ഈച്ചയുടെ തിരിച്ചറിവു പോലും വിഷം തിന്നുന്ന മനുഷ്യനില്ല: സെബാസ്റ്റ്യന്‍ കോട്ടൂര്‍

പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്കു
മനസിലാക്കിക്കൊടുക്കാന്‍ സിനിമാതാരങ്ങളെ വച്ച് സര്‍ക്കാര്‍ നല്‍കുന്ന
പരസ്യത്തിന് മുടക്കുന്ന കോടികള്‍ എത്ര…??? എന്തിനു വേണ്ടിയാണത്…??
പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പറയേണ്ടത് സാധാരണക്കാരോടല്ല, മറിച്ച് അത്
ഉല്‍പ്പാദിപ്പിക്കുന്നവരോടു പറയണം. ഇത്തരത്തില്‍ കാര്യങ്ങള്‍
ചങ്കൂറ്റത്തോടെ പറയാനുള്ള തന്റേടം സര്‍ക്കാരിന് ഇല്ലാത്തതാണ് നമ്മുടെ നാടു
നശിക്കാന്‍ കാരണം. നല്ലതെന്താണ് എന്നു തിരിച്ചറിയാനുള്ള
ബുദ്ധിയില്ലാത്തവരാണ് നാടു ഭരിക്കുന്നത്. എന്തു സംരംഭങ്ങള്‍ സര്‍ക്കാര്‍
ചെയ്താലും അതില്‍ നിന്നും കട്ടുമുടിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം, സസ്യ
അഗ്രോ ബയോ ഫാര്‍മര്‍ ആന്റ് എക്കോ ഷോപ്പ് പ്രസിഡന്റ് സെബാസ്റ്റ്യന്‍
കോട്ടൂര്‍ പറഞ്ഞു, ഏറ്റവും മികച്ച ജൈവപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട
ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകനാണ് ഇദ്ദേഹം. കാര്‍ഷികപരമായ
നിരവധി ടി വി ഷോകളിലെ സജീവ സാന്നിധ്യവുമാണ്. എറണാകുളം രാജേന്ദ്രമൈതാനിയില്‍
നടക്കുന്ന ജൈവകാര്‍ഷികോത്സവം 2018 മേളയില്‍ പങ്കെടുത്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പത്തു കൊല്ലം മുമ്പുവരെ, സര്‍ക്കാരും കാര്‍ഷിക കോളജുകളും കൊട്ടുന്ന
താളത്തിനൊപ്പിച്ചു കൃഷി ചെയ്തിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. പക്ഷേ,
ഒരിക്കല്‍, സുഭാഷ് പാലേക്കാറിന്റെ പ്രസംഗം കേട്ടതാണ് ജീവിതത്തില്‍
വഴിത്തിരിവായത്. ഇന്നദ്ദേഹം പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നു.
പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയും സ്വന്തമായി ഉള്ള
രണ്ടര ഏക്കര്‍ സ്ഥലത്ത് വിവിധതരം പച്ചക്കറി കൃഷിയുമാണ് അദ്ദേഹം
നടത്തുന്നത്. 
വെച്ചൂര്‍ പശു: കേരളം തിരിച്ചറിയാത്ത നന്മ
വിദേശത്തുനിന്നും വന്നതെല്ലാം കേമപ്പെട്ടത് എന്നൊരു ധാരണയാണ് നാം
കേരളീയരില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുകയാണ്. ഈ മിഥ്യാധാരണ മൂലം നമ്മുടെ
നാടിന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ വെച്ചൂര്‍ പശുക്കളെ നാം കൊന്നുതിന്നു. ആ
പശുവിന്റെ പ്രാധാന്യം മനസിലാക്കി വന്നപ്പോഴേക്കും നാം വളരെ വൈകിപ്പോയി.
മുമ്പ്, ഇത്തരത്തിലുള്ള ഒരു പശുവിന് 5000 രൂപയായിരുന്നു. എന്നാലിപ്പോള്‍
അത് ഒന്നര ലക്ഷത്തോളം ഉയര്‍ന്നിരിക്കുന്നു. രോഗപ്രതിരോധ ശേഷി കൂടിയതും
മേല്‍ത്തരം പാല്‍ തരുന്നതുമായ പശുക്കളാണ് വെച്ചൂര്‍ പശുക്കള്‍. 
ഒരു പശുവില്‍ നിന്നും ഏകദേശം രണ്ടു ലിറ്റര്‍ പാല്‍ മാത്രമേ കിട്ടുകയുള്ളു.
പക്ഷേ, ഈ പാല്‍ മേല്‍ത്തരം പാലാണ്. വെച്ചൂര്‍ പശുക്കള്‍ക്ക് അതിന്റെതായ
പ്രത്യേകതകള്‍ ഉണ്ട്. പശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍
ആവശ്യമില്ല. ഇങ്ങനെ വളര്‍ത്തുന്ന പശുക്കളുടെ പാലില്‍ മരുന്നിന്റെ അംശം
ഉണ്ടായിരിക്കും. അത് ആ പാല്‍ കുടിക്കുന്നവരുടെ ശരീരത്തിലെത്തുകയും
രോഗമുണ്ടാക്കുകയും ചെയ്യുന്നു. 
ഒരു വെച്ചൂര്‍ പശുവിന്റെ ആയുസ് 35 വര്‍ഷമാണ്. ഒരു കാരണവശാലും പശുക്കള്‍ക്ക്
കടയില്‍ നിന്നും വാങ്ങുന്ന തീറ്റകള്‍ കൊടുക്കാന്‍ പാടില്ല. മാത്രവുമല്ല,
ഇവയെ സ്വതന്ത്രമായി മേയാന്‍ വിടണം. അപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളത് അവര്‍
കഴിച്ചു കൊള്ളും. പറന്നു നടക്കുന്ന ഈച്ചയ്ക്കു പോലും അറിയാം ഏതാണ് തന്റെ
ഭക്ഷണമെന്ന്. അതിനാലാണ് ഫോര്‍മാലിനും മറ്റു രാസവസ്തുക്കളുമടിച്ച മീനില്‍
ഈച്ച പൊതിയാത്തത്. പക്ഷേ, മനുഷ്യന് ഈച്ചയുടെ തിരിച്ചറിവു പോലുമില്ല. 
കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത് കൊള്ളലാഭം ഉണ്ടാക്കാനുള്ള ആര്‍ത്തി
കൊള്ളലാഭം കിട്ടാന്‍ വേണ്ടി ആരും ജൈവകൃഷിയിലേക്ക് ഇറങ്ങരുത്.
കള്ളത്തരത്തിലൂടെ പണമുണ്ടാക്കുന്നത് ജൈവകൃഷിയുമല്ല. നാടന്‍ പശുക്കളെ
കൊന്നുകളഞ്ഞതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പിടിപ്പുകേട്. എന്നിട്ട്
അവയ്ക്കു പകരം വിദേശ ബ്രീഡുകളെ നാം ഇറക്കുമതി ചെയ്തു. അതോടെ നിരവധി
രോഗങ്ങളും ജനങ്ങളിലേക്ക് എത്തി. വിദേശി ബ്രീഡുകള്‍ നമ്മുടെ കാലാവസ്ഥയ്ക്ക്
യോജിച്ചതായിരുന്നില്ല. 
ജൈവകൃഷിയെ വളര്‍ത്താനും നമ്മുടെ മണ്ണിനെ സംരക്ഷിക്കാനും നിരവധി കാര്യങ്ങള്‍
സര്‍ക്കാരിനു ചെയ്യാന്‍ കഴിയും. പക്ഷേ, ഒരു വശത്ത് ജൈവകൃഷിയെ
പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് പ്രകൃതിയെ സമൂലം നശിപ്പിക്കുകയും
ചെയ്യുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇച്ഛാശക്തിയുള്ള
സര്‍ക്കാരിനു മാത്രമേ അതു കഴിയുകയുള്ളു. 
കുഞ്ഞുങ്ങള്‍ വളരട്ടെ, പ്രകൃതിയോടും ജീവജാലങ്ങളോടും ഒപ്പം
ഇന്ന് കുട്ടികളില്‍ ഏറ്റവുമധികം കാണുന്ന ഒരു സ്വഭാവമാണ് അവരില്‍ കൂടിവരുന്ന
അക്രമ വാസന. കൊച്ചുകുട്ടികളില്‍ പോലും ദേഷ്യവും വാശിയും വര്‍ദ്ധിച്ചു
വരുന്നു. ഈ സ്വഭാവത്തിനു മാറ്റംവരണമെങ്കില്‍ അവര്‍ പ്രകൃതിയോടും
പക്ഷികളോടും മൃഗങ്ങളോടും സസ്യങ്ങളോടുമെല്ലാം ഇണങ്ങി ജീവിക്കണം.
അങ്ങനെയെങ്കില്‍ കുട്ടികള്‍ ഒരിക്കലും അക്ഷമരാവില്ല.
രോഗമില്ലാത്ത ജീവിതം: സാധ്യമാവുക ജൈവകൃഷിയിലൂടെ മാത്രം
പെട്ടെന്നൊരു ദിവസം ഭൂമിയില്‍ പൊട്ടിമുളച്ചവരല്ല, മനുഷ്യവര്‍ഗ്ഗം. നമ്മുടെ
പൂര്‍വ്വികര്‍ അവിടെ രോഗമില്ലാതെ ജീവിച്ചിരുന്നു. ആ ജീവിതരീതിയില്‍ നിന്നും
കാര്‍ഷിക വൃത്തിയില്‍ നിന്നും നാം അകന്നു പോയി. രോഗങ്ങള്‍
വര്‍ദ്ധിക്കാനുള്ള കാരണമിതാണ്. ആശുപത്രികള്‍ മനുഷ്യരെ രോഗികളാക്കുന്നു.
പിന്നെ, രോഗികളെ ചികിത്സിച്ച് അവര്‍ പണമുണ്ടാക്കുന്നു. 
ജൈവകൃഷിയിലൂടെ മണ്ണും വെള്ളവും വായുവും ജീവജാലങ്ങളെയും മനുഷ്യനെത്തന്നെയും
സംരക്ഷിക്കാന്‍ കഴിയും. പക്ഷേ, വികലമനസുള്ള ഭരണാധികാരികളാണ് നമ്മുടെ
നാടിന്റെ ശാപം.
ഉദയംപേരൂര്‍: ഏറ്റവും നല്ല ഗ്രാമപഞ്ചായത്തുകളില്‍ ഒന്ന്
ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിനെ ഏറ്റവും മികച്ച ജൈവകാര്‍ഷിക പഞ്ചായത്താക്കി
മാറ്റിയതിനു പിന്നില്‍ സെബാസ്റ്റ്യന്‍ കോട്ടൂരിന്റെയും മറ്റും
അക്ഷീണപ്രയത്‌നമാണ്. നിരവധി ബോധവത്ക്കരണ ക്ലാസുകള്‍ ഇവിടെ നടത്തപ്പെടുന്നു. 
ശക്തന്‍ എന്നും ധനവാനാണ്. കട്ടുമുടിക്കുന്ന ഭരണനേതാക്കളും ലാഭക്കൊതി
പിടിച്ച കച്ചവടക്കാരും വിഷം വില്‍ക്കുന്നവരും ഈ നാടിനെ നശിപ്പിക്കുകയാണ്.
ജൈവകൃഷിയിലേക്കു മടങ്ങേണ്ടത് നമ്മുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്,
സെബാസ്റ്റ്യന്‍ കോട്ടൂര്‍ പറഞ്ഞു നിറുത്തി. 

Tags: Sebastian Kottur, Organic farming, 

Leave a Reply

Your email address will not be published. Required fields are marked *