കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രോഹിത് രാധാകൃഷ്ണന്റെ മരണം സി ബി ഐ അന്വേഷിക്കും.
ഏകമകന്റെ മരണത്തില്‍ നീതിതേടി അലഞ്ഞ മാതാപിതാക്കളുടെ നിരന്തരമായ പരിശ്രമത്തിന്റെ
ഫലമായിട്ടാണ് കേസ് സി ബി ഐയ്ക്കു വിടാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.
മാര്‍ച്ച് 22 ന് രാത്രിയില്‍ സഹപാഠികളായ അര്‍ജുന്‍ പണിക്കര്‍,
ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം രോഹിത് പുറത്തേക്ക് പോയിരുന്നു. 23 ന് ഉച്ചയ്ക്ക്
12 മണിയോടെ രോഹിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിക്കുന്നതായി പിതാവിനെ കോളജ്
അധികൃതര്‍ അറിയിച്ചിരുന്നു. 24 ന് രാവിലെ തന്നെ പിതാവ് മെഡിക്കല്‍ കോളജില്‍
എത്തുമ്പോള്‍ സഹപാഠികളുടെ രക്ഷാകര്‍ത്താക്കളും അവിടെയുണ്ടായിരുന്നു.
മകന്‍
മരിച്ചുവെന്ന് പിതാവിനെ അറിയിച്ചത് അര്‍ജുന്‍ പണിക്കരാണ്. തുടര്‍ന്ന്
മോര്‍ച്ചറിയില്‍ ചെന്ന് പിതാവ് രാധാകൃഷ്ണന്‍ മകന്റെ മൃതദേഹം കണ്ടു. കഴുത്തും ഉടലും
വേര്‍പെട്ട് കഴുത്തിനൊപ്പം കശേരുക്കളുമില്ലാതെയാണ് മൃതദേഹം കിടന്നിരുന്നത്. ഇടതു
തോളിലെ അസ്ഥികള്‍ ഒടിഞ്ഞിരുന്നു. നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവുണ്ടായിരുന്നു.
അടുത്തടുത്ത് നിരവധി ചെറിയ മുറിവുകളും കാണപ്പെട്ടു. വലതുകാലിന്റെ വലതു ഭാഗത്ത്
ശരീരം നിലത്തു കൂടി വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പാടുകളും
ഉണ്ടായിരുന്നു.
എന്നാല്‍, രോഹിത് അപകടത്തില്‍ മരിച്ചുവെന്നായിരുന്നു പോലീസും
സഹപാഠികളും കോളജ് അധികൃതരും പറഞ്ഞത്. രോഹിത് സഹപാഠിയുടെ ബൈക്കില്‍ തനിയെ
പോകുമ്പോള്‍ തെറിച്ചു വീണ് മരിച്ചുവെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഒരു
കൈത്തണ്ടയുടെ വലിപ്പം മാത്രമുള്ള മരത്തില്‍ ഇടിച്ച് ശിരസറ്റ് തെറിച്ച് 70 അടിയോളം
അകലെ ചെന്നു വീണുവത്രേ. എന്നാല്‍ ആ പ്രദേശത്തൊന്നും രക്തം കണ്ടില്ല. മുഖത്ത് ഒരു
ക്ഷതവും ഉണ്ടായിരുന്നില്ല. അപകടത്തില്‍പ്പെട്ടുവെന്ന് പറയുന്ന ബൈക്കിനാകട്ടെ ഒരു
പോറല്‍ പോലും സംഭവിച്ചിരുന്നുമില്ല.
എന്നിട്ടും പോലീസ് കേസെടുത്തത് രോഹിതിന്
എതിരേയായിരുന്നു. അലക്ഷ്യമായി ബൈക്ക് ഓടിച്ചുവെന്നതായിരുന്നു കുറ്റം. പിതാവിന്റെ
അനുമതിയില്ലാതെ മൃതദേഹം എ.ജെ. മെഡിക്കല്‍ കോളജില്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം
നടത്തിയത്. മൃതദേഹം എംബാം ചെയ്താണ് ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തത്.
തുടക്കത്തില്‍ കൊലപാതകം എന്ന രീതിയില്‍ അന്വേഷണം തുടങ്ങിയ മംഗലാപുരം പോലീസ്
പൊടുന്നനേ അപകടമരണം എന്ന് നിലപാട് മാറ്റി.
രോഹിത് ഗുരുതരാവസ്ഥയിലാണെന്ന
അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് രാധാകൃഷ്ണനും ബന്ധുക്കളും മംഗലാപുരത്തെത്തി.
എന്നാല്‍ മകന്റെ മരണ വിവരമാണ് അറിഞ്ഞത്. മകന്റെ ചില സുഹൃത്തുക്കളുടെ പെരുമാറ്റം
സംശയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും
അപകടമരണത്തിന്റെ സാധ്യത തള്ളിയതോടെ മംഗലാപുരം പനമ്പൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി.
അപകടമരണമാക്കാനായിരുന്നു പോലീസിന് താല്‍പര്യം. രോഹിതിനെ ക്രൂരമായി റാഗ്
ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്രൂരമായി
മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും ഉള്‍പ്പെട്ടിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് ഇതേ കോളേജിലെ ദന്തല്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ത്ഥിയും ദുരൂഹ
സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു.
രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് അന്ന്
വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍
പുരോഗതിയുണ്ടായില്ല. പോലീസിന്റെയും കോളേജ് അധികൃതരുടെയും നടപടികള്‍ ദുരൂഹമാണ്.
കൊലപാതകമെന്ന് ആദ്യം പറഞ്ഞ പോലീസ് പെട്ടെന്ന് നിലപാട് മാറ്റി. അപകടമരണമെന്ന്
വരുത്താനായിരുന്നു ശ്രമം. എന്നാല്‍ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍
പോലീസിനു കഴിഞ്ഞില്ല. ബൈക്ക് മരത്തിലിടിച്ച് അതിന്റെ ശക്തിയില്‍ തല
തെറിച്ചുപോകുകയായിരുന്നുവെന്നാണ് ഭാഷ്യം. എന്നാല്‍ ഇതിന് യാതൊരു തെളിവും നല്‍കാന്‍
പോലീസിനു കഴിഞ്ഞില്ല.
അപകടമാണെങ്കില്‍ കുറഞ്ഞത് അഞ്ചു ലിറ്റര്‍
രക്തമെങ്കിലും ഒഴുകിപ്പോകും. അപടത്തില്‍ രക്തമോ മറ്റ് ശരീര അവശിഷ്ടമോ കണ്ടില്ല.
മൃതദേഹം രോഹിത് പഠിച്ച എജെഐഎംഎസില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയതിലും
ദുരൂഹതയുണ്ട്. പോസ്റ്റുമോര്‍ട്ടം നടത്തുന്നത് സ്വകാര്യ ആശുപത്രികളിലല്ല. എഫ്‌ഐആര്‍
തയ്യാറാക്കിയതിലെ കാലതടസ്സവും ദുരൂഹത ഉണര്‍ത്തുന്നു. 2014 മാര്‍ച്ച് 23ന് നടന്ന
സംഭവത്തിന്റെ എഫ്‌ഐആര്‍ 28നാണ് തയ്യാറാക്കിയത്.
വിദ്യാര്‍ഥി മരിച്ചിട്ട്
അനുശോചനത്തിനു പോലും കോളേജ് അധികൃതര്‍ തയ്യാറായില്ല. സാധാരണ എജെഐഎംഎസില്‍
പോസ്റ്റ്‌മോര്‍ട്ടം നടത്താറില്ല. പിന്നെയെന്തിന് രോഹിതിന്റെ മൃതദേഹം അവിടെ
പോസ്റ്റുമോര്‍ട്ടം നടത്തി? പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാം ചെയ്തത് ആരുടെ
നിര്‍ദ്ദേശപ്രകാരം. കൂട്ടുകാരെപോലും മൃതദേഹം കാണാന്‍ അനുവദിക്കാത്തതും
എന്തുകൊണ്ട്?
രോഹിതിന്റെ സുഹൃത്തുക്കളായ അര്‍ജുന്‍ പണിക്കരുടെയും
ഗോപീകൃഷ്ണന്റെയും നടപടികളില്‍ ദുരൂഹതയുണ്ട്. ആരുടെയോ ഭീഷണി ഇവര്‍ക്കുണ്ടെന്ന്
വ്യക്തം. വ്യത്യസ്ത ബൈക്കുകളിലാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. ഇടയ്ക്ക് രോഹിതിനെ
കണ്ടില്ല. കുറച്ചുനേരം കാത്തുവെങ്കിലും പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങി.
പിറ്റേന്ന് രോഹിതിനെ തേടി ബീച്ചിലെത്തിയേപ്പോള്‍ ആള്‍ക്കൂട്ടം കണ്ടു.
ചെന്നുനോക്കിയപ്പോള്‍ രോഹിതിന്റെ മൃതദേഹം കണ്ടു എന്നാണ് കൂട്ടുകാരുടെ മൊഴി.
ഉറ്റസുഹൃത്തിനെ കാണാതായിട്ടും തിരിച്ചു ഹോസ്റ്റലിലേക്ക് പോന്നതെന്ത്. മൃതദേഹം
കാണുന്നതിനുമുന്‍പേ തന്നെ മാതാപിതാക്കളെ അടിന്തരമായി വിളിച്ചുവരുത്തിയത് എന്തിന്
തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സുഹൃത്തുക്കള്‍ക്ക് ഉത്തരമില്ല.
അന്വേഷണം
തൃപ്തികരമല്ലാത്തതിനാല്‍ രോഹിതിന്റെ പിതാവ് രാധാകൃഷ്ണന്‍ കര്‍ണാടക
ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേസിന്റെ അന്വേഷണം
ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാല്‍ അവരുടെ അന്വേഷണത്തിലും കാര്യമായ പുരോഗതിയൊന്നും
ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് രാധാകൃഷ്ണന്‍
കോടതിയെ സമീപിച്ചത്.