Jess Varkey Thuruthel
റഷ്യ-ഉക്രൈന്‍ യുദ്ധകാലത്ത് ഏകദേശം 18,000 വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഉക്രൈന്‍ എന്ന രാജ്യത്തു മാത്രം പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണമാണിത്. ഇതുപോലെ തന്നെ, യു കെ, യു എസ് എ, കാനഡ, ജെര്‍മ്മനി, ഫ്രാന്‍സ്, ചൈന, റഷ്യ, ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്‌സ്, കിര്‍ഗിസ്ഥാന്‍, കസക്കിസ്ഥാന്‍, ബംഗ്ലാദേശ്, ജോര്‍ജ്ജിയ, നേപ്പാള്‍, സ്വീഡന്‍, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, പോളണ്ട്, മള്‍ഡോവ, മാള്‍ട്ട, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മെഡിക്കല്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പോകുന്നുണ്ട്.
ഇന്ത്യയിലെ ഫീസിനെക്കാള്‍ താരതമ്യേന കുറഞ്ഞ ഫീസാണ് മെഡിക്കല്‍ പഠനത്തിനായി ഈ രാജ്യങ്ങളില്‍ ചെലവാകുന്നത് എന്ന ആകര്‍ഷണമാണ് വിദ്യാര്‍ത്ഥികളെ വിദേശ പഠനം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചൈന, കിര്‍ഗിസ്ഥാന്‍, കസക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഉക്രൈന്‍, ജോര്‍ജ്ജിയ എന്നീ രാജ്യങ്ങളിലാണ് പഠനച്ചെലവ് ഏറ്റവും കുറവ്. അതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങളാണ്. ഇവയില്‍ ഏറ്റവും പ്രസിദ്ധം ചൈനയിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ.
2023 ല്‍ നീറ്റ് പരീക്ഷ എഴുതിയത് 20,87,445 വിദ്യാര്‍ത്ഥികളായിരുന്നു (ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്). ഇവരില്‍ പരീക്ഷ പാസായവര്‍ 11,45,976 വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയിലെ 612 കോളജുകളിലായി 91,927 എം ബി ബി എസ് സീറ്റുകളാണ് ഉള്ളത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ 48012 സീറ്റുകളും സ്വകാര്യമേഖലയില്‍ 43915 കോളജുകളും. ഇന്ത്യയില്‍ എം ബി ബി എസിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളാണ് വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിനായി പോകുന്നത്.
ഇത്തരത്തില്‍, വിദേശ രാജ്യങ്ങളില്‍ എത്ര കുട്ടികള്‍ മെഡിസിന് പഠിക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് ഇവിടെ ആരുടേയും കൈവശമില്ല. വിദേശ രാജ്യങ്ങളില്‍ പഠിച്ച് മെഡിക്കല്‍ ഡിഗ്രിയുമായി മടങ്ങിയെത്തുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടറായി ജോലി ചെയ്യണമെങ്കില്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ് എക്‌സാം (Foreign Medical Graduate Exam-FMGE) പാസാവണം. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനാണ് ഈ പരീക്ഷ നടത്തുന്നത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്. എന്നാല്‍ വിജയശതമാനം വെറും 20 ശതമാനത്തില്‍ താഴെ മാത്രം! അതായത്, വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദവുമായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം പേരും എഫ് എം ജി ഇ പരീക്ഷ തോറ്റുപോകുന്നു എന്നര്‍ത്ഥം.
യുകെ, യു എസ് എ, ഓസ്‌ട്രേലിയ, കാനഡ ന്യൂസിലാന്റ് എന്നീരാജ്യങ്ങളില്‍ നിന്നും എം ബി ബി എസ് പാസായവര്‍ ഈ പരീക്ഷ എഴുതേണ്ടതില്ല. പക്ഷേ, റഷ്യ, ചൈന, ഫിലിപ്പീന്‍സ്, ഉക്രൈന്‍, നേപ്പാള്‍, ബംഗ്ലാദേശ്, കിര്‍ഗിസ്ഥാന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഡിഗ്രിയുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷ പാസായേ മതിയാകൂ. എന്നുമാത്രമല്ല, പ്രായോഗിക ക്ലിനിക്കല്‍ യോഗ്യതകള്‍ നേടിയെടുക്കുന്നതിനായി ഒരു വര്‍ഷം പ്രാക്ടീസ് ചെയ്യുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ ഡോക്ടറായി ജോലി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുകയുള്ളു.
വളരെ കഠിനമാണ് എഫ് എം ജി പരീക്ഷ. പഠിക്കാന്‍ കൃത്യമായ ഒരു സിലബസ് ഇല്ല എന്നത് ഇതിന്റെ കഠിനതയ്ക്ക് ആക്കം കൂട്ടുന്നു. പലതവണ എഴുതിയിട്ടും പരീക്ഷ പാസാകാത്തവര്‍ ആ ശ്രമം ഉപേക്ഷിക്കുന്നു. അര്‍മേനിയ, ജോര്‍ജിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ എം ബി ബി എസിന് അഡ്മിഷന്‍ കിട്ടാന്‍ പ്രവേശന പരീക്ഷ ഇല്ല. ഫീസും വളരെ കുറവാണ്. അതിനാല്‍ എം ബി ബി എസ് പഠനത്തിന് ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നു. പക്ഷേ ഈ രാജ്യങ്ങളിലെ നിയമം വളരെ കടുത്തതാണ്. അതിനാല്‍, വേണ്ടത്ര പരിജ്ഞാനമില്ലാത്ത ഒരാളെപ്പോലും രോഗിയെ തൊടാന്‍ ഈ രാജ്യങ്ങള്‍ അനുവദിക്കില്ല. അതിനാല്‍, ഈ രാജ്യങ്ങളില്‍ നിന്നും എം ബി ബി എസ് ഡിഗ്രിയുമായി തിരിച്ചെത്തുന്ന ഡോക്ടര്‍മാര്‍ക്ക് എങ്ങനെ കുത്തിവയ്പ് അല്ലെങ്കില്‍ കത്തീറ്റര്‍ നല്‍കണമെന്നോ പ്രസവം എടുക്കണമെന്നോ അറിയില്ല. രോഗികളില്‍ ക്യാനുല ഇടാന്‍ പോലും അറിയാത്ത മെഡിക്കല്‍ ബിരുദധാരികളെപ്പോലും താന്‍ കണ്ടിട്ടുണ്ടെന്ന് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പറഞ്ഞു.
എഫ് എം ജി പരീക്ഷ പാസാകാത്ത നിരവധി വിദേശ മെഡിക്കല്‍ ബിരുദധാരികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇവരുടെ എണ്ണം എത്രയാണ് എന്നതു സംബന്ധിച്ച് സര്‍ക്കാരിനോ ബന്ധപ്പെട്ട അധികാരികള്‍ക്കോ യാതൊരു അറിവുമില്ല. വെറും പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സമദാണ് കോതമംഗലം ലൈഫ് കെയര്‍ ആശുപത്രിയുടെ ഉടമ. ലൈഫ് കെയര്‍ എന്ന പേരില്‍ ഏകദേശം ഏഴോളം ആശുപത്രികള്‍ സമദ് നടത്തുന്നുണ്ട്. ഇയാള്‍ പരിശീലിപ്പിച്ചെടുത്ത മുരുകേശ്വരി, പാര്‍വ്വതി എന്നീ രണ്ടു വ്യാജ ഡോക്ടര്‍മാരുടെ വിവരങ്ങള്‍ മാത്രമേ ഇതുവരെ പുറത്തു വന്നിട്ടുള്ളു. വിദേശ മെഡിക്കല്‍ ബിരുദം ഉള്ളവരോ ഇല്ലാത്തവരോ ആയ, എഫ് ഇ എം ജി പരീക്ഷ പാസാകാത്ത എത്ര വ്യാജ ഡോക്ടര്‍മാര്‍ സമദിനെപ്പോലുള്ളവര്‍ നടത്തുന്ന ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട് എന്നത് ശക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളു. മുരുകേശ്വരിയെയും പാര്‍വ്വതിയെയും പരിശീലിപ്പിച്ചെടുത്ത സമദിന് ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിച്ചു പിടിച്ചിരിക്കുന്ന അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.
തമസോമ ഇംപാക്ട്
കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ മൂന്നുവര്‍ഷമായി ഡോക്ടറായി ജോലി ചെയ്തിരുന്ന മുരുകേശ്വരി വ്യാജ ഡോക്ടറാണെന്ന് വെളിച്ചത്തു കൊണ്ടുവന്നത് തമസോമയാണ്. ഞങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികാരികള്‍ നടത്തിയ അന്വേഷണത്തില്‍ മുരുകേശ്വരി വ്യാജ ഡോക്ടര്‍ ആണെന്ന് കണ്ടെത്തിക്കഴിഞ്ഞു. അതിനെത്തുടര്‍ന്ന്, വിദേശ മെഡിക്കല്‍ ബിരുദം നേടിയവരോ നേടാത്തവരോ ആയ ആരെങ്കിലും ഡോക്ടറായി ജോലി ചെയ്യുന്നുണ്ടോ എന്നറിയുന്നതിനായി ക്വാക്ക് സെല്‍ രൂപീകരിച്ചിരുന്നു. സംസ്ഥാനത്ത് അംഗീകൃതമല്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തതുമായ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എം ബി ബി എസ് ഡോക്ടര്‍മാരുടെ ഫോറമായ ജനറല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ (ജി പി എ) തമസോമ വാര്‍ത്ത പുറത്തു വന്നതിനു ശേഷമാണ് ക്വാക്ക് സെല്‍ രൂപീകരിച്ചത്. വ്യാജ ഡോക്ടര്‍മാരെക്കുറിച്ചുള്ള നിരവധി ഫോണ്‍കോളുകളാണ് ഇപ്പോള്‍ സെല്ലിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
എംബിബിഎസ് ബിരുദമില്ലാത്തവരും, കോഴ്സ് പൂര്‍ത്തിയാക്കാത്തവരും, കോഴ്സ് സമയത്ത് രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ (ആര്‍എംപി) കീഴില്‍ മോഡേണ്‍ മെഡിസിനില്‍ പരിശീലനം നേടിയിട്ടില്ലാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പലയിടങ്ങളിലും രോഗികളെ ചികിത്സിക്കുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ പന്താടിക്കൊണ്ട്, ലാഭക്കൊതി പൂണ്ട നരാധമര്‍ മെഡിക്കല്‍ രംഗത്തെ അപ്പാടെ കച്ചവടമാക്കിയിരിക്കുന്നു. പിടിക്കപ്പെടുന്നവര്‍ പോലും പല രീതിയിലും രക്ഷപ്പെട്ടു പോകുമ്പോള്‍ വമ്പന്മാരെ തൊടാന്‍ പോലും തയ്യാറാവുന്നില്ല അധികാരികള്‍. ഇവിടെ തകര്‍ന്നടിയുന്നത് ജനങ്ങളുടെ ആരോഗ്യമാണ്. ഇതിനെതിരെ ജനരോക്ഷമുയര്‍ന്നേ തീരൂ.