നട്ടെല്ലില്ലാത്തവരെ സൂപ്പര്‍സ്റ്റാറുകളെന്നു വിളിക്കുന്നതെങ്ങനെ?

Jess Varkey Thuruthel

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) ഭാഗീകമായി പുറത്തു വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള വെള്ളപൂശലുകളാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ മെഗാ താരങ്ങളുടെ (Super Stars) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും പറന്നു നടക്കുകയാണ്. താഴെ ഒരു ക്യാപ്ഷനും. ഹേമ കമ്മറ്റിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ 100 ശതമാനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ ഇവരാണ് ന്നിങ്ങനെയാണ് ആ ക്യാപ്ഷനുകള്‍.

മലയാള സിനിമ കറങ്ങുന്നതു തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ടു സൂപ്പര്‍സ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്. സുരേഷ്‌ഗോപി, ദിലീപ്, ജയറാം, മുകേഷ്, പ്രിഥ്വിരാജ്, ഫഹദ്, ആസിഫ്, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ തുടങ്ങി നിരവധി നായകര്‍ വേറെയുമുണ്ട്. ഇവരെക്കൂടാതെ ന്യൂജെന്‍ നായകരുമുണ്ട്. സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള നായകരെ ചുറ്റിപ്പറ്റിത്തന്നെയാണ് സിനിമാലോകം കറങ്ങുന്നത്. ഇവരില്‍ ഏറ്റവും പ്രധാനികള്‍ ഇന്നും മമ്മൂട്ടിയും മോഹന്‍ലാലും തന്നെ. സിനിമാ ലോകത്തെ ഇന്നും അടക്കി ഭരിക്കുന്നവര്‍. ഇവരുടെ കാലഘട്ടത്തില്‍ തന്നെയാണ് സിനിമ ലോകത്തെ ക്രിമിനലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നതും.

മീശ പിരിച്ചും മുണ്ടുമടക്കിക്കുത്തിയും നെറികേടുകള്‍ക്കെതിരെ അതിശക്തം പോരാടിയും തിരശീലയില്‍ കൈയ്യടി വാങ്ങുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നട്ടെല്ലില്ലാത്തവരാണ്. സിനിമ മേഖലയില്‍ ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല, എല്ലാത്തരത്തിലുമുള്ള നെറികേടുകളുമുണ്ടെന്ന് അന്വേഷണത്തിലൂടെ ഹേമ കമ്മറ്റി പുറത്തു വിട്ടിരിക്കുന്നു. സിനിമാ മേഖല അടക്കി വാഴുന്നവര്‍ക്ക് ഇത്തരം നെറികേടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും അറിയില്ലെന്ന രീതിയിലാണ് ഇവിടെ നടക്കുന്ന വെള്ളപൂശലുകള്‍. മമ്മൂട്ടിയോ മോഹന്‍ ലാലോ ഒന്നും രാത്രികാലങ്ങളില്‍ നടിമാരുടെ റൂമിന്റെ കതകില്‍ മുട്ടിയിട്ടില്ലായിരിക്കാം. അവരാരും നടിമാരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുമില്ലായിരിക്കാം. പക്ഷേ, സിനിമാ മേഖലയില്‍ നടക്കുന്ന ഈ കടുത്ത അനീതികള്‍ക്കു നേരെ ഇവര്‍ കണ്ണടച്ചത് എന്തിന്? ഈ നെറികേടുകളെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറാവാത്തത് എന്തുകൊണ്ട്? ചെറിയൊരു പ്രതിഷേധം പോലും ഇവരില്‍ നിന്നും ഉണ്ടാകാത്തത് എന്തുകൊണ്ട്? തങ്ങള്‍കൂടി ഉള്‍പ്പെടുന്ന സിനിമാ മേഖല ഇത്രമേല്‍ മലീമസമായിട്ടും അതിനെ എതിര്‍ക്കാന്‍ തക്ക നട്ടെല്ല് അവര്‍ക്ക് ഇല്ലാതെ പോയത് എന്തുകൊണ്ട്?

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് സെറ്റില്‍ ഏതു വിധത്തിലാണ് പെരുമാറുന്നതെന്ന് അവര്‍ തന്നെ പലപ്പോഴും പറയാറുണ്ട്. പുഴുത്ത പട്ടികളെപ്പോലെ ആട്ടിയോടിക്കുന്ന ഇടങ്ങളുമുണ്ട്. ആത്മാഭിമാനമെന്നൊന്ന് നഷ്ടപ്പെട്ടു ജീവിക്കുന്ന കുറെ മനുഷ്യജീവികള്‍. ആരാണ് തങ്ങളുടെ കൂടെ അഭിനയിക്കേണ്ടത് എന്നുവരെ തീരുമാനമെടുക്കുന്ന നായകന്മാര്‍. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും അവസരമില്ലാതെ കഷ്ടപ്പെടുന്ന നടിമാര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കി നല്‍കണമെന്നും അല്ലാതെ തങ്ങള്‍ ഈ സിനിമയുമായി സഹകരിക്കില്ലെന്നും പറഞ്ഞാല്‍ അതോടെ നില്‍ക്കും സിനിമാ മേഖലയിലെ നെറികേടുകള്‍. എന്നിട്ടും ഇവരിലൊരാള്‍ പോലും സിനിമാരംഗത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ല.

സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. സുരേഷ് ഗോപിയാകട്ടെ ഇപ്പോള്‍ കേന്ദ്ര സഹമന്ത്രികൂടിയാണ്. തങ്ങള്‍ ജോലി ചെയ്ത ഇടത്തെ അനീതിയും കുറ്റകൃത്യങ്ങളും കണ്ടില്ലെന്നു നടിച്ച് രാജ്യസേവനത്തിനിറങ്ങുന്ന ഇവര്‍ ജനങ്ങളോട് എങ്ങനെയാണ് നീതി പുലര്‍ത്തുന്നത്? ഇവര്‍ ജയിച്ചിട്ട് ആര്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്? കുറഞ്ഞ പക്ഷം തങ്ങള്‍ അഭിനയിക്കുന്ന സിനിമ സെറ്റില്‍ ഇത്തരം തോന്ന്യാസങ്ങള്‍ നടക്കില്ല എന്നു തീരുമാനിക്കാനുള്ള നട്ടെല്ലു പോലും ഇവര്‍ക്ക് ഇല്ലാതെ പോയത് എന്തുകൊണ്ട്?

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം കുറച്ചു നടിമാരോട് അതെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് അത്തരത്തില്‍ യാതൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നു പറയുക മാത്രമല്ല ഇവര്‍ ചെയ്തത് സൂപ്പര്‍ മെഗാ താരങ്ങള്‍ക്ക് ക്ലീന്‍ ഇമേജു കൂടി നല്‍കി. ഞങ്ങളുടെ സൂപ്പര്‍സ്റ്റാറുകള്‍ അങ്ങനെയൊന്നും ചെയ്യില്ല എന്ന് പാടിപ്പുകഴ്ത്തുന്നത് ഈ നടിമാര്‍ തന്നെയാണ്.

എന്തിനിത്ര കഷ്ടപ്പെട്ട് സിനിമയില്‍ നില്‍ക്കുന്നു എന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം. വളരെ നല്ല ചോദ്യം തന്നെ. സ്ത്രീകള്‍ക്കു മേല്‍ എല്ലാത്തരം അനീതികളും നടപ്പാക്കി അവരെ പറ്റാവുന്ന എല്ലാ തൊഴിലിടത്തു നിന്നും തുരത്തിയോടിച്ച് വീട്ടകങ്ങളില്‍ത്തന്നെ പ്രതിഷ്ഠിച്ചാല്‍ പിന്നെ അതിനേക്കാള്‍ വലിയ സന്തോഷം എന്താണ് ഇക്കൂട്ടര്‍ക്കുള്ളത്. സ്ത്രീകള്‍ സമ്പാദിച്ചിട്ടു വേണ്ട വീടുകഴിയാനെന്ന പഴയകാല വാദങ്ങള്‍ ആധുനിക കാലത്തു പുറത്തു വരുന്ന രീതി ഇങ്ങനെയാണ്.

ഏതാനും ദിവസത്തെ ചര്‍ച്ചകളുടെ ആയുസ് മാത്രമേ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനുള്ളു. അതിനു ശേഷം മറ്റൊരു വിഷയം വരും. എല്ലാ ശ്രദ്ധയും പിന്നെ അതിനു പിന്നാലെയാകും. സിനിമ മേഖലയിലെ ചൂഷണങ്ങള്‍ അതുപോലെ തുടരുകയും ചെയ്യും. ലഹരി, മാംസക്കച്ചവട മാഫിയകള്‍ പിടിമുറുക്കിയ സിനിമാമേഖലയില്‍ മാറ്റമുണ്ടാകണമെങ്കില്‍ അതിശക്തമായ നടപടികളും നിരന്തരമായ പ്രതിഷേധങ്ങളും ആവശ്യമാണ്. പ്രതികരിക്കാന്‍ പോയിട്ട് ഈ അനീതികളെക്കുറിച്ച് അറിയാമെന്നു പോലും സമ്മതിക്കാന്‍ നട്ടെല്ലില്ലാത്ത സിനിമാക്കാര്‍ ഉള്ളിടത്തോളം കാലം മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. സൂപ്പര്‍ താരങ്ങള്‍ക്കു കഴിയാത്തത് ചെറുതാരങ്ങള്‍ക്കു കഴിയുന്നതെങ്ങനെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *