Thamasoma News Desk
കളമശേരിയിലെ കുസാറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, അവിടെ പഠിച്ചവരും ജോലി ചെയ്യുന്നവരും അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട്. ഇതിനെക്കാള്‍ വലിയ ജനപങ്കാളിത്തമുള്ള പരിപാടികള്‍ വളരെ മികച്ച രീതിയില്‍ കുസാറ്റില്‍ നടന്നിട്ടുണ്ട്. ജനബാഹുല്യത്തെ നിയന്ത്രിക്കാനും ഫലപ്രദമായി കഴിഞ്ഞിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അപകടം അവിടെ നടക്കുന്നത്. അതിനാല്‍ത്തന്നെ, ഈ അപകടം മനുഷ്യസൃഷ്ടിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനു കാരണങ്ങള്‍ നിരവധിയാണ്.
കുസാറ്റിന്റെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് പ്രോഗ്രാം നടന്നത്. നിശാഗന്ധി പോലുള്ള ഓപ്പണ്‍ എയര്‍ സ്‌റ്റേജുകള്‍ കണ്ടു പരിചയമുള്ളവര്‍ക്കറിയാം, ഓപ്പണ്‍ എയര്‍ സ്റ്റേജ് എന്നാല്‍ എന്താണ് എന്ന്. പക്ഷേ, കുസാറ്റിലെ ഓപ്പണ്‍ എയര്‍ സ്റ്റേജ് മാത്രം ഓപ്പണ്‍ എയറല്ല, മറിച്ച് അതിനൊരു മേല്‍ക്കൂരയും ചുറ്റു മതിലുമുണ്ട്. അവിടേയ്ക്കു ആരും കടക്കാതിരിക്കാന്‍ ഒരു ഗേറ്റുമുണ്ട്. ഇതെല്ലാം എങ്ങനെ വന്നു? ഈ സ്‌റ്റേജ് എങ്ങനെ തുറന്ന സ്റ്റേജാവും? ആരാണ് ഈ സ്റ്റേജ് ഇങ്ങനെ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്?
പ്രോഗ്രാം നടത്തുന്നതിനു മുന്നോടിയായി പോലീസിന്റെ അനുമതി തേടിയിരുന്നു എന്നാണ് കുസാറ്റ് അധികൃതര്‍ മാധ്യമങ്ങളോടു പറഞ്ഞത്. അങ്ങനെ ആയിരുന്നുവെങ്കില്‍, ഈ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടാകുമായിരുന്നു. ചെറിയൊരു ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും പോലീസ് ഉണ്ടെന്നിരിക്കേ, അനുമതി തേടിയിട്ടും ഇത്തരം വലിയ പ്രോഗ്രാമിന് പോലീസ് ഉണ്ടായിരുന്നില്ല എന്നത് വിശ്വസിക്കാന്‍ കഴിയില്ല.
മികച്ച സെക്യൂരിറ്റി സംവിധാനമുള്ള ക്യാമ്പസാണ് കുസാറ്റ്. ഇത്രയേറെപ്പേരെ നിയന്ത്രിക്കുന്നതില്‍ അവരും പരാജയപ്പെട്ടു. സാധാരണയായി വോളണ്ടിയര്‍മാരായി ഉണ്ടാകാറുള്ളത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, ഇതിനെക്കാള്‍ വലിയ പ്രോഗ്രാമുകള്‍ നടത്തി പരിചയമുള്ള കുസാറ്റിന് ഇവിടെ എങ്ങനെ പിഴവു സംഭവിച്ചു?
മഴ പെയ്തപ്പോഴുള്ള തള്ളിക്കയറ്റമാണ് അപകടത്തിലേക്കു നയിച്ചത് എന്നാണ് മറ്റൊരു വാദം. കുസാറ്റ് ഭാഗത്ത് വലിയ തോതില്‍ മഴ പെയ്തിരുന്നില്ല എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.
ഈ അപകടം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം അത്യാവശ്യമാണ്. പക്ഷേ, അത്തരമൊരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടില്ല. കാരണം, അശാസ്ത്രീയമായ രീതിയിലുള്ള നിര്‍മ്മാണത്തിന് ആര് അനുമതി നല്‍കി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും. എന്നുമാത്രമല്ല, ഓപ്പണ്‍ സ്റ്റേജ് എങ്ങനെ ഇന്‍ഡോര്‍ സ്‌റ്റേജ് ആയി എന്നതിനും സമാധാനം പറഞ്ഞേ തീരൂ.
സംഗീത നിശ നടത്താന്‍ കുസാറ്റില്‍ നിന്നും ആരും അനുമതി തേടിയില്ല എന്നും അനുമതിയില്ലാതെ പോലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കില്ലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
ഭക്ഷണഹാളിലേക്കായാലും പ്രോഗ്രാമുകളിലേക്കായാലും തള്ളിക്കയറുക എന്നത് മലയാളികളുടെ ശീലമായിപ്പോയി. അച്ചടക്കബോധമുള്ള ഒരു തലമുറ പുകള്‍പെറ്റ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നു പോലും ഉണ്ടാകുന്നില്ല എന്നതാണ് ഖേദകരം. ഒരാള്‍ വീണപ്പോള്‍ പിന്നില്‍ നിന്നവര്‍ അറിഞ്ഞില്ലേ പ്രശ്‌നം ഗുരുതരമാകുമെന്ന്. അമ്പതിലേറെപ്പേര്‍ വീണിട്ടും എന്തേ ഒരാള്‍ക്കു പോലും ബോധമുണ്ടായില്ല? ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഈ അപകടം കരുതിക്കൂട്ടി ചെയ്തതാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
യാതൊരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളുമില്ലാതെ കുറ്റമറ്റ രീതിയില്‍, വിജയകരമായി ഈ പരിപാടി നടത്താനുള്ള ഉത്തരവാദിത്വം ഇതിന്റെ സംഘാടകര്‍ക്കുണ്ട്. എന്നാല്‍, അവര്‍ ഇവിടെ പരാജയപ്പെട്ടു. അപകടത്തില്‍ നാലു പേര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. ഒരാളുടെ നില ഗുരുതരമാണ്. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതിനെല്ലാം ഉത്തരം പറയേണ്ട ബാധ്യത കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പാളിനും സെക്യൂരിറ്റിയുടെ ചുമതലയുള്ളവര്‍ക്കും പിന്നെ ഈ പ്രോഗ്രാമിന്റെ സംഘാടകര്‍ക്കുമുണ്ട്. മറ്റു ചില സംഭവങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനായി മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ കുസാറ്റ് അപകടമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍, കുറ്റമറ്റ ഒരന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടായേ തീരൂ. ഇതൊരു അപകടമാണോ അതോ ആരെങ്കിലും മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണോ എന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.
#CUSAT #Stampade #Cochinuniversityofscienceandtechnology #openstage #Musicalnight
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47