Jess Varkey Thuruthel
ഓരോ മാധ്യമങ്ങളെയും പേരെടുത്തു പറഞ്ഞ്, ഓരോരുത്തര്‍ക്കും ചെസ് നമ്പര്‍ നല്‍കിക്കൊണ്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ നടത്തുന്ന ഈ കൊലവിളി നിയമ വാഴ്ചയുള്ള ഒരു രാജ്യത്ത് അനുവദനീയമാണോ? നിയമ ബോധം മരിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ നാട്ടില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണം. തന്റെ അധികാരവും പണവും സ്വാധീനവുമെല്ലാമുപയോഗിച്ച്, തനിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദനാക്കുകയാണ് ഒരു എം എല്‍ എ! ഈ കൊലവിളിയെല്ലാം കേട്ട് ആസ്വദിച്ചിരിക്കുകയാണ് നാടു ഭരിക്കുന്ന മുഖ്യമന്ത്രി!! എന്നിട്ടും നമ്മള്‍ പറയുന്നു, ഈ നാട്ടില്‍ ഒരു നിയമ വ്യവസ്ഥയുണ്ടെന്ന്! ശരിയാണ്. നിയമ വ്യവസ്ഥയുണ്ട്, അതു പക്ഷേ, നിസ്സഹായ മനുഷ്യരുടെ രക്ഷയ്ക്കുള്ളതല്ല, മറിച്ച് അധികാരവും പണവും സ്വാധീനവുമുള്ളവന്റെ ആജ്ഞാനുവര്‍ത്തി മാത്രം.
പി വി അന്‍വറിന്റെ അനധികൃത സമ്പാദ്യം തിരിച്ചു പിടിച്ചില്ലെങ്കിലെന്ത് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിന്നാലെ നടന്നു വേട്ടയാടാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നുണ്ടല്ലോ. 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പു കേസില്‍ പി വി അന്‍വര്‍ പ്രഥമ ദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന്റെ ഇടക്കാല അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. എന്നിട്ടും അന്‍വറിനെതിരെയുള്ള നടപടികളില്‍ മെല്ലെപ്പോക്കാണ്. ആദായ വകുപ്പിന് നല്‍കിയ രേഖകളില്‍ വരുമാനമില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്ന അന്‍വറിന് 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി തെരഞ്ഞെടുപ്പു നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇ ഡിയ്ക്കും ആദായ വകുപ്പിനും വിവരാവകാശ പ്രവര്‍ത്തകനായ കെ വി ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുന്നത്തുനാട് എം എല്‍ എ ശ്രീനിജന്റെ പരാതിയില്‍ ഇപ്പോള്‍ ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശ്രീനിജനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചെസ് നമ്പര്‍ 1, 2, 3, 4 എന്നിങ്ങനെ പേരു നല്‍കി തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന ഓരോ മാധ്യമങ്ങള്‍ക്കെതിരെയും കൊലവിളി നടത്തുന്ന പി വി അന്‍വറിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും പിണറായി സര്‍ക്കാരിനു സമയമില്ല. തങ്ങളുടെ അഴിമതിക്കഥകള്‍ നിരന്തരം വിളിച്ചു പറയുന്ന ഷാജന്‍ സ്‌കറിയയെ ഒതുക്കുക എന്നത് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഇടതുപക്ഷത്തിന്റെയും പല രാഷ്ട്രീയക്കാരുടെയും വ്യവസായ പ്രമുഖരുടെയും ആവശ്യമാണ്.
തെറ്റു ചെയ്തവരുടെ പേരു പോലും പറയാന്‍ പാരമ്പര്യമുള്ള മാധ്യമങ്ങള്‍ പോലും മടിച്ചു നില്‍ക്കുമ്പോള്‍ സധൈര്യം ആ വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവന്ന മറുനാടന്‍ മലയാളിയെയും അതിന്റെ സാരഥിയായ ഷാജന്‍ സ്‌കറിയയെയും അടിച്ചമര്‍ത്തേണ്ടത് ഫാസിസ്റ്റ് ശക്തികളുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന ശ്രീനിജിനെതിരെ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അധിക്ഷേപമാണോ കൊലവിളിയാണോ ഗ്രാവിറ്റി കൂടിയ കൃത്യമെന്ന് പോലും വിലയിരുത്താന്‍ സര്‍ക്കാരിന് അറിവില്ലാതെ പോയോ? തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളുടെയെല്ലാം വായടപ്പിച്ചാല്‍ അഴിമതികള്‍ യഥേഷ്ടം നടത്താമെന്ന് സര്‍ക്കാരിനറിയാം. മുഖ്യധാരാ മാധ്യമങ്ങള്‍ നിയമ നടപടികള്‍ നേരിടുമ്പോള്‍, പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാത്ത മാധ്യമങ്ങള്‍ വായടച്ചു മിണ്ടാതിരിക്കുമല്ലോ.
നീണ്ട അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടം വേണ്ടി വന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിച്ചുനീക്കുന്നതിനായി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി റോപ് വേ കെട്ടിയിരുന്നു. ഇത് രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, തന്റെ സ്വാധീനം ഉപയോഗിച്ച് ഈ നിയമ നടപടികള്‍ക്കു തടയിടുകയാണ് പി വി അന്‍വര്‍ ചെയ്തിരുന്നത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വേ പൊളിക്കുന്നത്.
നേരത്തെ രണ്ട് തവണ റോപ് വേ പൊളിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ് വേ പൊളിക്കാന്‍ പഞ്ചായത്ത് തയ്യാറായത്. റോപ് വേ പൊളിക്കാന്‍ പല തവണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അബ്ദുല്‍ലത്തീഫ് തയ്യാറായിരുന്നില്ല. ഓംബുഡ്സ്മാന്‍ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം തേടി അബ്ദുല്‍ലത്തീഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ നേരത്തെ മലപ്പുറം കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടയണയും റോപ്വേയും ഉള്‍പ്പെടുന്ന സ്ഥലം എം.എല്‍.എ ഭാര്യാ പിതാവിന്റെ പേരിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യാപിതാവ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്ന് റസ്റ്റോറന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. റോപ്വെ പണിയാന്‍ സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2018ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കോഴിക്കോട് കലക്ടര്‍ അടച്ചുപൂട്ടിയ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വേയും പൊളിക്കുന്നത് എം.എല്‍.എക്ക് കനത്ത തിരിച്ചടിയായി.
കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലിനും മരണങ്ങള്‍ക്കും കാരണമായ അനധികൃത നിര്‍മ്മാണം നടത്തിയ പി വി അന്‍വര്‍ വിശുദ്ധനാണ്. ഈ വാര്‍ത്ത വെളിച്ചത്തു കൊണ്ടുവന്ന മറുനാടനെതിരെ നിരന്തരമായ ആക്രമണമാണ് പി വി അന്‍വര്‍ നടത്തിക്കൊണ്ടിരുന്നത്. കേരളത്തിന്റെ ഭരണം അവരുടെ കൈയിലാണ്. അധികാരവും നിയമ സംവിധാനങ്ങളും പണവും ഷാജനെതിരെ ആഞ്ഞടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിരവധിയായ നിയമ ലംഘകരുടെ പിന്തുണയും പി വി അന്‍വറിന് അനുകൂലമായിട്ടുണ്ട്. നിരന്തരം കള്ളക്കേസ് കൊടുത്ത് ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഒരു മനുഷ്യനെ നെട്ടോട്ടമോടിക്കുകയായിരുന്നു അന്‍വറും കൂട്ടരും.
അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നു കോടതിയും ക്രൈം ബ്രാഞ്ചും കണ്ടെത്തിയ പി വി അന്‍വറിനെതിരെ യാതൊരു നടപടിയുമില്ല. പക്ഷേ, ഇവരുടെ പേരു പറഞ്ഞ് വാര്‍ത്ത പ്രസിദ്ധീകരിച്ച ഷാജന്‍ സ്‌കറിയ പിടികിട്ടാപ്പുള്ളിയാണ്. ഷാജനെ പിന്തുണച്ച മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെതിരെയും കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നു ഒരു എം എല്‍ എ! ബലേ ഭേഷ്! വിപ്ലവം ജയിക്കേണ്ടത് ഇങ്ങനെ തന്നെയാണ്!!
ഇവിടെ വമ്പന്മാരും അധികാരമുള്ളവരും നടത്തുന്ന കുറ്റകൃത്യങ്ങളൊന്നും ശിക്ഷാര്‍ഹങ്ങളല്ല. നിയമങ്ങളും ശിക്ഷകളുമെല്ലാം പാവപ്പെട്ട, അധികാരമോ പണമോ സ്വാധീനമോ ഇല്ലാത്ത മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്. കൊടിവച്ച കാറില്‍ പോകുന്ന വമ്പന്മാരെ എ ഐ ക്യാമറ പോലും ഒഴിവാക്കുന്നു. ഈ നിയമങ്ങളെല്ലാം ഇവിടെയുള്ള സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാണെന്ന് വിളിച്ചു പറയുകയാണിവര്‍. വഞ്ചിച്ചോ പിടിച്ചു പറിച്ചോ തട്ടിച്ചെടുത്തോ കൊന്നോ വ്യഭിചരിച്ചോ പണവും അധികാരവും നേടിയെടുത്താല്‍ മാത്രം മതിയാകും. ഈ നാട്ടിലെ നിയമസംവിധാനങ്ങള്‍ക്കും മേലെയാണ് പിന്നെ അവരുടെ സ്ഥാനം. ഇതാണോ മഹത്തായ ജനാധിപത്യം? ഇതാണോ ഇടതു സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന തുല്യനീതി?