നൂറ ഇനി ആദിലയ്ക്കു സ്വന്തം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി തക്ക സമയത്തത് കോടതിയെ ഈ കേസില്‍ ഇടപെടുത്തിയില്ലായിരുന്നുവെങ്കില്‍ നൂറ ഒരുപക്ഷേ മുഴു ഭ്രാന്തിയായി മാറിയേനെ. അല്ലായിരുന്നുവെങ്കില്‍ മരണം. ഇനി അതുമല്ലെങ്കില്‍ വെറുമൊരു ജീവച്ഛവം. നാശത്തിന്റെ ഈ വഴികളല്ലാതെ നൂറയ്ക്കു മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങളില്ലായിരുന്നു. കാരണം കണ്‍വേര്‍ഷന്‍ ചികിത്സയ്ക്കായി മലപ്പുറത്തെ ഒരു ക്ലിനിക്കില്‍ നൂറയെ മാതാപിതാക്കള്‍ പ്രവേശിപ്പിച്ചിരുന്നു. നാളിതുവരെ കണ്‍വേര്‍ഷന്‍ തെറാപ്പിയ്ക്കു വിധേയരായിട്ടുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം അത്രമേല്‍ ദുരിത പൂര്‍ണ്ണമാണ്. മക്കളെ ഈ അവസ്ഥയിലേക്കു തള്ളിവിടുന്നതിലേറെയും അവരുടെ മാതാപിതാക്കള്‍ തന്നെ. പോറ്റിവളര്‍ത്തിയ മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തങ്ങളുടെ ലൈംഗികതയെക്കുറിച്ചു വെളിപ്പെടുത്തുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
ആണും പെണ്ണും തമ്മിലുള്ള ലൈംഗികത മാത്രം അംഗീകരിക്കുന്ന, അതു മാത്രമേ ശരിയായിട്ടുള്ളുവെന്നു വാദിക്കുന്ന കുറെ മനുഷ്യരാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നത്. നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ വാര്‍ത്തയറിഞ്ഞതോടെ പലരുടേയും അഭിപ്രായം കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകും ഈ സമൂഹം എത്രയോ പ്രാകൃതമാണെന്ന്. മനുഷ്യരിവിടെ ഒരു കാരണവശാലും സന്തോഷകരമായൊരു ജീവിതം നയിക്കരുതെന്ന് ചിലരിവിടെ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നതു പോലുണ്ട് പല പ്രതികരണങ്ങളും. ഇവര്‍ക്കു മക്കളുണ്ടാകുമ്പോള്‍ പറയണം, ആ ടെക്‌നിക് ഒന്നു പഠിക്കാനാണെന്നാണ് ചില കമന്റുകള്‍. സ്‌നേഹത്തിന്റെ ഭാഷ മനസിലാകാത്തവര്‍ നൂറു കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള ടെക്‌നിക് കൈവശപ്പെടുത്തിയിട്ടും കാര്യമില്ല.
ഈ അനുരാഗമെങ്ങനെ പാപവും രോഗവുമാകും….??
ആണും പെണ്ണും തമ്മിലുള്ള ലൈംഗികതയാണ് ശരിയെന്നു വാദിച്ച് മറ്റുള്ള എല്ലാറ്റിനെയും വെറുപ്പോടെ കാണുന്ന മനുഷ്യരിവിടെ ജീവിതം ദുസ്സഹമാക്കുകയാണ്. മതങ്ങള്‍ സ്വവര്‍ഗാനുരാഗങ്ങള്‍ പാപമാണെന്നു പറയുന്നു. ആധുനിക ശാസ്ത്രത്തിന്റെ പുരോഗതിയോടെ അതൊരു രോഗമായി കണക്കാക്കി ചികിത്സ വിധിക്കുന്നു. മറ്റേതൊരു മനുഷ്യരെയും പോലെ സാധാരണമായൊരു പ്രതിഭാസമാണ് ഈ ലൈംഗികതയെന്നും ഇത്തരത്തിലുള്ള ജീവിതമെന്നും മനുഷ്യര്‍ കുറച്ചെങ്കിലും മനസിലാക്കി വരുമ്പോഴേക്കും എത്രയോ ജീവിതങ്ങളിവിടെ നരകിച്ചു മരിച്ചു മണ്ണടിഞ്ഞിരിക്കും…?? അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി, അവരെ ഈ ഭൂമിയില്‍ ജീവിക്കാന്‍ പോലുമനുവദിക്കാതെ പറഞ്ഞയച്ച ഈ ലൈംഗിക ഭൂരിപക്ഷ വാദികള്‍ക്ക് അപ്പോള്‍ സമാധാനമാകുമായിരിക്കും.
ഭൂരിപക്ഷം മനുഷ്യര്‍ക്കും പരിചിതമല്ലാത്ത ഒന്നിനെ പാപമെന്നും രോഗമെന്നും ഭ്രാന്തെന്നും പറഞ്ഞ് അധിക്ഷേപിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ ജീവിക്കാനുള്ള സഹജീവികളുടെ അവകാശമാണിവിടെ ഹനിക്കപ്പെടുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന കൊടുംക്രൂരതകളത്രയും ഇവര്‍ നടത്തുന്നത് ദൈവത്തിന്റെ പേരിലാണ്. ദൈവമറിയാതെ ഒരില പോലുമിവിടെ അനങ്ങില്ലെന്നു പറയുന്നവര്‍ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ശാപജന്മങ്ങളാണെന്നും മരിക്കേണ്ടവരാണെന്നും വിധിച്ച് അവരെ ആക്രമിക്കുമ്പോള്‍ ഓര്‍ക്കുക, നിങ്ങളുടെ ഈ വൃത്തികെട്ട മതബോധം തകര്‍ത്തെറിയപ്പെടുക തന്നെ ചെയ്യും. നിങ്ങളുടെ തലയിലെ മുടിനാരിന്റെ കണക്കു പോലുമറിയുന്ന ദൈവത്തിന് ഇവിടെ പിറന്നുവീഴുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് അറിവില്ലെന്നു പറയുന്നിടത്തോളം മാനക്കേട് മറ്റെന്താണുള്ളത്…?? ദൈവമാണു സൃഷ്ടി നടത്തുന്നതെങ്കില്‍, ലൈംഗിക ന്യൂനപക്ഷമെന്നത് ശാപജന്മങ്ങളെങ്കില്‍, മുടിനാരെണ്ണി സമയം നഷ്ടപ്പെടുത്താതെ, അവരെ സൃഷ്ടിക്കാതിരിക്കുകയല്ലേ ഒരു ദൈവം ചെയ്യേണ്ടത്…?? അങ്ങനെ ചെയ്യാത്ത ദൈവം ഒരു കഴിവുകെട്ടവനാണെന്നു ബോധമുണ്ടായിട്ടും അതു ചെയ്യാതെ ലൈംഗിക ന്യൂനപക്ഷങ്ങളോടു ക്രൂരത ചെയ്യുന്ന മനുഷ്യര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
അഞ്ജനയുടെ ജീവനെടുത്തത് കണ്‍വേര്‍ഷന്‍ തെറാപ്പിആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അഞ്ജന ഫേസ് ബുക്കില്‍ കുറിച്ചിട്ടത് കണ്‍വേര്‍ഷന്‍ തെറാപ്പിയെന്ന ക്രൂരതയെക്കുറിച്ചായിരുന്നു….
ബലം പ്രയോഗിച്ച് അവരെ കേരളത്തിനകത്തും പുറത്തുമുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കൊണ്ട് പോയി….. അവരുടെ ഇഷ്ടത്തിന് എതിരായി ഇഞ്ചക്ഷനുകള്‍ നല്‍കി….. തടവിലാക്കി….. ലൈംഗികാഭിമുഖ്യം തുറന്നു പറഞ്ഞത് മൂലം രക്ഷിതാക്കള്‍ തന്നെയാണ് ഈ ദുരന്തത്തിലേക്ക് അവരെ തള്ളി വിട്ടത്. സംരക്ഷണവും സ്നേഹവും നല്‍കേണ്ട വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രവൃത്തി അഞ്ജന പ്രതീക്ഷിച്ചിരുന്നില്ല….
ചികിത്സാകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട അക്രമങ്ങളും വലിയ പ്രത്യാഘാതങ്ങളാണ് അഞ്ജനയിലുണ്ടാക്കിയത്. കടുത്ത നിരാശയുംവിഷാദവും ബാധിച്ചത് ഒടുവില്‍ അഞ്ജനയുടെ ആത്മഹത്യയിലാണ് അവസാനിച്ചത്.
ഇതൊരു രോഗമാണെന്നും ചികിത്സിച്ചു നേരെയാക്കാമെന്നും മാതാപിതാക്കള്‍ക്ക് വാക്കു നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നിര്‍ബന്ധിച്ചും ബലപ്രയോഗത്തിലൂടെയും ഇത്തരം കേന്ദ്രങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. മയങ്ങുന്ന മരുന്നുകള്‍ കൊടുത്തും ‘പോണ്‍” കാണിച്ച് കൊണ്ട് ഛര്‍ദ്ദിക്കാനുള്ള മരുന്ന് കൊടുത്തുമൊക്കെ അവരെ മാറ്റാന്‍ ശ്രമിക്കുന്നു. ചികിത്സയ്ക്ക്ു ശേഷം മടങ്ങിയെത്തുന്ന ഇവര്‍ക്ക് എന്തിനെയും ഭയമായിരിക്കും, ആത്മവിസ്വാസം പാടെ നഷ്ടപ്പെട്ട്, ജീവിക്കാനുള്ള ആഗ്രഹം നശിച്ച് സ്വയം മരണത്തിലേക്കു നടന്നടുക്കുന്നു. ഇത്തരം ജന്മങ്ങള്‍ ശാപമെന്നു കരുതുന്ന മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പടെയുള്ളവരാകട്ടെ, ഇത്തരക്കാര്‍ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന തീരുമാനത്തിലെത്തുന്നു.
എന്താണ് കണ്‍വെര്‍ഷന്‍ തെറാപ്പി?
തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യമോ ലൈംഗികസ്വത്വമോ ഉള്ള മനുഷ്യരെ അശാസ്ത്രീയവും ചിലപ്പോള്‍ ക്രൂരവുമായ മാര്‍ഗ്ഗങ്ങള്‍ വഴി അതില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്ന പ്രവൃത്തിയാണിത്. ശാരീരികവും മാനസികവുമായ പീഡകളാണ്, ചിലപ്പോള്‍ ആത്മീയതയുടെ പേരിലും മറ്റും അടിച്ചേല്‍പ്പിക്കുന്നത്. ഇലക്ട്രിക് ഷോക്ക് നല്‍കുക, സ്വവര്‍ഗ്ഗാനുരാഗത്തിന്റെ ഉത്തേജനത്തോടൊപ്പം ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കുക, ഹോര്‍മോണ്‍ തെറാപ്പി, തലച്ചോറിന്റെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുക, മയങ്ങാനുള്ള മരുന്നുകള്‍ നല്‍കുക തുടങ്ങിയ പല മാര്‍ഗ്ഗങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്. സ്വയം തിരിച്ചറിയുന്ന ലൈംഗികസ്വത്വത്തില്‍ നിന്നും ലൈംഗികാഭിമുഖ്യത്തില്‍ നിന്നും മാറാന്‍ വേണ്ടി നടത്തുന്ന കൗണ്‍സിലിംഗും അവരുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുന്നത്, കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോക്ടര്‍ ജയശ്രീ എ കെ പറഞ്ഞു.
ലോകത്തില്‍ എല്ലായിടത്തും മനുഷ്യാവകാശത്തെ അടിസ്ഥാനപ്പെടുത്തിയ നിയമങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും കണ്‍വെര്‍ഷന്‍ തെറാപ്പി വഞ്ചനയും കുറ്റവുമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള വിധികള്‍ വന്നിട്ടുണ്ട്. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും കണ്‍വെര്‍ഷന്‍ തെറാപ്പിക്കെതിരെയുള്ള വിധികള്‍ തൊണ്ണൂറുകള്‍ മുതല്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. നീതിബോധം ഉണ്ടാകുന്നതിനനുസരിച്ച് നിയമങ്ങള്‍ മാറ്റുകയോ ഉണ്ടാക്കുകയോ വേണ്ടി വരും. ഇത്തരം വ്യാജ ചികിത്സകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പാകത്തിലുള്ള നിയമങ്ങള്‍ ഇവിടെയും കൊണ്ട് വരേണ്ടതുണ്ട്. മാറുന്ന, മാറേണ്ട വ്യവസ്ഥകള്‍ ഇപ്പോള്‍ മനുഷ്യാവകാശത്തിന്റെ പരിസരത്ത് നിന്നും ആ ഭാഷയിലുമാണ് നമ്മള്‍ ഈ വിഷയം കാണുന്നത്. നിയമ വ്യവസ്ഥക്കും ആരോഗ്യവ്യവസ്ഥക്കും ഇതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്.