Jess Varkey Thuruthel & D P Skariah
പിന്നാമ്പുറം കാണിച്ച ഭരണപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉമ്മറം കാണിച്ചു തകര്‍ക്കുകയാണ് പ്രതിപക്ഷം. ആരൊക്കെ എന്തൊക്കെ പൊക്കിക്കാണിച്ചാലും ഭരിക്കുന്ന പാര്‍ട്ടിക്കോ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനോ ഇവരുടെ പാര്‍ട്ടിയിലുള്ള ഒരാള്‍ക്കു പോലുമോ യാതൊന്നും സംഭവിക്കില്ലെന്ന് ഇവര്‍ക്കു ലഭിക്കുന്ന ശിക്ഷകള്‍ കൊണ്ടു വ്യക്തം. നിയമത്തിന് ഇവരുടെയൊന്നും രോമത്തില്‍ തൊടാന്‍ പോലും കഴിയില്ല, എന്നുമാത്രമല്ല, തൊടുകയുമില്ല.
കിലുക്കം സിനിമയില്‍ രേവതിയുടെ കഥാപാത്രത്തിന്റെ വിവരണം പോലെയാണ് ഇന്നു കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഒരു തെരഞ്ഞെടുപ്പു നടന്നു കഴിഞ്ഞ്, ഭരണപക്ഷമായും പ്രതിപക്ഷമായും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ സ്വയമേറ്റ ശേഷം പിന്നീട് ഈ ജനപ്രതിനിധികളില്‍ നിന്നും മന്ത്രിമാരില്‍ നിന്നുമെല്ലാമുണ്ടാകേണ്ടത് കേരളത്തിലെ ജനങ്ങളുടെ നന്മയെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. പക്ഷേ, ഇവിടെയുള്ള ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ നോക്കിനില്‍ക്കുന്ന മൂന്നാം പാര്‍ട്ടിക്കോ ഇതിലൊന്നും യാതൊരു താല്പര്യങ്ങളുമില്ല.
പിണറായി സംരക്ഷകരും എതിരാളികളും തമ്മിലുള്ള നാണംകെട്ട കളികള്‍ മാത്രമാണിന്നു കേരളത്തില്‍ നടക്കുന്നത്. ഓരോരോ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് എങ്ങനെയും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുന്ന ഭരണപക്ഷത്തിന് ശക്തമായ പിന്തുണ തന്നെയാണ് പ്രതിപക്ഷവും നല്‍കുന്നത്. കാരണം, ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള താല്‍പര്യങ്ങളൊന്നും ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഇല്ല. എത്ര നിയമ ലംഘനങ്ങള്‍ നടത്തിയാലും തങ്ങളെ ആരും ഒരു ചുക്കും ചെയ്യില്ല എന്ന് നന്നായി അറിഞ്ഞു കളിക്കുക തന്നെയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും.
ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ നിയമങ്ങളറിയാത്ത കോണ്‍ഗ്രസുകാര്‍
ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തില്‍ പ്രതിഷേധിക്കാനായി പ്രത്യേക ഇടങ്ങളുണ്ടോ എന്നാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസുകാരുടെ അവകാശ വാദം. ജനങ്ങള്‍ക്ക് അവകാശങ്ങള്‍ മാത്രമല്ല, ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ടെന്ന കാര്യം കോണ്‍ഗ്രസിന് അറിയില്ലായിരിക്കും.
ഇന്ത്യന്‍ ഏവിയേഷന്‍ കുറ്റകൃത്യങ്ങള്‍ മൂന്നു തരം
വാക്കാലുള്ള ആക്രമണം: ആംഗ്യങ്ങള്‍കൊണ്ടോ വാക്കുകള്‍കൊണ്ടോ ഒരു വ്യക്തിയെ അധിക്ഷേപിച്ചാല്‍ മൂന്ന് മാസം വരെ യാത്രാ വിലക്ക് ലഭിക്കാം.
ശാരീരിക ആക്രമണം: തള്ളിയിടുക, ചവിട്ടുക, അടിക്കുക, അനുചിതമായി സ്പര്‍ശിക്കുക, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വിമാനത്തില്‍ വെച്ചു നടത്തിയാല്‍ മാസങ്ങളോളം യാത്രാ വിലക്ക് ലഭിക്കും.
ജീവന്‍ അപകടപ്പെടുത്തുന്ന പെരുമാറ്റം: ഏറ്റവും ഗുരുതരമായി കരുതുന്ന കുറ്റകൃത്യം ഇതാണ്. ശ്വാസംമുട്ടിക്കുക, കൊലപാതക ശ്രമം, വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് കേട് വരുത്തല്‍, ക്രൂ അംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെയോ ജീവിതാന്ത്യം വരെയോ വിലക്ക് ലഭിക്കാം.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937), പാര്‍ട്ട്-3, ചട്ടം 23 (എ) പ്രകാരം, ‘വിമാനത്തില്‍, ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. അത് ശാരീരികമായാലും വാക്കുകള്‍ കൊണ്ടായാലും ശിക്ഷാര്‍ഹമാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ നിയമം 1937 പ്രകാരമാണിത്. ഈ നിയമം 2018 ല്‍ പരിഷ്‌ക്കരിച്ചിരുന്നു.
സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരില്‍ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ മറ്റൊരു ചട്ടവും ഇറക്കിയിരുന്നു. അതനുസരിച്ച്, മേല്‍പ്പറഞ്ഞ മട്ടില്‍, വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയില്‍ നിന്നു വിലക്കാം. കൂടാതെ, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം. ഈ ഉപദ്രവത്തില്‍, പിടിച്ചു തള്ളുന്നതും (പുഷ്) ഉള്‍പ്പെടും.
ഇതിന്റെ പച്ചയായ അര്‍ത്ഥം ഇതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത് തെണ്ടിത്തരം. പിടിച്ചു തള്ളിയ ജയരാജന്‍ ചെയ്തത് അതിലും വലിയ തെണ്ടിത്തരം. ഇത്രയും വലിയ നിയമലംഘനങ്ങള്‍ നടത്തിയതിന് ശബരിനാഥിനു കിട്ടിയത് രണ്ടാഴ്ചത്തെ യാത്ര വിലക്കും ജയരാജനും കിട്ടിയത് മൂന്നാഴ്ചത്തെ യാത്രാ വിലക്കും. തന്നെ വിലക്കിയ വിമാനക്കമ്പനിയുടെ ബസുകള്‍ പിടിച്ചെടുത്ത് സ്വന്തം ഊച്ചാളിത്തരം കാണിക്കാന്‍ ജയരാജന്‍ സഖാവിനു യാതൊരു മടിയുമുണ്ടായില്ല. എത്ര നിയമ ലംഘനങ്ങള്‍ നടത്തിയാലും തങ്ങള്‍ക്കെതിരെ ഇത്രയൊക്കെയേ ഉണ്ടാകൂ എന്ന് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അണികള്‍ക്കും നന്നായി അറിയാം. ആരെയൊക്കെ കൊന്നു തള്ളിയാലും അതെല്ലാം വെറും രാഷ്ട്രീയ കൊലപാതകങ്ങളായി മാറ്റിയെഴുതപ്പെടും. നേതാക്കള്‍ ഞെളിഞ്ഞു നടക്കും. അണികള്‍ ജയിലറകളില്‍ വിലസും.
ഭരണ പ്രതിപക്ഷത്തിന്റെ നാണംകെട്ട രാഷ്ട്രീയ കളികള്‍
കിഫ്ബിയില്‍ നിന്നും കടമെടുത്തു ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള ചങ്കുറപ്പുണ്ടായിക്കൊള്ളണമെന്നില്ല. ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കുന്നത്ര എളുപ്പമാകില്ല കേരളത്തിന്റെ ഖജനാവിന്റെ യഥാര്‍ത്ഥ സ്ഥിതി ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍, കുറച്ച് എരിയും മസാലയുമെല്ലാം ചേര്‍ത്ത് സരിത സ്വപ്‌നമാരുടെ ഉത്തരീയവും താങ്ങി പൊതുശൗചാലയത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എം എം മണിയെപ്പോലുള്ളവരുടെ തിരുവായ് തുറന്നുവച്ച് പിന്നാമ്പുറ ഉമ്മറക്കാഴ്ചകള്‍ കണ്ടു രസിക്കുന്നിടത്തോളം ആനന്ദം മറ്റെന്താണ് ഈ ഭരണ പ്രതിപക്ഷങ്ങള്‍ക്കുള്ളത്…
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തേണ്ട എം പി, എം എല്‍ എ ഫണ്ടുകള്‍ യഥാവിധി ഉപയോഗപ്പെടുത്താതെ, ഏതെങ്കിലുമൊരു വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിച്ച് ലക്ഷങ്ങളുടെ കണക്കുകളെഴുതിവയ്ക്കുന്നതില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒട്ടും പിന്നിലല്ല. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റി കൊടുക്കാന്‍ തയ്യാറാകാത്ത ഭരണവും പ്രശ്‌നങ്ങളെന്തെന്ന് മനസിലാക്കാന്‍ പോലും കഴിയാത്ത പ്രതിപക്ഷവുമാണ് നമുക്കുള്ളത്.
നിങ്ങള്‍ വിധവയായ മഹതിയെന്നു വിളിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ ചിമ്പാന്‍സിയെന്നു വിളിക്കുമെന്നും അതിന് ഞങ്ങളെയല്ല, സൃഷ്ടാവിനെയാണ് തെറ്റുപറയേണ്ടത് എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവു പറയുമ്പോള്‍ ജനങ്ങളുടെ നേതാവാകാന്‍ അയാള്‍ക്ക് യാതൊരു യോഗ്യതയുമില്ല എന്നയാള്‍ വിളിച്ചു പറയുകയാണ് ചെയ്യുന്നത്.
ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ അവയ്ക്ക് പരിഹാരം കാണാനോ കഴിയില്ലെങ്കില്‍ കഷ്ടപ്പെട്ട് നിങ്ങളാ സ്ഥാനത്ത് ഇരിക്കണമെന്ന് ജനങ്ങള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. ടി പിയുടെ വിധവയായി കണ്ണീരൊഴുക്കാനല്ല ജനങ്ങള്‍ കെ കെ രമയെ വിജയിപ്പിച്ചത്. ദുര്‍ഗന്ധം വമിക്കുന്ന വായ് തുറക്കാനാണെങ്കില്‍ എം എം മണിയും ആ സ്ഥാനത്ത് ഇരിക്കേണ്ടതില്ല. നിങ്ങള്‍ ചെയ്ത തെറ്റു ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതികാരവുമായി ഇറങ്ങാനാണെങ്കില്‍ ഇ പി ജയരാജനെയും ജനങ്ങള്‍ക്ക് ആവശ്യമില്ല. വംശീയാധിക്ഷേപത്തില്‍ പുളകിത ഗാത്രനാകുന്ന സുധാകരനും ഇനി നില്‍ക്കേണ്ടതില്ല. എം ബി എ ബിരുദധാരിയായ. ടാറ്റ ഗ്രൂപ്പ് മുംബൈയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള എസ് ശബരിനാഥന്‍ എം എല്‍ എയ്ക്ക് സ്വന്തം നിയോജക മണ്ഡലമായ അരുവിക്കരയുടെ വികസനത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ…??
ഏതെങ്കിലുമൊരു പെണ്ണ ഉടുതുണി പൊന്തിക്കുന്നതും കാത്ത് ആര്‍ത്തിക്കണ്ണുകളുമായി കാത്തിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ സരിത സ്വപ്‌നമാര്‍ ധാരാളമുണ്ടാകും. പക്ഷേ, ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന കേരളത്തിലെ സാധാരണ മനുഷ്യരെ അതിനു കിട്ടില്ല.