Jess Varkey Thuruthel & D P Skariah
തങ്ങളുടെ കുഞ്ഞുങ്ങള്‍ തങ്ങളെ നോക്കിയൊന്നു ചിരിക്കുകയെങ്കിലും ചെയ്‌തെങ്കില്‍ എന്ന തീരാവേദനയും പേറി ജീവിക്കുന്ന മാതാപിതാക്കള്‍ക്കു നേരെ ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഒരു പ്രസ്താവന നടത്തുന്നു….! ചിലര്‍ക്കൊന്നും എത്ര കിട്ടിയാലും മതിയാവില്ലെന്ന്….!! ശമ്പളമായി 1,89,000 രൂപ കിട്ടിയിട്ടും കടവും പട്ടിണിയും ദുരിതവുമാണെന്നു പറഞ്ഞ രമ്യഹരിദാസിനെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും അവരെ കണ്ണടച്ച് പിന്തുണയ്ക്കുന്നവര്‍ക്കും എത്ര കിട്ടിയാലും മതിയാവില്ലെന്നറിയാം. പക്ഷേ, ഈ മനോഭാവം വച്ച് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള ദുരിതങ്ങള്‍ പേറുന്ന മനുഷ്യജീവിതങ്ങള്‍ക്കു കൊടുത്തതിന്റെ കണക്കെടുക്കരുത്….!!
ഈ ലോകം തന്നെ എഴുതിക്കൊടുത്താലും ചെയ്ത പാപകര്‍മ്മത്തിന് പരിഹാരമാകുമോ…??
കിടന്നിടത്തു നിന്നും ഒന്നു ചലിക്കാന്‍ പോലുമാകാതെ, ഒരു നുള്ള് ആഹാരം പോലും വാരി കഴിക്കാനാവാതെ, ദുരിതം പേറി ജീവിക്കുന്ന മക്കള്‍ മാതാപിതാക്കളുടെ നെഞ്ചുപിളര്‍ക്കുന്ന കാഴ്ചയാണ്. തങ്ങളുടെ മക്കള്‍ തങ്ങളെയൊന്ന് അമ്മേയെന്നു വിളിച്ചിരുന്നെങ്കില്‍ എന്ന തീവ്ര ആഗ്രഹത്തില്‍ കഴിയുന്ന അമ്മമാര്‍….!
ആരൊക്കെ ചത്തൊടുങ്ങിയാലും നരകിച്ചാലും തങ്ങള്‍ക്കു പണം കിട്ടിയാല്‍ മതിയെന്ന ലാഭക്കണ്ണുമായി നടക്കുന്നവര്‍ക്ക് ഈ ദുരിതങ്ങള്‍ കാണേണ്ടതില്ല. ആ പണത്തിന്റെ വലിയൊരു വിഹിതത്തില്‍ കണ്ണുനട്ട് സകല ഒത്താശയും ചെയ്തുകൊടുക്കുന്ന രാഷ്ട്രീയക്കാരും മന്ത്രിമാരും…..! ഈ ലോകം തന്നെ എഴുതിക്കൊടുത്താലും ഇവര്‍ ചെയ്ത പാപകര്‍മ്മത്തിന് പരിഹാരമാകില്ല….!! എന്നിട്ടും അവര്‍ ചോദിച്ചത് എല്ലാ സൗകര്യങ്ങളുമുള്ള ഒരാശുപത്രിയാണ്…. തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമാണ്. കുറച്ചു നേരത്തേക്കെങ്കിലും ഇവരെയൊന്ന് നോക്കാനേല്‍പ്പിക്കാനൊരു ഇടമാണ്…..
ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നൊരു ജില്ലയാണ് കാസര്‍കോട്. അതിനാല്‍, മാരകമായ ഏതു രോഗം വന്നാലും ചികിത്സ കിട്ടണമെങ്കില്‍ അതിര്‍ത്തി കടന്നേ തീരൂ. ഈ ദുരവസ്ഥയ്‌ക്കൊരു പരിഹാരം കാണുക എന്നത് കാസര്‍കോഡുകാരുടെ ചിലകാലാഭിലാഷമാണ്. പക്ഷേ, ഒരു ജില്ലയിലുള്ള മുഴുവന്‍ ആളുകളുടെയും ദുരിതങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. ജില്ലയിലെ അഞ്ചു പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമൊരുക്കുക എന്നതാണ് സമരരംഗത്തുള്ള ദയാബായി മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്ന്.
ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജില്ലയിലുള്ള മുഴുവന്‍ ആളുകള്‍ക്കുമാണ്. പക്ഷേ, വാരിക്കോരി കൊടുത്തിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ അടങ്ങുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു ഒരു ജനപ്രതിനിധി…!!!
ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കിട്ടിയ അഞ്ചുലക്ഷം രൂപയും മാസാമാസം കിട്ടുന്ന 2000 രൂപയുടെ പെന്‍ഷനും മാസത്തിലൊരിക്കല്‍ വീട്ടില്‍ വന്നുനോക്കി മരുന്നും കൊടുക്കുന്നതിനാണ് ദുരിതബാധിതര്‍ക്കു വാരിക്കോരി കൊടുത്തിട്ടും മതിയാകുന്നില്ലെന്ന് ജനപ്രതിനിധികള്‍ വിളിച്ചു കൂവുന്നത്.
ജീവച്ഛവം പോലെ കിടക്കുന്ന ഒരു കുഞ്ഞിന് എന്തു സന്തോഷമാണ് ഈ ജീവിതത്തിലുള്ളത്…?? കിടന്ന കിടപ്പില്‍ നിന്നും ഒന്നനങ്ങാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങള്‍….! അവര്‍ കൈയോ കാലോ ഒന്നു ചലിപ്പിക്കുന്നതു പോലും വലിയ സന്തോഷമെന്നു കരുതുന്നവര്‍…. ആ കുഞ്ഞുങ്ങള്‍ക്ക് എന്തു ചെയ്തു കൊടുത്തതിന്റെ പേരിലാണ് രാഷ്ട്രീയക്കാരിങ്ങനെ കൊടുത്തതിന്റെ കണക്കുകള്‍ പാടി നടക്കുന്നത്….?? ദുരിതത്തിലേക്കവരെ തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒരു ജനപ്രതിനിധിക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. എന്നിട്ടും എന്തിനാണിവരിങ്ങനെ കൊടുത്തതിന്റെ കണക്കുകള്‍ നിരത്തുന്നത്…??
ഇത്രയും കാലമുണ്ടായിട്ടും ഇപ്പോഴാണോ സമരവുമായി ദയാബായി വരുന്നത് എന്നു ചോദിക്കുന്നവരുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും മെച്ചപ്പെട്ടൊരു ന്യൂറോളജി വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഒരു രാഷ്ട്രീയ നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എപിലെപ്സി പോലുള്ള നാഡീ സംബന്ധ രോഗമുള്ളവരാണ് ഒട്ടേറെപ്പേര്‍. ഇടക്കിടെയുള്ള വൈദ്യ പരിശോധനയിലൂടെ മരുന്നും മരുന്നളവും മാറ്റം വരുത്തുക അപസ്മാരം പോലുള്ള രോഗാവസ്ഥയില്‍ അത്യാവശ്യമാണ്. പക്ഷേ, പത്ത് പതിനഞ്ച് കൊല്ലം മുമ്പെ പരിശോധനാ ക്യാമ്പുകളില്‍ കുറിച്ചു കൊടുത്ത അതേ ഔഷധങ്ങള്‍ അതേ അളവില്‍ കഴിക്കാന്‍ വിധിക്കപ്പെട്ടവരാണ് മിക്കവരും. വിദൂര പ്രദേശങ്ങളിലെ ആശുപത്രിയില്‍ പോയി വിദഗ്ധ ചികിത്സ തേടുന്നതിനുള്ള സാമ്പത്തികശേഷിയോ ലോക പരിചയമോ ഇല്ലാത്തവരാണ് ഇത്തരം രോഗികളും അവരുടെ കുടുംബവും. എന്നിട്ടും പറയുന്നു, എത്ര കൊടുത്തിട്ടും മതിയാവുന്നില്ലെന്ന്…! ഉളുപ്പുണ്ടോ രാഷ്ട്രീയക്കാരേ നിങ്ങള്‍ക്കിതു വിളിച്ചു കൂവാന്‍…??
ചില സമയങ്ങളില്‍ ഈ കുട്ടികള്‍ വല്ലാതെ വയലന്റാകും. ഇവരെയും കൊണ്ട് ജില്ലകള്‍ കടന്ന് ചികിത്സ തേടുക എന്നത് ദുരിതപൂര്‍ണ്ണമാണ്. ഡി പി എം ഓഫീസില്‍ നിന്നും കത്തുമായി പോയാല്‍ മാത്രമേ മറ്റു ജില്ലകളിലുള്ള മെഡിക്കല്‍ കോളജുകളില്‍ നിന്നും ഇവര്‍ക്കു ചികിത്സ നല്‍കുകയുള്ളു. ഈ കത്തില്ലാതെ ചെല്ലുന്നവര്‍ക്ക് ചികിത്സയുമുണ്ടാവില്ല. ഇതറിയാതെ യാത്ര ചെയ്ത് ചികിത്സ കിട്ടാതെ മടങ്ങുന്നവരും നിരവധി.
ദയാബായി ആരെന്നു പോലും നിശ്ചയമില്ലാത്ത മന്ത്രിമാര്‍…!
ദയാബായി നടത്തുന്ന അനിച്ഛിതകാല നിരാഹാര സമയം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട രണ്ടുമന്ത്രിമാരില്‍ ഒരാളായ ആര്‍ ബിന്ദു ദയാബായിയെ സംബോധന ചെയ്തത് ശ്രീമതി ദയാബായി എന്നാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ, നീതിനിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അതിശക്തമായി പോരാടി കൊടിയ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന, ഇന്ത്യയുടെ തന്നെ അഭിമാനമായ, മലയാളിയായ ദയാബായിയെപ്പോലും കൃത്യമായി മനസിലാക്കാന്‍ ആര്‍ ബിന്ദുവിനെപ്പോലുള്ള മന്ത്രിമാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് പരമദയനീയം.
ദുരിതബാധിതര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. രോഗികളെ ചികിത്സിക്കാന്‍ കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനമില്ല. പ്രായപൂര്‍ത്തിയായ ദുരിതബാധിതര്‍ക്കായി ഒരു ഡേ കെയര്‍ സംവിധാനം പോലുമില്ല. ഈ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം കൂടി നിഷേധിച്ച് അവരെ തീരാരോഗികളാക്കി, അവരുടെ സന്തോഷവും ജീവിതവും കവര്‍ന്നെടുത്ത വിഷനിര്‍മ്മാതാക്കള്‍ക്കെതിരെ യാതൊരു നടപടികളുമില്ല. ചികിത്സയെങ്കിലും ഒരുക്കിക്കൊടുക്കേണ്ടതല്ലേ…?? ഈ ദുരിതം വിതച്ചവരില്‍ നിന്നുതന്നെ അതിനു പരിഹാരവും കാണേണ്ടതല്ലേ…??
(താഴെയുള്ള വിവരണത്തിന് അവലംബം: വിക്കിപീഡിയ)
നിസ്സഹായ ജീവിതങ്ങള്‍ക്കു മേല്‍ പെയ്ത തീമഴയ്ക്കു ശേഷം…..
എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി രംഗത്തു വന്നത് കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ്. കാസര്‍കോട്ടെ പുല്ലൂര്‍ ഗ്രാമത്തില്‍ ഈ മാരക വിഷപ്രയോഗത്തെത്തുടര്‍ന്ന് താമസിക്കാനാകാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഇവര്‍ ഇതിനെതിരെ രംഗത്തു വന്നത്. 1998 ഒക്ടോബര്‍ 18നാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ തളിയ്ക്കല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തു. ഇതേത്തുടര്‍ന്ന് ആ പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ തളിക്കരുതെന്ന് കോടതി താല്‍ക്കാലിക വിധി പുറപ്പെടുവിച്ചു. 2000 ഒക്ടോബര്‍ 18ന് ആ വിധി പൂര്‍ണ്ണമായി നടപ്പാക്കി.
തുടര്‍ന്ന് 2001-ല്‍ കാസര്‍കോട് മുന്‍സിഫ് കോടതിയില്‍ ഡോ. മോഹന്‍കുമാര്‍, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവര്‍ ചേര്‍ന്ന് മുളിയാര്‍ ബോവിക്കാനമടക്കമുള്ള കാസര്‍കോടന്‍ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളി നിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയല്‍ ചെയ്തു. താല്‍ക്കാലികമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗം കോടതി നിരോധിച്ചു. സ്ഥിരമായി നിരോധിക്കാനായി ഡോ. മോഹന്‍കുമാര്‍ 2001ല്‍ ഹൈക്കോടതിയിലും അന്യായം ഫയല്‍ ചെയ്തു.
ഈ വിധികളെത്തുടര്‍ന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ കേസുമായെത്തി. ഈ ഘട്ടത്തില്‍ എറണാകുളം തിരുവാംകുളത്തെ നേച്ചര്‍ ലവേഴ്സ് മൂവ്മെന്റും ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ‘തണല്‍’ എല്ലാവിധ സാങ്കേതിക സഹായങ്ങളും കേസ്സിന് നല്‍കി. ഒപ്പം സൗജന്യമായി വാദിക്കാന്‍ അഡ്വ. ഡെയ്സി തമ്പിയും തയ്യാറായി. തുടര്‍ന്ന് ചരിത്രപ്രാധാന്യമുള്ള വിധിയിലൂടെ 2002ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് കേരള ഹൈക്കോടതി താല്‍ക്കാലികമായി നിരോധിച്ചു. കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റുകളില്‍ സൂക്ഷിച്ച 1500ഓളം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.
2002 മുതല്‍ 2006 വരെയാണ് എന്‍ഡോസള്‍ഫാന്‍ തളി കോടതി ഇടപെടല്‍ മൂലം നിര്‍ത്തിച്ചത്. 2006ല്‍ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരികയും ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കുലറിലൂടെ എന്‍ഡോസള്‍ഫാന്‍ തളി നിരോധിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ മൗനം
എന്‍ഡോസള്‍ഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. എന്‍ഡോസള്‍ഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യന്‍ കമ്പനികളാണ്. എക്‌സല്‍ ക്രോപ് കെയര്‍, എച്ച്.ഐ.എല്‍, കൊറമാണ്ടല്‍ ഫെര്‍ട്ടിലൈസേഴ്‌സ് എന്നിവയാണ് ഇന്ത്യയിലെ മുഖ്യ നിര്‍മ്മാതാക്കള്‍. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു. റോട്ടര്‍ഡാം, സ്റ്റോക്‌ഹോം കണ്‍വെന്‍ഷനുകളില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം ഉള്‍പ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിര്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും, മനുഷ്യരില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടിയിരുന്നത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 സെപ്തംബര്‍ 30 ന് സുപ്രീംകോടതി രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു. നിലവിലുള്ളത് കര്‍ശന ഉപാധികളോടെ കയറ്റുമതി ചെയ്യാനും ഉത്തരവിറക്കി.