കാലാവസ്ഥ വ്യതിയാനങ്ങളും ആഗോള താപനവും മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്ന വായുവും വെള്ളവും അന്തരീക്ഷവുമാണ് ഇന്ന് ലോകരാജ്യങ്ങള്‍ നേരിടുന്ന ഭീമാകാരമായ പ്രശ്‌നം.
ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കുകയാണെന്ന് ലോകരാജ്യങ്ങളും കോര്‍പ്പറേറ്റുകളും ജനങ്ങളും ഒന്നടങ്കം അവകാശപ്പെടുന്നു. കാലാവസ്ഥ വ്യതിയാനത്തിനു ശാശ്വത പരിഹാരമായി ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയമാണ് ഗ്രീന്‍ എന്‍ര്‍ജി അഥവാ ഹരിതോര്‍ജ്ജം. കല്‍ക്കരിക്കു പകരമായി ഹൈഡ്രോപവറും ഫോസിലിനു കരമായി സൗരോര്‍ജ്ജവും പെട്രോള്‍/ഡീസര്‍ വാഹനങ്ങള്‍ക്കു പകരമായി ഇലക്ട്രിക് വാഹനങ്ങളുമാണ് ഹരിതോര്‍ജ്ജത്തിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍.
കലര്‍പ്പില്ലാത്ത, സുസ്ഥിരമായ ഹരിതോര്‍ജ്ജമാണ് ഇലക്ട്രോണിക് വാഹനങ്ങളുടെ പ്രത്യേകത. പക്ഷേ, കാര്യങ്ങള്‍ ഇത്തരത്തില്‍ നല്ല രീയിയില്‍ത്തന്നെയാണോ നീങ്ങുന്നത്? ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതിക്കു ഗുണകരമായിരിക്കാം, പക്ഷേ, അത് അത്രത്തോളം ക്ലീന്‍ ആയിരിക്കണമെന്നില്ല. കാരണം അവയിലൂടെ ഒഴുകിയിറങ്ങുന്നത് നിസ്സഹായരായ മനുഷ്യരുടെ ചുടുചോരയും കണ്ണീരുമാണ്.
കണ്ണഞ്ചിപ്പിക്കുന്ന ബാഹ്യമോഡിയാണ് ഓരോ ഇലക്‌ട്രോണിക് വാഹനങ്ങളിലും നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇവയ്ക്കു ജീവന്‍ നല്‍കുന്നത് അവയിലുപയോഗിച്ചിരിക്കുന്ന ബാറ്ററിയാണ്. പക്ഷേ, കുരുന്നുകുഞ്ഞുങ്ങളുടെ കണ്ണുനീരിനും ചോരയ്ക്കും വേദനയ്ക്കും ശവശരീരങ്ങള്‍ക്കും മുകളിലൂടെയാണ് ഓരോരുത്തരും ഈ വാഹനമോടിക്കുന്നത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ഭീകരമായ മനുഷ്യാവകാശ ലംഘനമാണ് ഈ മേഖലയില്‍ നടക്കുന്നത്.
ഇലക്ട്രിക് കാറുകള്‍ ഓടുന്നത് ബാറ്ററിയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ഈ ബാറ്ററികള്‍ എന്തുകൊണ്ടാണ് നിര്‍മ്മിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം..??
അസംസ്‌കൃത ലോഹമായ ലിഥിയവും കോബാള്‍ട്ടുമാണ് ഈ ബാറ്ററികള്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. ബാറ്ററിക്കു സ്ഥിരത നല്‍കാനാണ് കോബാള്‍ട്ട് ഉപയോഗിക്കുന്നത്. സുരക്ഷിതമായി വാഹനമോടിക്കാന്‍ ഈ ലോഹം സഹായിക്കുന്നു. നീലകലര്‍ന്ന ചാരനിറമാണ് ഈ ലോഹത്തിന്. ഭൂമിയുടെ ബാഹ്യപാളിയിലാണ് (Earth Crust) ഈ ലോഹം കാണപ്പെടുന്നത്. അതിനാല്‍ ഇവ ക്രസ്റ്റല്‍ റോക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു.
കോബാള്‍ട്ടിന് പല ഉപയോഗങ്ങളുണ്ട്. ജെറ്റ് ടര്‍ബൈന്‍ ജനറേറ്ററുകളിലും ടൂള്‍ മെറ്റീരിയലുകളിലും സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളിലും ഇവ ഉപയോഗിക്കുന്നു. എന്നാല്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നത് ലിഥിയം ഇയോണ്‍ ബാറ്ററികളുടെ നിര്‍മ്മാണത്തിനാണ്. ലോകത്തിലുള്ള കോബാള്‍ട്ട് ഉല്‍പ്പാദനത്തിന്റെ പകുതിയും ഉപയോഗിക്കുന്നത് ഇലക്ട്രിക് കാറുകളില്‍ ലിഥിയം ഇയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനാണ്. ഓരോ ഇലക്ട്രിക് കാറുകളിലും ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ 4-30 കിലോ കോബാള്‍ട്ട് ആവശ്യമാണ്.
ലോകത്തിലെല്ലായിടത്തും ഈ മെറ്റല്‍ കാണപ്പെടുന്നു. ഓസ്‌ട്രേലിയ, കാനഡ, ചൈന, ക്യൂബ, സൗത്ത് ആഫ്രിക്ക, അമേരിക്ക, ഫിലിപ്പീന്‍സ്, എന്നിങ്ങനെ ഒട്ടെല്ലാ രാജ്യങ്ങളിലും കോബാള്‍ട്ട് ഉല്‍പ്പാദിപ്പിക്കുന്നു. പക്ഷേ, ലോകത്താകമാനമുള്ള മൊത്തം കൊബാള്‍ട്ട് ഉല്‍പ്പാദനത്തിന്റെയും 70 ശതമാനവും വരുന്നത് ഒരേയൊരു രാജ്യത്തു നിന്നാണ്. ദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുമാണത്.
ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കോംഗോയുടെ ജി ഡി പി 49 ബില്യന്‍ ഡോളറാണ്.
കലാപങ്ങളുടെയും കൊടിയ ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്നൊരു രാജ്യമാണ് കോംഗോ. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ കോബാള്‍ട്ട് നിക്ഷേപവും കോംഗോയില്‍ത്തന്നെ. കോംഗോയില്‍ 92 മില്യന്‍ ജനങ്ങളാണുള്ളത്. ഇവരില്‍ 2 മില്യന്‍ ജനങ്ങള്‍ കോബാള്‍ട്ട് ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
കോംഗോയിലെ കോബാള്‍ട്ട് ഖനനത്തെ രണ്ടായി തരംതിരിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയാണ് അതില്‍ ഒന്നാമത്തേത്. അസംഘടിത മേഖലയില്‍ നിയമങ്ങളുടെ പിന്‍ബലമില്ലാതെ കൊബാള്‍ട്ട് ഖനനം ചെയ്യുന്ന കരകൗശലക്കാര്‍ അഥവാ ചെറുകിട ഉല്‍പ്പാദകരാണ് രണ്ടാമത്തേത്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറുകിട കൊബാള്‍ട്ട് ഉത്പ്പാദകര്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ യാതൊന്നുമില്ല. യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഉപയോഗിക്കുന്നില്ല. ഈ ചെറുകിടക്കാരാണ് കോംഗോയില്‍ നിന്നുള്ള 20% മുതല്‍ 30% വരെയുള്ള കോബാള്‍ട്ട് ഉത്പ്പാദിപ്പിക്കുന്നത്. ഏകദേശം 200,000 തൊഴിലാളികളാണ് ഇത്തരം ഖനികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 40,000 പേര്‍ കുട്ടികളാണ്. ഈ കുട്ടികളില്‍ ചിലര്‍ക്കാകട്ടെ, 6 വയസില്‍ താഴെ മാത്രമാണ് പ്രായം.
അഴുക്കില്‍ രാവന്തിയോളം പണിയെടുക്കുന്നവരാണ് ഈ കുട്ടികള്‍. വളരെ ഇടുങ്ങിയ വിസ്താരം കുറഞ്ഞ ആഴമേറിയ ടണലുകളിലേക്ക് ഇവരെയാണ് ഇറക്കി വിടുന്നത്. ജ്വലിക്കുന്ന ചൂളകള്‍ പോലെയാണ് ഈ ടണലുകള്‍. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ദുരിതപൂര്‍ണമായ തൊഴില്‍ മേഖലയിലാണ് ഈ കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നത്. യാതൊരു സുരക്ഷാ ഉപകരണത്തിന്റെയും സഹായമില്ലാതെ, സ്വന്തം കൈ ഉപയോഗിച്ചാണ് ഇവര്‍ കൊബാള്‍ട്ട് ഖനനം ചെയ്യുന്നത്. മാസ്‌കോ, കൈയുറയോ ജോലിക്കായവശ്യമായ വസ്ത്രങ്ങളോ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല.
ഇത്തരം ടണലുകള്‍ക്കുള്ളില്‍ 20 മിനിറ്റു നേരത്തേക്കുള്ള ജീവവായു മാത്രമാണ് ഉണ്ടായിരിക്കുക. പക്ഷേ, ഇവിടെ പണിയെടുക്കുന്ന കുഞ്ഞുങ്ങള്‍ മണിക്കൂറുകള്‍ ടണലിനുള്ളില്‍ അത്യധ്വാനം ചെയ്താണ് കൊബാള്‍ട്ട് കുഴിച്ചെടുക്കുന്നത്.
ഖനികളില്‍ നിന്നും കുഴിച്ചെടുത്ത കോബാള്‍ട്ട് ടണലില്‍ നിന്നും മുകളിലെത്തിച്ച ശേഷം അവരത് പൊട്ടിക്കുന്നു, പിന്നീട് കഴുകി വൃത്തിയാക്കിയ ശേഷം അതു വില്‍ക്കുന്നതിനായി ചന്തയിലേക്കു ചുമന്നുകൊണ്ടു പോകുന്നു.
ഈ കഷ്ടപ്പാടുകള്‍ക്ക് അവര്‍ക്കു കിട്ടുന്ന പ്രതിഫലം എത്രയാണെന്നറിയുമോ…?? അത് ഒരു ഡോളറിലും താഴെയാണ്.
പക്ഷേ, കൊബാള്‍ട്ട് മള്‍ട്ടി ബില്യന്‍ ഡോളര്‍ മറിയുന്ന വ്യവസായ മേഖലയാണ്. 2027 ആകുമ്പോഴേക്കും കോബാള്‍ട്ട് വ്യവസായം 13.63 ബില്യന്‍ ഡോളറിലേക്ക് വളരും. ഈ മെറ്റല്‍ കണ്ടെത്തുന്നതും കുഴിച്ചെടുക്കുന്നതും കുട്ടികളാണെങ്കിലും ഇതിന്റെ ഗുണഫലങ്ങള്‍ ഒരിക്കലും അവരിലേക്കെത്തില്ല.
കൊടിയ ദാരിദ്ര്യം കുടികൊള്ളുന്ന കോംഗോയില്‍ ഒരു ഡോളറിന് ഒരു ജീവന്റെ വിലയുണ്ട്. ഈ പണം സമ്പാദിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിനിടയില്‍ പലരും മരിച്ചു വീഴുന്നു.
ഇത്തരം ഖനികളിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥകളാകുകയാണ്. 2014 -2015 കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞത് 80 പേരെങ്കിലും കോബാള്‍ട്ട് ഖനനത്തിനിടയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അപകടത്തിലൂടെ മരിച്ചവര്‍ 43 പേരാണ്. ഏകദേശം 2000 അനധികൃത ഖനി തൊഴിലാളികളാണ് ഓരോ വര്‍ഷവും കോംഗോയില്‍ മരിച്ചു വീഴുന്നത്.
ഖനികളില്‍ പണിയെടുക്കുന്ന കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെയുള്ളവര്‍ക്കു വരുന്ന മാരക രോഗങ്ങളാണ് അവരെ വലയ്ക്കുന്നത്. ചികിത്സിച്ചു മാറ്റാനാകാത്ത വിധം അവരുടെ ശ്വാസകോശങ്ങള്‍ക്കു ക്ഷയം സംഭവിക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന അതിമാരകമായ അണുബാധ, ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ആഴത്തിലുള്ള മുറിവുകള്‍ എന്നിവയും അവരെ വിട്ടുമാറുന്നില്ല.
കുഞ്ഞുങ്ങളെ ചൂഷണം ചെയ്ത്, അവരുടെ ആരോഗ്യത്തെ തകര്‍ത്ത് അവരെ മരണത്തിലേക്കു തള്ളിവിടുന്ന ഖനികള്‍ക്കെതിരെ 2019 കോംഗോയിലെ ചില കുടുംബങ്ങള്‍ നിയമനടപടികളുമായി മുന്നോട്ടുപോയി. ബഹുരാഷ്ട്ര കമ്പനിയായ ടെസ്ലയ്‌ക്കെതിരെയായിരുന്നു നീക്കം. കുഞ്ഞുങ്ങളുടെ ആരോഗ്യവും ജീവനും തന്നെ അപകടത്തിലാക്കുന്നതിനും, അവരെ മാരകരോഗങ്ങളിലേക്കു തള്ളിവിടുന്നതിനും ടെസ്ലയ്ക്ക് വലിയ പങ്കുണ്ടെന്നതിലാണ് ഇവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്.
ഈ നിയമപോരാട്ടത്തില്‍ രണ്ടു കുട്ടികളെക്കുറിച്ചാണ് പ്രധാനമായും എടുത്തു പറഞ്ഞത്. ജോണ്‍ ഡുവണ്‍ എന്ന ബാലനാണ് അവരിലൊരാള്‍. തന്റെ 9-ാമത്തെ വയസുമുതല്‍ കഴുതയെപ്പോലെ ഖനിയില്‍ പണിയെടുക്കാനാരംഭിച്ചതാണ് ജോണ്‍. കിലോക്കണക്കിനു കോബോള്‍ട്ടുകളാണ് ജോണ്‍ ഓരോ ദിവസവും ഖനനം ചെയ്തത്. പക്ഷേ ജോണിനു ലഭിച്ചിരുന്നത് ദിവസം 0.75 ഡോളര്‍ മാത്രമാണ്. അതികഠിനമായ ജോലികള്‍ക്കിടയില്‍ ജോണിനു വലിയൊരു അപകടം സംഭവിച്ചു. ടണലില്‍ തളര്‍ന്നുവീണ ജോണിനെ വലിച്ചു പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയി. പക്ഷേ, പിന്നീടൊരിക്കലും ജോണ്‍ നടന്നിട്ടില്ല. ജോണിന്റെ ശരീരം മുഴുവന്‍ തളര്‍ന്നുപോയിരുന്നു.
ഇത്രയും അപകടകരമായ ഖനികളില്‍ കുട്ടികള്‍ എന്തിനാണ് ജോലി ചെയ്യുന്നത്…?? കൊടിയ ദാരിദ്ര്യമാണ് അതിനു കാരണം. ദാരിദ്ര്യത്തില്‍ നിന്നും എന്നെങ്കിലുമൊരു മോചനമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
കോംഗോയിലെ കുടുംബങ്ങള്‍ വന്‍തോതില്‍ കൊബാള്‍ട്ടില്‍ വാതുവയ്പ്പുകള്‍ നടത്തുന്നു. ലോകരാജ്യങ്ങള്‍ക്കു ക്രിപ്‌റ്റോ പോലെയാണ് കോംഗോയിലെ ജനങ്ങള്‍ക്ക് കോബാള്‍ട്ട്. അതിനാല്‍, കൊബാള്‍ട്ടില്‍ നിന്നും വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നവര്‍ കണക്കു കൂട്ടുന്നു. കൊബാള്‍ട്ടിന്റെ ആവശ്യം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മൂന്നുമടങ്ങായി വര്‍ദ്ധിച്ചു. 2035 ഓടുകൂടി കൊബാള്‍ട്ടിന്റെ ഡിമാന്റ് ഇനിയും ഇരട്ടിയാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ വന്‍തോതിലുള്ള ഉപയോഗം മൂലമാണിത്.
ഇപ്പോള്‍ 6.5 മില്യന്‍ വൈദ്യുതി വാഹനങ്ങളാണ് റോഡിലുള്ളത്. എന്നാല്‍, 2040-തോടുകൂടി ഇത് 66 മില്യന്‍ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 66 മില്യനെ 30 കൊണ്ടു ഗുണിച്ചാല്‍ എത്രയാണോ അത്രയും കൊബാള്‍ട്ട് 2040 ആവശ്യമായി വരും എന്നര്‍ത്ഥം. ചുരുക്കിപ്പറഞ്ഞാല്‍, 2050 ല്‍ കൊബാള്‍ട്ട് ഉത്പ്പാദനത്തില്‍ 585% വര്‍ദ്ധനവ് ഉണ്ടാകുമെന്നര്‍ത്ഥം.
കൊബാള്‍ട്ടിന്റെ അക്ഷയഘനിയാണ് കോംഗോ. അതിവൃഹത്തായൊരു നിധി പേടകത്തിന്റെ മുകളിലാണ് കോംഗോയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്നര്‍ത്ഥം. പക്ഷേ, അവര്‍ ജീവിതത്തില്‍ രുചിക്കുന്നതത്രയും പട്ടിണിയും ദുരിതങ്ങളും തോരാക്കണ്ണീരും മാത്രം.
സ്വന്തം മക്കളെ മനസാക്ഷി മരവിക്കുന്ന ഇത്തരം ജോലികളിലേക്കു പറഞ്ഞുവിടുന്നത് കോംഗോയില്‍ ആരും ആഗ്രഹിക്കുന്ന കാര്യമല്ല. പക്ഷേ, അവര്‍ക്കു മുന്നില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ല. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ആ കുട്ടികള്‍ തൊഴിലാളികളുടെ പട്ടികയില്‍ വരുന്നുമില്ല. ഒരു കമ്പനിയിലും അവര്‍ ജോലിക്കാരുമല്ല. പക്ഷേ, ഇവരുടെ അധ്വാനഫലം കൈപ്പറ്റാന്‍ നില്‍ക്കുന്ന കമ്പനികള്‍ എണ്ണമറ്റവയാണ്.
കുട്ടികളില്‍ നിന്നും കോബാള്‍ട്ട് വാങ്ങുന്നതാണ് കമ്പനികള്‍ക്ക് ഏറ്റവുമധികം ലാഭകരം. നിസ്സാര വില നല്‍കി വന്‍ തോതിലുള്ള കൊള്ളയാണ് ഇവിടെ നടക്കുന്നത്. അതിഭീകരമായ ചൂഷണമാണിവിടെ. നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ഖനികളില്‍ നിന്നും ചുളുവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുകയേയില്ല. പക്ഷേ, കുട്ടികളെ പറ്റിച്ച്, നക്കാപ്പിച്ച പൈസ നല്‍കി വന്‍തോതില്‍ കൊബാള്‍ട്ട് സ്വന്തമാക്കുകയാണ് വന്‍കിട കമ്പനികള്‍.
മഹാചൂഷണത്തിന്റെ ഈ ബിസിനസ് ചൈനയെക്കാള്‍ നന്നായി അറിയുന്ന മറ്റാരാണുള്ളത്…?? ചൈനയിലെ ഒട്ടെല്ലാ കമ്പനികളും ഉപയോഗിക്കുന്നത് കുരുന്നു രക്തം പുരണ്ട ഈ ബാറ്ററികളാണ്. കൊബാള്‍ട്ടിന്റെ ആഗോള കുത്തക കൈയ്യാളുന്നത് ചൈനയാണ്.
കൊബാള്‍ട്ട് ഉത്പ്പാദനത്തിന്റെ 50 ശതമാനവും ചൈനയ്ക്കു സ്വന്തമാണ്. ലോകത്തിലെ 80% കൊബാള്‍ട്ട് ഖനികളെയും നിയന്ത്രിക്കുന്നതും ചൈന തന്നെ. കോംഗോയിലെ 19 വ്യാവസായിക ഖനികളില്‍ 15 എണ്ണത്തിന്റെയും ഉടമ ചൈനയാണ്. കൊബാള്‍ട്ട് ഖനനം ചെയ്യുന്നതിനു പകരമായി ചൈന കോംഗോയ്ക്ക് വാഗ്ദാനം ചെയ്തത് കോടിക്കണക്കിനു ഡോളറിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും സ്‌കൂളുകളുടെയും റോഡുകളുടെയും വികസനമാണ്.
ചൈനയുടെ വാഗ്ദാനങ്ങള്‍ വെറും പൊള്ളയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോംഗോ. കുഞ്ഞുങ്ങളുടെ രക്തം പുരണ്ട ഈ കോബാള്‍ട്ട് വന്‍തോതില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുണ്ടാക്കാനായി ചൈന ഉപയോഗപ്പെടുത്തുകയാണ്.
കുട്ടികളില്‍ നിന്നും കൊബാള്‍ട്ട് വാങ്ങി ബ്ലഡ് ബാറ്ററികള്‍ നിര്‍മ്മിക്കുകയാണ് ചൈന. ആ ചോരക്കറയുടെ പങ്കുപറ്റി കൊബാള്‍ട്ട് ഖനനം ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ കോബാള്‍ട്ട് ഖനനകമ്പനിയായ ശേഖരമായ ഡങ്ഫാങ് മൈനിംഗ് (സി ഡി എം) എന്ന കമ്പനി സെജിയാംഗ് ഹുവായു കൊബാള്‍ട്ടിന്റെ സബ്‌സിഡിയറി ആണ്. (Zhejiang Huayou Cobalt).
ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന് കൊബാള്‍ട്ട് സപ്ലൈ ചെയ്യുന്ന കമ്പനിയാണിത്. ഹുവായുവിന്റെ 40% കൊബാള്‍ട്ടും കോംഗോയില്‍ നിന്നാണ്.
2016, സ്മാര്‍ട്ട് ഫോണ്‍ ഇലക്ട്രിക് കാര്‍ ബാറ്ററികളുടെയും നിര്‍മ്മാണത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്ന കുട്ടികളെക്കുറിച്ച് ഒരു ചൈനീസ് എന്‍ ജി ഒ പഠനം നടത്തിയിരുന്നു. ഹുവായുവിനെതിരെ വലിയ ആരോപണങ്ങളാണ് അന്ന് ഉയര്‍ന്നു വന്നത്. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. കുഞ്ഞുങ്ങളുടെ ചുടുചോര ഊറ്റിക്കുടിക്കുന്ന ചെകുത്താനായിട്ടാണ് എന്‍ ജി ഒ അന്ന് ഹുവായുവിനേ വിശേഷിപ്പിച്ചത്.
ഇത് ഈ പ്രശ്‌നത്തിന്റെ ഒരു ഭാഗം മാത്രമാണ്. ചൈനയിലെ ഖനികളിലും ഒഴുകിവീഴുന്നത് നിസ്സഹായരായ തൊഴിലാളികളുടെ ചുടുരക്തമാണ്.
അതിക്രൂരമായ മനുഷ്യവകാശ ലംഘനങ്ങളാണ് ഇവിടെ നടക്കുന്നത്. തൊഴിലാളികളെ മര്‍ദ്ദിച്ചും നിന്ദിച്ചും വെറുത്ത് മാറ്റിനിറുത്തിയും അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നു. യാതൊരു വിധ തൊഴില്‍ നിയമങ്ങളും പാലിക്കപ്പെടാതെയാണ് ഈ ഖനികള്‍ പ്രവര്‍ത്തിക്കുന്നത്.
തൊഴിലിടങ്ങളില്‍ മരിച്ചുവീഴുന്ന തൊഴിലാളികളെക്കുറിച്ചു യാതൊരു വിവരങ്ങളും ചൈനീസ് സര്‍ക്കാരിന് ഖനി ഉടമകള്‍ നല്‍കുന്നില്ല. അതിനാല്‍ത്തന്നെ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാവുന്നു. മൃതശരീരങ്ങള്‍ ഒളിപ്പിച്ചു വച്ചും മരിച്ചുവീണ തൊഴിലാളിയുടെ കുടുംബത്തിന് പണം നല്‍കി സ്വാധീനിച്ചും ഇത്തരം ക്രൂരമായ മനുഷ്യവകാശ ലംഘനങ്ങള്‍ മറച്ചു വയ്ക്കുന്നു.
അതായത്, ഇലക്ട്രിക് കാറുകള്‍ റോഡുകളില്‍ അതിന്റെ ജൈത്രയാത്ര ആരംഭിക്കുന്നതിനു മുന്‍പു തന്നെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആരംഭിച്ചു എന്നു സാരം. ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല, വോള്‍വോ, റെനോ, മെഴ്‌സിഡസ് ബെന്‍സ്, ഫോക്‌സ് വാഗണ്‍, തുടങ്ങിവര്‍ പിഞ്ചുകുഞ്ഞുങ്ങളുടെയും തൊഴിലാളികളുടെയും ചോരയില്‍ നിന്നും ലാഭം കൊയ്യാന്‍ കാത്തിരിക്കുകയാണ്. കോംഗോയിലെ നിസ്സഹായ ബാല്യങ്ങളില്‍ നിന്നും കോടികള്‍ സമ്പാദിക്കാന്‍ കാത്തിരിക്കുന്നവരാണിവര്‍.
ബാലവേലയെക്കുറിച്ചു സംസാരിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു പറയുന്ന കാര്‍ കമ്പനികള്‍ തന്നെയാണ് കോംഗോയിലെ കുരുന്നു ജീവിതങ്ങളുടെ ചോരത്തുള്ളിയില്‍ നിന്നും കോടികള്‍ സമ്പാദിക്കാന്‍ കാത്തിരിക്കുന്നത്.
തൊഴിലാളികളുടെ ആരോഗ്യത്തിനും മനുഷ്യവകാശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് 2019 ല്‍ പ്രസിഡന്റ് ഫീലിക്‌സ് ഷിസെകേഡി പ്രതിജ്ഞ ചെയ്തിരുന്നു. പക്ഷേ, വാക്കുപാലിക്കാന്‍ പ്രസിഡന്റിനു കഴിഞ്ഞില്ല. ബാലവേലയെ അവഗണിച്ചതിന് പ്രസിഡന്റ് ഇപ്പോള്‍ വ്യാപകമായ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
കൊബാള്‍ട്ട് ഇല്ലാത്ത എല്‍ എഫ് പി ബാറ്ററികളിലോടുന്ന ചൈന നിര്‍മ്മിത മോഡല്‍-3 കാറുകള്‍ നിരത്തിലിറക്കുമെന്ന് 2020 ല്‍ ടെസ്ല കമ്പനി നടത്തിയിരുന്നു. എന്നാല്‍, ആ വാക്കില്‍ ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. വര്‍ഷത്തില്‍ 6000 ടണ്‍ കൊബാല്‍ട്ട് വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിടുകയാണ് പിന്നീട് ടെസ്ല ചെയ്തത്.
ലിഥിയം ഇയോണ്‍ ബാറ്ററി എന്നാല്‍, ബ്ലഡ് ബാറ്ററിയാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ടത് ഇങ്ങനെയല്ല. ഇത് മനുഷ്യനെ പുഴുക്കളെപ്പോലെ പരിഗണിക്കുന്നു. മനുഷ്യാവകാശങ്ങളെ ഹനിക്കുന്നു.
മനുഷ്യന്റെ ജീവന്‍ പകരമായി നല്‍കി പരിഹാരം കാണേണ്ട ഒന്നല്ല കാലാവസ്ഥ പ്രശ്‌നങ്ങള്‍. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും വൈദ്യുതി കാറുകള്‍ പരിഹാരമാകണമെങ്കില്‍ മനുഷ്യന്റെ ചോരയില്‍ നിന്നും അവ മോചനം നേടണം.
…………………………………………………………………………..
ഡി പി സ്‌കറിയ