നെറികേടുകളെ എതിര്‍ത്തു, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ പകവീട്ടി പുഷ്പഗിരി

Jess Varkey Thuruthel

പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Pushpagiri Medical College Hospital) നടക്കുന്ന നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പകരം വീട്ടി ആശുപത്രി അധികൃതര്‍. പേഷ്യന്റ്-സ്റ്റാഫ് അനുപാതം പാലിക്കാതെ ആശുപത്രി അധികൃതര്‍ നഴ്‌സുമാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് അമിത ജോലി ഭാരമാണ്. ഇത് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടി വിജയം കൈവരിച്ച ബേസില്‍ ജോസഫിനു നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലാണ് Continuing nursing Education-CNE പൂര്‍ത്തിയാക്കിയില്ലെന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജോലി ചെയ്യുന്ന നഴ്‌സിനാകട്ടെ അമിത ജോലി ഭാരവും. അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള 5 രോഗികളെങ്കിലുമുണ്ടാകും. ഇവരെക്കൂടാതെ വേറെയുമുണ്ടാകും രോഗികള്‍. പക്ഷേ, ഇവരുടെയെല്ലാം കാര്യങ്ങള്‍ നോക്കേണ്ടത് ഒരു നഴ്‌സാണ്. ഇതിനെതിരെ പരാതി പറഞ്ഞപ്പോള്‍ ഒരാളെക്കൂടി നിയമിച്ചു. എന്നാല്‍ രാത്രി കാലങ്ങളില്‍ ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളു. ഏതെങ്കിലും രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഴുവനും നഴ്‌സിന്റെ ചുമലിലാവുകയും ചെയ്യും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പി 1 മെഡിസിനില്‍ 3 സ്റ്റാഫിനെ ആവശ്യപ്പെട്ടപ്പോള്‍ ബേസിലിനെ അവിടെ നിന്നും ഓപ്പറേഷന്‍ തീയേറ്ററിലേക്കു മാറ്റി. ഇവിടെ പി എമ്മും നൈറ്റും ചേര്‍ത്ത് 16 മണിക്കൂറാണ് ഡ്യൂട്ടി. ഇങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ വയ്യെന്ന് ബേസില്‍ പറഞ്ഞു. അപ്പോള്‍ വാര്‍ഡ് 2 വിലേക്കു മാറ്റി. എമര്‍ജന്‍സിയില്‍ ജോലി ചെയ്യുമ്പോള്‍ ഡ്യൂട്ടി ചെയ്യുകയും സി എന്‍ ഇ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്യുക എന്നത് നടക്കില്ല.

ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ ഒരു സ്റ്റാഫ് കൂടി ഉണ്ടായിരുന്നതിനാല്‍ രണ്ടുമാസത്തിനിടയില്‍ 6 ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചു. 2024-ല്‍ 9 മാസമാണ് ബേസില്‍ ജോലി ചെയ്തത്. ഈ കാലയളവിനുള്ളില്‍ 9 ക്ലാസുകള്‍ പങ്കെടുക്കണം. ഇതില്‍ 6 ക്ലാസുകള്‍ പങ്കെടുത്തിട്ടുണ്ട്. ബാക്കി 3 എണ്ണം മാത്രമാണ് പങ്കെടുക്കാത്തത്. രോഗി-സ്റ്റാഫ് അനുപാതമനുസരിച്ച് കൃത്യമായ സ്റ്റാഫിനെ മാനേജ്‌മെന്റ് നിയമിച്ചിരുന്നുവെങ്കില്‍ ഈ ക്ലാസുകള്‍ മുടങ്ങില്ലായിരുന്നു. അതിനാല്‍ ബേസിലിന്റെ തെറ്റുകൊണ്ടല്ല, മറിച്ച് മാനേജ്‌മെന്റിന്റെ പിഴവുകൊണ്ടാണ് സി എന്‍ ഇ ക്ലാസ് മുടങ്ങിയത്. രാജിക്കത്ത് നല്‍കിയപ്പോള്‍ ഇക്കാര്യം ബേസില്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇക്കാര്യം കൈകാര്യം ചെയ്തുകൊള്ളാമെന്ന് എച്ച് ആര്‍ മാനേജര്‍ ആദ്യം പറഞ്ഞെങ്കിലും ക്ഷമാപണക്കത്ത് എഴുതി നല്‍കണമെന്ന് ബേസിലിനോട് എച്ച് ആര്‍ മാനേജര്‍ ജോണ്‍സന്‍ പൗലോസ് ആവശ്യപ്പെട്ടു. തന്റെ ഭാഗത്തു തെറ്റില്ലെന്നും അതിനാല്‍ ക്ഷമാപണക്കത്ത് എഴുതി നല്‍കില്ലെന്നും ബേസില്‍ വ്യക്തമാക്കി. ഇക്കാര്യം ലേബര്‍ ഓഫീസില്‍ അറിയിക്കുകയും ചെയ്തു.

ഒരു പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ജോലി നല്‍കുന്ന ഒരു സ്ഥാപനത്തിനും വിധിക്കാനുള്ള അധികാരമില്ല. ഇത്ര ക്ലാസുകള്‍ മാത്രമേ പങ്കെടുത്തിട്ടുള്ളു എന്ന് മാനേജ്‌മെന്റിനു പറയാം. പക്ഷേ, ക്ലാസുകള്‍ പൂര്‍ണ്ണമായും പങ്കെടുത്തിട്ടില്ല എന്ന് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ എഴുതാന്‍ ഒരു തൊഴിലുടമയ്ക്കും അധികാരമില്ല. 2023 ല്‍ ബേസില്‍ 16 ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. സ്റ്റാഫുകള്‍ കുറവുള്ളപ്പോള്‍ അവര്‍ പറയുന്നിടത്ത് ചെന്നു ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതിനാല്‍ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വന്നാണ് ക്ലാസെടുത്തത്. എന്നാല്‍ 2024 ല്‍ ക്ലാസ് നടക്കുന്നിടത്തു പോയി പങ്കെടുക്കേണ്ടിയിരുന്നു. അതിനുള്ള സമയം ലഭിക്കാത്തതിനാല്‍ അതു സാധിച്ചില്ല.

ഭാര്യ കാനഡയില്‍ ആയതിനാല്‍ മക്കളെ നോക്കേണ്ട ചുമതലയും ബേസിലിനാണ്. അതിനാല്‍ ഡ്യൂട്ടി സമയം കഴിഞ്ഞതിനു ശേഷം ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഒരു സ്റ്റാഫിന് 12-20 രോഗികളെ വരെ നോക്കേണ്ടി വരും. ഇത്രയും ജോലികള്‍ ചെയ്ത ശേഷം ക്ലാസില്‍ കൂടി പങ്കെടുക്കണമെന്നു പറഞ്ഞാല്‍ സാധിക്കാറില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് നഴ്‌സിംഗ് സൂപ്രണ്ടും മാനേജ്‌മെന്റുമാണ്.

എമര്‍ജന്‍സിയില്‍ ട്രിയാജിൽ 16 രോഗികള്‍ വന്നപ്പോൾ അവരെയെല്ലാം നോക്കാന്‍ ബേസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹെൽപ്പിന് വന്ന സ്റ്റാഫ് വേറൊരു , മറ്റൊരു രോഗിയെയും കൊണ്ട് ഐ സി യുവിലേക്കു പോകണമെന്നു പറഞ്ഞപ്പോള്‍ പറ്റില്ലെന്നു പറഞ്ഞു. മെയില്‍ നഴ്‌സുമാര്‍ ആണെങ്കില്‍ ഒരാള്‍ മതിയെന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റിന്. മുന്‍പ് എമര്‍ജന്‍സിയില്‍ രണ്ടു സ്റ്റാഫിനെ ഡ്യൂട്ടിക്കിട്ടിരുന്നു. ആ സ്ഥാനത്താണ് ഒരേയൊരാള്‍. ഈ വിഷയത്തിന്റെ പേരില്‍ ബേസിലിന് മാനേജ്‌മെന്റ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ കൂടുതല്‍ നടപടികളൊന്നും ഈ വിഷയത്തില്‍ ഉണ്ടായില്ല.

ജീവനക്കാരുടെമേല്‍ പുഷ്പഗിരി മാനേജ്‌മെന്റ് അടിച്ചേല്‍പ്പിക്കുന്ന മനുഷ്യത്വരഹിതമായ നിയമങ്ങള്‍ എതിര്‍ത്തതിന്റെ പേരിലുള്ള പ്രതികാരമാണ് ബേസിലിന്റെ എക്‌സ്പീരിയന്‍സ് സര്‍ക്കിഫിക്കറ്റില്‍ ആശുപത്രി മാനേജ്‌മെന്റ് തീര്‍ത്തത്. ആ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് പുഷ്പഗിരി ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നും ബേസിലിനെ വിളിച്ചിരുന്നു.

അമിത ജോലി ഭാരമൂലം പലര്‍ക്കും അടിക്കടി രോഗമുണ്ടാകുന്നു. സ്റ്റാഫിനു സുഖമില്ലാതായാല്‍പ്പോലും അവധി കൂടുതൽ എടുക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ അവര്‍ ശമ്പളമില്ലാത്ത അവധിക്ക് കൂടുതൽ ഉണ്ടാകും. ഈ അവധികളും കൂടുമ്പോള്‍ അതും ഇവര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുമായിരുന്നു. ബേസില്‍ ഉള്‍പ്പടെയുള്ളവര്‍ ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടാണ് ഇക്കാര്യത്തിന് തടയിട്ടത്.

നഴ്‌സുമാരെക്കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ നിരവധി കാര്യങ്ങളാണ് മാനേജ്‌മെന്റ് ചെയ്യിക്കുന്നത്. ഒരു രോഗി ഡിസ്ചാര്‍ജ്ജ് ആയി പോകുമ്പോള്‍ അവരുടെ ബില്‍ തയ്യാറാക്കേണ്ടത് ബില്ലിംഗ് സ്റ്റാഫിലുള്ളവരാണ്. പക്ഷേ, ഇവിടെ നഴ്‌സുമാരെക്കൊണ്ടും കംപ്യൂട്ടര്‍ ജോലികള്‍ ചെയ്യിക്കുകയാണ്. ഇത്തരം ജോലികള്‍ ചെയ്യാന്‍ നഴ്‌സുമാര്‍ തയ്യാറാണ്. പക്ഷേ, സ്റ്റാഫ് കുറവുള്ളപ്പോള്‍പ്പോലും ഇത്തരത്തില്‍ ജോലി ചെയ്യിക്കുകയാണ് മാനേജ്‌മെന്റ്. ഇതിനെല്ലാം കുട പിടിക്കുന്നത് നഴ്‌സിംഗ് സൂപ്രണ്ടാണ്. മരുന്നുകള്‍ കൂടുതലുണ്ടെങ്കില്‍ അതു ബാച്ച് നമ്പർ നോക്കി റീഫണ്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഫാര്‍മസിയിലുള്ളവര്‍ക്കാണ്. പക്ഷേ ഈ ജോലികളും ഏല്‍പ്പിക്കുന്നത് നഴ്‌സുമാരെയാണ്.

നഴ്‌സുമാരുടെമേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ച് എങ്ങനെയെല്ലാം പണി ചെയ്യിക്കാമോ ആവിധമെല്ലാം പണി ചെയ്യിക്കുകയാണ് മാനേജ്‌മെന്റ്. പുതുതായി വരുന്ന നഴ്‌സുമാര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ല. അതിനാല്‍ എന്തു ജോലിയും അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കും. അടിമയെപ്പോലെ അവര്‍ പണി ചെയ്യും. എന്നാല്‍ എക്‌സ്പീരിയന്‍സുള്ളവര്‍ ഈ നീതികേടിനെതിരെ പ്രതികരിക്കും. അടിമപ്പണിക്കെതിരെ ലേബര്‍ ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍ മാനേജ്‌മെന്റിനെ താക്കീതു ചെയ്തിരുന്നു.

ലേബര്‍ ഓഫീസില്‍ പുഷ്പഗിരി മാനേജ്‌മെന്റ് പറഞ്ഞിരുന്നത് ആശുപത്രിയില്‍ 790 സ്റ്റാഫ് ഉണ്ടെന്നാണ്. ഇത്രയും സ്റ്റാഫ് ഉണ്ടെങ്കില്‍ വേറെ സ്റ്റാഫിന്റെ ആവശ്യമില്ല. പക്ഷേ, ഇവരുടെ കണക്കെടുപ്പില്‍ ആകെ 580 നഴ്‌സിംഗ് സ്റ്റാഫ് മാത്രമാണ് ഉള്ളത്. ഇവരില്‍ 535 നഴ്‌സുമാര്‍ മാത്രമാണ് പേഷ്യന്റിനെ നോക്കുന്നത്. ബാക്കിയുള്ളവര്‍ ജോലി ചെയ്യുന്നവരെ നിരീക്ഷിക്കുന്നവരും സൂപ്പര്‍വൈസര്‍മാരുമാണ്. ഓരോ മാസവും 15 സ്റ്റാഫിനെ വച്ച് പുഷ്പഗിരി ജോലിക്കെടുക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും മതിയാകില്ല. ആവശ്യത്തിനു സ്റ്റാഫ് ഇല്ലാത്തത് നഴ്‌സുമാര്‍ക്കു മാത്രമല്ല, ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികളെയും ഇതു ബാധിക്കാറുണ്ട്.

ഇക്കാര്യങ്ങളെല്ലാം ലേബര്‍ ഓഫീസില്‍ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് ബേസിലിന് ഇത്തരത്തില്‍ ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ചാരിറ്റിയുടെ കീഴിലാണ് പുഷ്പഗിരി ആശുപത്രി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തന്നെയാണിത്. പക്ഷേ, ചാരിറ്റി ആയി രജിസ്റ്റര്‍ ചെയ്തതിനാല്‍ സ്റ്റാഫിന് ബോണസ് പോലും നല്‍കില്ല. ചെയ്യുന്നതാകട്ടെ പേരിനു വേണ്ടിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. മാനേജ്‌മെന്റിനെ അനുസരിക്കുന്നവര്‍ക്ക് ഇന്‍സെറ്റീവ് എന്ന രീതിയില്‍ ചെറിയ തുകകള്‍ നല്‍കുകയും ചെയ്യുന്നു. പക്ഷേ ഇരട്ടി രോഗികളെ നോക്കി ജോലി ചെയ്ത നഴ്‌സുമാര്‍ക്കു പോലും യാതൊന്നും നല്‍കിയിട്ടില്ല. ചാരിറ്റിയുടെ മറവില്‍ ഇവര്‍ സ്റ്റാഫിനെയും ചൂഷണം ചെയ്യുകയാണ്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജില്ലാ ഓഡിറ്റർ, പുഷ്പോരി യൂണിറ്റിന്റെ വൈസ് പ്രസിഡൻ്റ് ആയതിനാലും തെറ്റുകള്‍ക്കു കൂട്ടുനില്‍ക്കാത്തതിനാലും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പക തീര്‍ത്തിരിക്കുകയാണ് പുഷ്പഗിരി. ചില വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ സി എന്‍ ഇ ആവശ്യമാണ്. പക്ഷേ, ചില രാജ്യങ്ങളില്‍ ആവശ്യമില്ല. ഇനി അതു വേണമെങ്കില്‍ത്തന്നെ ഇവിടെ നിന്നോ വെളിയില്‍ നിന്നോ ഈ ക്ലാസുകള്‍ പങ്കെടുക്കാവുന്നതേയുള്ളു. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പോലും ഇതു വേണമെന്നു മാത്രമേ പറയുന്നുള്ളു, നിയമമാക്കിയിട്ടില്ല. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഇത് രേഖപ്പെടുത്തേണ്ട കാര്യമില്ല. എന്നിട്ടും ആശുപത്രി ഇതു ചെയ്തത് പ്രതികാരബുദ്ധിയോടെയാണ്.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *