നാല് വോട്ടിനു വേണ്ടി ഭരണഘടനയെ ലംഘിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അതിനാല്‍ എന്തു വിലകൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നുമായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തെ കത്തിക്കാനുള്ള ക്വട്ടേഷനുകളുമായി വിശ്വാസികളെന്ന പേരില്‍ മതഭ്രാന്തര്‍ അഴിഞ്ഞാടിയപ്പോള്‍ സി പി എം എടുത്ത നിലപാട്. എന്നാല്‍ പിന്നീടു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ടതോടെ വോട്ടിനു വേണ്ടി എന്തിനെയും ഒറ്റുകൊടുക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെളിയിച്ചു. ജനങ്ങളെ അന്ധമായ വിശ്വാസികളാക്കി മാറ്റുകയും അതില്‍ അടിയുറച്ചു നില്‍ക്കാനുള്ള എല്ലാ പരിശ്രമങ്ങളും ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വോട്ടു പിടിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഓരോ പാര്‍ട്ടിയും ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. മതവിശ്വാസികളെ തമ്മിലടിപ്പിച്ച് ഭരണം കൈക്കലാക്കുന്ന നെറികെട്ട രാഷ്ട്രീയം. മതേതരത്വമുഖമാണ് തങ്ങള്‍ക്കെന്നു പറയുന്ന സി പി എം കടുത്ത വര്‍ഗ്ഗീയ വാദികളാകുന്ന കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ച അതിന്റെ പൂര്‍ണ്ണതയിലേക്ക് അതിവേഗം അടുത്തു കൊണ്ടിരിക്കുകയാണെന്നു സാരം.
ഓരോ മതത്തിന്റെയും നിലനില്‍പ്പ് കൂടെയുള്ള വിശ്വാസികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍, നിലവിലുള്ളവരെ മതവിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ മാത്രമല്ല, മറ്റുമതങ്ങളില്‍ നിന്നും വിശ്വാസികളെ തങ്ങളുടെ മതങ്ങളിലേക്കു കൊണ്ടുവരിക എന്നതും ഓരോ മതങ്ങളുടെയും തന്ത്രമാണ്. ഏറ്റവും ചെറിയവനിലേക്കു സഹായമെത്തിക്കുക എന്നതാണ് ഓരോ മതത്തിന്റെയും കാതല്‍. രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യമിടുന്നത് അതുതന്നെ. പക്ഷേ, കാതല്‍ അങ്ങനെതന്നെ നിലനില്‍ക്കെ, ദരിദ്രരെ എന്നെന്നും ദരിദ്രരായി നിലനിര്‍ത്തിക്കൊണ്ട് മതങ്ങളും രാഷ്ട്രീയവും ഇവിടെ തഴച്ചു വളരുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ തകര്‍ച്ചയിലേക്കുള്ള കൂപ്പുകുത്തലാണ് ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുന്ന ഓരോ നടപടികളും. ഇത്രയും കാലം ഒളിഞ്ഞു നിന്നു നടത്തിയ മതപ്രീണനം ഇടതുപക്ഷമിപ്പോള്‍ പരസ്യമായി ചെയ്യുന്നു.
ഏതു നാണംകെട്ട കളികള്‍ കളിച്ചാലും തങ്ങള്‍ക്ക് അധികാരം വേണമെന്ന നിലപാടുമായി മുന്നോട്ടു നീങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതവും ജാതിയും എന്നെന്നും വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ഏറ്റവും വലിയ ആയുധങ്ങളാണ്. മനുഷ്യന്റെ കണ്ണുനീരില്‍ മാത്രം വളര്‍ന്നു പന്തലിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് രാഷ്ട്രീയവും മതവും. അതിനാല്‍ ഇവ പരസ്പരം പൂരകങ്ങളുമാണ്.
തങ്ങള്‍ മതേതരത്വത്തിലും ഭരണഘടനയിലും അടിയുറച്ചു വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നേവരെ ഒളിഞ്ഞു നിന്നാണ് തങ്ങളുടെ മതവിശ്വാസം ഊട്ടിയുറപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍, തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അവര്‍ കളിക്കുന്നത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള കളികളാണ്. കടുത്ത വര്‍ഗ്ഗീയ വാദികളായ ബി ജെ പിയെയും മത പ്രീണനക്കാരായ കോണ്‍ഗ്രസിനെയും എതിര്‍ക്കാന്‍ തങ്ങള്‍ മാത്രമേയുള്ളു എന്ന് അവകാശവാദം നിരത്തിയിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ഇപ്പോള്‍ വിശ്വാസികളുടെ വോട്ടുലക്ഷ്യമാക്കിയുള്ള പരസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തികൂട്ടുന്നത്.
ആത്മീയതക്കും മതാധിഷ്ഠതമായ യുക്തിക്കും യാതൊരു പ്രസക്തിയുമില്ലെന്നവകാശപ്പെടുന്ന കേരളത്തിലെ സിപിഎമ്മും, സിപിഐയും അടങ്ങുന്ന ഇടതുപക്ഷം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിച്ചിരിക്കുന്നത് തീര്‍ത്തും മതം നോക്കി തന്നെയാണ് എന്ന വിമര്‍ശനം ശക്തമാണ്. പാര്‍ട്ടി നേതാക്കളും ഈ ആരോപണം രഹസ്യമായി ശരിവെക്കുന്നുണ്ട്. ന്യുനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള അടവ് നയമാണ് ഇതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സിപിഎം പാര്‍ട്ടി അംഗമാണെന്ന് വ്യക്തമാക്കിയ ജോ ജോസഫ് തന്റെ കന്നി വാര്‍ത്താ സമ്മേളനം നടത്തിയ രീതി രാഷ്ട്രീയമായി പിശകാണെന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കൊച്ചി ലിസി ആശുപത്രിയുടെ പരസ്യമുഖമായി മാറിക്കൊണ്ടാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പോലും ജോ ജോസഫ് വെളിപ്പെടുത്തിയത്. ഇതാകട്ടെ, ആശുപത്രി മാനെജ്‌മെന്റിലെ രണ്ട് വൈദികരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് നടത്തിയത്. അവര്‍ക്ക് മൈക്ക് കൈമാറി സംസാരിപ്പിക്കുന്നതിലുടെ എന്ത് സന്ദേശമാകും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുക എന്ന ചോദ്യം ഉയരുന്നുണ്ട്. ‘ഇന്ത്യയില്‍ മറ്റേതെങ്കിലും കമ്യുണിസ്റ്റ് സ്ഥാനാര്‍ത്ഥി ഇങ്ങനെ ചെയ്തിട്ടുണ്ടാകുമോ? ആ പ്ലാറ്റ്‌ഫോമില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇരുന്നത് തെറ്റല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പാര്‍ട്ടി നേതാക്കള്‍ക്ക് ഉത്തരമില്ല.
2006-ല്‍ കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് ഐഷാ പോറ്റി ജയിന്റ് കില്ലറായി. പി പി തങ്കച്ചനെ തോല്‍പിച്ച് എം എം മോനായിയും തിളക്കമാര്‍ന്ന വിജയം പാര്‍ട്ടിക്കു സമ്മാനിച്ചു. നിയമസഭയില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലായിരന്നു. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചു. പ്രത്യയശാസ്ത്ര ബോധമില്ലാതെ പെരുമാറിയെന്നാരോപിച്ച് ഐഷാ പോറ്റിയെയും മോനായിയെയും പാര്‍ട്ടി പരസ്യമായി ശാസിച്ചു.
അന്ന് പാര്‍ട്ടി എഴുതിയ കത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ എം.എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എം.എല്‍. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ അപമാനം വരുത്തി വച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളാണു പാര്‍ട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.’
ഇത് 2006 ലെ നിലപാട്. പാര്‍ട്ടി 2022ല്‍ എത്തിയപ്പോള്‍ ആന്റണി ജോണ്‍, വീണ ജോര്‍ജ്, ദലീമ എന്നീ മൂന്ന് സിപിഎം എംഎല്‍മാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത്. വീണാ ജോര്‍ജ് മന്ത്രയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. എന്നിട്ടും അവര്‍ക്കു നേരെ യാതൊരു തരത്തിലുള്ള വിമര്‍ശനങ്ങളുമുയര്‍ന്നില്ല. സിപിഎം സ്വതന്ത്രന്മാരായി ജയിച്ച കെ ടി ജലീലും, ഇപ്പോള്‍ വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്റെ നാമത്തിലാണ്. ഇപ്പോള്‍ തൃക്കാക്കരയില്‍ എത്തിയതോടെ മതം പരസ്യമായി സിപിഎമ്മില്‍ കലരുകയാണ്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിനു ശേഷമാണ് സിപിഎമ്മിന് വിശ്വാസ വിഷയത്തില്‍ കാര്യമായ മാറ്റം ഉണ്ടാവുന്നത്. ഏതൊരു വിശ്വാസിക്കും കമ്മ്യൂണിസ്റ്റാകാം എന്നായിരുന്നു ഇക്കഴിഞ്ഞ മാസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സോവിയറ്റ് യൂണിയനില്‍ പാതിരിമാരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ലെനിനെയാണ് അന്ന് സിപിഎം സെക്രട്ടറി ഉയര്‍ത്തിക്കാട്ടിയത്.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനോദ്ഘാടന പ്രസംഗത്തിലാണ് ലെനിനെ ഉദ്ധരിച്ച് കോടിയേരി വിശ്വാസം സംബന്ധിച്ച് പാര്‍ട്ടി ലൈനില്‍ വ്യാഖ്യാനം നടത്തിയത്. കമ്മ്യൂണിസത്തിലേക്ക് പോകുന്നവര്‍ മതനിരാസത്തിലേക്ക് എത്തിപ്പെടുന്നുവെന്ന ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസംഗം. അതേസമയം, കോടിയേരിയുടെ നിലപാടിനെതിരേ പാര്‍ട്ടി സൈദ്ധാന്തികരുള്‍പ്പെടെ കടുത്ത അതൃപ്തിയിലാണ്. മാര്‍ക്സിയന്‍ സിദ്ധാന്തത്തിന് തടയിട്ട് മതവിശ്വാസികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന സെക്രട്ടറി നടത്തുന്ന ശ്രമം താല്‍ക്കാലിക നേട്ടം ഉണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി പാര്‍ട്ടി നയത്തെ വെല്ലുവിളിക്കുന്നതാണെന്നതാണ് പ്രധാന വിമര്‍ശനം.
വിവിധ മതവിഭാഗങ്ങളെ പ്രീണിപ്പിച്ചു കൂടെ നിറുത്തുക എന്ന നാണംകെട്ട കളികളാണ് ഇടതുപക്ഷമിപ്പോള്‍ കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. കോളജ് പഠന കാലയളവിനു ശേഷം യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതിരുന്ന ഉമ തോമസ് സ്ഥാര്‍ത്ഥി ആയത് പി ടി തോമസിന്റെ വിധവയായതുകൊണ്ടു മാത്രമാണ്. തൃക്കാക്കര നിയോജക മണ്ഡലം ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായതു കൊണ്ടും പി ടി തോമസിന് ക്രിസ്തീയ സഭകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതു കൊണ്ടും ഈ മണ്ഡലത്തില്‍ നിസ്സാരമായി ജയിച്ചു കയറാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. മതത്തിന്റെ പേരില്‍, സഹതാപ തരംഗത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ വ്യഭിചരിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത കോണ്‍ഗ്രസിനു ബദലായി ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റു പ്രസ്ഥാനം നടത്തിയിരിക്കുന്നതും അതേ വ്യഭിചാരം തന്നെയാണ്. അതല്ലാതെ രാഷ്ട്രീയമായ ഒരു തെരഞ്ഞെടുപ്പു പോരാട്ടമല്ല ഇവിടെ നടക്കുന്നത്.
അന്ധമായി ഏതൊന്നിനെ അനുകൂലിച്ചാലും ആരാധിച്ചാലും അതു ഫാസിസമാണ്. അതു മതമായാലും മനുഷ്യനായാലും അങ്ങനെ തന്നെ. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതങ്ങളും മതദൈവങ്ങളുമാണ് ആരാധനാ പാത്രങ്ങളെങ്കില്‍, ചില പാര്‍ട്ടികള്‍ക്കത് സ്വന്തം നേതാക്കളാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ദൈവമിപ്പോള്‍ പിണറായി വിജയനാണെന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയെന്നാല്‍ പിണറായി എന്ന ഫോര്‍മുലയിലേക്കു ചുരുങ്ങിയിരിക്കുകയാണിപ്പോള്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. തനിക്കു മുകളില്‍ വളരുമെന്നു കണ്ട ഓരോ നേതാക്കളെയും ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടിയുടെ ഭരണത്തുടര്‍ച്ചയില്‍ തന്റെ സ്ഥാനമുറപ്പിച്ച പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ്. പിണറായി വിജയനെ ഒന്നു വിമര്‍ശിക്കുക പോലും ചെയ്യാതെ വായ്മൂടി മിണ്ടാതിരിക്കുകയാണ് മഹത്തായ ജനാധിപത്യ രാജ്യത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബി ജെ പിയുമെന്നുവേണ്ട സകല പാര്‍ട്ടികളും മൂടുതാങ്ങികളായ മതങ്ങളും നേതാക്കളുമിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് ജനാധിപത്യത്തിന്റെ ശവസംസ്‌കാരമാണ്. അതു തിരിച്ചറിയേണ്ട ജനങ്ങളെ മതത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മുക്കിക്കൊന്ന് അധികാരം അധികാരം പിടിച്ചടക്കുകയും സമ്പാദിച്ചു കൂട്ടുകയുമാണ് രാഷ്ട്രീയവും മതങ്ങളും. പാവപ്പെട്ട ജനത്തിന്റെ കണ്ണുനീരിന്റെ വില അവര്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. ജനാധിപത്യമെന്നാല്‍, അധികാരം ജനങ്ങള്‍ക്കാണ്, ഭരണകര്‍ത്താക്കള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മതങ്ങള്‍ക്കോ നേതാക്കള്‍ക്കോ അല്ലെന്ന് ജനം തിരിച്ചറിയണം.
……………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ