ഇത് അധ്യാപകരുടെ ഹൃദയം പിളരുന്ന കാലം


Jess Varkey Thuruthel & Zachariah

ഇത് അധ്യാപകരുടെ കരള്‍ പിളരുന്ന കാലമാണ്. കുട്ടികള്‍ എത്ര വലിയ തെറ്റു ചെയ്താലും അവരെയൊന്നു ശാസിക്കാനോ നേര്‍വഴിക്കു നടത്താനോ കഴിയാത്ത കെട്ടകാലം (Drug abuse in children). എന്തെങ്കിലുമൊന്നു പറഞ്ഞുപോയാല്‍ ആ കുട്ടികള്‍ ഏതുരീതിയിലാണ് പ്രതികരിക്കുക എന്നറിയില്ല. ചിലര്‍ വീടു വിട്ടു പോകും. ചിലര്‍ ആത്മഹത്യ ചെയ്യും. ചിലര്‍ അധ്യാപകര്‍ക്കെതിരെ അതിക്രമം അഴിച്ചു വിടും. തെറ്റുചെയ്താല്‍ അതിനു ശിക്ഷയുണ്ട് എന്നും അത് സ്വീകരിക്കേണ്ടതാണെന്നും മനസിലാക്കുന്ന കുട്ടികള്‍ തെറ്റില്‍ നിന്നും മാറി നടക്കും, നേര്‍വഴിയിലേക്കു വരും. പക്ഷേ..

തീയില്‍ കുരുത്തതൊന്നും പൊരിവെയിലില്‍ വാടിയിട്ടില്ല. ശക്തമായൊരു വെയിലില്‍ പോലും കുരുക്കാത്തതുകൊണ്ടാവും പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി മരണമാണെന്ന് ചെറിയ കുട്ടികള്‍ പോലും ചിന്തിക്കുന്നത്. അധ്യാപകര്‍ വഴക്കു പറഞ്ഞതിന് ആലപ്പുഴയില്‍ 13 വയസുകാരന്‍ ആത്മഹത്യ ചെയ്താണ് ഒടുവിലത്തേത്. എന്തിനാണ് അധ്യാപകര്‍ വഴക്കു പറഞ്ഞത്? ആ കുട്ടി ചെയ്ത കുറ്റമെന്തായിരുന്നു? ആരും ഇതേവരെ അതന്വേഷിച്ചിട്ടില്ല, ആര്‍ക്കും അത് അറിയുകയും വേണ്ട. സ്‌കൂളിലെത്തിയാല്‍, വൈകിട്ട് സ്‌കൂള്‍ വിടും വരെ ആ കോംപൗണ്ട് വിട്ടു പോകാന്‍ അനുവാദമില്ലാതിരിക്കെ, ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയത്ത് പുറത്തു പോയതിനാണ് വഴക്കു പറഞ്ഞത്. പക്ഷേ, വഴക്കു പറയാനും കുട്ടികളെ നേര്‍വഴിക്കു നടത്താനും അധ്യാപകര്‍ക്ക് അനുവാദമില്ലാത്ത കാലമാണിത്.

കേരളത്തിലെ ഏതാണ്ടെല്ലാ സ്‌കൂളുകളും ഇന്നു ലഹരി മാഫിയയുടെ കൈകളിലാണ് എന്നതാണ് പരമമായ സത്യം. ലഹരി ഉപയോഗിക്കാത്ത ഒരൊറ്റ സ്‌കൂള്‍ പോലുമില്ല എന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല. സ്‌കൂളിന്റെ ചുറ്റുമതിലുകള്‍ക്ക് ഉള്ളില്‍ത്തന്നെ ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് ഈയിടെ അറസ്റ്റിലായത് ഒരു അധ്യാപകനാണ് എന്നത് പ്രശ്‌നത്തിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്.

കുട്ടികള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്. പക്ഷേ, അതോടൊപ്പം തന്നെ അവര്‍ക്ക് ചില കര്‍ത്തവ്യങ്ങളുമുണ്ട് എന്നത് ആരും ഓര്‍മ്മിക്കാറില്ല, ആരും അവര്‍ക്കതു പറഞ്ഞു കൊടുക്കാറുമില്ല. ഒരു സ്‌കൂളിനകത്ത് അവര്‍ പെരുമാറേണ്ട രീതികളുണ്ട്. സ്വാതന്ത്ര്യവും അവകാശങ്ങളും ആവോളം ലഭിച്ച കുട്ടികള്‍ക്ക് ആ സ്വാതന്ത്ര്യം ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്നുമാത്രമറിയില്ല. കുട്ടികള്‍ എന്തു ചെയ്താലും ചോദ്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സ്‌കൂള്‍ അന്തരീക്ഷം മാറിപ്പോയിരിക്കുന്നു!

പുസ്തകം വയ്‌ക്കേണ്ട ബാഗുകളില്‍ ലഹരി വസ്തുക്കളുമായി സ്‌കൂളിലെത്തുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. പക്ഷേ, അവരെ ആരെയും പിടിക്കാന്‍ അധ്യാപകര്‍ക്കു കഴിയുന്നില്ല. കാരണം, അവരുടെ ബാഗുകള്‍ പരിശോധിക്കാന്‍ ഇന്ന് അധ്യാപകര്‍ക്ക് അനുവാദമില്ല. വടിയെടുക്കാനോ നിയന്ത്രിച്ചു നിറുത്താനോ വാക്കാല്‍ പോലും അവരെ നോവിക്കാനോ പാടില്ലത്രെ! അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമത്രെ! പക്ഷേ, ആരും നിയന്ത്രിക്കാനില്ലാതെ, നൂലുപൊട്ടിയ പട്ടം പോലെ ഈ കുട്ടികള്‍ ചെളിക്കുണ്ടിലേക്കു വീണു കൊണ്ടിരിക്കുന്നു. മയക്കുമരുന്നു ലോബിയുടെ ഏജന്റുമാരായി, കാരിയര്‍മാരായി എത്രയോ കുട്ടികളാണ് അവരുടെ ഭാവി തുലച്ചു കളയുന്നത്!

കുറച്ചു കാലം മുമ്പു വരെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും അവ ക്ലാസില്‍ കൊണ്ടുവരുന്നുണ്ടോ എന്നും കണ്ടു പിടിച്ചിരുന്നത് അവരുടെ ബാഗുകള്‍ പരിശോധിച്ചിട്ടായിരുന്നു. അസംബ്ലിയില്‍ നിര്‍ബന്ധമായും എല്ലാ കുട്ടികളും പങ്കെടുക്കണമെന്നാണ് നിയമം. അസംബ്ലി സമയത്ത്, കുട്ടികളെല്ലാം ക്ലാസിനു വെളിയിലായിരിക്കുമ്പോള്‍ കുറച്ച് അധ്യാപകര്‍ ക്ലാസിലെത്തി അവരുടെ ബാഗുകള്‍ പരിശോധിച്ചിരുന്നു. അത്തരത്തില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. അങ്ങനെ പിടിക്കപ്പെടുന്ന കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. മറ്റൊരാളിലേക്കും ഈ വിവരം ചോര്‍ന്നു പോകാതെ, അതീവ രഹസ്യമായി, കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത രീതിയിലായിരുന്നു ഇതു കൈകാര്യം ചെയ്തിരുന്നത്. എന്നാലിപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. അവരെയൊന്നു വാക്കുകള്‍ കൊണ്ടുപോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വിദ്യാഭ്യാസ രംഗം മാറിയിരിക്കുന്നു.

ആലപ്പുഴയിലെ തന്നെ ഒരു സ്‌കൂളില്‍ നടന്നൊരു സംഭവമാണ്. ഉച്ചയൂണിന്റെ സമയത്ത്, ബെഞ്ചില്‍ കിടന്ന ഒരു പെണ്‍കുട്ടിയുടെ മുകളിലേക്ക് മൂന്നു നാല് ആണ്‍കുട്ടികള്‍ കിടന്നു. ബെഡ്‌റൂമില്‍ കാണിക്കുന്നതെല്ലാം ക്ലാസ് മുറികളില്‍ അരങ്ങേറുന്നു. ലിപ് ലോക് ചെയ്താല്‍ സുഖം കിട്ടുമോ എന്നു പരീക്ഷിച്ചു നോക്കുന്നു. അമ്പലപ്പുഴയിലെ ഒരു സ്‌കൂളില്‍, ഇന്റര്‍വെല്‍ സമയത്ത് വെള്ളക്കുപ്പിയിലെ ദ്രാവകം സുഹൃത്തിന്റെ വായിലേക്കൊഴിച്ചു കൊടുക്കുന്നതു കണ്ടാണ് ആ വെള്ളക്കുപ്പി ആ അധ്യാപകന്‍ പരിശോധിച്ചത്. അതിലുണ്ടായിരുന്നത് കുടിവെള്ളമായിരുന്നില്ല, മറിച്ച് ലഹരി പാനീയമായിരുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ഉപയോഗിച്ച മദ്യമാണ് വെള്ളക്കുപ്പിയില്‍ നിറച്ച് സ്‌കൂളില്‍ കൊണ്ടുവന്നത്. ഇന്റര്‍വെല്‍ സമയത്ത് അത് എല്ലാവരും കൂടി കുടിക്കുന്നു.

ഈയിടെ അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിംഗിലാണ് ആ പത്താംക്ലാസുകാരന്റെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതി ചര്‍ച്ച ചെയ്യപ്പെട്ടത്. അവരുടെ മൂത്ത മകന്‍ ലഹരിക്ക് അടിമയായി. ഇളയമകനെയെങ്കിലും ലഹരിയുടെ പിടിയില്‍ പെടാതെ സംരക്ഷിക്കണമെന്ന് ആ മാതാപിതാക്കള്‍ തീരുമാനിച്ചു. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു ആ മകന്‍. ലഹരി മാഫിയകളെക്കുറിച്ച് തങ്ങള്‍ക്കറിയാവുന്ന എല്ലാ വിവരങ്ങളും ആ മാതാപിതാക്കള്‍ പോലീസിനു കൈമാറി. പക്ഷേ, ചില പോലീസുകാര്‍ ആ വിവരം ലഹരി മാഫിയകളെ കൃത്യമായി അറിയിച്ചു. അതോടെ ആ മാതാപിതാക്കള്‍ക്ക് ലഹരി മാഫിയയുടെ ഭീഷണിയായി. ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. അവരെ പരസ്യമായി ആക്ഷേപിച്ചു, ഭീഷണിപ്പെടുത്തി, അങ്ങനെ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരുടെ ശത്രുക്കളായി അവര്‍ മാറി.

എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ നിര്‍ബന്ധമായും ലഹരി വിരുദ്ധ ക്യാംപെയ്‌നുകളില്‍ പങ്കെടുക്കണമെന്നാണ് നിയമം. ഇത്തരം ബോധവത്ക്കരണക്ലാസുകളില്‍ ലഹരി മരുന്നുകളെക്കുറിച്ചും അവ ഉപയോഗിക്കുന്ന രീതികളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ക്കു ലഭിക്കുന്നു. ഏതെല്ലാം ലഹരി മരുന്നുകളാണ് മാര്‍ക്കറ്റില്‍ ഉള്ളതെന്നും അവയുടെ പേരുകള്‍ പോലും കുട്ടികള്‍ക്കു കിട്ടുന്നത് ഇത്തരം ക്ലാസുകളില്‍ നിന്നാണ്. കുട്ടികളില്‍ ചിലരെങ്കിലും ലഹരിയുടെ വഴിയിലൂടെ പോകാന്‍ ഇത്തരം ബോധവത്കരണങ്ങളും കാരണമാകുന്നു. ചില ലഹരി വിരുദ്ധ ക്യാമ്പെയ്‌നുകള്‍ നടത്തുന്നത് ലഹരി വില്‍ക്കനക്കാരാണെന്നും അറിവു കിട്ടിയിട്ടുണ്ട്. ലഹരിക്കെതിരെ ക്യാമ്പെയ്ന്‍ എന്ന പേരില്‍ ഇവര്‍ സ്‌കൂള്‍ കോംപൗണ്ടിനുള്ളില്‍ കയറിപ്പറ്റുന്നു. കച്ചവടം നടത്തുന്നു. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതു തടയാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ് ആവശ്യം.

കൊറോണക്കാലത്ത് കുട്ടികളുടെ കൈകളിലേക്കെത്തിയ മൊബൈല്‍ ഫോണുകള്‍ കുട്ടികളിലുണ്ടാക്കിയിട്ടുള്ള നാശം വളരെ വലുതാണ്. ഏതു ദിക്കിലേക്കൊന്നു നോക്കിയാലും കാണാം മൊബൈല്‍ സ്‌ക്രീനിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന കുട്ടികളെ. അവര്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ആഹാരവും വെള്ളവും വേണ്ട. ഫോണിന് അത്യധികം കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിനായി കൊലപാതകം ചെയ്യാന്‍ പോലും മടിയില്ലാതായിരിക്കുന്നു. ആ ഫോണിലൂടെ അവര്‍ എത്തിപ്പെടുന്നത് പലപ്പോഴും തിന്മയുടെ ലോകത്താണ്.

അധ്യാപകരുടെ കൈകാലുകള്‍ മാത്രമല്ല, നാവും തളച്ചിരിക്കുകയാണ്. ഒന്നിനെക്കുറിച്ചും പരാതിപ്പെടാനോ പ്രതികരിക്കാനോ അവര്‍ക്കു സാധിക്കുന്നില്ല. കണ്ണിന്‍മുന്നില്‍ കുട്ടികള്‍ നശിച്ചു പോകുന്നതു കണ്ട് ചങ്കുപൊട്ടി നില്‍ക്കാന്‍ മാത്രമേ അധ്യാപകരില്‍ പലര്‍ക്കുമാകുന്നുള്ളു. സംഘടനകളും മേലധികാരികളും ലഹരിക്കച്ചവടക്കാരുമെല്ലാം അവരെ കൂച്ചുവിലങ്ങിട്ടു നിറുത്തിയിരിക്കുകയാണ്. തമസോമയ്ക്ക് ഈ വിവരങ്ങള്‍ നല്‍കിയത് ഒരു അധ്യാപികയാണ്. പേരു വെളിപ്പെടുത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായി അവര്‍ നല്‍കിയ വിവരങ്ങളാണിവ.

തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന പേടി ഏതൊരാളിലും കുട്ടിക്കാലം മുതല്‍ ഉണ്ടാവണം. എങ്കില്‍ മാത്രമേ ഉത്തരവാദിത്വബോധമുള്ള വ്യക്തികളെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളു. അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, കര്‍ത്തവ്യങ്ങളെക്കുറിച്ചും അവര്‍ക്കു ബോധ്യമുണ്ടാവണം. തെറ്റുകള്‍ക്ക് ശിക്ഷ നല്‍കിയില്ലെങ്കില്‍ അവ ആവര്‍ത്തിക്കപ്പെടും. തങ്ങള്‍ എന്തു ചെയ്താലും ക്ഷമിക്കപ്പെടുമെന്ന ചിന്ത അവരെ നാശത്തിലേക്കു നയിക്കാനേ ഉപകരിക്കുകയുള്ളു. തീയില്‍ കുരുത്താല്‍ മാത്രമേ വെയിലില്‍ വാടാതിരിക്കുകയുള്ളു. ചെറുവെയില്‍ പോലും കൊള്ളാത്തവര്‍ ഇളംവെയില്‍ താങ്ങുന്നതെങ്ങനെ?

……………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

 

…………………………………………………………………………..

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

Leave a Reply

Your email address will not be published. Required fields are marked *