സംഗീതിന്റെ മരണം: മാധ്യമങ്ങളില്‍ക്കൂടി വിചാരണ ചെയ്യുന്നതെന്തിനെന്ന് എബ്രാഹാം മാത്യു

Jess Varkey Thuruthel

പത്തനംതിട്ട-വടശേരിക്കര റോഡില്‍, ഇടത്തറ മുക്കിനു സമീപം പലചരക്കു കട നടത്തുന്ന എബ്രാഹാം മാത്യുവാണ് ചില മാധ്യമങ്ങളുടെ പുതിയ ഇര. ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഗീത് എന്ന ചെറുപ്പക്കാരനൊപ്പം ഉണ്ടായിരുന്ന പ്രദീപ് ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി എന്ന ‘കുറ്റത്തിന്’ മാധ്യമങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെ കുരിശിലേറ്റിയിരിക്കുകയാണ്. വെറും ഒരു മാസത്തെ പരിചയം മാത്രമേ എബ്രാഹാം മാത്യുവിന് പ്രദീപുമായിട്ടുള്ളു. അതും, ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ വാങ്ങിത്തുടങ്ങിയതു മുതലുള്ള പരിമിതമായ പരിചയം മാത്രം. എന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ ഇദ്ദേഹത്തെ വിചാരണ ചെയ്യുകയാണ് ചില മാധ്യമങ്ങള്‍.

സംഭവം നടന്ന ഒക്ടോബര്‍ 1-ാം തീയതി സംഗീതിനെ പ്രദീപ് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് കുഞ്ഞിനു സുഖമില്ലെന്നും മരുന്നു വാങ്ങണമെന്നും പറഞ്ഞാണ്. പക്ഷേ, അവര്‍ ആശുപത്രിയില്‍ പോകുകയോ മരുന്നു വാങ്ങുകയോ ചെയ്തില്ല. മറ്റൊരു സുഹൃത്തിന്റെ ഓട്ടോയിലാണ് ഇവര്‍ പോയത്. പള്ളിയില്‍ പോകുന്നതിനാല്‍ സാധാരണയായി ഞായറാഴ്ചകളില്‍ എബ്രാഹാം മാത്യു കട തുറക്കാറില്ല. ചിലപ്പോള്‍ ഉച്ച കഴിഞ്ഞു തുറക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കടയില്‍ നിന്നും പ്രദീപ് സാധനങ്ങള്‍ കടമായി വാങ്ങിക്കാറുണ്ട്. ആഴ്ചയിലൊരിക്കല്‍ പൈസ കൊടുത്തു തീര്‍ക്കുകയാണ് പതിവ്. ഞായറാഴ്ച ആയിരുന്നതിനാലും കൈയില്‍ പൈസ ഇല്ലാത്തതിനാലും അന്നു കട തുറക്കുന്നുണ്ടോ എന്ന് എബ്രാഹാം മാത്യുവിനോട് പ്രദീപ് വിളിച്ചു ചോദിച്ചിരുന്നു. കടയിലുണ്ടാകുമെന്ന് അറിയിച്ചിട്ടും സമയം ഏഴര മണി കഴിഞ്ഞിട്ടും കാണാതായപ്പോള്‍ പ്രദീപിനെ അദ്ദേഹം വിളിച്ചിരുന്നു. അങ്ങനെയാണ് പ്രദീപ് കടയില്‍ എത്തിയത്.

കടയുടെ സൈഡിലായി ഓട്ടോ നിറുത്തിയിട്ട ശേഷം പ്രദീപ് കടയിലെത്തി. ആരെയോ വീഡിയോ കോളില്‍ വിളിച്ച് ഏതെല്ലാം സാധനങ്ങള്‍ വേണമെന്നു ചോദിച്ചു കൊണ്ടിരുന്നു. അതിനിടയില്‍, പുറത്തു നിന്നും ‘വരുന്നില്ലേ എന്നൊരു ചോദ്യം കേട്ടു. തുടര്‍ന്ന്, അതിഭയങ്കരമായ രീതിയില്‍ ഓട്ടോ രണ്ടുമൂന്നു തവണ റെയ്‌സ് ചെയ്യുന്നതിന്റെയും സ്പീഡില്‍ മുന്നോട്ടെടുക്കുന്നതിന്റെയും ശബ്ദം കേട്ടു. ഏറ്റവും അപകടകരമായ വിധത്തിലായിരുന്നു ഓട്ടോ മുന്നോട്ടെടുത്തത്. ഇതുകണ്ട പ്രദീപ് ചാടി റോഡിലിറങ്ങി, പിന്നാലെ എബ്രഹാം മാത്യുവും. പ്രദീപ് ചാടി ഓട്ടോയുടെ മുന്‍സീറ്റില്‍ കയറിയിരുന്ന് കടയുടെ മുന്നിലായി വാഹനം നിറുത്തിയിട്ടു. പ്രദീപ് വന്ന ഓട്ടോയില്‍ മറ്റൊരാല്‍ കൂടി ഉണ്ടായിരുന്നുവെന്ന് എബ്രാഹാം മാത്യു മനസിലാക്കുന്നത് അങ്ങനെയാണ്. പ്രദീപ് വരുമ്പോള്‍ മഴ തോര്‍ന്നിട്ടേയുണ്ടായിരുന്നുള്ളു. അതിനാല്‍ത്തന്നെ രാത്രിയ്ക്ക് സാധാരണയിലും കൂടുതല്‍ ഇരുട്ടായിരുന്നു. ഓട്ടോയിലിരുന്ന ആളെ വ്യക്തമായി കാണാനും കഴിഞ്ഞിരുന്നില്ല.


ഓട്ടോ സൈഡിലൊതുക്കിയ ശേഷം പ്രദീപ് വീണ്ടും കടയില്‍ കയറി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തോട്ടിലേക്ക് ഭാരമുള്ള എന്തോ വീഴുന്ന ഒരു ശബ്ദം എബ്രാഹാം മാത്യു കേട്ടു. മദ്യപിച്ചിരുന്നതിനാല്‍ പ്രദീപ് ശബ്ദമൊന്നും കേട്ടില്ല. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോന്ന എബ്രാഹം മാത്യുവിന്റെ പഞ്ചേന്ദ്രിയങ്ങളുടെ സംവേദന ക്ഷമത വളരെ തീവ്രമാണ്. അതിനാല്‍, വളരെ ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ കാതുകള്‍ക്ക് കഴിയും. തോട്ടിലേക്ക് എന്തോ വീണെന്ന് പറഞ്ഞുകൊണ്ട് എബ്രാഹാം മാത്യു വെളിയിലേക്കിറങ്ങി. വെപ്രാളപ്പെട്ടു പ്രദീപും പുറത്തിറങ്ങി. ഓട്ടോയില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. അതോടെ ഇരുവരും തോട്ടിലെല്ലാം പരതി. മൊബൈലിന്റെ ഇത്തിരി വെളിച്ചം മാത്രമാണ് അവര്‍ക്കു കൂട്ടായി ഉണ്ടായിരുന്നത്. വീണെന്നു പറയപ്പെടുന്ന ഇടത്തും താഴെയുമായി അവര്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. ഓട്ടോയിലിരുന്ന സംഗീത് എവിടെ പോയി എന്ന് യാതൊരു രൂപവുമില്ല.

അത്ര നേരം വരെ ഓട്ടോയിലുണ്ടായിരുന്ന മനുഷ്യന്‍ എവിടെപ്പോയി എന്നായി ചിന്ത, സംഗീതിനെ ഉറക്കെ വിളിച്ചു നോക്കി, പ്രതികരണമൊന്നുമുണ്ടായില്ല. കുറച്ചു മാറി ഒരു തട്ടുകടയുണ്ടായിരുന്നു. അവിടേയും ചെന്ന് അന്വേഷിച്ചു. നിരാശയായിരുന്നു ഫലം. തോട്ടിലിറങ്ങി കുറച്ചു ദൂരം താഴേക്കു പോയി നോക്കി. അവിടെയൊന്നും കാണാതെ വന്നതോടെ വീണ്ടും വെപ്രാളമായി. അപ്പോഴേക്കും തെരച്ചിലിനു കുറച്ചു നാട്ടുകാരും കൂടിയിരുന്നു. കടയുടെ നേരെ എതിര്‍വശത്തെ വീട്ടിലുള്ള സജിയാണ് പോലീസില്‍ വിവരമറിയിച്ചത്. ഞൊടിയിടയില്‍ തന്നെ പോലീസെത്തി, തിരച്ചിലാരംഭിച്ചു. സഹായത്തിനായി ഫയര്‍ ഫോഴ്സിനെയും വിളിച്ചിരുന്നു. കൂടാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംഗീതിനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു.

രണ്ടുദിവസമായി നിറുത്താതെ പെയ്ത മഴയില്‍, തോട്ടില്‍ വെള്ളം പൊങ്ങിയിരുന്നു. തലയിടിച്ചാവാം സംഗീത് തോട്ടിലേക്കു വീണിട്ടുണ്ടാവുക. അതോടെ ബോധം പോയിട്ടുണ്ടാവണം. കാണാതായി 17 ദിവസങ്ങള്‍ക്കു ശേഷം ഏകദേശം 25 കിലോമീറ്റര്‍ അകലെ ആറന്മുള സത്രക്കടവില്‍ നിന്നാണ് സംഗീതിന്റെ മൃതശരീരം കിട്ടുന്നത്. അമിത വേഗത്തില്‍, അപകടകരമായ രീതിയില്‍ ഓട്ടോ സ്റ്റാര്‍ട്ടു ചെയ്തു മുന്നോട്ടു കൊണ്ടുപോയതില്‍ ഒരുപക്ഷേ, പ്രദീപ് ദേഷ്യപ്പെട്ടിരിക്കാം. സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ സമയമെടുത്തതില്‍ സംഗീതും അക്ഷമനായിരുന്നിരിക്കണം. എന്തായാലും രണ്ടുപേരും അന്ന് അമിതമായി മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാരായ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മദ്യലഹരിയില്‍ കലുങ്കില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി തോട്ടിലേക്കു വീണതുമാകാം.


ഒക്ടോബര്‍ ഒന്നാം തീയതി ഞായറാഴ്ചയായിരുന്നു, ഡ്രൈ ഡേയും. എന്നിട്ടു പോലും പ്രദീപും സംഗീതും നന്നായി മദ്യപിച്ചിരുന്നുവെന്ന് അപകടത്തിനു മുന്‍പ് അവരെ കണ്ടവര്‍ പറയുന്നുണ്ട്. അമിതമായി മദ്യപിച്ച ഒരാള്‍ക്ക് ചുവടുറപ്പിച്ചു നടക്കാനാവില്ല. കൂടാതെ എന്തിനോടെങ്കിലും ദേഷ്യമോ വിദ്വേഷമോ ഉണ്ടെങ്കില്‍ ശരീര ചലനങ്ങളും അത്തരത്തിലുള്ളതായിരിക്കും.

എന്തായാലും, സംഗീത് ഏറ്റവുമവസാനമെത്തിയത് എബ്രാഹാം മാത്യുവിന്റെ കടയിലായിരുന്നു. അമിത വേഗത്തില്‍ ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ മാത്രമാണ് പ്രദീപ് വന്നത് ഒറ്റയ്ക്കല്ലെന്ന് എബ്രഹാം മാത്യുവിനു മനസിലായത്. ആരാണ് അതെന്നു ചോദിച്ചപ്പോള്‍ കൂട്ടുകാരനാണ് എന്നായിരുന്നു പ്രദീപിന്റെ മറുപടി. അതിനാല്‍, പ്രദീപിന്റെ കൂടെ വന്നയാള്‍ ആരാണെന്നോ പേര് എന്താണെന്നോ എബ്രാഹാം മാത്യുവിന് അറിയില്ലായിരുന്നു.

സംഗീതിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരന്നതോടെ മാധ്യമങ്ങളുടെ പട തന്നെ വടശേരിക്കരയിലെത്തി. പ്രദീപും എബ്രാഹാം മാത്യുവും കുറ്റക്കാരാണെന്ന മട്ടിലായിരുന്നു പിന്നീടുള്ള ഇടപെടലുകള്‍. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും അത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. മഴ ഇല്ലാതിരുന്ന സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ആ സമയത്ത് തോട്ടില്‍ വെള്ളം വളരെ കുറവായിരുന്നു. അപ്പോഴുള്ള വെള്ളത്തിന്റെ അളവു വച്ച് എബ്രാഹാം മാത്യുവും പ്രദീപും പറയുന്നതു കള്ളമാണെന്നു പറഞ്ഞു പരത്തുകയായിരുന്നു.

സംഗീതിന്റെ മൃതശരീരത്തിന് 10 ദിവസം പോലും പഴക്കമില്ലെന്നും പല അവയവങ്ങളും കാണാനില്ലെന്നും പലരും പറഞ്ഞുപരത്തി. യാതൊരു അടിസ്ഥാനവുമില്ലാതെ, മൃതശരീരത്തെ അവഹേളിക്കുകയും നിന്ദിക്കുകയുമായിരുന്നു ചിലര്‍. മാത്രവുമല്ല, പ്രദീപിന്റെ ഭാര്യയുടെ പേരു പോലും അനാവശ്യമായി ഈ പ്രശ്‌നത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. യാതൊരു ആധികാരികതയുമില്ലാതെ, ഒരു ചെറുപ്പക്കാരനെ സ്വഭാവഹത്യ നടത്തി. മദ്യപിക്കുമെന്നല്ലാതെ, മറ്റു ദുശീലങ്ങളൊന്നും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു സംഗീത്. കേവലം 24 വയസ് മാത്രം പ്രായമുള്ള ആ ചെറുപ്പക്കാരനെയും പ്രദീപിന്റെ ഭാര്യയെയും ചേര്‍ത്തു പോലും കഥകളുണ്ടാക്കി.

എന്തായാലും ഒരു ചെറുപ്പക്കാരന്‍ മരിച്ചു. സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയുമെല്ലാം അടിസ്ഥാനത്തില്‍, ആ സംഭവത്തില്‍ പറയപ്പെട്ട ദുരൂഹതകള്‍ ഇല്ലതാനും. സംഗീതിന്റെ ഫോണ്‍ മിക്കവാറും സമയങ്ങളില്‍ പ്രദീപിന്റെ കൈയിലാണ് ഉണ്ടാകാറുള്ളത്. സംഗീതിനെ കാണാതായ ദിവസം, ഫോണിന്റെ ചാര്‍ജ്ജു തീര്‍ന്ന് സ്വിച്ച് ഓഫ് ആയതിനാല്‍, അതു ചാര്‍ജ്ജു ചെയ്യാന്‍ വച്ചിരുന്നു എന്ന് പ്രദീപ് പറയുന്നുണ്ട്. ആ നിമിഷം വരെ കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ എവിടെ പോയി എന്നറിയാതെ ആധിപിടിച്ച് അന്വേഷിക്കുന്നതിനിടയില്‍ ആ ഫോണിന്റെ കാര്യം ആ മനുഷ്യന്‍ മറന്നുപോയിട്ടുണ്ടാവാം.

എന്തായാലും മരിക്കും മുന്‍പ് ഒരു വ്യക്തിയെ കണ്ടിരുന്നു എന്ന കാരണത്താല്‍ നിരപരാധിയായ ഒരു മനുഷ്യനെ ക്രൂശിക്കുകയും അപഖ്യാതി പരത്തുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.


Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#SangeethSaji #Vadasserikkara #NysteriousDeathofSangeeth

Leave a Reply

Your email address will not be published. Required fields are marked *