നിങ്ങള്‍ സുഖമായിരിക്കുന്നു….??? എങ്കില്‍ നിങ്ങളുടെ കൈകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ……. നിങ്ങളുടെ കൈകളിലിപ്പോള്‍ പത്തു വിരലുകള്‍ ഉണ്ടായിരിക്കില്ല, തീര്‍ച്ച. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ പത്തു വിരലുകളും ഉണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ സുഖത്തിനു വേണ്ടി നിങ്ങള്‍ നല്‍കിയത് നിങ്ങളുടെ ചൂണ്ടുവിരലാണ്.
പുട്ടിനു തിരുകുന്ന തേങ്ങ പോലെ എന്തു സംസാരിച്ചാലും ഇടയ്ക്കിടയ്ക്ക് ഈശ്വരകൃപയെക്കുറിച്ചുള്ള വാഴ്ത്തലുകളുമായി സംസാരിക്കുന്ന ചില മനുഷ്യരുണ്ട്. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ നല്ല മീന്‍ കിട്ടിയതു പോലും ദൈവകൃപ കൊണ്ടാണെന്നു പറഞ്ഞു വയ്ക്കുന്നവര്‍. വണ്ടിയിടിച്ചു മരിക്കാതിരുന്നത് ദൈവകൃപ കൊണ്ടാണെന്നു പറയുന്നവര്‍. രോഗമില്ലാത്തത്, നല്ല വീടു വയ്ക്കാനായത്, സുഖസൗകര്യങ്ങള്‍ നിറഞ്ഞൊരു ജീവിതം നയിക്കുന്നത്, നല്ല ജോലി, അധികാരം, പണം, നല്ല ഭക്ഷണം ഇതെല്ലാം താനും തന്റെ കുടുംബവും അനുഭവിക്കുന്നത് ദൈവകൃപ കൊണ്ടാണെന്നും തങ്ങളെ ദൈവം ഉള്ളംകൈയില്‍ താങ്ങുന്നതു കൊണ്ടാണെന്നും അഹങ്കരിക്കുന്ന മനുഷ്യര്‍……
ഹേ വിഢിയായ മനുഷ്യാ…… അറിയുക, ഈ സുഖം നിങ്ങളുടെ ചൂണ്ടുവിരല്‍ വിറ്റതിന്റെയോ പണയപ്പെടുത്തിയതിന്റെയോ വിലയാണ്……..
സംശയമുണ്ടെങ്കില്‍ വേദപുസ്തകമെടുത്തു നിങ്ങള്‍ വായിച്ചു നോക്കണം. ദൈവത്തിന്റെ അഭിഷിക്തനായ, സ്വന്തം മകനായ യേശുക്രിസ്തുവിനു ലഭിച്ചത് കുരിശു മരണമായിരുന്നു…..! അതു നിങ്ങളീ ചെയ്യുന്നതു പോലെ സുഖിച്ചു ജീവിച്ചിട്ടു കിട്ടിയതല്ല, മറിച്ച് അതിബൃഹത്തായ ശക്തമായ റോമ സാമ്രാജ്യത്തിന്റെയും അതിലെ പ്രമാണിമാരുടെയും നീതികേടുകള്‍ക്കെതിരെ സ്വന്തം ചൂണ്ടുവിരല്‍ ചൂണ്ടിയതു കൊണ്ടുകിട്ടിയ പ്രതിഫലമായിരുന്നു…..! പാവപ്പെട്ടവര്‍ക്കും കുഷ്ഠരോഗികള്‍ക്കും വേശ്യകള്‍ക്കും രോഗികള്‍ക്കും അനാഥര്‍ക്കും വേണ്ടി ജീവിച്ചതിന്റെ ഫലമായിരുന്നു…..!!
ദൈവകൃപയാല്‍ നാലു ബാങ്കിലും പോയി പാസ്ബുക്കും പതിച്ച് മീന്‍ ചന്തയില്‍ പോയി നെയ്മീന്‍ വാങ്ങി, എന്തായാലും കൃപയാല്‍ നെയ്മീനു വില കുറവായിരുന്നു. നെയ്മീനും വാങ്ങിച്ചു വരുമ്പോഴാണ് റെഡ് സിഗ്‌നല്‍ അറിയാതെ ക്രോസു ചെയ്തതത്. കൃപയാല്‍ പോലീസുകാരാരും കണ്ടില്ല. എന്തായാലും വീട്ടില്‍ വന്നു, വിരുന്നുകാര്‍ക്കു വേണ്ടി എല്ലാം ഒരുക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ഫോണ്‍ വന്നത്. വീട്ടില്‍ വരാനിരുന്ന ആ വിരുന്നുകാര്‍ അന്നു വരുന്നില്ലത്രെ, അവരുടെ ബസ് മിസ്സായിപ്പോയി. എന്തായാലും കൃപയാല്‍ അന്നത്തെ ദിവസം ഫ്രീ ആയിരുന്നതു കൊണ്ട് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റി……. ഇത്തരത്തിലാണ് ഓരോ വിശ്വാസികളും തങ്ങള്‍ക്കു ലഭിച്ച കൃപയെപ്പറ്റി പറയുന്നത്. ഇതാണോ കൃപ…. ഇതാണോ ഈശ്വരാനുഗ്രഹം….?? ഇതാണോ നിങ്ങളുടെ വിശ്വാസം….???
ദുരന്തങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളുമുണ്ടാകുമ്പോള്‍ അതെല്ലാം മാറി ജീവിതം സുഖകരമാകാന്‍ വേണ്ടി മനുഷ്യര്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. ദുരിതമവസാനിക്കുമ്പോള്‍ പ്രാര്‍ത്ഥനകളും നിലയ്ക്കും.
ഓരോ ദുരന്തങ്ങള്‍ അവസാനിക്കുമ്പോഴും പല വിശ്വാസികളും പറയുന്നതു കേള്‍ക്കാറുണ്ട്. ‘ദൈവകൃപയാല്‍ ഞങ്ങളൊക്കെ സുഖമായിരിക്കുന്നു…..! ഒരുപാടു പേര്‍ ഈ പേമാരിയില്‍ മരിച്ചു പോയി, നിരവധിപേര്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടു, നിരവധി പേരുടെ വസ്തുവകകള്‍ നശിച്ചു, പക്ഷേ, ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു…..!’ എന്തൊരു വിഢിത്തം നിറഞ്ഞ ജല്പനമാണിത്…..?? എത്രയോ അപകടകരമായ ചിന്താഗതിയാണിത്….?? അപകടങ്ങളില്‍ മരിച്ചവരും പേമാരിയില്‍ ഒലിച്ചു പോയവരും ദുരിത ജീവിതം നയിക്കുന്നവരുമെല്ലാം കൃപ ലഭിക്കാത്തവരാണോ…..???
ദൈവകൃപയെന്നാല്‍ സുഖജീവിതമെന്നു ധരിച്ചു വച്ചിരിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ചങ്കിലേക്കു തറയ്ക്കുന്ന കൂരമ്പാണീ ചോദ്യം. ഇതു തൊടുത്തുവിട്ടിരിക്കുന്നത് ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ്. തലച്ചോര്‍ കൊണ്ടു ചിന്തിക്കുന്ന ഇദ്ദേഹത്തിന്റെ പേരോ ഏതു പള്ളിയില്‍ നടത്തിയ പ്രസംഗമാണിതെന്നോ അറിയില്ല, എങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വായിക്കപ്പെടുക തന്നെ വേണം. അതിനാല്‍, തമസോമ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നു.
ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തി ദൈവകൃപയെ നിങ്ങള്‍ അപമാനിക്കരുത്. ബദാംപാലും അണ്ടിപ്പരിപ്പും മാത്രം കഴിക്കുകയും ഒന്നു തുമ്മിയാലുടനെ വെല്ലൂരിലും വിദേശത്തും ചികിത്സയ്ക്കു പോകുകയും 24 മണിക്കൂറും എസി റൂമുകളില്‍ താമസിക്കുകയും ചെയ്യുന്ന സഭാ നേതാക്കന്മാരുടെയും ആത്മീയ നേതാക്കളുടെയും മുഖം തുടുത്തുകൊഴുത്തിരിക്കും. അവരുടെ മുഖത്തു തിളക്കവും ചോരത്തുടിപ്പും നിറവുമൊക്കെയുണ്ടാകും. അതൊക്കെ ദൈവകൃപകൊണ്ടാണെന്നു പറഞ്ഞ് വെറുതെ ദൈവത്തെയും ആ കൃപയെയും അപമാനിക്കാതിരിക്കുക.
സംഘപരിവാര്‍ അകാരണമായി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മുഖത്ത് ഈ ശോഭ കാണില്ല. അടയ്ക്കാ രാജുവിന്റെ മുഖത്തും ഈ ഭംഗി കാണില്ല. ചുക്കിച്ചുളിഞ്ഞ അമ്മയുടെ മുഖത്തും ഈ ശോഭയൊന്നുമില്ല. അവരുടെ മുഖത്തില്ലാത്ത ചോരത്തുടിപ്പും ചുറുചുറുക്കുമൊന്നും നിങ്ങളുടെ ഭാഷയില്‍ കൃപയല്ലെങ്കില്‍, ഈ കൃപയെന്നു നിങ്ങള്‍ പറയുന്നത് ഇല്ല എന്നു പറയുന്നതാവും ഉചിതം.
ദൈവകൃപയാല്‍ സുഖമായിരിക്കുന്നു എന്നു പറയാത്ത എത്ര വിശ്വാസികളുണ്ടിവിടെ….?? സുഖമായിരിക്കുന്നതിനുള്ള താക്കോലാണോ ഈ ദൈവകൃപ എന്നത്…?? അതെന്താണ് മനുഷ്യര്‍ തിരിച്ചറിയാത്തത്….?? നിങ്ങള്‍ക്കു സുഖമായിരിക്കാനും സ്വസ്ഥമായിരിക്കാനും കിട്ടുന്ന ലൈസന്‍സല്ല ദൈവകൃപ. സുഖിക്കാനല്ല, മറിച്ച് ദുരിതത്തിലേക്കു വീഴാനുള്ളതാണ് ദൈവകൃപ. ആ ദുരിതത്തിലും സ്വന്തം കര്‍ത്തവ്യം അണുവിട വ്യത്യാസമില്ലാതെ സധൈര്യം ചെയ്തു തീര്‍ക്കാനുള്ളതാണ് ദൈവകൃപ. ആ ഉദ്യമത്തിനിടയില്‍ നിങ്ങള്‍ കൊല്ലപ്പെട്ടേക്കാം. സമാനതകളില്ലാത്ത ദുരിതങ്ങള്‍ നിങ്ങളുടെ ജീവിത്തില്‍ വന്നുഭവിച്ചേക്കാം. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുകളും രോഗങ്ങളും ദുരിതങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഘോഷയാത്രകള്‍ നടത്തിയേക്കാം. അവയെയെല്ലാം സധൈര്യം സഹിച്ചുകൊണ്ട് മുന്നോട്ടു നീങ്ങാനുള്ള ശക്തിയാണ് ദൈവകൃപ എന്നത്.
നിങ്ങള്‍ സുഖമായിരിക്കുന്നു എന്നതിനര്‍ത്ഥം ദൈവകൃപ എന്നല്ല, നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ ഗുണനിലവാരമുള്ളവയാണ് എന്നതു മാത്രമാണ് അതിനര്‍ത്ഥം. ആ മരുന്നുകള്‍ വാങ്ങാനും മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും നിങ്ങളുടെ പോക്കറ്റില്‍ കാശുണ്ടെന്നതാണ് അതിനര്‍ത്ഥം. അല്ലാതെ അതെല്ലാം ദൈവാനുഗ്രഹമെന്നല്ല പറയേണ്ടത്.
ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ മാംസമാകുന്നു എന്ന പ്രഖ്യാപനം നടത്തി കുര്‍ബാനയ്ക്കിടയില്‍ നല്‍കുന്ന വീഞ്ഞുകുടിക്കാന്‍ വരുന്നവില്‍ പോലും ഈ ചിന്തയുണ്ട്. വീഞ്ഞുകുടിച്ചാല്‍ ഷുഗര്‍ കൂടുമെന്നതിനാല്‍ ഇന്‍സുലിന്‍ ഡോസ് കൃത്യമായി എടുത്തിട്ടാണവര്‍ പള്ളിയിലെത്തുന്നത്. എന്നിട്ടും പറയുന്നു, തങ്ങള്‍ക്കു ദൈവകൃപ ലഭിച്ചുവെന്ന്…. എന്തൊരസംബന്ധമാണിത്…..???
നിങ്ങള്‍ സുഖമനുഭവിക്കുന്നുണ്ടെങ്കില്‍ അതു നിങ്ങള്‍ പണം കൊടുത്തു വാങ്ങിയതാണ്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പോയി വേദപുസ്തകം വായിച്ചു നോക്കൂ….. സുഖിക്കാനായി ദൈവമാര്‍ക്കും ഒരു കൃപയും കൊടുത്തിട്ടില്ല. ആദ്യം ദൈവകൃപ ലഭിച്ചത് ആബേലെന്ന ഒരു ചെറുപ്പക്കാരനാണ്. കൃപ ലഭിച്ച അവന്‍ സ്വന്തം സഹോദരനാല്‍ തലയ്ക്കടിയേറ്റ് അതിക്രൂരമായി അന്നു രാത്രി തന്നെ കൊല്ലപ്പെട്ടു…..
പിന്നീട് കൃപ ലഭിച്ചത് ഒരു പെണ്‍കുട്ടിക്കാണ്. ദൈവകൃപ ലഭിച്ചവളെ നിനക്കു വന്ദനം എന്നെല്ലാമാണ് ദൈവദൂതന്‍ അവളോടു പറയുന്നത്. എന്താണ് ആ പെണ്‍കുട്ടിക്കു ലഭിച്ച കൃപ….?? മരിക്കുവോളം അവള്‍ അവളുടെ ഹൃദയത്തില്‍ ഒരു വാളും പേറിക്കൊണ്ടാണു നടന്നത്. അങ്ങനെ ജീവിച്ചതിന്റെ പേരാണ് ദൈവകൃപ എന്നത്.
ദൈവകൃപ ലഭിക്കാനായി പ്രാര്‍ത്ഥിച്ച ഒരു മനുഷ്യനെക്കുറിച്ചു പറയുന്നതു നോക്കുക. അദ്ദേഹത്തിനു കൃപ ലഭിക്കുക തന്നെ ചെയ്തു. ആ കൃപയെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നതു നോക്കുക….
‘ക്രിസ്തുവിന്റെ ശുശ്രൂഷക്കാരേ…. ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു, ഞാന്‍ ഏറ്റവും അധ്വാനിച്ചു. അധികം പ്രാവശ്യം തടവിലായി. അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി. യഹൂദരാല്‍ ഞാന്‍ ഒട്ടും കുറയാതെ 40 അടി കൊണ്ടു. 30 വട്ടം കോലിനാല്‍ അടികൊണ്ടു. ഒരിക്കല്‍ കല്ലേറു കൊണ്ടു. മൂന്നുവട്ടം കപ്പല്‍ച്ഛേദത്തില്‍ അകപ്പെട്ടു. ഒരുരാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു. നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരാലുള്ള ആപത്ത്, അധ്വാനം, പ്രയാസം, പലവട്ടം ഉറക്കളിപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്‌നത എന്നീ അസാധാരണ സംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും തിരക്കും ഉണ്ടായിരുന്നു….’
ഇതാണ് കൃപലഭിച്ച ഒരു മനുഷ്യന്‍. അവനോടു ദൈവം പറഞ്ഞു, ഇതുമതി നിനക്ക്….. എന്റെ കൃപ നിനക്കു മതി. കൃപ ലഭിച്ച പൗലോസ് ജീവിതാവസാനം തലയറുക്കപ്പെട്ടവനായി മരിക്കപ്പെടുകയോ ഒരു ദുഷ്ടമൃഗത്തിനു മുന്നില്‍ എറിയപ്പെട്ട് അതിക്രൂരമായി പിച്ചിച്ചീന്തപ്പെടുകയോ ചെയ്തു. ഇതാണ് പൗലോസിനു കിട്ടിയ ദൈവകൃപ.
പല മീറ്റിംഗുകളും അവസാനിക്കുമ്പോള്‍ അതിന്റെ സംഘാടകര്‍ പറയുന്നതു കേള്‍ക്കാറില്ലേ…?? ദൈവകൃപയാല്‍ ഈ മീറ്റിംഗ് സമംഗളം പര്യവസാനിച്ചു എന്ന്….?? ഈ ഇന്ത്യയില്‍ നിന്നുകൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്കതു പറയാന്‍ കഴിയുന്നത്….?? മീറ്റിംഗുകള്‍ ഭംഗിയായി അവസാനിക്കാന്‍ കാരണം ദൈവകൃപ കൊണ്ടല്ല, മറിച്ച് അതു നടത്തുന്നവര്‍ക്കു ബുദ്ധിയുള്ളതുകൊണ്ടാണ്. പ്രശ്നങ്ങളെയെല്ലാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണത്. ഈ മീറ്റിംഗുകളിലൊന്നും ഈ രാജ്യം ഭരിക്കുന്ന ഏകാധിപതിയെക്കുറിച്ച് നമ്മള്‍ ഒന്നും സംസാരിക്കാറില്ല. ഈ രാജ്യം കട്ടുതിന്നുകയും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതി വില്‍ക്കുകയും ചെയ്യുന്നവരെക്കുറിച്ച് വായ്തുറക്കുക പോലുമില്ല. അത്തരം ശക്തികളെ വിളിച്ചു വരുത്തി പൂമാലയിട്ടുകൊടുക്കുന്ന സഭ സുഖമായിരിക്കുക തന്നെ ചെയ്യും.
കേരളത്തെ കുട്ടിച്ചോറാക്കിയ രാഷ്ട്രീയക്കാരെക്കുറിച്ച്, ക്രൂരന്മാരായ ഭരണകര്‍ത്താക്കളെക്കുറിച്ച്, ഏകാധിപതികളെക്കുറിച്ച്, അഴിമതിക്കാരെക്കുറിച്ച് സഭകളൊന്നും മിണ്ടുന്നില്ല. അതിനാല്‍ ഇവരെല്ലാം സുഖമായിരിക്കുക തന്നെ ചെയ്യും. ഓരോ മീറ്റിംഗുകളും സമാധാനപരമായിത്തന്നെ അവസാനിക്കുകയും ചെയ്യും. പ്രശസ്തമായ മാരമണ്‍ കണ്‍വെന്‍ഷന്‍ അവസാനിക്കുമ്പോള്‍ പോലും പറയുന്നത് ഇതാണ്, ദൈവകൃപയാല്‍ ഈ വര്‍ഷത്തെ മാരമണ്‍ കണ്‍വെന്‍ഷന്‍ ഭംഗിയായി അവസാനിച്ചുവെന്ന്. ഇതൊന്നും ദൈവകൃപ കൊണ്ടല്ല എന്ന് ഇനിയെങ്കിലും നിങ്ങള്‍ ചിന്തിച്ചറിയണം. ഈ രാ്ജ്യത്തെ കട്ടുമുടിക്കുന്നവരെക്കുറിച്ച്, നെറികെട്ട ഭരണാധികാരികളെക്കുറിച്ച്, അഴിമതിക്കാരെക്കുറിച്ച് ഈ കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും സംസാരിക്കാറുണ്ടോ….?? സക്കായി മരത്തില്‍ കയറുന്നു, ഇറങ്ങുന്നു, മരത്തില്‍ കയറുന്നു ഇറങ്ങുന്നു എന്നതല്ലാതെ അനീതിക്കെതിരെ അക്രമങ്ങള്‍ക്കെതിരെ അഴിമതിക്കെതിരെ എന്തെങ്കിലും ശബ്ദിക്കാറുണ്ടോ….?? ഇത്തരത്തില്‍ മരത്തില്‍ കയറ്റിയിറക്കി സക്കായിയുടെ കാലിലെ തൊലി പോയി, അതിലൂടെ യോഗങ്ങളെല്ലാം സമംഗളം പര്യവസാനിക്കുകയും ചെയ്യുന്നു.
ചതിയിലൂടെയും വഞ്ചനയിലൂടെയും പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുപോയി അവരുടെ ജീവിതം ദുരിതക്കയത്തിലാക്കുന്ന ലഹ് ജിഹാദിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കുന്നതു കേട്ടിട്ടുണ്ടോ….?? അതു കേള്‍ക്കില്ല. ഈ സാസ്‌കാരിക ലോകത്തെ കൈയ്യടികളും പൂച്ചെണ്ടുകളുമാണ് ഓരോരുത്തര്‍ക്കും വേണ്ടത്. ഇവിടെ നടക്കുന്ന തീവ്രവാദത്തെക്കുറിച്ചും ഒരാളും ഒരക്ഷരം പോലും മിണ്ടില്ല. ഇവിടെ നടക്കുന്ന കൊള്ളയെക്കുറിച്ചോ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ മിണ്ടില്ല. ഇതൊന്നും നമ്മള്‍ സംസാരിക്കേണ്ട വിഷയമല്ല എന്ന് ദൈവകൃപയാല്‍ സുഖമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നന്നായി അറിയാം. അങ്ങനെ നമ്മുടെ മീറ്റിംഗുകള്‍ സമംഗളം പര്യവസാനിക്കും, ജീവിതം സുഖമായിരിക്കുകയും ചെയ്യും. എന്നിട്ടു നമ്മള്‍ ചാര്‍ത്തിക്കൊടുക്കുന്നതോ….?? ദൈവകൃപയാല്‍ സുഖമായിരിക്കുന്നു എന്ന്…. ദൈവകൃപയാല്‍ എല്ലാം ഭംഗിയായി അവസാനിച്ചു എന്ന്…!
ഈ വിഢിത്തം പുലമ്പല്‍ ഇനിയെങ്കിലുമവസാനിപ്പിക്കൂ….. ഇങ്ങനെ പരിഹസിക്കപ്പെടാനും അപഹസിക്കപ്പെടാനുമുള്ളതല്ല ദൈവകൃപ.
കേരളത്തില്‍ നടക്കുന്ന ഒരു യോഗങ്ങളും സംഘപരിവാറോ ആര്‍ എസ് എസോ വന്നു കലക്കിക്കളയില്ല. കേരളത്തിലെ ഒരു യുവജനസംഘനയും ഇവിടെ നടക്കുന്ന ഒരു മീറ്റിംഗുകളും തല്ലിപ്പൊളിക്കില്ല. കാരണം അവര്‍ക്കു വേണ്ടത് ഇവിടെയുള്ളവര്‍ നിരന്തരം കൊടുത്തുകൊണ്ടിരിക്കുന്നു.
പത്തുവിരലുകളോടും കൂടിയാണ് ഓരോ മനുഷ്യനും ഈ ഭൂമിയില്‍ ജനിക്കുന്നത്. പക്ഷേ, സുഖജീവിതത്തിനു വേണ്ടി നിങ്ങള്‍ നിങ്ങളുടെ ചൂണ്ടുവിരല്‍ നഷ്ടപ്പെടുത്തുന്നു. അതു പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നു. ആ പണമുപയോഗിച്ചു നിങ്ങള്‍ സുഖിച്ചു ജീവിക്കുന്നു. ആ ജീവിതത്തിന്റെ പേരിനെ നിങ്ങള്‍ ദൈവകൃപയെന്നു പറഞ്ഞ് അധിക്ഷേപിക്കരുത്, നിന്ദിക്കരുത്. ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട ആര്‍ക്കും സമാധാനമായി ജീവിക്കാന്‍ പറ്റുന്ന ഒരു ലോകമാണിത്. അതുതിരിച്ചറിയാന്‍ കഴിയുന്ന മനുഷര്‍ തന്നെയാണിവിടെ സുഖിച്ചു ജീവിക്കുന്നതും. ഗോവിന്ദ് പന്‍സാരെ ചൂണ്ടുവിരല്‍ ചൂണ്ടിയതു കൊണ്ടുമാത്രമാണ് മരിച്ചത്. ഗൗരി ലങ്കേഷ് ചൂണ്ടുവിരല്‍ ഉണ്ടായതു കൊണ്ടാണ് കൊല്ലപ്പെട്ടത്. വി എസ് പ്രസാദ്, കല്‍ബുര്‍ഗി, രാജേഷ് സവാലിയ, ശശിധര്‍ മിശ്ര, രഞ്്ജന്‍ കുമാര്‍ ദാസ്, ചിരാഗ് പട്ടേല്‍ തുടങ്ങിയവരും ചൂണ്ടുവിരല്‍ ചൂണ്ടിയതു കൊണ്ടു മാത്രം കൊല്ലപ്പെട്ടവരാണ്. അങ്ങനെ എത്രയെത്ര നിരപരാധികള്‍….!!!!
നമ്മുടെ രാജ്യത്ത് എത്രയോ ആര്‍ ടി ഒ ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ…?? വിവരം ചോദിച്ചതിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ട നൂറുകണക്കിന് ആക്ടിവിസ്റ്റുകള്‍ ഉള്ള ഈ രാജ്യത്ത് നിങ്ങളുടെ മീറ്റിംഗുകളും നിങ്ങളുടെ ജീവിതവും ദൈവകൃപയാല്‍ സുഖമായിരിക്കുന്നു എന്നു പ്രഖ്യാപിക്കുമ്പോള്‍ നിങ്ങള്‍ അപമാനിക്കുന്നത് ഈ ദൈവകൃപയെത്തന്നെയാണ്.
അവന്റെ കൂടെയുണ്ടായിരുന്ന 12 ചെറുപ്പക്കാര്‍. രാവും പകലും അവനോടു കൂടിയുണ്ടായിരുന്നു. അവനുവട്ടം നിന്നവര്‍ അവനു ചുറ്റും നിന്നവര്‍. അവനു വേണ്ടി നീളത്തിലോടിയവര്‍. ഈ 12 ചെറുപ്പക്കാര്‍ക്ക് എന്തു സംഭവിച്ചു….?? ആരെങ്കിലും വെള്ളമിറങ്ങിച്ചത്തോ…?? എല്ലാവരെയും വെട്ടിയും കുത്തിയും തൂക്കിയും വലിച്ചും കൊന്നുകളഞ്ഞു. ഈ 12 ചെറുപ്പക്കാര്‍ക്കു കിട്ടാത്ത ഒരു കൃപയും സുഖാന്വേഷികളായ മനുഷ്യരെ, നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നില്ല. ഈ കൊല്ലപ്പെട്ട മനുഷ്യര്‍ക്കു കിട്ടിയതാണ് കൃപയെങ്കില്‍ ആ കൃപ സുഖാന്വേഷികളായ നിങ്ങളനുഭിക്കാനും പോകുന്നില്ല.
അതിനാല്‍, നെഞ്ചില്‍ കൈവച്ചു നിങ്ങള്‍ക്കു പറയാമോ… ഇത്തരത്തില്‍ ദൈവകൃപ ലഭിക്കാന്‍ ആഗ്രഹമുള്ള എത്രപേരുണ്ട് ഇവിടെ…?? ഈ കൃപയാണ് നിങ്ങള്‍ക്കു വേണ്ടതെന്നു പറയാന്‍ കഴിയുന്ന എത്രപേരുണ്ട് ഇവിടെ…??
ആ ധൈര്യം നിങ്ങളിലില്ല. ആ കൃപയില്‍ നിന്നും പരമാവധി മാറി നടന്നിട്ട് നിങ്ങള്‍ നിരന്തരം പറഞ്ഞു ഫലിപ്പിക്കുന്നു, ദൈവകൃപയാല്‍ നിങ്ങള്‍ സുഖമായിരിക്കുന്നു എന്ന്….!
ഇന്ത്യ പോലൊരു രാജ്യത്ത് രാഷ്ട്രീയക്കാര്‍ കട്ടുമുടിക്കുന്ന നാട്ടില്‍ മദ്യപ്പുഴയൊഴുക്കുന്ന ഭരണാധികാരികളുള്ള കേരളം പോലൊരു നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന സഭകള്‍ക്കും അവയിലെ വിശ്വാസികള്‍ക്കും ലജ്ജ കൂടാതെ ചൂണ്ടുവിരല്‍ ഉപയോഗിക്കാനറിയാത്തതു കൊണ്ട് ഓരോരുത്തരും സുഖമായിരിക്കുന്നു. ഇതാണു സത്യം. ഇതുമാത്രമാണ് സത്യം. അല്ലാതെ കൃപ കൊണ്ടാണ് എല്ലാവരും സുഖമായിരിക്കുന്നതെന്ന് ഇനിയെങ്കിലും നിങ്ങള്‍ പറയാതിരിക്കുക.
എന്നാണ് ക്രൈസ്തവ സഭകളും വിശ്വാസികളും കഷ്ടതകളെ ഭയപ്പെട്ടു തുടങ്ങിയത്…?? കഷ്ടതകള്‍ എന്നാണവര്‍ക്ക് അലര്‍ജ്ജിയായി മാറിയത്…?? പരമാവധി കഷ്ടതകളില്ലാതായിത്തീരുവാന്‍ സഭയുടെ നേതൃത്വവും അതിനു താഴോട്ടുള്ള എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. അനുനിമിഷം ജഢമാവുകയാണ് നിങ്ങള്‍. ആ സ്ത്യം നിങ്ങള്‍ തിരിച്ചറിഞ്ഞേ തീരൂ. നീതിക്കു വേണ്ടി വിശപ്പും ദാഹവുമറിയേണ്ടവരാണു നിങ്ങള്‍. കഷ്ടതകളില്‍ക്കൂടി കടന്നുപോകുമ്പോഴും തളരാതെ വാടാതെ നില്‍ക്കേണ്ടവരാണു നിങ്ങള്‍. തളരാതെ പോരാടുന്നവര്‍ക്കു കിട്ടുന്നതാണ് ദൈവകൃപ. അതു സുഖിക്കാനുള്ളതല്ല, മറിച്ച് ദുരിതക്കടലുകള്‍ മടിയും ഭയാശങ്കകളുമില്ലാതെ താണ്ടാനുള്ളതാണ്. നിങ്ങള്‍ വീണു പോയേക്കാം, പക്ഷേ, നിങ്ങളൊരിക്കലും നശിച്ചു പോകുകയില്ല.
ഓര്‍ക്കുക, ബൈബിളില്‍ കൃപ ലഭിച്ചവര്‍ക്കു കിട്ടിയത് തകര്‍ന്നു തരിപ്പണമാകാനുള്ള കൃപയായിരുന്നു. അല്ലാതെ സുഖിച്ചു ജീവിക്കാനുള്ളതല്ല. ആ കൃപയെ പണം കൊടുത്തും ചൂണ്ടുവിരലുകള്‍ പണയം വച്ചും കൂട്ടിക്കൊടുത്തും നേടിയതല്ല. കൃപയാല്‍ ഞാനിപ്പോള്‍ കഷ്ടതയിലാണ്. കൃപയാല്‍ ഞാനിപ്പോള്‍ പീഡിപ്പിക്കപ്പെടുന്നു, കൃപയാല്‍ ഞാനിപ്പോള്‍ രോഗപീഢയിലൂടെ കടന്നു പോകുന്നു. കൃപയാല്‍ ഞാന്‍ കൂടുതല്‍ക്കൂടുതല്‍ ദുരന്തങ്ങളിലേക്കു വീണു പോകുന്നു എന്നു പറയേണ്ടവര്‍ ഇനി മേലില്‍ പറയരുത്, കൃപയാല്‍ സുഖമായിരിക്കുന്നുവെന്ന്……
സുഖമായിരിക്കാന്‍, ആഘോഷിക്കപ്പെടുവാന്‍, അംഗീകരിക്കപ്പെടുവാന്‍, ആഗ്രഹിക്കുന്ന ഒറ്റുകാരായ കൂട്ടിക്കൊടുപ്പുകാരായ സഭകളേ വിശ്വാസികളേ……., ക്രിസ്തു ചിന്തിയ രക്തത്തിന്റെ പാപഭാരമെല്ലാം നിങ്ങളുടെ കൈകളിലാണുള്ളത്…… അതിനാല്‍ ഈ കൂട്ടിക്കൊടുപ്പ് ഇനിയെങ്കിലും അവസാനിപ്പിച്ചു കൊള്ളുക……
നീതിക്കു വേണ്ടി, അനീതിക്കെതിരെ അഴിമതിക്കെതിരെ, ചവിട്ടിയരയ്ക്കപ്പെട്ടവന്റെ ശബ്ദമായി, തീയായ് ജ്വലിക്കുമ്പോള്‍ നിങ്ങള്‍ക്കു പൊള്ളലേല്‍ക്കുക തന്നെ ചെയ്യും. ആ മുറിവുണക്കാന്‍ മഴയായ് നിങ്ങളില്‍ പെയ്തിറങ്ങുന്ന മരിക്കാതെ നിങ്ങളിലെ പോരാട്ട വീര്യം ആണിക്കത്തിക്കുന്ന തീജ്വാലയുടെ പേരത്രെ ദൈവ കൃപ എന്നത്…….!