Jess Varkey Thuruthel & D P Skariah
നായ്….!
ഈ ലോകത്തില്‍ നാളിതുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും നന്ദിയും സ്‌നേഹവും വിശ്വസ്തതയുമുള്ള ഒരേയൊരു മൃഗം…..! മനുഷ്യരെ ഏറ്റവുമധികം സ്‌നേഹിക്കുകയും അവരോട് ഇണങ്ങി ജീവിക്കുകയും ചെയ്തതിന്റെ പേരിലാണ് നായ്ക്കള്‍ ഇത്രയേറെ ക്രൂരതകള്‍ സഹിക്കേണ്ടി വരുന്നത്. ഒരു മനസുഖത്തിന് കൂടെക്കൂട്ടുകയും ആ സുഖമങ്ങവസാനിക്കുമ്പോള്‍ തെരുവിലേക്കു വലിച്ചെറിയപ്പെടുകയും ചെയ്യുന്നു….!! തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആ സാധുക്കളെ കാണുന്ന മാത്രയില്‍ കല്ലെറിയുകയും കെട്ടിവലിക്കുകയും തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയും ചെയ്യുന്നു കാട്ടാള ജന്മം പൂണ്ട മനുഷ്യര്‍….!
ഒരു നേരത്തെ ആഹാരത്തിനായി തെരുവില്‍ അലഞ്ഞു നടക്കുന്ന ആ സാധുക്കള്‍ ആഗ്രഹിക്കുന്നത് മനുഷ്യന്റെ കാരുണ്യത്തിനാണ്…. സ്‌നേഹവും ലാളനയും തലോടലുമേല്‍ക്കാന്‍ കൊതിച്ചു നടക്കുന്ന ആ മൃഗങ്ങളെ കൊന്നൊടുക്കാന്‍ പാഞ്ഞടുക്കുന്ന ഇരുകാലി മൃഗങ്ങള്‍…..
ഒരു നേരത്തെ ആഹാരം കൊടുത്തതിന്റെ പേരില്‍ ജീവിതകാലമത്രയും തന്റെ അന്നദാദാവിനോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്ന വേറെ ഏതു മൃഗമുണ്ട് ഈ ഭൂമിയില്‍…??
എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് നായ്ക്കളെ ഇഷ്ടമില്ലാത്തത്…?? അവയെ കൊന്നൊടുക്കുവാനുള്ള ഈ മുറവിളി എന്തുകൊണ്ടാണ്….?? അവരെ ഇത്രക്രൂരമായി ഉപദ്രവിക്കാനുള്ള കാരണമിതാണ്. നായോളം വിശ്വസ്തരാവാനോ സ്‌നേഹിക്കാനോ നിഴല്‍ പോലെ ജീവിതാന്ത്യം വരെ ഒപ്പമുണ്ടാകാനോ ഒരു മനുഷ്യനും സാധിക്കില്ല. ജീവിതകാലമത്രയും സംരക്ഷിച്ചിട്ടും ഏതെങ്കിലുമൊരു സമയത്ത് ആ സംരക്ഷണത്തില്‍ കുറവു വരുത്തിയാല്‍ പക തീര്‍ക്കുന്ന മനുഷ്യര്‍ക്ക് നായുടെ സ്‌നേഹമെങ്ങനെ മനസിലാകാനാണ്…?? വിശ്വസ്തതയോടെ കൂടെ കൊണ്ടു നടന്നിട്ട്, സ്വത്തിനു വേണ്ടി, ഭൗതിക നേട്ടത്തിനു വേണ്ടി ചതിക്കുകയും വഞ്ചിക്കുകയും അപമാനിക്കുകയും തക്കം കിട്ടിയാല്‍ കൊന്നുകളയുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് നായ്ക്കളെ മനസിലാകില്ല. അവരില്‍ നിന്നും കുറച്ചു നേരമൊന്നു മാറി നിന്നാല്‍ വഴിക്കണ്ണുമായി, ചിലപ്പോള്‍ ആഹാരം പോലും കഴിക്കാതെ കാത്തു നില്‍ക്കുന്ന ആ സ്‌നേഹവും മനുഷ്യര്‍ക്ക് മനസിലാക്കാന്‍ പ്രയാസമാണ്.
ഒരു തലോടല്‍ മാത്രം കിട്ടിയാല്‍, ജീവിതകാലമത്രയും ആ മനുഷ്യന്റെ കാല്‍ക്കീഴില്‍ വിശ്വസ്തതയോടെ കഴിയുന്ന ആ സാധുമൃഗത്തെ മനസിലാക്കാനും സ്‌നേഹിക്കാനും മനുഷ്യനിനി എത്ര ജന്മം മരിച്ചു ജീവിച്ചാലും സാധിക്കില്ല. കാരണം, സ്‌നേഹിക്കാന്‍ മാത്രമറിയുന്നൊരു മൃഗമാണ് നായ്ക്കള്‍. ജാതിയും, മതവും, അന്തസും പണവും, സൗന്ദര്യവും തൊലിവെളുപ്പും, ധരിച്ചിരിക്കുന്ന വസ്ത്രവും നോക്കി സ്‌നേഹിക്കുന്ന മനുഷ്യര്‍ക്ക് നായ്ക്കളെ മനസിലാകില്ല, അവരുടെ സ്‌നേഹവും മനസിലാകില്ല……
ഈ സാധുമൃഗങ്ങളെ സ്‌നേഹിക്കാന്‍ തക്ക മാനസിക വളര്‍ച്ച എല്ലാ മനുഷ്യര്‍ക്കുമില്ല. പക്ഷേ, ഇവരെ ഉപദ്രവിക്കുന്നവരെ കര്‍ശനമായി ശിക്ഷിച്ചേ മതിയാകൂ. മനസുഖത്തിനു വേണ്ടി അവരെ കല്ലെറിയുന്നവരെ, ചവിട്ടുകയും മുറിവേല്‍പ്പിക്കുകയും ക്രൂരത കാണിക്കുകയും ചെയ്യുന്നവരെ, തെരുവിലേക്കു വലിച്ചെറിയുന്നവരെ കഠിനമായി ശിക്ഷിച്ചേ മതിയാകൂ.
സ്വന്തം ആഗ്രഹപ്രകാരമോ തീരുമാനപ്രകാരമോ അല്ല നായ്ക്കള്‍ തെരുവില്‍ അലയുന്നത്. മനുഷ്യരുടെ ക്രൂരതയാണിതിനു പിന്നില്‍. ഈ മിണ്ടാപ്രാണികള്‍ക്കു വേണ്ടി ശബ്ദിക്കുന്നവരെ കൊന്നൊടുക്കാനും മടിയില്ലാത്ത കെട്ട കാലമാണിത്. നായ്ക്കളുടെ എണ്ണം ക്രമാധീതമായി കൂടാതിരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ചെയ്യേണ്ട കാര്യങ്ങളുണ്ട്. വന്ധ്യംകരണ ശസ്ത്ര ക്രിയകള്‍ ഫലപ്രദമായും കാര്യക്ഷമമായും ചെയ്യുക എന്നതാണത്. ഇതുകൂടാതെ ഇവര്‍ക്ക് യഥാസമയം പ്രതിരോധകുത്തിവയ്പ്പുകള്‍ നടത്തുകയും വേണം.
നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നവരും അവര്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും വാക്‌സിനുകളും നല്‍കണം. രോഗം വരുമ്പോള്‍ ചികിത്സിക്കുകയും വേണം. രോഗബാധിതരും വയസരുമായ നായ്ക്കളെ തെരുവിലെറിയുന്ന കാട്ടാള മനുഷ്യരെ ശിക്ഷിച്ചേ തീരൂ….
GOD എന്നാല്‍ ദൈവമെന്നാണ് അര്‍ത്ഥം…. അതു തിരിച്ചിട്ടാല്‍ DOG എന്നായി…… യാതൊരു പ്രതിഫലവും കൂടാതെ മനുഷ്യരെ സ്‌നേഹിക്കാന്‍ ഈ ഭൂമിയില്‍ ജനിച്ചു വീണ ഒരേയൊരു ജീവിയാണ് നായ്ക്കള്‍….. പണത്തിനും പൊന്നിനും പെണ്ണിനും ലഹരിക്കുമെന്നുവേണ്ട, വെറും മനസുഖത്തിനു വേണ്ടി പോലും സഹജീവികളോട് ക്രൂരത കാണിക്കുന്ന, ഉപാധികളോടെ മാത്രം സ്‌നേഹിക്കുന്ന, ഒത്തുകിട്ടിയാല്‍ കൊന്നുതള്ളാന്‍ പോലും മടിയില്ലാത്ത മനുഷ്യര്‍…….
എന്നിട്ടുമവര്‍ ഉറഞ്ഞു തുള്ളുന്നു, ‘നായിന്റെ മോനെ’ എന്നും ‘കൊടിച്ചിപ്പട്ടി’ എന്നും ‘നന്ദികെട്ട നായേ’ തുടങ്ങി നിരവധി അധിക്ഷേപങ്ങളിലൂടെ….. അതിനാല്‍, പറയൂ, നായെന്നു വിളിക്കപ്പെടുവാന്‍ ഈ മനുഷ്യര്‍ക്ക് എന്താണ് യോഗ്യത….???