വിഷഭക്ഷണത്തിനെതിരെയുള്ള പ്രതിഷേധം; ഇത് ചിറ്റിലപ്പള്ളി സ്‌റ്റൈല്‍…!!


എഴുപതു വയസിനു ശേഷം മാരക രോഗം പിടിപെട്ടാല്‍ ചികിത്സിക്കാന്‍
താല്‍പര്യമില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്
ദയാവധത്തിനു കാത്തിരിക്കുന്ന ഒരു പ്രശസ്ത വ്യക്തിയുണ്ട്. അദ്ദേഹമാണ്
കാരുണ്യത്തിന്റെ പര്യായമായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
കേരളത്തില്‍ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടിക പ്രശസ്ത ഫോബ്‌സ് മാസിക
പുറത്തു വിട്ടപ്പോള്‍ അതില്‍ പേരുവന്ന വ്യക്തികളില്‍ ഒരാളാണ് കൊച്ചൗസേപ്പ്.
എന്നിട്ടും എന്തിനു വേണ്ടിയാണ് ഇദ്ദേഹം ദയാവധം അനുവദിക്കണമെന്നു കോടതിയോടു
യാചിച്ചത്….? സംശയിക്കേണ്ട, വിഷം കൊണ്ട് അഭിഷിക്തമായ ഭക്ഷ്യവസ്തുക്കള്‍
കഴിച്ച് ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികളെ പിഴിഞ്ഞു
കാശുവാങ്ങുന്ന ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള
പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ ആ ദയാവധ ആപ്ലിക്കേഷന്‍.

ഏതുവിഷയവും ഇദ്ദേഹത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ അതിന് പ്രത്യേകമായ ഒരു
മാനം കൈവരുന്നു. മാരകരോഗങ്ങള്‍ ബാധിച്ചവരോടുള്ള കാരുണ്യം അദ്ദേഹം
പ്രകടമാക്കിയത് സ്വന്തം വൃക്ക പകരം നല്‍കിക്കൊണ്ടായിരുന്നു.
അവയവദാനത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ പോലും ചെയ്യാന്‍
മടിക്കുന്ന ഒരു കാര്യമാണ് സമ്പന്നതയുടെ മടിത്തട്ടില്‍ കഴിയുന്ന ഈ വ്യവസായ
പ്രമുഖന്‍ ചെയ്തത്. 
കാരുണ്യത്തിന്റെ പര്യായമാണ് അദ്ദേഹം. പക്ഷേ, ആ സൗമ്യമായ മുഖത്തിനപ്പുറത്ത്
അനീതിക്കെതിരെ പോരാടുന്ന ഒരു നിഷേധികൂടിയുണ്ട്. വിഷം തീറ്റിക്കുന്നവരെ
നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ, കഴുത്തറുപ്പന്‍ കാശുവാങ്ങി
കൊഴുക്കുന്ന ആശുപത്രികള്‍ക്കെതിരെ ഈ രീതിയില്‍ പ്രതിഷേധിക്കാന്‍
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യക്തിക്കു മാത്രമേ സാധിക്കൂ. ഇപ്പോഴിതാ
അദ്ദേഹം ജൈവകാര്‍ഷികോത്സവത്തിലേക്കും എത്തുന്നു, അകമഴിഞ്ഞ പിന്തുണയുമായി.
അദ്ദേഹത്തെക്കൂടാതെ, അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം
രാജീവ് ആലുങ്കലും ഈ ഉല്‍സവത്തിന്റെ ഭാഗമാകുന്നു. 
ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’
എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും
പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള
ഏപ്രില്‍ 13 ന് അവസാനിക്കും. രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും
മൂലം രോഗബാധിതരായ സമൂഹത്തിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് ജൈവകൃഷിയും
മണ്ണുസംബുഷ്ടീകരണവും.
2006 ലാണ് ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന രൂപം
കൊണ്ടത്. ജൈവകൃഷി എന്ന ആശയവും അതിന്റെ പ്രയോജനങ്ങളും മലയാളികള്‍ക്ക്
അപരിചിതമായിരുന്നു അപ്പോള്‍. ഈ കൃഷി രീതിയിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും
അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കാനുമാണ് ഈ സംഘടന രൂപം
കൊണ്ടത്. ഇതിനായി ജൈവകൃഷിയുടേയും ഉല്‍പ്പന്നങ്ങളുടേയും വിളകളുടെയും
പ്രദര്‍ശനവും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു മുന്നേറുകയാണ് ഈ
സംഘടന. സുരക്ഷിത വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ലോകത്തിന്
തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്ന ലക്ഷ്യം. എന്ത് ആഹാരം
കഴിക്കണമെന്നും എന്ത് ഉല്‍പ്പാദിപ്പിക്കണമെന്നും തീരുമാനിക്കാന്‍
ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു ഇത്തരം ചിന്തകള്‍.
രൂപീകരിക്കപ്പെട്ടതിനു ശേഷം ഓരോ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ എറണാകുളത്ത്
ഓര്‍ഗാനിക് കേരളയുടെ ആഭിമുഖ്യത്തില്‍ ജൈവ കാര്‍ഷിക മേള സംഘടിപ്പിക്കുന്നു.
ജൈവ കൃഷി രീതി എന്ന ആശയത്തില്‍ ആകൃഷ്ടരായി ഇവിടേക്ക് ഒഴുകിയെത്തുന്നവരുടെ
എണ്ണം ഓരോ മേളയിലും കൂടിക്കൂടി വരുന്നു. ജൈവ ഉല്‍പ്പന്നങ്ങള്‍,
കൃഷിരീതികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനമാണ് മേളയിലെ പ്രധാന
ഇനം. കൂടാതെ, ഹരിത വിഷയങ്ങളില്‍ പൊതു ജനങ്ങളുടെ ബോധവത്കരണ ചര്‍ച്ചകളും
സംഘടിപ്പിക്കുന്നു. ജൈവകൃഷിരീതിയില്‍ മികച്ച വിജയം കൈവരിച്ച കര്‍ഷകരെ
ആദരിക്കുന്നതും ഈ മേളയിലെ ഒരു പ്രധാന പരിപാടിയാണ്. രാജഗിരി ഔട്ട്‌റീച്ച്,
തേവര സേക്രട്ട് ഹാര്‍ട്ട് കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവയുടെ
പങ്കാളിത്തത്തോടെ ഈ മേളയ്ക്ക് കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍
സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായ സഹകരണങ്ങളും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ 12 വര്‍ഷമായി ഈ മേള തടസമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ കാരണവും
ഇതെല്ലാമാണ്. ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന പേരിലാണ് ഇക്കൊല്ലം മേള
സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *