് 12.30 നും ഒരുമണിക്കുമിടയിലാണ് ഊണിന്റെ സമയം. പ്രാതലാകട്ടെ എട്ടിനും എട്ടരയ്ക്കുമിടയിലും. ഞങ്ങള്‍ ചെല്ലുമ്പോള്‍ പ്രാതല്‍ കഴിഞ്ഞിരുന്നു. 12.30 തോടെ ഊണിനുള്ള സമയമായി. ഓരോ ദമ്പതികളായി പൊതു അടുക്കളയിലേക്ക് എത്തിത്തുടങ്ങി. വാഷിംഗ് ഏരിയയില്‍ ഒരുഭാഗത്തായി പ്ലേറ്റുകളും ഗ്ലാസുകളും അടുക്കിയിരിക്കുന്നു. വെള്ളം കുടിക്കാനും ചായ കുടിക്കാനുമായി പ്രത്യേകം ഗ്ലാസുകളുണ്ട്. ഒരു പ്ലേറ്റും ഗ്ലാസും കൈയിലെടുത്തു. പിന്നീട് അവര്‍ക്കു പിന്നാലെ ഭക്ഷണമെടുക്കാനായി എത്തി. ചോറും മീന്‍കറിയും അവിയലും സാമ്പാറും മോരുകറിയും. വളരെ സ്വാദേറിയ ഭക്ഷണം. ഇവയെല്ലാം ഉണ്ടാക്കാനായി അടുക്കളയില്‍ രണ്ടുപേരുണ്ട്. അതിനാല്‍ത്തന്നെ, സ്ത്രീകളുടെ ജീവിതത്തിന്റെ ഏകദേശം മുക്കാല്‍ പങ്കും അപഹരിക്കുന്ന അടുക്കളയെന്ന തടവറയില്‍ നിന്നും ഇവര്‍ക്കു മോചനം. കേരളത്തിലെ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള സ്ത്രീകളുടെ ഏറ്റവും വലിയ സ്വപ്നമാണിത്. അടുക്കളയില്‍ നിന്നും മോചനം ലഭിച്ചാല്‍ത്തന്നെ അവര്‍ക്ക് അവരവരുടേതായ നിരവധി കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാം.

വിശാലമായ ഡൈനിംഗ് ടേബിളില്‍ അവര്‍ ഒരുമിച്ചു കൂടി. വിശേഷങ്ങള്‍ പറഞ്ഞും സൗഹൃദ സംഭാഷണത്തില്‍ മുഴുകിയും വളരെ സാവധാനമവര്‍ ഭക്ഷണം കഴിച്ചു തുടങ്ങി. ആരും തിരക്കു പിടിക്കുന്നില്ല. തിരക്കിട്ട് കഴിക്കേണ്ട ആവശ്യവുമില്ല. ആവശ്യമായ ഭക്ഷണം സ്വയമെടുക്കുന്നു. ആര്‍ക്കെങ്കിലും തങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കില്‍ അവര്‍ അതു ചെയ്തു കൊടുക്കുന്നു. ആവശ്യമുള്ളവ മാത്രം പാത്രങ്ങളിലെടുക്കുന്നു. ഭക്ഷണം പാഴാക്കാതെ കഴിക്കുന്നു. പിന്നീട് അവരവര്‍ കഴിച്ച പാത്രങ്ങള്‍ അവരവര്‍ തന്നെ കഴുകുന്നു. ഭര്‍ത്താവിന് ഭാര്യ വിളമ്പിക്കൊടുക്കുന്നില്ല, ഭര്‍ത്താവ് കഴിച്ച പാത്രം ഭാര്യ കഴുകിക്കൊടുക്കുന്നുമില്ല. എല്ലാവരും സ്വയം പര്യാപ്തരാണ്. പ്രാപ്തിയില്ലാതാകുന്ന കാലം വരെ തങ്ങളുടെ കാര്യങ്ങള്‍ സ്വയം ചെയ്യുന്നു. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ശാരീരികസുഖമില്ലാത്തവര്‍ക്ക് കൃത്യമായ സഹായം നിര്‍ലോഭം ലഭിക്കുന്നു. തനിയെ ചെയ്യാന്‍ പ്രാപ്തരായവര്‍ അവയെല്ലാം സന്തോഷത്തോടെ ചെയ്യുന്നു. എത്രയോ മനോഹരമായ കാഴ്ച!

ചര്‍ച്ചകള്‍

എല്ലാവരും ഉച്ചഭക്ഷണം കഴിച്ച ശേഷം അവര്‍ ക്രിസ്മസ് സെലിബ്രേഷന്റെ ചര്‍ച്ചകളിലേക്കു കടന്നു. എന്തെല്ലാമാണ് വേണ്ടത്, ഏതെല്ലാം ആഘോഷങ്ങളാണു നടത്തേണ്ടത്, ഭക്ഷണമായി എന്താണ് ഒരുക്കേണ്ടത്, എന്നെല്ലാമുള്ള ചര്‍ച്ചകളാണ് അവിടെ നടന്നത്. ആഘോഷങ്ങള്‍ ഏതു വിധത്തിലാണ് വേണ്ടതെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളുമവര്‍ കൈക്കൊണ്ടു. ഓരോരോ അംഗങ്ങളും പരസ്പരം സംസാരിച്ചും സ്നേഹം പങ്കുവച്ചും കുറെ നിമിഷങ്ങള്‍ ചെലവഴിച്ചു. സിനര്‍ജിയെക്കുറിച്ച് അറിഞ്ഞ മാധ്യമങ്ങള്‍ ഓരോന്നായി ഇവിടേക്കു വരാനായി അനുമതിക്കായി കാത്തു നില്‍ക്കുന്നുണ്ട്. വാര്‍ത്തയിലൂടെ കേട്ടറിഞ്ഞ ഈ സ്നേഹത്തണലിനെക്കുറിച്ച് കൂടുതലായി അറിയാനായി എത്തുന്ന സന്ദര്‍ശകരുമുണ്ട്. ഈ സ്നേഹക്കൂട്ടിലേക്ക് ഞങ്ങളെയും പ്രവേശിപ്പിക്കുമോ എന്നു ചോദിച്ചെത്തുന്നവരുമുണ്ട്.

പരസ്പര ധാരണയോടെയും ഐക്യത്തോടെയും മാത്രമല്ല, സ്നേഹത്തിന്റെ അതിശക്തമായ കല്ലുകള്‍ കൊണ്ടു പടുത്തുയര്‍ത്തിയതാണ് ഈ 15 കോട്ടേജുകളും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും. ഇവിടെ പ്രവേശനം ലഭിക്കുക അത്ര എളുപ്പമല്ല. ഒന്നുകില്‍ ഇവിടെ താമസിക്കുന്ന ആരെങ്കിലും ഇതു വേണ്ടെന്നു വച്ച് പുറത്തു പോകണം. അല്ലെങ്കില്‍ ഇവരുടെ കാലശേഷം ഈ സ്നേഹകൂടാരത്തിലൊന്ന് സ്വന്തമാക്കണം. തങ്ങള്‍ സ്വന്തമാക്കിയ സ്വര്‍ഗ്ഗമുപേക്ഷിക്കാന്‍ ഈ 15 കുടുംബങ്ങളില്‍ ഒന്നുപോലും തയ്യാറാകില്ല എന്നതാണ് സത്യം. പിന്നീടുള്ളത് ഇവരുടെ കാലശേഷം വാങ്ങിക്കാന്‍ കഴിയുമോ എന്നതാണ്. അതിനും കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്. അവ പാലിക്കാന്‍ തയ്യാറാകാത്തവരെ ഇവിടെ പ്രവേശിപ്പിച്ചാല്‍ സ്വര്‍ഗീയമായ ഈ അന്തരീക്ഷം വളരെവേഗം കലുഷിതമാകും. വര്‍ഷങ്ങളുടെ ചിന്തയുടേയും പരിശ്രമങ്ങളുടേയും കൂട്ടായ പ്രയത്നങ്ങളുടേയും ഫലമായി ഇവര്‍ പടുത്തുയര്‍ത്തിയ സ്വര്‍ഗ്ഗം ഇവര്‍ കൈമാറുന്നതും വളരെ ഭദ്രമായ കൈകളിലേക്കു മാത്രമായിരിക്കും.

ഉച്ചഭക്ഷണശേഷം അല്‍പമൊന്നു വിശ്രമിക്കുവാനായി ഓരോരുത്തരും അവരവരുടെ കോട്ടേജുകളിലേക്കു മടങ്ങിപ്പോയി.

വൈകുന്നേരം

നാലു നാലര മണിയാണ് വൈകുന്നേരത്തെ ചായയുടെ സമയം. ഇടയ്ക്കിടയ്ക്കു പെയ്യുന്ന മഴ മൂലം അധികമാരും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. ചായയുടെ സമയമായപ്പോഴേക്കും കുടയും ചൂടി ഓരോരുത്തരായി എത്തി. കൊഴുക്കട്ടയും ചായയുമായിരുന്നു കഴിക്കാനായി ഉണ്ടായിരുന്നത്. ഒരു കെറ്റിലില്‍ ചായ വച്ചിരിക്കും. ആവശ്യം പോലെ എടുത്തു കുടിക്കാം. പാത്രത്തില്‍ നിന്നും പഞ്ചസാരയെടുത്ത് അവരവരുടെ മധുരത്തിന് അനുസരിച്ച് എടുത്തുപയോഗിക്കാം. ചായ സമയവും മറ്റൊരു കൂടിച്ചേരലാണ്. തമാശകളും കളിചിരികളുമായി അവരങ്ങനെ ഒരുമിച്ചു കൂടുന്നു. കുശലം പറയുന്നു. പാട്ടുകള്‍ പാടുന്നു. ഇവിടെ നടക്കുന്നതൊരു ചിരിയുത്സവമാണ്.

സിനര്‍ജിയിലെ ജീവിതത്തെക്കുറിച്ച് അറിയാനായി കുറച്ചു പേര്‍ വന്നിരുന്നു. സിനര്‍ജി മാതൃകയില്‍ പ്രായമായവര്‍ക്കായി വലിയ ഇന്‍വെസ്റ്റ്മെന്റിലുള്ള ഒരു സ്ഥാപനത്തിന്റെ പ്രോജക്ടുമായി ചിലരെത്തി. ഇത്തരം പ്രോജക്ടുകളില്‍ നിന്നും എങ്ങനെ ലാഭമുണ്ടാക്കാമെന്ന ചിന്തയോടെ എത്തുന്നവരുമുണ്ട്. കോടികളുടെ മുതല്‍മുടക്കില്‍ പ്രായമായവര്‍ക്കായി സ്വര്‍ഗ്ഗം പണിയാമെന്ന വാഗ്ദാനവുമായി എത്തുന്നവര്‍. അവര്‍ക്കു മുന്നിലേക്ക് സിനര്‍ജിയുടെ സ്ഥാപകനായ സി തോമസ് എബ്രാഹമിന്റെ ജീവിതമവര്‍ വരച്ചു കാണിക്കും. തനിക്കും ഭാര്യയ്ക്കും താമസിക്കാന്‍ വെറും 400 സ്‌ക്വയര്‍ ഫീറ്റിന്റെ വീടു മാത്രമേ ആവശ്യമുള്ളുവെന്നും ബാക്കിയെല്ലാം ആഡംബരമെന്നും വിശ്വസിക്കുന്ന ഗാന്ധിയന്‍ ചിന്താഗതിയുള്ള ഒരാള്‍. മനുഷ്യനു സന്തോഷിക്കാനും സമാധാനപരമായി ജീവിക്കാനും ഇത്രയേ ആവശ്യമുള്ളു എന്നു ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നൊരു സാത്വികന്‍.

ഓട്ടിസം ബാധിച്ച തന്റെ മകളെയും തന്നെയും ഇവിടെ താമസിപ്പിക്കുമോ എന്ന ചോദ്യവുമായി ഒരമ്മ അവിടെ എത്തി. ഏറെ ദൂരം സഞ്ചരിച്ച്, പലരോടും ചോദിച്ചറിഞ്ഞാണ് അവര്‍ സിനര്‍ജിയിലേക്കു വന്നത്. 20 വയസ് പ്രായമുള്ള മകള്‍ ഇടയ്ക്കിടയ്ക്ക് വയലന്റ് ആകും. അതിനാല്‍ മകള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് മകളെ പൂട്ടിയിടുമെന്നും ഈ കാഴ്ച കാണാന്‍ സാധിക്കാത്തതിനാലാണ് ഈ അലച്ചിലെന്നും അവര്‍ പറഞ്ഞു. പക്ഷേ, ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയുള്ളതല്ല സിനര്‍ജി എന്ന സത്യം മനസിലാക്കിയപ്പോള്‍ അവര്‍ അവിടെ നിന്നും കണ്ണീരോടെ യാത്രയായി. കടലിലെ തിര പോലെ ആ അമ്മയുടെ മനസില്‍ ആഞ്ഞടിക്കുന്ന സങ്കടം മനസിലാക്കാന്‍ സാധിക്കുമെങ്കിലും സിനര്‍ജി നിലകൊള്ളുന്നത് മറ്റൊരു ലക്ഷ്യത്തിനു വേണ്ടി ആയതിനാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ സിനര്‍ജിക്ക് സാധ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തിയിരുന്നു.

ഡൈനിംഗ് ഹാളിലെ ഒത്തുകൂടലിനുമപ്പുറം ഓരോ കോട്ടേജിലും നര്‍മ്മ സല്ലാപവുമായി അവര്‍ എത്തുന്നു. ഒരു വീടിനും മതിലുകളോ കാവല്‍ക്കാരോ ഇല്ലാത്തതിനാല്‍ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാം. വീടിനു വെളിയിലേക്കിറങ്ങിയാല്‍ അയല്‍ക്കാരുമായി സംസാരിക്കാം. പൊതു ഇടങ്ങളില്‍ പലതരം പഴങ്ങളുടെ തൈകള്‍ നട്ടിട്ടുണ്ട്. പച്ചക്കറിക്കായി ഒരു തോട്ടമൊരുങ്ങുന്നു. മാവും പ്ലാവും റംബൂട്ടാനും റോബസ്റ്റുമുള്‍പ്പടെ നിരവധിയായ തൈകള്‍ വളരുന്നുണ്ട്. നാലര സെന്റാണ് ഓരോ വീട്ടുകാര്‍ക്കും സ്വകാര്യമായി ഉള്ളതേ്. ബാക്കിയുള്ള ഇടങ്ങളെല്ലാം പൊതുവായി ഉള്ളതാണ്. അവിടെ പണിയെടുക്കുന്നതും അവര്‍ എല്ലാവരും ചേര്‍ന്നാണ്. ഓരോരുത്തരുടേയും സമയമനുസരിച്ച് അവര്‍ അതെല്ലാം ചെയ്യുന്നു.

മഴമേഘങ്ങള്‍ നിറഞ്ഞ രാവ്

വേനലില്‍ പെയ്യുന്ന മഴയില്‍ കുളിച്ചു നില്‍ക്കുകയാണ് സിനര്‍ജിയും. പുറത്ത് വേനലോ മഴയോ ചൂടോ തണുപ്പോ എന്തുതന്നെ ആയാലും ഇവിടുത്തെ മനുഷ്യരെ അത് വേവലാതിപ്പെടുത്തുന്നില്ല. ഒന്നിനെക്കുറിച്ചുമോര്‍ത്ത് അവര്‍ ആശങ്കപ്പെടുന്നുമില്ല. അവര്‍ക്ക് ഒരേയൊരു ലക്ഷ്യം മാത്രം. തങ്ങള്‍ക്കു ലഭിച്ച ഈ നിമിഷത്തെ ഏറ്റവും സന്തോഷകരമാക്കുക എന്നതാണത്. മനസു തുറന്നവര്‍ ചിരിക്കുന്നു, തമാശകള്‍ പറയുന്നു. സൗഹൃദങ്ങളുടെ പൂക്കാലമൊരുക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയിലുണ്ട്. പക്ഷേ, അവയെല്ലാം രമ്യമായി പരിഹരിക്കുന്നു.

രാത്രി ഏഴരയാണ് അത്താഴത്തിനുള്ള സമയം. ചപ്പാത്തിയും മുട്ടക്കറിയുമായിരുന്നു ഭക്ഷണം. പൈനാപ്പിളും കുക്കുംബറും സവാളയും ചേര്‍ത്തൊരു സാലഡ് ഉണ്ടാക്കിയത് കേണല്‍ മാത്യു മുരിക്കനായിരുന്നു. പതിവു പോലെ എല്ലാവരുമൊരുമിച്ച് ഭക്ഷണം. അതിനു ശേഷമുള്ള നീണ്ട സംസാരങ്ങള്‍.

ഈ സ്നേഹക്കൂടാരത്തിലേക്ക് ആ 15 കുടുംബങ്ങളും പൂര്‍ണ്ണമായും താമസം മാറിയിട്ടില്ല. ഈ കുടുംബങ്ങള്‍ക്കെല്ലാം അവരവരുടെ നാട്ടില്‍ വേറെ വീടുകളുണ്ട്. പത്തും പന്ത്രണ്ടും മുറികളുള്ള ആ വലിയ വീടുകള്‍ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടു വേണം ഇവര്‍ക്ക് ഇവിടേക്കു പൂര്‍ണ്ണമായും താമസം മാറ്റുവാന്‍. എന്നുമാത്രമല്ല, അവധിക്കാലം ചെലവഴിക്കാനായി പലരുടേയും മക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനാല്‍, അവരെല്ലാം തിരിച്ചു പോയ ശേഷം മാത്രമാണ് അവര്‍ ഇവിടേക്ക് എത്തിച്ചേരുക. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സമയം ലഭിച്ചപ്പോള്‍ നവംബര്‍ 2ന് സിനര്‍ജിയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ നടപ്പിലാക്കാനുണ്ട്. സ്ഥിരമായി ഇവിടേക്കു താമസം മാറ്റുന്നതിന് നിലവിലെ വീടിന്റെ ചുമതലകള്‍ ആരെയെങ്കിലും ഏല്‍പ്പിക്കേണ്ടതുമുണ്ട്. ഇവിടേക്കു താമസിക്കാനെത്തുമ്പോള്‍ അവര്‍ ഒരുമിച്ചെത്തും. ഏതാനും ദിവസങ്ങള്‍ ഒരുമിച്ച് ഇവിടെ ചെലവഴിച്ച ശേഷം അവര്‍ ഒരുമിച്ചു തന്നെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോകും. ഇനി എല്ലാം ഓര്‍ഡറിലാക്കിയ ശേഷം മാത്രമേ പരിപൂര്‍ണ്ണമായും ഇവിടേക്ക് താമസം മാറ്റാന്‍ സാധിക്കുകയുള്ളു. എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി, 15 കുടുംബങ്ങളും സ്ഥിരമായി ഇവിടെ താമസം ആരംഭിക്കാനായി 6 മാസം വരെ വേണ്ടി വന്നേക്കുമെന്ന് കേണല്‍ മാത്യു മുരിക്കന്‍ പറഞ്ഞു.

രാത്രി കിടന്നുറങ്ങുന്നതിനു മുന്‍പ്, ബാല്‍ക്കണിയില്‍ നിന്നും ളാലം പുഴയിലേക്കു നോക്കി ഞാന്‍ നിന്നു. സിനര്‍ജിയിലെ വെളിച്ചം പുഴയിലേക്ക് ചെന്നെത്തുന്നുണ്ട്. തണുത്ത കാറ്റ് വീശിയടിക്കുന്നു. എന്തു ശാന്തമാണ് ഈ സ്ഥലം. ഭൂമിയില്‍ നിന്നും വിട്ടകന്ന്, ഇവര്‍ ഒരു സ്വര്‍ഗ്ഗം തീര്‍ത്തിരിക്കുന്നു. ഈ 15 കുടുംബങ്ങളിലെയും മക്കള്‍ക്ക് ആശ്വസിക്കാം. കാരണം, ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് അവരുടെ മാതാപിതാക്കള്‍ കടന്നു പോകുന്നത്.

വിദേശങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ മക്കളുടേയും ആധിയാണത്. ഇവിടെ നാട്ടില്‍ തങ്ങളുടെ മാതാപിതാക്കള്‍ തനിച്ചാണല്ലോ എന്ന ദു:ഖത്തോടെയാണ് അവര്‍ ജീവിക്കുന്നത്. രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരുമില്ലല്ലോ എന്ന സങ്കടം. ഒന്നുമിണ്ടാനോ പറയാനോ സുഖവിവരങ്ങള്‍ തിരക്കാനോ ആരുമില്ലെന്ന ആധി. ജോലി ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം നില്‍ക്കാന്‍ സാധ്യമല്ലാത്ത അവസ്ഥ. പ്രായമായവരെ സംരക്ഷിക്കാന്‍ ആരെയെങ്കിലും ജോലിക്കെടുത്താലും സമാധാനമില്ല. കാരണം ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിത്.

എന്നാല്‍ സിനര്‍ജിയിലെ ഈ 15 കുടുംബങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമൊന്നും അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമില്ല. കാരണം, ആ പ്രശ്നങ്ങളെയെല്ലാം അവര്‍ വളരെ ഫലപ്രദമായി പരിഹരിച്ചു കഴിഞ്ഞു. ജാതിയുടേയും മതത്തിന്റെയും സ്വാര്‍ത്ഥതയുടേയും വെട്ടിപ്പിടിക്കലിന്റെയും ലോകത്തുനിന്നും സ്വര്‍ഗ്ഗസമാനമായൊരു ഇടം തീര്‍ത്തിരിക്കുന്നു ഇവര്‍. ഒരാള്‍ വീണാല്‍ താങ്ങാന്‍ ബാക്കി 29 പേരുടെ കരങ്ങളുണ്ട്. സ്നേഹത്തണലുണ്ട്… പക്ഷേ, നമ്മളിലാരെങ്കിലും വീണാല്‍ ആരുണ്ടാവും താങ്ങാന്‍…?? ആരുമില്ല, ആരുമില്ല…

കൊട്ടാര സദൃശമായ വീടുകള്‍ പണിയുന്നവര്‍, ഇനി വരുന്ന നിരവധി തലമുറകള്‍ക്കായി പണം സമ്പാദിക്കുന്നവര്‍, ആര്‍ത്തിയോടെ സമ്പത്തു വാരിക്കൂട്ടുന്നവര്‍… അങ്ങനെയങ്ങനെ ഏതെല്ലാം തരത്തിലുള്ള മനുഷ്യരാണ് നമുക്കിടയിലുള്ളത്… ഈ ഭൂമിയില്‍ ഇതുപോലൊരു സ്വര്‍ഗ്ഗം തീര്‍ത്ത് സന്തോഷപൂര്‍വ്വം ഇവിടെ നിന്നും യാത്രയാകുവാന്‍ മനസിനെ നമ്മളൊന്നു വിശാലമാക്കിയാല്‍ മാത്രം മതിയാകും. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, രാഷ്ട്രീയ വൈരങ്ങള്‍ മറന്ന് ഇത്തരമൊരു സ്വര്‍ഗ്ഗം തീര്‍ക്കാന്‍ നമുക്കും സാധിച്ചാല്‍ നമ്മുടെ ജീവിതവും ധന്യമാകും….

സിനര്‍ജി എന്ന സ്വര്‍ഗ്ഗത്തില്‍ നിന്നും മക്കളെയും കൂട്ടി രാവിലെ തന്നെ ഞാന്‍ യാത്ര തിരിച്ചു. ഞാനാ സ്വര്‍ഗ്ഗത്തിന്റെ ഭാഗമല്ല, തിരിച്ചു പോന്നേ തീരൂ… പാഠപുസ്തകത്തിനുമപ്പുറം ഞാനെന്റെ കുട്ടികള്‍ക്കായി പകര്‍ന്നുകൊടുത്ത നന്മയുടെ പാഠവും ഇതുതന്നെ…

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *