അങ്ങനെയൊരു മരണസര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ നല്‍കിയിട്ടില്ല: ധര്‍മ്മഗിരി ആശുപത്രി

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

‘മെഡിക്കോ ലീഗല്‍ കേസുകളുമായി എത്തുന്ന, രക്ഷപ്പെടാന്‍ സാധ്യത തീരെക്കുറവുള്ള സീരിയസ് ആയ രോഗികളെ ഞങ്ങളിവിടെ അഡ്മിറ്റു ചെയ്യുകയോ ചികിത്സ നല്‍കുകയോ ചെയ്യാറില്ല. ഇനി അഥവാ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, രോഗിയുടെ ആന്തരീകാവയങ്ങള്‍ പരിശോധിച്ച ശേഷമാണ് മരിച്ചെന്നു സര്‍ട്ടിഫൈ ചെയ്യുന്നത്. മരിക്കാതെ എങ്ങനെയാണ് ഞങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. രോഗി മരിച്ചതായി സ്ഥിരീകരിച്ചാല്‍ത്തന്നെ, ആ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും മരിച്ച വ്യക്തിയുടെ ഉറ്റവര്‍ക്കോ കൂടെയുള്ളവര്‍ക്കോ കൊടുക്കില്ല. അതു കൊടുക്കുന്നത് മുനിസിപ്പാലിറ്റിക്കാണ്. മെഡിക്കോ ലീഗല്‍ കേസ് ആയതിനാല്‍ ഒരു കോപ്പി പോലീസിനും നല്‍കും. അതിനാല്‍ ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമാണ്,’ ധര്‍മ്മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി പറഞ്ഞു.

‘ഇവിടെ, അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ തക്ക അത്യാധുനിക സൗകര്യങ്ങള്‍ കുറവാണ്. അതിനാല്‍, ഞങ്ങളുടെ കൈപ്പിടിയില്‍ നില്‍ക്കില്ലെന്നു കണ്ടാല്‍ ഇവിടെ അഡ്മിറ്റ് ചെയ്യുക പോലുമില്ല. രക്ഷപ്പെടുത്താന്‍ ഞങ്ങള്‍ക്കു പറ്റില്ലെന്നും വേറെ എവിടെയെങ്കിലും കൊണ്ടുപോയ്‌ക്കൊള്ളാനും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാവും. ബോധമില്ലാത്ത ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഉത്തരവാദികള്‍ ആകുന്നത് എങ്ങനെയാണ്…?? പറയുന്ന സാക്ഷ്യത്തിന് ഒരു ബലം കിട്ടാന്‍ ഞങ്ങളുടെ ആശുപത്രിയുടെ പേര് ഈ സ്ത്രീ മനപ്പൂര്‍വ്വം പറഞ്ഞതല്ലെന്ന് പറയാനും കഴിയില്ലല്ലോ…?? ഇതുമായി ബന്ധപ്പെട്ട എന്തു ചോദ്യത്തിനും മറുപടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. കൃത്യമായ രേഖകളോടെയാണ് ഓരോ രോഗിയെയും ചികിത്സിക്കുന്നത്. അതിനാല്‍, ഞങ്ങളുടെ ഭാഗത്തു തെറ്റില്ലെന്നു തെളിയിക്കാന്‍ ഞങ്ങള്‍ക്കാവും,’ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റില്‍ കോതമംഗലം ധര്‍മ്മഗിരിയിലെ ഡോക്ടര്‍ ഒപ്പിട്ടുവെന്നും പിന്നീട് ഭര്‍ത്താവിനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും കൃപാസനം മാതാവിന്റെ അത്ഭുത ശക്തിയാല്‍ മൂന്നാം ദിവസം ആ മനുഷ്യന് ജീവന്‍ വച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

‘നിങ്ങളിന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സാക്ഷ്യമാണ് ഞാന്‍ പറയാന്‍ പോകുന്നത്’ എന്ന മുഖവുരയോടെയാണ് ആ സ്ത്രീ തന്റെ സാക്ഷ്യം ആരംഭിക്കുന്നത്. ആ സ്ത്രീയുടെ ഭര്‍ത്താവ് കടുത്ത മദ്യപാനിയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനായി അയാള്‍ വിഷം കഴിച്ചു, എല്ലാവരും ചേര്‍ന്ന് അയാളെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം വഷളായി, രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അങ്ങനെ അയാളുടെ മരണസര്‍ട്ടിഫിക്കറ്റില്‍ ഡോക്ടര്‍മാര്‍ ഒപ്പിട്ടു. അയാളെ അടക്കം ചെയ്യാനുള്ള നടപടികള്‍ പള്ളിയില്‍ ആരംഭിച്ചു. എന്നാല്‍, പ്രതീക്ഷ നഷ്ടപ്പെടാത്ത ആ സ്ത്രീ ഭര്‍ത്താവിനെ കോലഞ്ചേരി ആശുപത്രിയില്‍ കൊണ്ടുപോയി. വെറുതെ മരുന്നു കൊടുക്കാമെന്നല്ലാതെ വേറെ ഒരു പ്രയോജനവുമില്ലെന്ന് കോലഞ്ചേരി ആശുപത്രി അധികൃതരും വ്യക്തമാക്കി. എന്നാല്‍, കൃപാസനം മാതാവില്‍ വിശ്വാസമര്‍പ്പിച്ച് ആ സ്ത്രീ പ്രാര്‍ത്ഥിച്ചു. തന്റെ ഭര്‍ത്താവ് എഴുന്നേറ്റു വന്നാല്‍ അടുത്ത പത്തുവര്‍ഷം മാതാവിന്റെ അടുത്ത് ഈ മകനെ കൊണ്ടുവന്നുകൊള്ളാമെന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു. കൃപാസനത്തിന്റെ കാശുരൂപം ഒരു കൊന്തയില്‍ ഇട്ട് അവര്‍ അയാളുടെ തലയുടെ അടിയില്‍ വച്ചു. വിശ്വാസ പ്രമാണവും സ്വര്‍ഗസ്ഥനായ പിതാവും ചൊല്ലി. മൂന്നാം ദിവസം മരുന്നിനോടു പ്രതികരിച്ചു തുടങ്ങി. ദൈവം വന്നു തൊട്ടുസുഖപ്പെടുത്തിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ 6-ാം ദിവസം അവരുടെ ഭര്‍ത്താവ് സംസാരിക്കാന്‍ തുടങ്ങി, 13-ാം ദിവസം ഡിസ്ചാര്‍ജ്ജ് ആയി. ഇതാണ് ആ സ്ത്രീ പറഞ്ഞ സാക്ഷ്യം.

നഷ്ടപ്പെട്ടു എന്നു കരുതിയ സ്വന്തം ഭര്‍ത്താവിനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍, ആ വികാരത്തള്ളിച്ചയില്‍ മരണസര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടു എന്ന് അറിയാതെ അവര്‍ പറഞ്ഞുവെന്നാണ് ധര്‍മ്മഗിരി ആശുപത്രിയുടെ വിശദീകരണം. മരണം സ്ഥിരീകരിച്ച ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സിക്കാന്‍ മാത്രം വിഢികളാണോ കോലഞ്ചേരി ആശുപത്രിയില്‍ ഉള്ളതെന്നും അവര്‍ ചോദിക്കുന്നു.

ഇവര്‍ പറയുന്നത് സത്യമല്ല എന്ന് ആര്‍ക്കും മനസിലാകുന്ന കാര്യമാണെന്നും ധര്‍മ്മഗിരി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. മരണാസന്നരായി, ഇനി ജീവിതത്തിലേക്കു മടങ്ങി വരില്ലെന്നു കരുതിയ ആള്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയില്‍ പറഞ്ഞതാണത്രെ!



വിശ്വാസികളും ഇത്തരം അത്ഭുത സാക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരും വിഢികളല്ല, മറിച്ച് അതിബുദ്ധിമാന്മാരാണ്. ഈ വീഡിയോയുടെ ആരംഭത്തിലവര്‍ പറയുന്നുണ്ട്, നിങ്ങളാരും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു സാക്ഷ്യമാണ് താന്‍ പറയാന്‍ പോകുന്നതെന്ന്. രക്ഷപ്പെടില്ലെന്നു കരുതിയ പലരും ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുണ്ട്. അത് ആരും കേള്‍ക്കാത്തതല്ല. വര്‍ഷങ്ങളോളം കോമയില്‍ കിടന്ന ശേഷം രക്ഷപ്പെട്ട നിരവധി ചരിത്രങ്ങളുമുണ്ട്. അതിനാല്‍, ഇത്തരത്തില്‍ ഒരു സാക്ഷ്യം പറഞ്ഞാല്‍ അതില്‍ ഒരു പഞ്ചില്ലെന്ന് അതു പറയുന്നവര്‍ക്കുമറിയാം. അതേസമയം, മരിച്ചയാള്‍ മൂന്നാം ദിവസം ജീവന്‍ വച്ചു വന്നു എന്നു പറഞ്ഞാല്‍ അതൊരു മഹാത്ഭുതമാണ്. യേശുക്രിസ്തുവിനു ശേഷം സംഭവിക്കുന്ന മഹാത്ഭുതം. അതു വിശ്വസിക്കാനും കൃപാസനത്തിന്റെ അത്ഭുതസിദ്ധിയെ പ്രകീര്‍ത്തിക്കാനും ഇവിടെ ധാരാളമാളുകളുണ്ട്.

മരിച്ചു പോയ ഒരാള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിവുള്ളവനാണ് ദൈവമെങ്കില്‍, മദ്യപാനിയായി, കുടുംബത്തിനു ഭാരമായി, ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ച ഒരുവനെ ജീവിപ്പിക്കുന്നതിനു പകരം ഈ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള അനേകമനുഷ്യരില്‍ ആരെയെങ്കിലും ജീവിപ്പിച്ചു കൂടായിരുന്നോ…?? അതിന് വിശ്വാസികള്‍ക്ക് ഒരുത്തരമുണ്ട്, തങ്ങള്‍ നിലവിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു എന്ന്. അപ്പോള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ എന്തു തെറ്റും പൊറുത്ത്, ജീവന്‍ നല്‍കുന്നവനാണ് ദൈവമെങ്കില്‍ അതെന്തൊരു ഗതികെട്ട ദൈവമാണത്…….?? ഈ ദൈവമോ നീതിമാന്‍…?? കൃപാസനത്തില്‍ മാത്രം കാണപ്പെടുന്ന ദൈവമെങ്ങനെയാണ് സര്‍വ്വവ്യാപിയാകുന്നത്….??

നന്മ ചെയ്യുന്ന, വലം കൈ നല്‍കുന്നത് ഇടംകൈ അറിയാതെ ഈ ലോകത്തിന്റെ ഉപ്പായി ജീവിക്കുന്ന നിരവധി മനുഷ്യരെ കാണാത്ത ദൈവം, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാത്ത ദൈവം, പ്രാര്‍ത്ഥിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മദ്യപാനിയായ ഒരുവനെ ജീവിപ്പിച്ചുവത്രെ….!! ഈ അത്ഭുത സാക്ഷ്യങ്ങളൊന്നും കേവലം വിഢിത്തരങ്ങളല്ല, മറിച്ച്, അതിബുദ്ധികേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. വിശ്വാസം മാത്രം മതിയാകും ഇവിടെ കോടികള്‍ സമ്പാദിക്കാന്‍. അതിന് ഇറങ്ങിത്തിരിച്ച ഇത്തരം കള്ളനാണയങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്.

ഇനി കോതമംഗലം പോലീസിന് ഇതിനെക്കുറിച്ചു പറയാനുള്ളതു കൂടി കേള്‍ക്കുക. ‘ഞങ്ങള്‍ക്കു പിടിപ്പതു പണിയുണ്ട്. നേരം പുലരുമ്പോള്‍ തുടരുന്ന ഡ്യൂട്ടി. ഒരു വിശ്രമിക്കാന്‍ പോലും സമയമില്ല. അതിനിടയില്‍ ഇത്തരം വിഢിത്തം പുലമ്പുന്നവരുടെ പിന്നാലെ കൂടി പോകാന്‍ കഴിയില്ല. കേട്ടാലറിഞ്ഞുകൂടെ ഇവര്‍ പറയുന്നതു പച്ചക്കള്ളമാണെന്ന്. അവരെന്തെങ്കിലും ഭ്രാന്തു പറയട്ടെ, അല്ലാതെന്തു ചെയ്യും….??’

ഇലന്തൂരിലെ മനുഷ്യക്കുരുതികളൊന്നും വെറുതെ ഉണ്ടാകുന്നതല്ല. ഇത്തരം വിശ്വാസങ്ങള്‍ മനസിനുള്ളിലേക്ക് കുത്തിവച്ചു കുത്തിവച്ച് ഒടുവില്‍ ചെന്നെത്തുന്ന ക്രൂരതകളാണത്. മനുഷ്യരെ ക്രൂരമായി കൊന്നുതള്ളിയാല്‍ ഐശ്വര്യം വരുമെന്നു വിശ്വസിക്കാന്‍ ഇവിടെ ആളുകളുണ്ടായി. ഇപ്പോഴും പുറംലോകമറിയാതെ എത്രയോ കുറ്റകൃത്യങ്ങള്‍ വിശ്വാസത്തിന്റെ പേരിലിവിടെ നടക്കുന്നു…!

മതമൊരു ബിസിനസാണ്. കാല്‍ക്കാശിന്റെ പോലും ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമില്ലാത്ത, കിട്ടുന്നതെല്ലാം ലാഭകരമായ, നല്ലൊരു ബിസിനസ്. മദ്യം വില്‍ക്കുന്നതിനെക്കാളും മയക്കുമരുന്നു വില്‍ക്കുന്നതിനെക്കാളും ലാഭകരമായ ബിസിനസ്. ഈ കച്ചവടത്തിന്റെ ടെക്‌നിക്ക് പിടികിട്ടിയവര്‍ തങ്ങള്‍ക്കു കഴിയുന്ന തരത്തിലെല്ലാം ബിസിനസ് കൊഴുപ്പിക്കും. അതുതന്നെയാണിവിടെ സംഭവിക്കുന്നതും.


Leave a Reply

Your email address will not be published. Required fields are marked *