Jess Varkey Thuruthel
‘നിവിന്‍ പോളി (Nivin Pauly) ഉള്‍പ്പടെയുള്ളവരില്‍ നിന്നും എനിക്കു നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖരെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാനാണ് ഞാന്‍ ശ്രമിക്കുന്നതെന്നാണ് എനിക്കെതിരെ വരുന്ന വലിയൊരു ആരോപണം. എനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടാണ്. പണം തട്ടാനുള്ള കള്ളപ്പരാതിയാണോ ഹണിട്രാപ്പാണോ എന്നെല്ലാം അന്വേഷിക്കേണ്ടത് പോലീസാണ്. അവര്‍ക്കു മുന്നില്‍ എല്ലാം പറയാന്‍ ഞാന്‍ തയ്യാറാണ്,’ പ്രൊഡ്യൂസര്‍ എ കെ സുനില്‍, നടന്‍ നിവിന്‍ പോളി എന്നിവരുള്‍പ്പടെ 6 പേര്‍ക്കെതിരെ പരാതി നല്‍കിയ യുവതി പറയുന്നു.
‘എന്നെ പീഡിപ്പിച്ചു എന്നുമാത്രമല്ല ഞാന്‍ കൊടുത്ത പരാതിയിലുള്ളത്. പരാതിയില്‍ ഞാന്‍ പറയുന്ന ആറു പേരും സ്ഥിരമായി മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും പറഞ്ഞിരുന്നു. മെഡിക്കല്‍ പരിശോധനയിലൂടെ വളരെ നിസ്സാരമായി കണ്ടുപിടിക്കാവുന്ന കാര്യമാണിത്. ഞാന്‍ പറഞ്ഞ സമയത്ത് ഇവര്‍ ആറുപേരും ദുബായില്‍ ഞാന്‍ താമസിച്ച ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നോ എന്നത് സി സി ടി വി പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കും. പാസ്‌പോര്‍ട്ട് വേരിഫിക്കേഷനിലൂടെയും എയര്‍പോര്‍ട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും ഞാന്‍ താമസിച്ച ഫ്‌ളാറ്റില്‍ അന്വേഷണം നടത്തിയും എന്താണു സത്യമെന്നു കണ്ടെത്താന്‍ സാധിക്കും,’ യുവതി പറഞ്ഞു.
‘നിവിന്‍ പോളി നല്ലവനാണെന്നും യാതൊരു തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യില്ല എന്നും ഞങ്ങള്‍ അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയരട്ടെ. എങ്കില്‍ മാത്രമേ ഈ കേസില്‍ കൃത്യമായ അന്വേഷണം നടക്കുകയുള്ളു. കുറഞ്ഞപക്ഷം ഞങ്ങള്‍ പറയുന്നതു കള്ളമാണോ എന്നു കണ്ടെത്താനുള്ള അന്വേഷണമെങ്കിലും നടക്കും. അതാണ് ഞങ്ങള്‍ക്കും വേണ്ടത്. ഇത്രയും ഞങ്ങള്‍ സഹിച്ചു, ഇനിയും സഹിക്കാന്‍ കഴിയില്ല. നിവിന്‍ പോളി (Nivin Pauly) കോടതിയില്‍ പോകണം, കേസുമായി മുന്നോട്ടു പോകണം. അപ്പോള്‍ അന്വേഷണവും തീവ്രമായിരിക്കും. മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാത്ത കാര്യങ്ങളും ധാരളമുണ്ട്. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോടു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യത്തിലും കൃത്യമായ അന്വേഷണമുണ്ടാകട്ടെ,’ യുവതിയുടെ ഭര്‍ത്താവും അഭിപ്രായപ്പെട്ടു.
‘അഭിനയ രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ളൊരു വ്യക്തിയാണ് നിവിന്‍ പോളി. ആ മനുഷ്യന് ക്യാമറയ്ക്കു മുന്നില്‍ ഭയക്കേണ്ട കാര്യമില്ല. പക്ഷേ, എന്റെ കാര്യം അങ്ങനെയല്ല. ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു തീരും മുന്‍പേ അടുത്ത ചോദ്യം വന്നുകഴിഞ്ഞു. അതിനുള്ള ഉത്തരം പറയാനുള്ള സാവകാശം പോലും കിട്ടുന്നില്ല. ഉത്തരം പറയാന്‍ സമയമെടുക്കുന്നത് അതുകൊണ്ടാണ്. അതിനെപ്പോലും തെറ്റിദ്ധരിക്കുകയാണിവിടെ. അതിലെനിക്കു പരാതിയില്ല. കാരണം ഇത്തരത്തില്‍ ഞാന്‍ പറയുന്നതു കള്ളമാണോ എന്നു പൊതു സമൂഹത്തില്‍ നിന്നും ചോദ്യമുയര്‍ന്നാല്‍ ഈ കേസിന്റെ അവസാനം വരെ അവരും കൂടെയുണ്ടാകും. അതു തന്നെയാണ് ഞങ്ങളുടെ ആവശ്യവും,’ യുവതി പറയുന്നു.
സംഭവത്തെക്കുറിച്ച് യുവതിയും ഭര്‍ത്താവും പറയുന്നത് ഇങ്ങനെയാണ്: ഫിന്‍ലന്റിലേക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ശ്രേയ എന്ന സ്ത്രീയാണ് ഞങ്ങളുടെ കൈയില്‍ നിന്നും മൂന്നുലക്ഷം രൂപ വാങ്ങിക്കുന്നത്. ഇന്ത്യയിലെക്കാളും എളുപ്പത്തില്‍ ദുബായില്‍ നിന്നും പോകാന്‍ സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ പറഞ്ഞ ഡേറ്റ് പലതവണ കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ പണം തിരിച്ചുതരാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പ്രൊഡ്യൂസര്‍ എ കെ സുനിലിനെ പരിചയപ്പെടുത്തിത്തന്നത്. ദുബായില്‍, സുനിലിന്റെ ഫ്‌ളോറാ ക്രീക്ക് (Flora Creek) എന്ന ഹോട്ടലില്‍ വച്ചായിരുന്നു അഭിമുഖം. അവിടെ വച്ച് സുനില്‍ വളരെ മൃഗീയമായി പെരുമാറി, അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ അയാളുമായി വഴക്കിട്ടു. ഇതിനിടയില്‍ സുനിലിന്റെ ഭാര്യ ഇയാളെ വിളിച്ചു, ഞാന്‍ ഇയാളോട് വഴക്കിടുന്നത് ഫോണിലൂടെ കേട്ട സുനിലിന്റെ ഭാര്യ സുനിലിനോടു പിണങ്ങി. കുടുംബ പ്രശ്‌നം തീര്‍ക്കാന്‍ സുനില്‍ നാട്ടില്‍ വന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി വീണ്ടും ദുബായിലെത്തി. ഈ സമയത്തിനുള്ളില്‍ ശ്രേയ, എന്റെ ഫ്‌ളാറ്റില്‍ റൂമെടുത്തു. പിന്നീടാണ് എന്നെ ഇവര്‍ റൂമിലിട്ടു പൂട്ടിയത്. മാവേലിക്കരയിലോ മറ്റോ ഉളള അജയ് എന്നയാളാണ് ആ ഫ്‌ളാറ്റിന്റെ ഉടമ. ഈ പ്രശ്‌നം ഉണ്ടായ ശേഷം അവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ തരണമെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ല.
മന്ത്രി ഗണേഷ്‌കുമാര്‍ ഉള്‍പ്പടെ ഈ കേസ് തേച്ചുമായ്്ച്ചു കളയാന്‍ രംഗത്തുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റി അന്വേഷണം മരവിപ്പിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ഊന്നുകല്‍ സ്റ്റേഷനില്‍ നിന്നും വിവരം ലഭിച്ചിരുന്നു. കേസ് ഊന്നുകല്ലിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നപ്പോള്‍ സൈബറില്‍ നിന്നുള്ള ഒരു സര്‍ക്കിളായിരുന്നു ഊന്നുകല്‍ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. പിന്നീട് ആറു ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍ക്കിളെത്തി. അദ്ദേഹം ഞങ്ങളെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. അന്ന് സുനിലും അവിടെ വന്നിട്ടുണ്ടായിരുന്നു. പരാതിക്കാരിയെ ഓഫീസിലേക്കു വിളിച്ചിട്ട് സര്‍ക്കിള്‍ കുറെ വിരട്ടി. അവരൊക്കെ മാന്യന്മാരാണ്, നിങ്ങള്‍ കേസ് പിന്‍വലിക്കണം എന്നാണ് പറഞ്ഞത്. സി ഐയുടെ മുറിയിലെ ബഹളം കേട്ട് പുറത്തു നിന്ന ഒരു പോലീസുകാരന്‍ ഓടി എത്തിയപ്പോള്‍ അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അവനെ പുറത്തേക്കിരുത്താന്‍ മറ്റൊരു പോലീസുകാരനോട് സി ഐ നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഓരോരോ സമയത്ത് ഞങ്ങളോട് ഇവര്‍ ഇങ്ങനെ പെരുമാറിയപ്പോള്‍ വാശിയായി. അതുകൊണ്ടാണ് കേസ് കൊടുത്തത്.’
നടന്‍ നിവിന്‍ പോളി ഉള്‍പ്പടെയുള്ള ആറു പേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്ന ആദ്യഘട്ടം മുതല്‍ കേസ് ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. ഇപ്പോഴും, താന്‍ നിരപരാധിയാണെന്ന് അതിശക്തമായി വാദിക്കുമ്പോഴും നിവിന്‍ പോളി ആവശ്യപ്പെടുന്നത് എഫ് ഐ ആര്‍ റദ്ദാക്കാനാണ്. തങ്ങള്‍ക്കെതിരെ പരാതി ഉയര്‍ത്തിയ യുവതി പറയുന്നതു കള്ളമാണെങ്കില്‍ തെളിയിക്കാനും അന്വേഷണം നടത്തിയേ തീരൂ എന്നിരിക്കേ എന്തിനാണ് കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്?
ലൈംഗികാതിക്രമ പരാതി മാത്രമല്ല ഈ സംഘത്തിനെതിരെ യുവതി ആരോപിക്കുന്നത്. എം ഡി എം എ പോലുള്ള മാരകമായ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇവരെന്നും തനിക്കിവര്‍ തന്നത് ഈ മയക്കുമരുന്നു കലര്‍ത്തിയ വെള്ളമാണെന്നും യുവതി പറയുന്നു. അങ്ങനെയെങ്കില്‍, ഇവര്‍ പരാതി ഉന്നയിച്ച ആറുപേരുടെയും ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശമുണ്ടോയെന്ന് പരിശോധന നടത്താവുന്നതാണ്. എന്നുമാത്രമല്ല, യുവതി ആരോപിക്കുന്ന സമയത്ത്, യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഈ ആറുപേര്‍ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായി ദുബായ് പോലീസിന്റെ സഹായം തേടാവുന്നതാണ്. യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാം. ഇതെല്ലാം കണ്ടെത്തണമെങ്കില്‍ കേസുമായി മുന്നോട്ടു പോയേ തീരൂ. നിവിന്‍ പോളി പറയുന്നതാണ് സത്യമെങ്കില്‍, പണത്തിനു വേണ്ടി യുവതി കള്ളങ്ങള്‍ നിരത്തുകയാണെങ്കില്‍, ഈ സ്ത്രീയും അവരുടെ ഭര്‍ത്താവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാമെന്ന സ്ഥിതി അവസാനിപ്പിക്കണെങ്കിലും കേസുമായി മുന്നോട്ടു പോയേ തീരൂ. ഇനി അതല്ല, നിവിന്‍ പോളിയും സംഘവും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതും കണ്ടെത്തേണ്ടിയിരിക്കുന്നു.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975