Jess Varkey Thuruthel
സഹജീവികളോടു കാരുണ്യം കാണിക്കാനും ആപത്തില്‍ അവരുടെ കൂടെ നില്‍ക്കാനും തങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല എന്നു മനുഷ്യന്‍ പൊതുജനമധ്യത്തില്‍ വിളിച്ചു പറയുന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സ്വയം വേദനിപ്പിച്ചു കൊണ്ടുള്ള ദൈവാരാധന. വലംകൈ ചെയ്യുന്ന ദാനം ഇടംകൈ അറിയരുതെന്നു പഠിപ്പിച്ച ദൈവത്തോട് തങ്ങള്‍ക്കതു സാധിക്കില്ലെന്നും അതിനേക്കാള്‍ ഭേതം സ്വയം പീഡിപ്പിക്കുകയാണെന്നും മതവിശ്വാസികള്‍ പറയുന്നു.
ദൈവപ്രീതിക്കായി മൃഗങ്ങളെ ബലികഴിക്കുക, സ്വയം പീഡനങ്ങള്‍ ഏറ്റുവാങ്ങുക, ആന പിടിച്ചാലും പൊങ്ങാത്ത പടുതടിയുമായി കുരിശുമലയിലേക്കു കാല്‍നടയായി തീര്‍ത്ഥയാത്ര ചെയ്യുക, തീര്‍ത്ഥനാടന കേന്ദ്രങ്ങളിലേക്കു നടന്നു പോകുക, പച്ചമാംസത്തില്‍ കൊളുത്തുകളിട്ട് അവയില്‍ തൂങ്ങിക്കിടന്നാടുക, തീക്കനലിലേക്കു ചാടുക, കനലിലൂടെ നടക്കുക, ഏറ്റവും ഉപകാരപ്രദമായ ശരീരഭാഗം മുറിച്ചു മാറ്റുക, ശരീരം മുറിപ്പെടുത്തുക തുടങ്ങി ലളിതം മുതല്‍ അതിഭയാനകമായ അനേകം ആചാരങ്ങള്‍ മതവിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ സ്വമേധനാ നടത്തുന്നു.
എന്നാല്‍, ദരിദ്രരില്‍ ദരിദ്രനായ ഒരു മനുഷ്യനു നീ നന്മ ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത് എന്നു പറഞ്ഞ ദൈവത്തിന്റെ വാക്കുകള്‍ക്ക് വിശ്വാസികള്‍ പുല്ലുവില പോലും കൊടുക്കുന്നില്ല. ആചാരങ്ങളിലൂടെ, അനുഷ്ഠാനങ്ങളിലൂടെ, ചെകിടു പൊട്ടുന്ന പ്രാര്‍ത്ഥനകളിലൂടെ, ഉപവാസങ്ങളിലൂടെ, പട്ടിണി കിടന്നും ദൈവത്തെ പ്രീതിപ്പെടുത്താനും അനുഗ്രഹങ്ങള്‍ വാങ്ങാനും വിശ്വാസികള്‍ ശ്രമിക്കുന്നു.
കര്‍ത്താവേ നീ പരിശുദ്ധനാകുന്നു, ബലവാനാകുന്നു, സര്‍വ്വശക്തനാകുന്നു എന്നു നിരന്തരം പ്രഘോഷിച്ചാല്‍ പ്രീതിപ്പെടുന്നൊരു ദൈവമാണതെങ്കില്‍ അതെന്തൊരു ഊച്ചാളി ദൈവമാണ്! താന്‍ തന്നെ സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന മനുഷ്യര്‍ തന്നെ നിരന്തരം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കണമത്രെ! സ്വയം വേദനിപ്പിച്ചാല്‍ പ്രീതിപ്പെടുന്ന ദൈവമാണെങ്കില്‍ ആ ദൈവം എത്രയോ നെറികെട്ടൊരു സാഡിസ്റ്റാണ്?
വിമര്‍ശിച്ചാല്‍ കൂട്ടമായി ആക്രമിക്കപ്പെടുമെന്നും അതോടെ സമാധാന ജീവിതം നഷ്ടമാകുമെന്നും ബോധ്യമുള്ള മനുഷ്യര്‍ ഈ മതവിശ്വാസികളുടെ ദുരാചാരത്തിനെതിരെ നിശബ്ദത പാലിക്കുന്നു. കുരിശിന്റെ വഴി എന്നൊരു പേരുമിട്ട് മലയാറ്റൂര്‍ മലയിലേക്ക് കനത്ത കുരിശും ചുമന്ന് കയറുന്ന മനുഷ്യരുടെ കൂട്ടം സ്വയം പീഡിപ്പിക്കുന്നതിലൂടെ എന്ത് ആത്മനിര്‍വൃതിയാണ് നേടുന്നത്. ഇത് കണ്ട് ദൈവം തങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും എന്നവര്‍ എങ്ങനെയാണ് കരുതുന്നത്. ഇങ്ങനെ ചെയ്യാന്‍ ഏത് ദൈവമാണ് ആവശ്യപ്പെട്ടത്?
ദൈവത്തിന്റെ പേരിലാണെങ്കില്‍ എന്തുമിവിടെ വില്‍ക്കപ്പെടുമെന്നും സ്വന്തം വിസര്‍ജ്ജനം പോലും നിവേദ്യമായി ഇവിടെ വില്‍ക്കാന്‍ സാധിക്കുമെന്നും കച്ചവടക്കണ്ണുള്ള, സുഖജീവിതം ആഗ്രഹിക്കുന്ന, അധ്വാനിക്കാന്‍ മനസില്ലാത്ത മനുഷ്യര്‍ക്കറിയാം. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഭക്തിയും ആചാരങ്ങളും. സ്വയം പീഡിപ്പിക്കുന്നതും ദുരിത ജീവിതം നയിക്കുന്നതുമാണ് ദൈവപ്രീതിക്ക് ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഈ ഭൂമിയിലെ കഷ്ടതകള്‍ക്ക് ദൈവം സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലം നല്‍കുമെന്നും ബുദ്ധിയില്ലാത്ത വിശ്വാസി കഴുതകളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു.
തീച്ചാമുണ്ടി തെയ്യക്കോലം കെട്ടിയൊരു 14 വയസുകാരനെ തീയിലേക്കു പിടിച്ചെറിഞ്ഞാല്‍ ഏതു ദൈവമാണ് പ്രസാദിക്കുക? ഈ കടുത്ത അനീതി കണ്ടുനില്‍ക്കാന്‍ ഏതു ദൈവത്തിനാണു കഴിയുക?? ഈ നീതികേടിന് ഏതു ദൈവമാണ് കൂട്ടുനില്‍ക്കുക? ഇത്തരം ദുരാചാരങ്ങള്‍ പാലിക്കാന്‍ അനുയായികളെ നിര്‍ബന്ധിക്കുന്ന മനുഷ്യര്‍ കൊടും ക്രിമിനലുകളാണ്, അല്ലാതെ വിശ്വാസികളല്ല.
വേദനിക്കുന്ന ഒരു മനുഷ്യന്റെ കൂടെ നില്‍ക്കാന്‍, അവരുടെ കണ്ണീരൊപ്പാന്‍, അവര്‍ക്കു താങ്ങും തണലുമാകാന്‍, ആപത്തില്‍ അവരുടെ കൂടെയുണ്ടാവാന്‍ മനുഷ്യന് ഒരു ദൈവത്തിന്റെയും പിന്തുണ ആവശ്യമില്ല. പക്ഷേ, അനീതിയുടെ, ദുരാചാരങ്ങളുടെ, അടിച്ചമര്‍ത്തലുകളുടെ, സ്വയം പീഡനങ്ങളുടെ, പര്‍വ്വതങ്ങള്‍ തോളിലേറ്റാന്‍ ദൈവം കൂടിയേ തീരൂ. മനുഷ്യരെല്ലാം പാപികളാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അതില്‍ നിന്നും മോചിപ്പിക്കാനായി ഇത്തരം ദുരാചാരങ്ങള്‍ പാലിക്കാന്‍ പറയുന്നവര്‍ എന്തുതരം സാഡിസ്റ്റുകളാണ്??
കുട്ടികള്‍ക്കു നല്ല വഴികള്‍ കാണിച്ചു കൊടുക്കേണ്ട അധ്യാപകര്‍ പോലും ഇത്തരം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സ്വയം പീഡനങ്ങളുടെയും വക്താക്കളാണ് എന്നത് ഏറെ ഭയാനകമാണ്. ഇനി വരുന്ന തലമുറ പോലും ഈ ദുരാചാരങ്ങളില്‍ നിന്നും മോചനം നേടില്ലെന്ന് അതിലൂടെ വ്യക്തമാകുകയാണ് ചെയ്യുന്നത്.
താന്‍ സ്‌നേഹിച്ച മനുഷ്യര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും നല്‍കിയ മഹത്തായ സ്‌നേഹത്തിന്റെ മാതൃക കാണിച്ച ഒരുവനെ തള്ളിക്കളഞ്ഞു, ഒറ്റപ്പെടുത്തി, ഒറ്റിക്കൊടുത്തു, അവനെ കാപാലികര്‍ പിടികൂടിയപ്പോള്‍ ഓടിയൊളിച്ചു! എല്ലാവരാലും തള്ളിപ്പറഞ്ഞപ്പോള്‍, ചതിവില്‍പ്പെടുത്തി കൊന്നപ്പോള്‍ അതിനെയെല്ലാം അതിജീവിക്കാന്‍ ഒരാള്‍ക്കു സാധിക്കുമെന്നു കാണിച്ചു തരുന്ന ഉത്തമ സ്‌നേഹത്തിന്റെ മാതൃകയാണ് യേശുക്രിസ്തു.
ഈ ഭൂമിയില്‍ സ്‌നേഹത്തിന്റെ പുതുസാഗരം തീര്‍ക്കാന്‍ ജീവിതകാലമത്രയും പരിശ്രമിച്ച, സ്‌നേഹത്തിനു വേണ്ടി സ്വന്തം ജീവന്‍പോലും നല്‍കാന്‍ തയ്യാറാണെന്നു കാണിച്ച, അതാണ് മഹത്തായ സ്‌നേഹമെന്ന് ഓരോ മനുഷ്യരെയും പഠിപ്പിച്ച ദൈവത്തിന്റെ ഒറ്റുകാരായ, ചതിയന്മാരും കൂട്ടിക്കൊടുപ്പുകാരുമായ അനുയായികള്‍ക്ക് സുഖിച്ചു ജീവിക്കണമെങ്കില്‍ ആ മഹത്തായ സ്‌നേഹസാഗരം ഒരു സ്വാര്‍ത്ഥനും പിച്ചക്കാശിനു വഴിയിലിറങ്ങി യാചിക്കുന്നവനും മനുഷ്യരുടെ കഷ്ടതകളിലും ദു:ഖങ്ങളിലും പ്രീതിപ്പെടുന്നവനും സര്‍വ്വോപരി വാഴ്ത്തപ്പെടലുകളില്‍ സ്വയം മറക്കുന്ന ഒരു ഭോഷ്‌കനുമാണെന്ന് വരുത്തിത്തീര്‍ത്തേ മതിയാകൂ. മതങ്ങള്‍ക്കും മതദൈവങ്ങള്‍ക്കും സ്വന്തം തലച്ചോര്‍ പണയപ്പെടുത്തിയ അടിമ മനുഷ്യര്‍ക്ക് ഇതൊന്നും ബോധ്യപ്പെടുകയില്ല. മതത്തിന്റെ, ദൈവത്തിന്റെ പേരില്‍ സഹോദരരെ കൊല്ലാന്‍ പോലും മടിക്കാത്തവര്‍ ദൈവമക്കളല്ല തന്നെ!