ഫസല്‍ ബീമ യോജന: റഫേലിനേക്കാള്‍ വലിയ അഴിമതി

Written by: A K RAMESH


ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പി സായിനാഥ് നടത്തിയ പ്രസംഗം അതീവ ഗുരുതരമായ ഒരു പ്രശ്‌നമാണ് മുന്നോട്ടുവെച്ചത്.

റഫേലിനേക്കാള്‍ വലിയ അഴിമതിയാണ് ഫസല്‍ ബീമ യോജന എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിശയോക്തിപരമാണ് എന്നു പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. പക്ഷേ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പൊതുമുതല്‍ കുത്തിച്ചോര്‍ത്താന്‍ അവസരമൊരുക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉള്ളറകള്‍ തുറന്നാല്‍ അത്യന്തം ദേശവിരുദ്ധമായ ഒരു വന്‍ തട്ടിപ്പിന്റെ കഥകളാണ് വെളിപ്പെടുക.


1972 ല്‍ പരിമിതമായ തോതില്‍ ഇന്ത്യയില്‍ ആരംഭിച്ച വിള ഇന്‍ഷൂറന്‍സ്, 1985 മുതലാണ് സമഗ്ര വിള ഇന്‍ഷൂറന്‍സ് പദ്ധതിയായി മാറുന്നത്. അച്ഛാ ദിന്‍ ആയിപ്പോയി എന്നുപറഞ്ഞ പ്രധാനമന്ത്രിയെ സദാ സ്മരിക്കാനായാവണം, അതിന്റെ പേര് മാറ്റി, ഘടന മാറ്റി, 2016ല്‍ പ്രധാനമന്ത്രി ഫസല്‍ ഭീമയോജന എന്ന പുതിയ ഒരു പദ്ധതിയാക്കി പ്രഖ്യാപിച്ചത്. വിളനാശം വരുന്ന കര്‍ഷകര്‍ക്ക് ആശ്വാസത്തിനെത്തേണ്ട ആ പദ്ധതി, ഇന്‍ഷൂറന്‍സ് കമ്പനികളെയാണ് സഹായിക്കുന്നത് എന്ന കാര്യം ഐആര്‍ഡിഎ യുടെ മുഖപത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. അതിന്റെ 2018 ജൂണ്‍ ലക്കം ജേണല്‍ വിള ഇന്‍ഷൂറന്‍സ് സ്‌പെഷല്‍ ആണ്. പ്രസാധകനായ ഡോക്ടര്‍ സുബാഷ് സി ഖുന്തിയ അതില്‍ അസന്ദിഗ്ധധമായ ഭാഷയില്‍ പറഞ്ഞത്, ‘വിള ഇന്‍ഷൂറന്‍സ് ഉത്തേജിപ്പിച്ചാല്‍, അത് കാര്‍ഷിക മേഖലയെ മാത്രമല്ല, ഇന്‍ഷൂറന്‍സ് മേഖലയെയും വികസിപ്പിക്കും’ എന്നാണ്. രണ്ടും വളരും എന്നാണ് പറച്ചില്‍. ഒന്ന് മറ്റേതിനെ വളമാക്കുന്നു എന്നത് അനുഭവവും.


റിലയന്‍സിനെപ്പോലുള്ള സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിള ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഒരു ജില്ലയില്‍ നിന്നു മാത്രം കുത്തിച്ചോര്‍ത്തുന്ന ലാഭത്തിന്റെ കണക്ക് മറ്റൊരവസരത്തില്‍, അഹമ്മദബാദിലെ കിസാന്‍ സമ്മേളനത്തില്‍ പി സായ്നാഥ് അവതരിപ്പിച്ചിട്ടുണ്ട്. ആ ഒരൊറ്റ കണക്ക് മതി കൊള്ളയുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താന്‍. മഹാരാഷ്ട്രയിലെ ഒരു ജില്ലയിലെ 2,80,000 സോയാ കര്‍ഷകര്‍ 19.2 കോടിയാണ് ഇന്‍ഷൂറന്‍സ് പ്രീമിയമായി സ്വകാര്യ കമ്പനിക്ക് നല്‍കിയത്. സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും തങ്ങളുടെ തങ്ങളുടെ വിഹിതമായ 77 കോടി വീതം 154 കോടി വേറെയും നല്‍കുന്നുണ്ട് പദ്ധതിയിലേക്ക്. അങ്ങനെ 173. 2 കോടി രൂപ റിലയന്‍സ് ഇന്‍ഷൂറന്‍സിന് ഒരു ചെലവുമില്ലാതെ കിട്ടുകയാണ്. വിളകള്‍ക്ക് വന്‍ നാശം വന്നെങ്കിലും, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയതാവട്ടെ, വെറും 30 കോടി. എന്നു വെച്ചാല്‍, ഒറ്റക്കാശും മുതല്‍ മുടക്കാതെ റിലയന്‍സിന് വെള്ളിത്താലത്തില്‍ വെച്ച് നീട്ടിക്കിട്ടിയത്, ഒരു ജില്ലയില്‍ നിന്നു മാത്രം 143. 2 കോടി രൂപയാണെന്ന്! 


വിള ഇന്‍ഷൂറന്‍സിന്റെ പേരില്‍ 2016-17 നും 2017-18 നും ഇടയിലുള്ള ഒറ്റവര്‍ഷം കൊണ്ട് ഇന്‍ഷൂറന്‍സ് കമ്പനികള്‍ അടിച്ചെടുത്ത ലാഭം 15,975 കോടിയാണത്രെ! സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് (Center for Science and Environment) 21. 7.17 ന് പുറത്തിറക്കിയ രേഖയില്‍ 2016ല്‍ ഈ മേഖലയില്‍ നിന്നുണ്ടാക്കിയ ലാഭം 10,000 കോടിയാണ് എന്ന് വെളിപ്പെടുത്തുന്നുണ്ട് (‘The Logical Indian’ ഉദ്ധരിച്ചത്). എന്നു വെച്ചാല്‍ ഒറ്റ വര്‍ഷം കൊണ്ട് ലാഭത്തിലുണ്ടായ വര്‍ദ്ധന 60 ശതമാനത്തോളം വരും എന്ന്!


വിള ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന നഷ്ട പരിഹാരമാണെങ്കില്‍, അതി തുച്ഛമായിരിക്കുമത്രെ. സി. എസ്. ഇ യുടെ രേഖ പറയുന്നത് യഥാര്‍ത്ഥ നഷ്ടത്തിന്റെ മൂന്നിലൊന്നു പോലും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല എന്നാണ്.


വിള ഇന്‍ഷൂറന്‍സ് വഴി കര്‍ഷകരെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ച കമ്പനികളുടെ ലിസ്റ്റ് നോക്കിയാലറിയാം, എന്തു കൊണ്ടിങ്ങനെയെന്ന്! 10 സ്വകാര്യക്കമ്പനികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഐ സി ഐ സി ഐ ലൊംബാഡ്, എച്ച്ഡിഎഫ്‌സി എര്‍ഗോ, ഐഎഫ്എഫ് കോ ടോക്യോ, ചോളമണ്ഡലം എം എസ്, ബജാജ് അലയന്‍സ്, റിലയന്‍സ്, ഫ്യൂച്ചര്‍, ടാറ്റാ എഐജി, എസ് ബി ഐ ജനറല്‍ ഇന്‍ഷൂറന്‍സ്, യൂനിവേഴ്‌സല്‍ സോമ്പോ.


ഇക്കൂട്ടത്തില്‍, കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സല്‍ സോമ്പോ മാത്രമാണ്, കര്‍ഷകരോട് അല്‍പമെങ്കിലും നീതി പുലര്‍ത്തിയത് എന്നാണ് ലോക പരിസ്ഥിതി ദിനത്തിനിറക്കിയ ഡൗണ്‍ ടു എര്‍ത്ത് മാസിക ചൂണ്ടിക്കാട്ടിയത്. മറ്റ് ഇന്‍ഷൂറന്‍സ് കമ്പനികള്‍, 75 മുതല്‍ 100 ശതമാനം വരെയുള്ള ക്ലെയിമുകളില്‍ അടയിരിക്കുകയാണത്രെ. എന്നു വെച്ചാല്‍, നഷ്ടപരിഹാരത്തിനുള്ള ഒറ്റ അപേക്ഷയിലും തീര്‍പ്പ് കല്‍പ്പിക്കാത്ത കമ്പനികളാണ് ഭൂരിപക്ഷവും എന്ന്! മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഫ് എഫ് കോ- ടോക്യോ, 2017 മാര്‍ച്ചിലെ ക്ലെയിമുകളില്‍ 86 ശതമാനവും കൊടുക്കാന്‍ ബാക്കിയാണത്രെ!


ഈ 10 കമ്പനികളും കൂടി 2016 ഖാരിഫ വിളക്കാലത്ത് അടിച്ചെടുത്ത പ്രീമിയം 9041.25 കോടി രൂപയാണത്രെ! പക്ഷേ അവ കൊടുത്ത നഷ്ടപരിഹാരമാകട്ടെ, ലഭിച്ച ക്ലെയിമിന്റെ നാലിലൊന്നാണ്! കര്‍ഷകര്‍ക്കുണ്ടായ നഷ്ടം മുഴുവന്‍ പലപ്പോഴും ക്ലെയിം ചെയ്യാനാവില്ലല്ലോ . എന്നിട്ടും, അപേക്ഷ ലഭിച്ച 23 24.01 കോടിയില്‍ കൊടുത്തത് വെറും 5 70.10 കോടി മാത്രം!


ഇങ്ങനെ തങ്ങള്‍ക്ക് നഷ്ടം മാത്രം വരുത്തി വെക്കുന്ന ഇത്തരമൊരു പദ്ധതിയില്‍ തുടരേണ്ടതില്ല എന്നു വെച്ചാലോ? അങ്ങനെയൊരു ആലോചനപോലും നടത്താനാവാത്ത ദുര്‍ഗതിയിലാണല്ലോ കര്‍ഷകര്‍. വിത്തിനും വളത്തിനും വിലയേറുകയാണ്. സബ്‌സിഡികള്‍ തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അത്തരമൊരവസ്ഥയില്‍, വായ്പക്കായി ബാങ്കുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ബാങ്ക് വായ്പ കിട്ടണമെങ്കില്‍ വിള ഇന്‍ഷൂറന്‍സ് നിര്‍ബന്ധം. അങ്ങനെ വരുമ്പോള്‍ നിവൃത്തികെട്ട കര്‍ഷകര്‍ മറ്റൊരു നിവൃത്തികേടായി വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചെന്നു ചേരുകയാണ്. കര്‍ഷകരുടെ ഈ ഗതികേട് മുതലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തം ഇഷ്ടഭാജനങ്ങളായ വന്‍കിട കുത്തകകള്‍ക്ക് കൊള്ള നടത്താനുള്ള അവസരമൊരുക്കുന്നത്.


1999ലെ എന്‍ എ ഐ എസ് പദ്ധതിയനുസരിച്ച് കര്‍ഷകര്‍ കൊടുക്കേണ്ട പ്രീമിയത്തേക്കാള്‍ വളരെ കുറവേ ഫസല്‍ ബീമ യോജന പദ്ധതിയില്‍ കൊടുക്കേണ്ടതുള്ളൂ, കര്‍ഷകര്‍ കൊടുക്കുന്നതിന്റെ 5 ഇരട്ടിയാണ് സര്‍ക്കാര്‍ പ്രീമിയം അടക്കാനായി ചെലവാക്കുക എന്നെല്ലാമായിരുന്നു പ്രഖ്യാപനങ്ങള്‍. സര്‍ക്കാര്‍ കാശ് നന്നായി ചെലവാക്കുന്നു എന്നത് നേരാണ്; അത് നേരെ ചെന്നു വീഴുന്നത് റിലയന്‍സ് പോലുള്ള കമ്പനികളുടെ ഖജനാവിലേക്കാണെന്നു മാത്രം. വെറുതെയല്ല, വിള ഇന്‍ഷൂര്‍ ചെയ്ത കൃഷിഭൂമിയുടെ വിസ്തീര്‍ണം 2 വര്‍ഷമായി കുറഞ്ഞു വരുന്നത്. 2016-17 കാലത്ത് 57.2 ദശലക്ഷം ഹെക്ടറായിരുന്ന വിള ഇന്‍ഷൂറന്‍സ് എടുത്ത കൃഷിഭൂമിയുടെ വിസ്തീര്‍ണം, 2017-18 ആയപ്പോള്‍ 47.5 ദശലക്ഷമായി ചുരുങ്ങിയത് യാദൃശ്ചികമല്ല.


ശിങ്കിടി മുതലാളിത്തത്തിന്റെ പുതു പുതുരൂപങ്ങളാണ് ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുന്നത്. പൊതുമുതല്‍ കട്ടൂറ്റിയെടുത്തതിന് ശിക്ഷിക്കപ്പെട്ട റിലയന്‍സ് പോലുള്ള സ്വകാര്യ കുത്തക കമ്പനികളെ തടിച്ചുകൊഴുപ്പിക്കാനാണ് ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം മുഴക്കുന്ന കര്‍ഷകരെ കൊള്ളയടിക്കുന്നത്!

വാല്‍ക്കഷണം:

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഗുജറാത്തിലെ ധനിക കര്‍ഷകര്‍ക്ക് ചില ഇളവുകളുണ്ട്. 2016ലെ ഖാരിഫ് വിളയില്‍ നിലക്കടല കൃഷി വലിയ തെറ്റില്ലാതെ നടന്നു. നല്ല വിള. എന്നിട്ടും വിള ഇന്‍ഷൂറന്‍സിനുള്ള കനത്ത ക്ലെയിമാണ് ചെന്നത്.സര്‍ക്കാര്‍ തെറ്റായ ഡാറ്റ നല്‍കി കര്‍ഷകര്‍ക്ക് കാശ് വാങ്ങിച്ചു കൊടുക്കാന്‍ ശ്രമിച്ചതാണ് കാര്യം. സംഗതി പുറത്തായി.തികഞ്ഞ സ്വജനപക്ഷപാതം .തട്ടിപ്പ് .ഒടുക്കം സാറ്റലൈറ്റ് വഴി പരിശോധന നടന്നു. കൃത്രിമം ബോദ്ധ്യപ്പെട്ടു. വിഷയം കേന്ദ്രത്തിലെത്തി. ദേശീയപതാക കൊണ്ടും നാണം മറയ്ക്കാനാവാതെ, ഒടുക്കം ക്ലെയിം വെട്ടിച്ചുരുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ബന്ധിധിതരായത്രെ! അത് വേറൊരു ശിങ്കിടി സ്വഭാവം!

Leave a Reply

Your email address will not be published. Required fields are marked *