ഇനിയുമെത്ര മരിച്ചു വീഴണം അധികാരികളുടെ കണ്ണുതുറക്കാന്‍….??

 

Written by: D P Skariah

‘നിനക്ക് ഇഷ്ടപ്പെട്ട ആഹാരം തന്നെ നിന്നെ കൊന്നല്ലോ… ഇനി ഞങ്ങള്‍ക്കാരുണ്ട്….’ കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം മരിച്ച നഴ്സിന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നു കേട്ട നിലവിളിയാണിത്. മരണമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ നിര്‍ജ്ജീവമാകുകയും ചെയ്യുകയാണ് നിയമ, ഭരണ സംവിധാനങ്ങള്‍. ഭക്ഷ്യവിഷബാധ മാത്രമല്ല ഇവരുടെ ഈ കഴിവില്ലായ്മയുടെ ഉദാഹരണങ്ങള്‍. ഭരണ സംവിധാനങ്ങളും നിയമങ്ങളും അര്‍ഹതപ്പെട്ടവന്റെ പക്ഷത്തല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഇത്തരം അത്യാഹിതങ്ങള്‍. ഭക്ഷ്യവകുപ്പും ആരോഗ്യവകുപ്പും നിഷ്‌ക്രിയമാണ്. മായമില്ലാത്ത ഒരാഹാരം പോലും വിളമ്പുന്നില്ലെന്ന സ്ഥിതിയാണിത്. ഇത് അതിശയോക്തിയല്ല, അന്വേഷിച്ചറിഞ്ഞ സത്യമാണ്. നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കളും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ നല്‍കാത്തതും നിയമം കര്‍ശനമല്ലാത്തതും ജനങ്ങളെ നയിക്കുന്നത് മരണത്തിലേക്കും ഭീകരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കുമാണ്. എന്നിട്ടും ഇവിടെ നടക്കുന്നത് ന്യായീകരണങ്ങള്‍ മാത്രം.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തട്ടുകടകളിലും ഹോട്ടലുകളിലും ആഹാരം വിളമ്പുന്ന മറ്റെല്ലാ ഇടങ്ങളിലും ഉപയോഗിക്കുന്ന എണ്ണയും മറ്റ് അസംസ്‌കൃത വസ്തുക്കളും ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്നവയാണ്. ഇത്തരം ഇടങ്ങളില്‍ പണിയെടുക്കുന്ന ജോലിക്കാരുടെ ആരോഗ്യം, ഭക്ഷണസാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി, നിരോധിച്ച പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം, പ്രിന്റ് ചെയ്ത പേപ്പറില്‍ പൊതിഞ്ഞു കൊടുക്കുന്ന ആഹാര സാധനങ്ങള്‍ (എണ്ണപ്പലഹാരങ്ങള്‍ ഉള്‍പ്പടെ) തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്ന മാംസം ഉള്‍പ്പടെയുള്ള എല്ലാ അസംസ്‌കൃത വസ്തുക്കളും അംഗീകൃത സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലൂടെ മാത്രം വിതരണം ചെയ്യാനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്‍ഫഹാം, കുഴിമന്തി, ചിക്കന്‍ ഫ്രൈ, ബിരിയാണി, മറ്റ് മാംസ്യ, സസ്യ ഭക്ഷണ സാമഗ്രികള്‍ വില്‍ക്കുന്ന ഇടങ്ങളില്‍ ശക്തമായ അന്വേഷണം നടത്തേണ്ടതും അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം കണ്ടെത്തേണ്ടതുമുണ്ട്.

പുറത്തു നിന്നും ഭക്ഷണം കഴിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെട്ടതോടെ കൂണുപോലെ മുളച്ചു പൊന്തുകയാണ് ആഹാര സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കടകള്‍. ചെറിയ ചായക്കടകളും തട്ടുകടകളും മുതല്‍ വലിയ ഹോട്ടലുകള്‍ വരെ ഈ രംഗത്തുണ്ട്. ഏതു ബിസിനസിന്റെയും ലക്ഷ്യം ലാഭമാണ്. ഭക്ഷണക്കടകളുടെതും അതുപോലെ തന്നെ. എന്നാല്‍, കൂടിയ വിലയ്ക്ക് അസംസ്‌കൃത വസ്തകുക്കള്‍ വാങ്ങി ആഹാര സാധനങ്ങള്‍ ഉണ്ടാക്കിയ ശേഷം അവ കുറഞ്ഞ വിലയ്ക്ക് ലാഭത്തില്‍ വില്‍ക്കാന്‍ കഴിയുന്നത് എങ്ങനെ…?? അവിടെയാണ് വിഷം വിളമ്പുന്നത്. മരണം സംഭവിക്കുമ്പോള്‍ മാത്രമേ അത് വലിയ പ്രക്ഷോഭങ്ങള്‍ ആകുന്നുള്ളു. മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരെക്കുറിച്ചും ആഹാരം കഴിച്ച് ആരോഗ്യം നശിപ്പിച്ചവരെക്കുറിച്ചും യാതൊരു വാര്‍ത്തയും ഇല്ല.

ഒരു കിലോ കോഴിക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 145 രൂപയാണ്. ഒരുമിച്ചെടുക്കുമ്പോള്‍ പത്തോ ഇരുപതോ രൂപ കുറച്ച് കിട്ടുമായിരിക്കും. ഈ കോഴി ഉപയോഗിച്ച് ഭക്ഷ്യ സാധനങ്ങള്‍ ഉണ്ടാക്കുമ്പോള്‍, അതിന്റെ വില നിര്‍ണ്ണയിക്കുന്നത് ഏതു തരത്തിലാണ്..?? കൂടുതല്‍ ലാഭം, കൂടുതല്‍ വില എന്ന രീതിയിലേക്കെത്തുമ്പോള്‍ ഗുണമേന്മയുള്ളതാണോ എന്ന് മനസിലാക്കാന്‍ കഴിയാറില്ല. കോഴി മാത്രമല്ല, മറ്റ് ഇറച്ചിയും മീനും പച്ചക്കറികളുമെല്ലാം ഈ വിധത്തില്‍ തന്നെയാണ് വാങ്ങുന്നതും വില്‍ക്കുന്നതും. മാത്രവുമല്ല, ഉപയോഗിക്കാതെ ബാക്കിയായ ഭക്ഷണം ഏതു രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചും യാതൊരു അറിവുമില്ല. അത്തരത്തില്‍ ഒരു സംവിധാനം പോലും നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടില്ല. പുതുതായി പാചകം ചെയ്ത മാംസ ഭക്ഷണത്തോടൊപ്പം തലേന്നുണ്ടാക്കിയ ഭക്ഷണം കൂടി ചേര്‍ത്തിട്ടുണ്ടോ എന്നറിയാനും മാര്‍ഗ്ഗമില്ല.

കേരളത്തിന്റെ മുക്കിലും മൂലയിലും ഉയര്‍ന്നുവരുന്ന കുഴിമന്തി, അല്‍ഫഹാം, ഷവര്‍മ്മ, മോമോ, മക്‌ഡൊണാള്‍ഡ് പോലുള്ള സംവിധാനങ്ങളിലും കെ എഫ് സി പോലുള്ളവയോ സമാനമായതോ ആയ അള്‍ട്രാ മോഡേണ്‍ ഭക്ഷണവിതരണ ശാലകളിലും വിളമ്പുന്ന ആഹാരങ്ങള്‍ എത്രകാലം മുന്‍പുള്ളതോ എത്ര പഴക്കമുള്ളതെന്നോ രോഗമുള്ളതാണോ എന്നതോ തെളിയിക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ല. ഇനിയഥവാ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള യാതൊരു വിധ സംവിധാനങ്ങളുമില്ല. തുടര്‍ച്ചയായ ഭക്ഷ്യവിഷബാധയും തുടര്‍ന്നുള്ള റെയ്ഡുകളും കടയടപ്പിക്കല്‍ പ്രഹസനങ്ങള്‍ക്കുമപ്പുറം കുറ്റവാളികള്‍ക്ക് എന്തു ശിക്ഷ കൊടുത്തു എന്നു പോലും ജനങ്ങള്‍ അറിയുന്നില്ല. വിഷം വിളമ്പുന്ന ഹോട്ടലുകലെക്കുറിച്ചും ബേക്കറികളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. പക്ഷേ, അവയൊന്നും പിന്നീട് അടഞ്ഞു കിടക്കുകയോ പ്രവര്‍ത്തനം നിറുത്തുകയോ ചെയ്യുന്നില്ല.

ഇത്തരം ഹോട്ടലുകളും മറ്റ് ഔട്ട്ലെറ്റുകളെല്ലാം മറ്റൊരു രൂപത്തിലും ഭാവത്തിലും പുനരാവിഷ്‌കരിക്കപ്പെടുന്നു. അവിടെയും വിളമ്പുന്നത് വിഷം തന്നെയാവും. ഭക്ഷ്യവിഷബാധയോ മറ്റു പ്രശ്നങ്ങളോ മൂലം ആരെങ്കിലും മരിച്ചാല്‍ ആ സ്ഥാപനം തല്ലിത്തകര്‍ക്കുക എന്ന ആക്രമണോത്സുക സ്വഭാവം കാണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെയൊക്കെയോ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഇത്തരം ആക്രമാണാത്മത പ്രതിഷേധങ്ങളല്ല നമുക്കു വേണ്ടത്. പ്രശ്നത്തിന് ആത്യന്തികമായ പരിഹാരം വേണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. കര്‍ശന പരിശോധനകള്‍ നിരന്തരം നടത്തണം. ആരോഗ്യകരമായ, മെച്ചപ്പെട്ട ഭക്ഷണം ജനങ്ങള്‍ക്കു രകിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ബാധ്യസ്ഥരായ ഭക്ഷ്യവകുപ്പും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ആരോഗ്യ വകുപ്പും മതിമറന്ന് ഉറങ്ങുകയാണിവിടെ.

ഭക്ഷ്യ വിഷബാധ മാത്രമല്ല ഇവിടെ അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട വിഷയം. ഏതൊരു അപകടമെടുത്താലും കുറ്റം ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതേയില്ല. തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണമിതാണ്. പോകുന്നത് അപകടത്തിലേക്കാണെന്ന് അമിത വേഗത്തില്‍ വണ്ടി ഓടിക്കുന്ന എല്ലാവര്‍ക്കുമറിയാം. അപ്പോള്‍, ലഹരി ഉപയോഗിച്ചും അല്ലാതെയും അപകടകരമായ വിധത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് നല്‍കേണ്ട ശിക്ഷ മനപ്പൂര്‍വ്വമായി ചെയ്ത കുറ്റകൃത്യത്തിനു തന്നെയല്ലേ….? പിന്നെ എങ്ങനെയാണ് അത് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാകുന്നത്…?? മനപ്പൂര്‍വ്വം കൊല്ലുന്നതു പോലും മനപ്പൂര്‍വ്വമല്ലാതാകുന്ന നാടാണിത്. നീതി നിഷേധിക്കപ്പെട്ടവനെ കുറ്റവാളികളാക്കും. കുറ്റവാളികളെ പൂവിട്ടു പൂജിക്കുകയോ ചെറിയ ശിക്ഷകള്‍ നല്‍കി പറഞ്ഞയക്കുകയോ ചെയ്യും. അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനു പ്രധാന കാരണം നമ്മുടെ നിയമ സംവിധാനങ്ങളുടെയും ഭരണ സംവിധാനങ്ങളുടേയും കഴിവു കേടുകൊണ്ടാണ്.

വാഹനത്തിനു മുന്നില്‍ ഒരു കൊടിയോ ചുവന്ന ബോര്‍ഡോ ഉണ്ടെങ്കില്‍ എത്ര വേഗത്തില്‍ വേണമെങ്കിലും ചീറിപ്പായാം. എന്തപകടവും വരുത്താം. അവയില്‍ നിന്നെല്ലാം നിസ്സാരമായി രക്ഷപ്പെടുകയും ചെയ്യാം. മന്ത്രിമാരുയെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബിഷപ്പുമാര്‍, മെത്രാന്മാര്‍, സന്ന്യാസികള്‍, പുരോഹിതവൃന്ദം തുടങ്ങിയവരുടെയും വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലൂടെ അമിത വേഗത്തില്‍ ചീറിപ്പായുന്നു. മറ്റുള്ളവരുടെ ജീവനോ സമയത്തിനോ യാതൊരു വിലയും നല്‍കാതെ. ഇത്തരക്കാര്‍ വരുത്തി വയ്ക്കുന്ന അപകടങ്ങളും മറ്റു നിയമ ലംഘനങ്ങളും തെറ്റായിപ്പോലും ആരും കണക്കിലെടുക്കുന്നില്ല. നിയമം ലംഘിക്കാന്‍ അവര്‍ക്കെല്ലാം ലൈസന്‍സ് ഉള്ളപോലെയാണ് ഇവിടെ കാര്യങ്ങള്‍. വാഹനത്തില്‍ ഒരു ചുവന്ന ബോര്‍ഡ് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു കൊടിയുണ്ടെങ്കില്‍ ഏതു നിയമവും ലംഘിക്കാം. ഏതു സ്പീഡിലും പോകാം. എതപകടമുണ്ടായാലും അത് പരിഗണിക്കുക പോലുമില്ല.

എത്ര പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റാലും എത്ര പേര്‍ ആശുപത്രിയിലായാലും എത്ര പേര്‍ മരിച്ചു വീണാലും അതെല്ലാം നിസ്സാരവത്കരിക്കുകയാണു നമ്മള്‍. ഇത്രയല്ലേ സംഭവിച്ചുള്ളു, തങ്ങളും തങ്ങളുടെ കുടുംബവും ജീവനോടെയുണ്ടല്ലോ എന്നതാണ് എല്ലാവരുടെയും ചിന്ത. ഇതിനു മുന്‍പ് എത്ര തവണ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട് എന്നു നമ്മള്‍ ചിന്തിക്കുന്നതേയില്ല. കുറച്ചു ദിവസം നടത്തുന്ന പ്രഹസനങ്ങള്‍ കഴിഞ്ഞാല്‍ അതെല്ലാവരും മറക്കും. ഉത്സവ സീസണ്‍ ആകുമ്പോള്‍ കൂണുപോലെ മുളച്ചു പൊന്തുന്ന അനേകായിരം ആഹാര വിതരണ കേന്ദ്രങ്ങള്‍ നമ്മുടെ മുന്നില്‍ വലിയ ചോദ്യച്ചിഹ്നം തന്നെയാണ്. എന്താണിവര്‍ ഉണ്ടാക്കുന്നത്, എന്താണിവര്‍ കൊടുക്കുന്നത്, എങ്ങനെയാണിവര്‍ വിളമ്പുന്നത് എന്നൊന്നും പരിസോധിക്കാതെ, കഴിക്കുന്ന ഭക്ഷണം എന്തെന്നു പോലുമറിയാതെ, വിശന്ന വയറ്റിലേക്ക് വിഷമൂറ്റുകയാണിവിടെ.

ശക്തമായ നിയമ സംവിധാനങ്ങളില്ലാതെ വരുമ്പോള്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും. അതുപോലെ തന്നെയാണ് ആശുപത്രികളുടെ കാര്യവും. രോഗിക്ക് അനാവശ്യമായ ടെസ്റ്റുകളും മരുന്നുകളും നല്‍കി അവരില്‍ നിന്നും കിട്ടാവുന്നതത്രയും പിടുങ്ങുന്ന രീതി. രോഗിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലും ആശുപത്രി അധികൃതര്‍ പലപ്പോഴും നല്‍കാറില്ല. ഇത്തരത്തില്‍, വലിയ കടക്കെണിയിലേക്ക് രോഗികളെയും അവരുടെ ബന്ധുക്കളെയും തള്ളിയിടുന്നു.

മെഡിക്കല്‍ രംഗത്തെ അനാസ്ഥയെ മരണവുമായി മാത്രം ബന്ധിക്കാവുന്നതല്ല. സത്യാവസ്ഥ തുറന്നു പറയാതെ രോഗിയെ പിഴിയുന്നതും അനാസ്ഥ തന്നെയാണ്. നിരപരാധികളെ കഷ്ടപ്പെടുത്തുന്ന ഏതു പ്രവര്‍ത്തികളും നിരന്തരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ടോ നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനോ നിയമങ്ങള്‍ കൃത്യമായി പരിപാരിക്കപ്പെടാനോ ഇവിടെ ആളുകളില്ല. ഭരണകര്‍ത്താക്കളുടേയും നിയമ സംവിധാനത്തിന്റൈയും അപര്യാപ്തതകളിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. ഇവയെല്ലാം എതിര്‍ക്കേണ്ട സാംസ്‌കാരിക നായകരും ജനപ്രതിനിധികളുമെല്ലാം ഈ കടുത്ത നിയമ ലംഘനങ്ങള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരിക്കുന്നു.

നമ്മുടെ നാട്ടില്‍ എതിര്‍പ്പുകളുണ്ടാകുന്നതെല്ലാം വന്‍കിട പ്രോജക്ടുകള്‍ക്കെതിരെ മാത്രമാണ്. കൊക്കക്കോളയ്‌ക്കോ അദാനിക്കോ അംമ്പാനിക്കോ എല്ലാം എതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നു. മെഗാ പ്രോജക്ടുകള്‍ക്കെതിരെ ബഹുജനപ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു എന്നവകാശപ്പെടുകയാണ് ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും. എന്നാല്‍, ചെറിയവര്‍ നടത്തുന്ന പെരും നിയമലംഘനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണിവര്‍ ചെയ്യുന്നത്. ഇതിനെതിരെ ശബ്ദിക്കേണ്ട ബഹുജനങ്ങളും സാംസ്‌കാരിക നായകന്മാരുമെല്ലാം നിശബ്ദരായിരിക്കുന്നു. അതിനാല്‍, ഇവിടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും ആ പ്രശ്‌നങ്ങളെയൊക്കെ പരിഹരിക്കാന്‍ കഴിയാതെ പരാജയപ്പെട്ടു പോകുകയും ചെയ്യുന്നു. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന പ്രശ്‌നങ്ങളെ നമ്മള്‍ വളരെ ലാഘവത്തോടു കൂടി കാണുകയും അത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

എറണാകുളം ജില്ലയിലെ വളരെ ജനസാന്ദ്രതയുള്ള നീണ്ടപാറ കരിമണല്‍ പോലെയുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നു. ഈ പ്രദേശത്തെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ അറിവുണ്ടെന്നതിന്റെ തെളിവാണ് ഇവിടെ കൃത്യമായി കറണ്ടും വെള്ളവും വെളിച്ചവുമെല്ലാം കിട്ടുന്നുണ്ട് എന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുകയും വൈദികരും ഇമാംമാരും ജനപ്രതിനിധികളുമെല്ലാം സംസാരിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പു മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, എത്ര കാലത്തിനുള്ളില്‍ ഇത് ഉണ്ടാകുമെന്നു പറയാന്‍ കൂടി ഉത്തരവാദിത്തമുള്ളവരാണ് നിശബ്ദരായിട്ടിരിക്കുന്നത്. നമ്മുടെ തലമുറകളുടെ കാലത്തെങ്കിലും ഉണ്ടാകുമോ ഈ രക്ഷ??

ഇവിടെ ജനങ്ങള്‍ക്കു വേണ്ടാത്ത സകല കാര്യങ്ങളും പദ്ധതികളും ഇവിടെ ആവിഷ്‌കരിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ നാടുകളില്‍ ഇനിയും വികസിക്കാത്ത നിരവധിയായ റോഡുകളുണ്ട്. നീണ്ടപാറ കരിമണല്‍ പ്രദേശത്തു മാത്രമല്ല, പാലക്കാട് അഗളി മൂന്നാര്‍ പോലുള്ള പല സ്ഥലങ്ങളിലും ആനയിറങ്ങുകയും അവയ്‌ക്കെല്ലാം വിവിധ പേരുകള്‍ കൊടുത്ത് ആഘോഷമാക്കുകയും ചെയ്യുന്നു. മാമലക്കണ്ടം, ഇഞ്ചപ്പാറ പോലുള്ള റോഡുകളില്‍, നിബിഡ വനങ്ങളുള്ള സ്ഥലത്ത്, ആനയിറങ്ങുന്നത് സ്വാഭാവികമാണ്. അവിടെ ആറരയ്ക്കു ശേഷം ആനയിറങ്ങുമെന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ കൃത്യമായി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഹൈവേയിലേക്കു വരുമ്പോള്‍ അവിടെ ആനയിറങ്ങുമ്പോള്‍ എലഫന്റ് ക്രോസിംഗ് ഏരിയയാണ് എന്ന ശക്തമായ മുന്നറിയിപ്പു നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ, ഒരു പ്രക്ഷോഭമുണ്ടാകുമ്പോള്‍ മാത്രം നടപ്പാക്കേണ്ടതല്ല പദ്ധതികള്‍. അത്യാഹിതമുണ്ടാകുമ്പോള്‍ യാതൊരു യുക്തിക്കും ചേരാത്ത ചില പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും ഹോട്ടലുകളുടെയും ഭക്ഷണത്തിന്റെയുമെല്ലാം കാര്യത്തിലും ഇതുതന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷവര്‍മ്മ കഴിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചപ്പോള്‍ കുറെക്കാലത്തേക്ക് ഷവര്‍മ്മ നിരോധിച്ചു. പിന്നീട് ഷവര്‍മ്മ ഷോപ്പുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മുളച്ചു പൊന്തി. ബോട്ട് അപകടമുണ്ടായപ്പോള്‍ ബോട്ട് യാത്ര തന്നെ നിരോധിച്ചു. വിനോദ സഞ്ചാരത്തിനു പോയ ബസ് രാത്രി സമയത്ത് അപകടത്തില്‍ പെട്ടതോടെ രാത്രിയുള്ള വിനോദ സഞ്ചാരം നിരോധിച്ച തിരുമണ്ടന്‍ ഭരണാധികാരികളുടെ നാടാണിത്. കുഴിമന്തി കഴിച്ച് മരിച്ച പ്രശ്‌നത്തിന് പരിഹാരമായി സര്‍ക്കാര്‍ കാണുന്ന ഏറ്റവും ഫലപ്രദമായ വഴി കുഴി മന്തി നിരോധിക്കുക എന്നതായിരിക്കും. അത്യാഹിതങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ അപകടങ്ങളോ ഇല്ലാതെ മെച്ചപ്പെട്ട രീതിയില്‍ ജനങ്ങള്‍ക്ക് ഈ സേവനങ്ങള്‍ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് ചിന്തിക്കുകയും നടപ്പാക്കുകയും ചെയ്യണമെങ്കില്‍ ബുദ്ധിയും ദീര്‍ഘവീക്ഷണവുമുള്ള ഭരണകര്‍ത്താക്കളും അതു കൃത്യമായി നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരും നിയമം ലംഘിക്കുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കാനുള്ള നിയമ സംവിധാനവും ഇവ നടപ്പാക്കാനുള്ള ഇച്ഛാ ശക്തിയും ആവശ്യമാണ്. ബുദ്ധിയോ വിവരമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത, ജനങ്ങളുടെ പണം എങ്ങനെ തിന്നുമുടിക്കാമെന്നു ചിന്തിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബോധമുണ്ടാവാന്‍ ഇനിയുമെത്ര പേരിവിടെ മരിച്ചു വീഴണം….???


#FoodAdulteration #foodPoison #foodPosonDeathIKottayam #FoodSafety #HealthDepartment #KeralaFoodCulture #ContaminatedFood #eatOutsInKerala


Leave a Reply

Your email address will not be published. Required fields are marked *