Written by: Zachariah
ഒരു മൊബൈല്‍ കൈവശമുണ്ടെങ്കില്‍ ആരുടെ സ്വകാര്യതയിലേക്കും കടന്നു കയറാമോ? കൊച്ചി മെട്രോയില്‍, തളര്‍ന്നുറങ്ങിപ്പോയ ഒരു മനുഷ്യനെ മദ്യപാനിയെന്നു മുദ്രകുത്തി അവഹേളിച്ചത് കേരളം മറക്കാനിടയില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനായി ആ മനുഷ്യന്‍ നടത്തിയ പോരാട്ടവും കേരളം മറന്നിരിക്കാന്‍ സാധ്യതയില്ല. ആരുടെ സ്വകാര്യതയിലേക്കും ഇടിച്ചു കയറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാമെന്നത് ക്രിമിനലുകള്‍ക്കു മാത്രം സാധ്യമായ കാര്യമാണ്.
ഒരു പെണ്‍കുട്ടി ബോധമറ്റുവീണു. കൂടെയുള്ളവര്‍ പറയുന്നു, അവള്‍ വെള്ളമടിച്ച് ഓഫ് ആയതാണെന്ന്. അതോടെ ആളുകള്‍ക്കു ഹരമായി. ഒത്താലൊന്നു കിട്ടിയാലോ എന്ന ചിന്ത. അവശയായി കിടക്കുന്ന അവളെ ആശുപത്രിയിലെത്തിക്കാന്‍ ആരും മിനക്കെട്ടില്ല. അവളെന്തോ കൊടുംപാതകം ചെയ്തതു പോലെ. ആ ദൃശ്യങ്ങള്‍ പകര്‍ത്തിയവരുടെ വീട്ടിലും പെണ്‍കുട്ടികളില്ലേ? സ്ത്രീകളില്ലേ? കള്ളുകുടിച്ചതോ അല്ലാത്തതോ ആരുമാകട്ടെ. വഴിയില്‍ വീണുപോയാല്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തി അവര്‍ പ്രചരിപ്പിക്കുമോ? എന്താണ് സംഭവിച്ചത് എന്ന് അവളോട് ആരെങ്കിലും ചോദിച്ചോ? കുറ്റം വിധിക്കും മുന്‍പേ അതല്ലേ അറിയേണ്ടിയിരുന്നത്?
സുഹൃത്തെന്നാല്‍ ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്നവരെന്നര്‍ത്ഥം. വീണുകിടക്കുന്നവരെ ചവിട്ടിത്തേക്കുന്നവരെ സുഹൃത്തെന്നു വിളിക്കാനാവില്ല. ആട്ടം കണ്ടു രസിക്കുന്ന കുറെ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് അവളെ വിട്ടുകൊടുക്കുന്നവര്‍ കൂട്ടുകാരുമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിക്കേണ്ടത് കൂടെയുള്ളവരെ ചതിക്കാനുമാവരുത്. കൂട്ടത്തിലൊരാളെ ഒറ്റുകൊടുക്കണമെന്നതാവരുത് ജീവിതത്തില്‍ പകര്‍ത്തേണ്ട മൂല്യം.
ഇന്ദിരാ ഗാന്ധി കോളേജിലെ പി ആര്‍ ഒ ആയ ഫാരിസിനും ഒരു കുടുംബമുണ്ടാവില്ലേ? വീട്ടിലുള്ള സ്ത്രീകളുടെയും ചിത്രങ്ങള്‍ ഇയാള്‍ ഈവിധം പ്രചരിപ്പിക്കുമോ? സ്വന്തം കോളേജില്‍ പഠിക്കുന്ന കുട്ടിയാണ് വീണുകിടക്കുന്നതെന്ന് അറിഞ്ഞിട്ടും എന്തിനിയാള്‍ ഇതു ചെയ്തു? ഈ പെണ്‍കുട്ടിയോട് ഫാരിസിന് എന്താണിത്ര വൈരാഗ്യം? പെണ്‍കുട്ടി വീണു കിടന്ന ഉടന്‍ ഇയാള്‍ എങ്ങനെ ഇവിടെ വന്നു? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടാവണം.
കേസുമായി മുന്നോട്ടുപോകാനുറച്ച് പെണ്‍കുട്ടി ആദ്യം സമീപിച്ചത് കോതമംഗലം പോലീസിനെയായിരുന്നു. എന്നാല്‍, ഈ സംഭവമെല്ലാം ജനങ്ങള്‍ വളരെ വേഗം മറക്കുമെന്നും ഇനി ഇതിന്റെ പിന്നാലെ പോകേണ്ടെന്നുമായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ മറുപടി. പെണ്‍കുട്ടി ഒരു സ്ഥിരം മദ്യപാനി ആണെന്ന നിഗമനത്തില്‍, കൗണ്‍സിലിംഗിനു കൊണ്ടുപോകാമെന്നും പോലീസ് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അറിയിച്ചു. സാരോപദേശത്തിനല്ല, മറിച്ച് നീതി നടപ്പാക്കാനാണ് പോലീസ്. കേസുമായി മുന്നോട്ടു പോകാന്‍ കോതമംഗലം പോലീസ് സഹായിക്കില്ലെന്നു മനസിലാക്കിയപ്പോള്‍, പെണ്‍കുട്ടി നേരെ പോയത് ആലുവ എസ് പി ഓഫീസിലേക്കായിരുന്നു. ഫാരിസിനെതിരെ അവിടെ പരാതി നല്‍കി. കൂടാതെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി.
കേസുമായി മുന്നോട്ടു പോകരുത് എന്ന് മറിയത്തിന് അപര്‍ണയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. താന്‍ മദ്യപിച്ചു എന്ന് ആരോടും പറയരുത് എന്നും. സൈബര്‍ സെല്ലില്‍ വിളിച്ച് വീഡിയോ പിന്‍വലിപ്പിക്കാമെന്നും ആളുകള്‍ ഈ സംഭവം മറന്നോളുമെന്നും മറിയത്തെ അപര്‍ണ അറിയിച്ചിരുന്നു. കേസുമായി മുന്നോട്ടു പോയാല്‍ കോളജില്‍ നിന്നും പുറത്താക്കുമെന്നും കേസ് ഒഴിവാക്കിയാല്‍ എങ്ങനെയും പഠനം തുടരാനാവുമെന്നും അപര്‍ണ പറഞ്ഞു.
മദ്യപിച്ചു ബോധമറ്റു കിടക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനു പേര്‍ കണ്ടു കഴിഞ്ഞു. ഇപ്പോഴും അതു വൈറലാണ്. കേരളം മുഴുവന്‍ അതു വ്യാപിച്ചു. ഇനി ആ വീഡിയോ റിമൂവ് ചെയ്തിട്ട് എന്തു കാര്യമാണുള്ളത്? ഇനി തെളിയിക്കാനുള്ളത് തന്റെ നിരപരാധിത്വമാണ്. മാന്തോപ്പില്‍ പോയി എന്നതും കള്ളു കുടിച്ചു എന്നതും ബോധംകെട്ടു വീണുപോയി എന്നും സത്യമാണ്. പക്ഷേ, അതിന്റെ പേരില്‍ ആരുമായും വഴക്കുണ്ടാക്കിയിട്ടില്ല. മറ്റുപ്രശ്‌നങ്ങളുമുണ്ടാക്കിയിട്ടില്ല. തന്റെ ശരീരത്തിന് കള്ളിന്റെ വീര്യം പോലും താങ്ങാനായില്ല. ആദ്യമായിട്ടാണ് മദ്യപിക്കുന്നത്. വീണുപോയി. പക്ഷേ, അതിന് ഇത്രയേറെ അപമാനിക്കണോ? ഇത്രയേറെ നാണംകെടുത്തണോ?
എന്താണ് സംഭവിച്ചത് എന്ന് ആ പെണ്‍കുട്ടിയോട് ആരും ചോദിച്ചില്ല. സ്വന്തമായി ജോലി ചെയ്ത് പഠിക്കാനുള്ള പണം കണ്ടെത്തുന്ന ആ പെണ്‍കുട്ടിയുടെ ഇച്ഛാശക്തി ഏറ്റവും കൂടുതല്‍ അറിയേണ്ടത് അവളുടെ അധ്യാപകരല്ലേ? വീണുപോയ ഒരാളെ താളരാതെ താങ്ങിനിറുത്തേണ്ടവരല്ലേ അവര്‍? എന്നിട്ടും, ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അധ്യാപകരില്‍ ആരും അവളെ ഒന്നു വിളിച്ചില്ല. കാര്യങ്ങള്‍ തിരക്കിയില്ല.
നിസ്സാര കാരണങ്ങളുടെ പേരില്‍ ചെറിയ കുട്ടികള്‍ പോലും ആത്മഹത്യ ചെയ്യുന്നൊരു കാലമാണിത്. ചെറിയ ചെറിയ പിണക്കങ്ങളുടെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ എത്രയോ പേരാണ് വീടുവിട്ടു പോയിരിക്കുന്നത്? ഈ അപമാനം സഹിക്കാനാവാതെ അവള്‍ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? ഫാരിസിനോ അപര്‍ണയ്‌ക്കോ യാതൊന്നും നഷ്ടപ്പെടാനില്ല. പിഴച്ചു പോയവള്‍ തുലഞ്ഞുപോകട്ടെ എന്നു കേള്‍ക്കുന്നവരും പറയും. അത്ര തന്നെ. നഷ്ടം അവള്‍ക്കും അവളുടെ കുടുംബത്തിനും മാത്രമാകുമായിരുന്നു.
കേരളത്തില്‍ ഒരു പെണ്‍കുട്ടി മദ്യപിച്ചു എന്നതും വഴിയില്‍ വീണു പോയി എന്നതും തമസോമയുടെ പരിഗണനയില്‍ പോലും വരുന്നില്ല. അത് ആ പെണ്‍കുട്ടിയുടെ മാത്രം വിഷയമാണ്. ഇവിടെ അടിയന്തിരമായി പരിഹാരം കാണേണ്ട പ്രശ്‌നം ആ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ ശിക്ഷാ നടപടി വേണമെന്നതാണ്.
മാന്തോപ്പ് പ്രശ്‌നത്തില്‍ പെട്ടെന്നു മനസിലായതും സമീപ പ്രദേശത്തെ ചില റസ്റ്റോറന്റുകള്‍ ഈ പെണ്‍കുട്ടിയെ സമീപിച്ചിരുന്നു. മാന്തോപ്പിനെതിരെ കേസു നല്‍കിയാല്‍ കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ സഹായിക്കാം എന്നതായിരുന്നു വാഗ്ദാനം. മാന്തോപ്പിനെ ഏതു വിധേനയും പൂട്ടുക എന്ന അവസരവാദമാണ് സമീപ ഭക്ഷണശാലകള്‍ സ്വീകരിച്ചത്.
മദ്യപിച്ചു വീണുപോയതിന് ഈ കുട്ടികളെ യാതൊന്നും ചെയ്യാന്‍ ഇന്ദിരാഗാന്ധി കോളേജ് അധികാരികള്‍ക്കു കഴിയില്ല. കാരണം, സംഭവം നടക്കുന്നത് കോളേജ് പഠന സമയത്തല്ല, ക്യാമ്പസിന് ഉള്ളിലുമല്ല. ക്ലാസ് സമയത്തിനു ശേഷം വൈകിട്ടാണ്. പിന്നെ കോളേജിനുണ്ടായ നാണക്കേട്. ഈ കോളേജിലെ ധാരാളം കുട്ടികള്‍ എം ഡി എം എ യും കഞ്ചാവും മറ്റു സിന്തറ്റിക് ഡ്രഗ്‌സും ഉപയോഗിക്കുന്നുണ്ട്. അവര്‍ ഉണ്ടാക്കിവയ്ക്കുന്ന നാണക്കേടോളം വരില്ല, മറിയം ഉണ്ടാക്കിയ നാണക്കേട്.
കോതമംഗലം ബൈപ്പാസ് മുന്‍പേ തന്നെ കുപ്രസിദ്ധമാണ്. അനവധി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നാനാസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. മയക്കുമരുന്നു ലോബിയുടെ കേന്ദ്രമാണ് കോതമംഗലം. എക്‌സൈസ് ഓഫീസ് തൊട്ടടുത്തു തന്നെ ഉണ്ടായിട്ടും ഡ്രഗ്‌സ് മാഫിയയെ തൊടാന്‍ പോലും കഴിയുന്നില്ല.
കൂട്ടുകാരുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അവളെ അവഹേളിക്കാനും അപമാനിക്കാനും അവളുടെ ഭാവിയെ ഇല്ലാതാക്കാനും നോക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. പലകാരണങ്ങളാലും നമ്മള്‍ വഴിയില്‍ വീണുപോയേക്കാം. ഇന്നു മറിയമാണെങ്കില്‍ നാളെ നമ്മളില്‍ ആരെങ്കിലും. മറ്റൊരാളെ അപമാനിക്കാനായി മൊബൈല്‍ കൈയിലെടുക്കുന്ന ഓരോരുത്തരും ഇക്കാര്യം ഓര്‍മ്മിച്ചാല്‍ നന്നായിരിക്കും.
………………………………………………………………………………………………….
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
……………………………………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :