ഡി പി സ്‌കറിയ & ജെസ് വര്‍ക്കി തുരുത്തേല്‍
ഇന്ത്യ എന്ന രാജ്യത്തിന്റെ സമ്പത്ത് പണമല്ല, മറിച്ച് ഇന്ത്യന്‍ ജനത തന്നെയാണ്. പക്ഷേ, ആ സമ്പത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വച്ച് നാമാവശേഷമാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതൊരു വിദേശ ശക്തിയാണെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഇന്ത്യന്‍ യുവത്വത്തെ, ഭാവി വാഗ്ദാനങ്ങളെ തകര്‍ത്തെറിയുന്ന പണി ഏറ്റെടുത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ പേരില്‍ കുട്ടികളെ ആപ്പിലാക്കുന്ന ഭീമന്‍ കമ്പനികളാണ്. അവയുടെ തലപ്പത്തുള്ളതാകട്ടെ ബൈജു രവീന്ദ്രന്‍ എന്ന കേരളീയനും.
ബൈജൂസ്, ഹൈന്റി ഹാര്‍വിന്‍ എഡ്യൂക്കേഷന്‍, അപ്‌ഗ്രേഡ്, പെസ്റ്റോ, വേദാന്ത്, വൈറ്റ് ഹാറ്റ്, അണ്‍ അക്കാഡമി, ക്ലാസ് പ്ലസ്, എഡ്യുകാര്‍ട്ട്, മൈന്‍ഡ് ലോജിക്‌സ്, ടെക്‌സ്റ്റ് ബുക്ക്, ഡോസ്ത് എജ്യുക്കേഷന്‍, ടോപ്പര്‍, ലീഡ് സ്‌കൂള്‍, തുടങ്ങി ആയിരക്കണക്കിന് ആപ്പുകളാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ളത്. ഇതില്‍ ബൈജൂസ് ആപ്പ് ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിക്കഴിഞ്ഞു.
മലയാളിയായ ബൈജു രവീന്ദ്രന്‍ 2011-ല്‍ ആരംഭിച്ച ബൈജൂസ് ലേണിങ് ആപ്പിന് ബിസിനസ് പിന്തുണയുമായി ലോകത്തിലെ ഭീമന്‍ സംരംഭകര്‍ എത്തിയത് വലിയ സംഭവമായിരുന്നു. ഫേസ് ബുക്ക്, ടൈഗര്‍ ഗ്ലാബല്‍, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ വന്‍ കമ്പനികള്‍ ബൈജൂസില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി. ഇതോടെ കമ്പനി ലോകത്തിലെ എണ്ണപ്പെട്ട ലേണിങ് ആപ്പ് ആയി ഉയര്‍ന്നു. കൊറോണയുടെ വരവോടെ ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രസക്തി വര്‍ധിച്ചു. തുടര്‍ന്ന് ബൈജൂസിന് വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയില്‍ ഷാരൂഖ് ഖാനെപ്പോലുള്ളവര്‍ ആപ്പിന്റെ പ്രചാരകരായി പരസ്യങ്ങളില്‍ നിറഞ്ഞു. ആറ് മില്യണ്‍ കുട്ടികള്‍ ഈ ആപ്പ് ഉപയോഗിക്കുന്നതായും അതില്‍ 85 ശതമാനം പേര്‍ പുനരുപയോഗത്തിലുള്ളതായും കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്തുണ്ടായ ബിസിനസ് കയറ്റം വില്‍പനതന്ത്രങ്ങളിലൂടെ മാത്രം നേടിയതാണെന്നും മഹാമാരിക്കാലത്ത് കുട്ടികളുടെ പഠനം സംബന്ധിച്ച് രക്ഷിതാക്കളുടെ മനസ്സിലെ ഉല്‍കണ്ഠയും അരക്ഷിതാവസ്ഥയും മുതലെടുത്ത് ബിസിനസ് വര്‍ധിപ്പിച്ചതാണെന്നും വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുവെന്ന് ബിബിസി വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു.
മൊത്തത്തില്‍ വില്‍പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ ബൈജൂസ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായും ആത്മാര്‍ഥമായും പാലിക്കുന്നില്ലെന്ന വിമര്‍ശനവും പരാതികളും വ്യാപകമാണെന്നാണ് ബിബിസി വാര്‍ത്ത വ്യക്തമാക്കുന്നു.
ബൈജൂസ് ആപിന്റെ മുന്‍ ജീവനക്കാരുമായി ബിബിസി പ്രതിനിധി നടത്തിയ സംഭാഷണങ്ങളിലും തെളിയുന്നത് ബൈജൂസിന്റെ ഉപഭോക്തൃ സേവനത്തിലെ വലിയ പാളിച്ചകളാണ്. പഠന മൊഡ്യൂള്‍ വാങ്ങിപ്പിക്കുന്ന ഘട്ടത്തില്‍ വലിയ ഉല്‍സാഹം കാണിക്കും, പക്ഷേ പിന്നീട് തുടര്‍സേവനം നല്‍കുന്നതില്‍ വലിയ ഉല്‍സാഹം കാണിക്കാറില്ലെന്നാണ് പല മുന്‍ജീവനക്കാരും പറയുന്നത്. കച്ചവടം നടന്നുകഴിഞ്ഞാല്‍ പിന്നെ ഏജന്റുമാരുടെ ഭാവം മാറും എന്നാണ് പലരും പറഞ്ഞതെന്ന് വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല, പഠനസാമഗ്രി വില്‍പനയ്ക്ക് വലിയ ടാര്‍ജറ്റ് നല്‍കി വന്‍ സമ്മര്‍ദ്ദത്തിലൂടെ വില്‍പന കൂട്ടാന്‍ കമ്പനി നിര്‍ബന്ധിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ഇതോടെ സേവന മികവിന് കുറഞ്ഞ പരിഗണന മാത്രമാണ് നല്‍കാനാവുന്നത്. ഇതേക്കുറിച്ചുള്ള നൂറുകണക്കിന് പരാതികളാണ് തങ്ങള്‍ക്ക് കിട്ടിയിരുന്നതെന്നും മുന്‍ ജീവനക്കാര്‍ പറയുന്നു. യാഥാര്‍ഥ്യബോധമില്ലാതെ ടാര്‍ജറ്റ് നിശ്ചയിക്കുകയും അത് തികയ്ക്കാനായി വന്‍ സമ്മര്‍ദ്ദം ജീവനക്കാരില്‍ ചെലുത്തുകയും ചെയ്യുന്ന മാനേജര്‍മാരുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രം പഠനപദ്ധതി വാങ്ങുക എന്ന സമീപനമേ തങ്ങള്‍ സ്വീകരിക്കാറുള്ളൂ എന്നാണ് ബൈജൂസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കമ്പനി ഉണ്ടാക്കി എന്നു പറയുന്ന ബിസിനസ് വളര്‍ച്ച ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഉണ്ടാക്കിയെടുത്തതാണെന്ന വിമര്‍ശനം ബൈജൂസിനെതിരെ പല വിദ്യാഭ്യാസവിദഗ്ധരും ഉന്നയിക്കുന്നുണ്ട്.
ട്യൂഷന്‍ പോലും വിലക്കിയിരുന്ന കാലത്തു നിന്നും…….
കുട്ടികളെ ട്യൂഷനു പറഞ്ഞയക്കുന്നതിനെതിരെ കടുത്ത വിലക്കായിരുന്നു ഓരോ സ്‌കൂളുകളും അവലംബിച്ചിരുന്നത്. മികച്ച അധ്യാപകരെയാണ് തങ്ങളുടെ സ്‌കൂളുകളില്‍ നിയമിച്ചിരിക്കുന്നതെന്നും ട്യൂഷനു മക്കളെ പറഞ്ഞു വിടുന്നവര്‍ തങ്ങളുടെ അധ്യാപകരില്‍ വിശ്വാസമില്ലാത്തവരാണെന്നും അങ്ങനെയുള്ളവര്‍ക്ക് ഇവിടെ പഠിക്കാന്‍ അവസരമില്ലെന്നും ശക്തമായ നിലപാടുകളെടുത്ത് ട്യൂഷനെ കര്‍ശനമായി വിലക്കിയിരുന്ന സ്‌കൂളുകള്‍ കേരളത്തിലുണ്ടായിരുന്നു. കുട്ടികള്‍ക്ക് പഠനമൊരു പീഢനമാകരുതെന്നും കളിക്കാനും ഉല്ലസിക്കാനും അവര്‍ക്ക് സമയം അനുവദിക്കണമെന്നും വിദ്യാഭ്യാസത്തിനു പുറത്തുള്ള കലാകായിക മേഖലകളിലും കുട്ടികള്‍ ഊന്നല്‍ കൊടുക്കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്ന ഒരു കാലം. അവിടെ നിന്നും മത്സരങ്ങളുടെ ഒരു വൃത്തികെട്ട ഒരു ലോകത്തിലേക്ക് കുട്ടികള്‍ എടുത്തെറിയപ്പെട്ടു കഴിഞ്ഞു. ഇവിടെ കടുത്ത കിടമത്സരങ്ങളാണ് നടക്കുന്നത്. ഏറ്റവും മുന്തിയ മാര്‍ക്കു വാങ്ങുന്നവര്‍ മാത്രമേ ഇവിടെ വിലമതിക്കപ്പെടുന്നുള്ളു. ആ കഴുത്തറുപ്പന്‍ മത്സരക്കളരിയിലേക്ക് കുട്ടികളെ എറിഞ്ഞിട്ടുകൊടുത്ത് പിന്നില്‍ നിന്നു ചരടു വലിക്കുന്ന മാതാപിതാക്കളാകട്ടെ, ഒരു നൂറായിരം പഠനോപകരണങ്ങളും അവര്‍ക്കു മുന്നിലേക്കിട്ടു കൊടുക്കുന്നു. പഠനം, പഠനം, പഠനം മാത്രം ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസമാണിവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ ഈ സ്വാര്‍ത്ഥതയെ ചൂഷണം ചെയ്യാനെത്തിയ ആപ്പുകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബൈജൂസ് ആപ്പ്.
ബിസിനസ് മോട്ടിവേഷന്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്നൊരു തന്ത്രമുണ്ട്. കസ്റ്റമറുടെ എല്ലാ വിവരങ്ങളും ശേഖരിച്ച്, അവരുടെ സ്വഭാവം കൂടി പഠിച്ചതിനു ശേഷമാവണം സ്വന്തം പ്രോഡക്ട് അവരുടെ മനസുകളില്‍ ഉറപ്പിക്കാനെന്ന്. അതായത്, ഒരു വ്യക്തിക്ക് എന്താണോ ആവശ്യം, അതിനു പറ്റിയ ഏറ്റവും മെച്ചപ്പെട്ട ഉപാധിയാണ് തങ്ങളുടെ കൈവശമുള്ളതെന്ന് പറഞ്ഞു വിശ്വസിപ്പിക്കുക. പഴയ കാലത്തെപ്പോലെയല്ല, ഇന്നത്തെ കുടുംബത്തില്‍ മക്കളുടെ എണ്ണം വളരെ കുറവാണ്. അവര്‍, വളരെ ഉയര്‍ന്ന നിലയില്‍ എത്തണമെന്ന ഓരോ മാതാവിന്റെയും പിതാവിന്റെയും ഒടുങ്ങാത്ത ആഗ്രഹത്തിനു മുകളിലാണ് ബൈജുവിനെപ്പോലുള്ളവര്‍ തങ്ങളുടെ ആപ്പുമായി വല വിരിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ ഇഷ്ടങ്ങളോ അഭിരുചികളോ എന്താണെന്നാരും ചോദിക്കുന്നതു പോലുമില്ല. സമൂഹത്തില്‍ നിലയും വിലയും കിട്ടുന്ന, കനത്ത ശമ്പളവും ബഹുമതിയും കിട്ടുന്ന ഉദ്യോഗത്തിനു വേണ്ടി ഏതു കോഴ്‌സ് പഠിക്കണം, അവിടെ എങ്ങനെ ഏറ്റവും മിടുക്കരാകാം എന്നതിനെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നതു തന്നെ. ഇവിടെ, തകര്‍ത്തെറിയപ്പെടുന്നത് ഇന്ത്യയിലെ കുട്ടികളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്.
ഞങ്ങളെയൊന്നു തട്ടിക്കൂ, പ്ലീസ്……
മലയാളികള്‍ ചെന്നു ചാടിക്കൊടുക്കുന്ന പലതരം കുരുക്കുകള്‍ കാണുമ്പോള്‍ ഇങ്ങനെയൊരു അഭ്യര്‍ത്ഥന അവര്‍ നിരന്തരം നടത്തുന്നുണ്ടോ എന്നു തോന്നിപ്പോകും. പലതരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്ന, എത്രയേറെ പറ്റിക്കപ്പെട്ടാലും പഠിക്കാത്തൊരു പ്രത്യേക തരം ബുദ്ധിയുടെ ഉടമകളാണ് മലയാളികള്‍. വിലയ്‌ക്കെടുക്കുന്ന സിനിമ നടീ-നടന്മാരോ സ്‌പോര്‍ട്‌സ് താരങ്ങളോ പറയുന്ന കള്ളത്തരങ്ങള്‍ കേട്ട് കൂടുതലൊന്നും ചിന്തിക്കാതെ തട്ടിപ്പുകാര്‍ വിരിച്ച വലയിലേക്ക് അത്യാവേശത്തോടെ എടുത്തു ചാടുകയാണ് ബുദ്ധിരാക്ഷസരെന്നു പേരുകേട്ട മലയാളി സമൂഹം. വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ നടക്കുന്നതും ഇത്തരമൊരു വലിയ തട്ടിപ്പാണ്. പക്ഷേ, പൊങ്ങച്ചത്തിനു കൂടി പേരുകേട്ട കേരള സമൂഹം എത്രമേല്‍ പറ്റിക്കപ്പെട്ടാലും അതേക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ ആ തട്ടിപ്പിലും അഭിരമിക്കുകയാണ് പലപ്പോഴും.
ബൈജൂസ് ആപ്പിന്റെ തട്ടിപ്പിനിരയായ ബിജു തന്റെ ഫേസ്ബുക് പേജിലൂടെ ഇനി ആരും ഈ തട്ടിപ്പിന് ഇരയാകരുതേയെന്ന് മലയാളികളോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ബൈജൂസ് ആപ്പിന്റെ തട്ടിപ്പിന് ഇരയായവര്‍ ആരും തന്നെ പുറത്ത് പറയാന്‍ മടിക്കുന്നതിനാലാണ് ബിജു രണ്ടും കല്‍പ്പിച്ചു തന്റെ ഫേസ്ബുക് അക്കൗണ്ടില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത് . തട്ടിപ്പ് പുറത്തായതോടെ ആപ്പുകാര്‍ ബിജുവിന്റ വീട്ടിലെത്തി മാപ്പു പറയുകയും വാങ്ങിയ പണം തിരിക്കൊടുത്തു തലയൂരുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ബൈജു ഇന്ന് കോടികളുടെ ഉടമ
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ 1981 ല്‍ ജനിച്ച ബൈജു രവീന്ദ്രന്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കേരളത്തിലെ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലാണ്. അതും മലയാളം മീഡിയത്തില്‍. ക്യാറ്റ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവരെ സഹായിക്കാന്‍ 2007 ലാണ് ബൈജു ബിസിനസ് സംരംഭമായി ബൈജൂസ് ക്ലാസസ് ആരംഭിച്ചത്. പിന്നീട്, തന്റെ വിദ്യാര്‍ത്ഥിയായ ദിവ്യ ഗോകുല്‍ നാഥിനെ വിവാഹം കഴിക്കുകയും അവരുമായി ചേര്‍ന്ന് 2011 ല്‍ ബൈജൂസ് സ്ഥാപിച്ചു. 2015 ല്‍ ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ വലിപ്പം കൂടിയതോടെ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തു. 2018 ല്‍ ഈ ആപ്ലിക്കേഷനുകള്‍ യു കെ, യു എസ് എ മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിച്ചു.
കൊറോണക്കാലത്തെ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആശങ്കകളെ തന്റെ ബിസിനസ് വളര്‍ച്ചയ്ക്കായി ഫലപ്രദമായി ബൈജൂസ് പ്രയോജനപ്പെടുത്തി. ബിസിനസ് പല മടങ്ങുകളായി വര്‍ദ്ധിച്ചു. ഫോബ്‌സിന്റെ 2020 കണക്കു പ്രകാരം ബൈജുവിനും ഭാര്യയ്ക്കും സഹോദരന്‍ റിജു രവീന്ദ്രനും കൂടി 3.05 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ട്. ഇന്ത്യ മഹാരാജ്യത്തിന്റെ മൊത്തം ആസ്തി 332.42 ബില്യന്‍ ഡോളറാണെന്ന് ഗൂഗിള്‍ പറയുന്നു.
സ്വന്തം കുട്ടികളിലും അവരുടെ കഴിവുകളിലും വിശ്വാസമില്ലാത്തവരാണ് ഇത്തരം ആപ്പുകളുടെ പിന്നാലെ പോയി ഇത്തരം തട്ടിപ്പു വീരന്മാരെ ശതകോടീശ്വരന്മാരാക്കുന്നത്. പഠനം മാത്രമല്ല കുട്ടികള്‍ക്ക് ആവശ്യം. അവരുടെ കഴിവുകള്‍ പാഠപുസ്തകത്തില്‍ മാത്രം ഒതുക്കേണ്ടതുമല്ല. അവര്‍ക്ക് കളിക്കാനും ഉല്ലസിക്കാനും കൂട്ടുകൂടാനും സൗഹൃദം പങ്കിടാനുമെല്ലാം സമയം കൂടിയേ തീരൂ. പഠനം മാത്രം ലക്ഷ്യം വച്ച് ഗിനിപ്പന്നികളെപ്പോലെ വളര്‍ത്തുന്ന കുട്ടികള്‍ നാടിന്റെ പുരോഗതിക്ക് ഗുണം ചെയ്യില്ല. ഈ പഠന ഭാരങ്ങള്‍ താങ്ങാനവര്‍ക്കു കഴിഞ്ഞെന്നും വരില്ല. എന്നാണിനി സ്വന്തം കുട്ടികളെ മാതാപിതാക്കളെങ്കിലും മനസിലാക്കുന്നത്….?? ആപ്പുകളില്‍ കുടുങ്ങി മാതാപിതാക്കള്‍ക്കു നഷ്ടമാകുന്നത് പണമാണെങ്കില്‍, കുട്ടികള്‍ക്ക് നഷ്ടമാകുന്നത് കുട്ടിക്കാലത്തിന്റെ വസന്തമാണ്. കുട്ടിക്കാലം നന്നായാല്‍ മാത്രമേ നല്ലൊരു ഭാവി അവര്‍ക്കുണ്ടാവുകയുള്ളു.
……………………………………………………………………………
#Byjusapp #edtechapps #educationinIndia #onlinelearning