തല കുനിച്ചു സത്യഭാമ; ഇതു സോഷ്യല്‍ മീഡിയയുടെ വിജയം

Jess Varkey Thuruthel

നിറത്തിന്റെ പേരില്‍ അധിക്ഷേപം നടത്തിയ സത്യഭാമ (Sathyabhama) ഒടുവില്‍ തല കുനിച്ചിരിക്കുന്നു. സമൂഹം തന്നെ വേട്ടയാടുന്നുവെന്നും കുടുംബകാര്യങ്ങള്‍ പോലും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നുവെന്നും തന്നെ വെറുതെ വിടണമെന്നും സത്യഭാമ അഭ്യര്‍ത്ഥിക്കുന്നു. കലയില്‍ മതം കലര്‍ത്തി, നിറത്തിന്റെ പേരില്‍ മനുഷ്യരെ അത്യന്തം അപഹസിക്കുകയും പരിഹസിക്കുകയും ചെയ്ത സത്യഭാമ തന്റെ നിലപാടില്‍ ലവലേശം പോലും മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, പിന്തുണച്ചു കൂടെ നിന്ന ബി ജെ പി തള്ളിയതാവണം ഈ മനം മാറ്റത്തിനു കാരണം. സത്യഭാമയെ അവസരം പോലെ തള്ളിയും സ്വീകരിച്ചും ബി ജെ പി കൂടെയുണ്ടായിരുന്നു. സത്യഭാമയെ കരുത്തിന്റെ പ്രതീകമായും അതിശക്തയായ സ്ത്രീയായും വിശേഷിപ്പിച്ചത് ജനം ടി വിയാണ്. പക്ഷേ, മറ്റൊരവസരത്തില്‍, സത്യഭാമയെ കലാമണ്ഡലത്തില്‍ പ്രവേശിപ്പിച്ചത് സി പി എം ആണെന്ന ആരോപണവുമായി ജനം രംഗത്തു വന്നിരുന്നു. പക്ഷേ, 2019 ല്‍ കലാമണ്ഡലം സത്യഭാമ ജൂനിയര്‍ ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തുക കൂടി ചെയ്തതോടെ തനിക്ക് അടിതെറ്റുകയാണെന്ന് സത്യഭാമയ്ക്കു ബോധ്യപ്പെട്ടിരിക്കാം.

മകന്‍ എന്ന വിപത്ത്

‘കാര്യം കാണാന്‍ നല്ല ഭംഗിയുണ്ട്, പക്ഷേ അതുകൊണ്ടായില്ല, വൃത്തികെട്ടവനാണ്.’ ഇതാണ് സത്യഭാമ സ്വന്തം മകനെക്കുറിച്ചു പറഞ്ഞത്. സത്യഭാമയ്ക്കും മകനുമെതിരെ മരുമകള്‍ ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകന്‍ തന്നെയും ഉപദ്രവിക്കുമെന്നും വീടും സ്വത്തുമെല്ലാം തന്റെ പേരിലാണെന്നും അതു വിട്ടു കിട്ടാനാണ് മകന്‍ ശ്രമിക്കുന്നതെന്നും സത്യഭാമ പറയുന്നു.

മകന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും ഒരു ദിവസം പോലും സമാധാനത്തോടെ ഉറങ്ങാന്‍ അനുവദിക്കാറില്ലെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. എല്ലാ ദിവസവും വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു വ്യക്തിയാണ് തന്റെ മകനെന്നും ഇനിയവന്‍ നേര്‍വഴിയില്‍ വരുമെന്ന പ്രതീക്ഷയില്ലെന്നും അവര്‍ പറയുന്നു. കോടികളുടെ ആസ്തി തനിക്കുണ്ടെന്നും ഇപ്പോള്‍ താമസിക്കുന്ന മൂന്നുനില വീടിന് രണ്ടരക്കോടി രൂപ വിലയുണ്ടെന്നും അവര്‍ പറയുന്നു. എന്തൊക്കെയുണ്ടായിട്ടും സമാധാനത്തോടെ ഉറങ്ങാന്‍ തനിക്കു കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

സൗന്ദര്യമോ നിറമോ അല്ല, വേണ്ടത് സ്വഭാവ ഗുണമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ അറിഞ്ഞ വ്യക്തിയാണ് സത്യഭാമ. എന്നിട്ടുമവര്‍ നിറത്തിന്റെ പേരില്‍ മനുഷ്യരെ അധിക്ഷേപിച്ചിരിക്കുന്നു. അവരെ ജീവിപ്പിക്കുന്ന കലയെ പോലും അപമാനിച്ചിരിക്കുന്നു.

ബി ജെ പിയുടെ ഇരട്ടത്താപ്പ്

ഒരുവേള സത്യഭാമയെ ബി ജെ പി തോളിലേറ്റി നടക്കുന്നതു കാണാം. അടുത്ത നിമിഷത്തില്‍ വലിച്ചു താഴേക്കിടുന്നതും. സത്യഭാമ ധീരയും പോരാളിയാണെന്നും ബി ജെ പി ചില സമയങ്ങളില്‍ പ്രകീര്‍ത്തിക്കുന്നു, എന്നാല്‍ ചിലപ്പോഴാകട്ടെ, ഇടതു പക്ഷത്തിന്റെ സ്വത്താണെന്ന വാദവുമായി രംഗത്തു വരുന്നു, സത്യഭാമയുടെ അപമാനത്തിന് ഇരയായ രാമകൃഷ്ണന് വേദി നല്‍കാമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപി രംഗത്തെത്തുന്നു. തനിക്കു കൂടി പങ്കാളിത്തമുള്ള ക്ഷേത്രത്തില്‍ രാമകൃഷ്ണന്റെ മോഹിനിയാട്ടം നടത്താനാണ് സുരേഷ് ഗോപി ക്ഷണിച്ചത്. ക്ഷണം ആദ്യം സ്വീകരിച്ചുവെങ്കിലും പിന്നീട് രാമകൃഷ്ണന്‍ അതു നിഷേധിക്കുകയായിരുന്നു. ചേട്ടന്‍ കലാഭവന്‍ മണി മരിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമ ഫീല്‍ഡില്‍ നിന്നും ഒരാള്‍ തന്നെ വിളിക്കുന്നതെന്നും മോഹിനിയാട്ടം നടത്താന്‍ തനിക്കു നിരവധി വേദികളുണ്ടെന്നും താനാഗ്രഹിക്കുന്നത് സിനിമയിലേക്ക ഒരവസരമാണെന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. കലാഭവന്‍ മണി വിജയിച്ചു മുന്നേറിയത് കഴിവിന്റെയും സ്വന്തം പ്രയത്‌നത്തിന്റെയും പിന്‍ബലത്തിലായിരുന്നു.

സത്യഭാമ അപമാനിച്ചത് കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍ എല്‍ വി രാമകൃഷ്ണനെത്തന്നെ ആയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. മോഹിനിയാട്ടം പ്രൊഫഷനായി സ്വീകരിച്ച പുരുഷന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ മാത്രമാണെങ്കില്‍ അപമാനിക്കപ്പെട്ടത് ഇദ്ദേഹം തന്നെ ആണെന്ന് നിസംശയം പറയാം. പക്ഷേ, താന്‍ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്ന് സത്യഭാമ ആവര്‍ത്തിക്കുന്നുണ്ട്. സത്യഭാമയെപ്പോലുള്ളവരുടെ ചിന്താഗതികളാണ് കലയില്‍ മതവും നിറവും കലരുന്നത്. ഇവര്‍ അപമാനിച്ചത് ആര്‍ എല്‍ വി എന്നൊരു മനുഷ്യനെയല്ല, മറിച്ച് കറുത്ത നിറത്തോടു കൂടിയ സകല മനുഷ്യരെയുമാണ്.

സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടണമെന്ന ആവശ്യമാണ് രാമകൃഷ്ണന്‍ നടത്തിയത്. ചേട്ടന്‍ മരിച്ച് 8 വര്‍ഷത്തിനു ശേഷം ഇപ്പോഴാണ് ഒരാള്‍ തന്നെ സിനിമയില്‍ നിന്നും വിളിക്കുന്നതെന്നാണ് രാമകൃഷ്ണന്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍, രാമസിംഹന്‍ (അലി അക്ബര്‍) സംവിദാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയിലെ പ്രധാന കഥാപാത്രം രാമകൃഷ്ണനാണ്. അപ്പോള്‍, സിനിമയില്‍ നിന്നും ആരും വിളിച്ചില്ലെന്ന രാമകൃഷ്ണന്റെ വാദം പച്ചക്കള്ളമാണെന്നു തെളിയുന്നു. 2021 ഫെബ്രുവരി 20 ന് വയനാട്ടിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വാരിയന്‍ കുന്നത്ത്് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി ചിത്രീകരിക്കുന്ന സിനിമയാണിത്.

സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍

കറുപ്പിനെ അധിക്ഷേപിച്ചു കൊണ്ട് സത്യഭാമ രംഗത്ത് എത്തിയതു മുതല്‍ അതിശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നത്. മാധ്യമങ്ങളെ തെല്ലും ഭയപ്പെടാതെ, മാധ്യമപ്രവര്‍ത്തകരോടു കയര്‍ത്തു സംസാരിച്ച സത്യഭാമ പക്ഷേ, ദിവസങ്ങള്‍ക്കകം തോല്‍വി സമ്മതിച്ചു. നാനാഭാഗത്തു നിന്നുമുയര്‍ന്ന പ്രതിഷേധം അത്രയേറെ വലുതായിരുന്നു. മാധ്യമങ്ങളെ ഒന്നടങ്കം പുലയാട്ടു നടത്തിയ സത്യഭാമയ്ക്ക് തിരിച്ചറിവുണ്ടായെഹ്കില്‍ അതു സോഷ്യല്‍ മീഡിയയുടെ കൂടി വിജയമാണ്.

വെളുപ്പാണ് സൗന്ദര്യമെന്ന് മനസില്‍ അടിത്തറയിട്ടുകൊണ്ടാണ് ഓരോ മനുഷ്യനും വളരുന്നത്. പിറന്നു വീഴുന്ന കുഞ്ഞിന്റെ കാതുകളില്‍പ്പോലും അടിച്ചേല്‍പ്പിക്കപ്പെടുന്നത് വെളുപ്പിന്റെ സൗന്ദര്യമാണ്. അങ്ങനെയങ്ങനെ കറുപ്പിനെ നമ്മള്‍ വൈരൂപ്യവുമായി കൂട്ടിക്കെട്ടുന്നു. കുഞ്ഞിനു നിറമുണ്ടാകാനായി ഗര്‍ഭാവസ്ഥയില്‍ കുങ്കുമപ്പൂ കഴിപ്പിക്കുന്നു. സാധ്യമായ എല്ലാ രീതിയിലും വെളുത്ത കുഞ്ഞിന്റെ പിറവിക്കായി സാധ്യമായതെല്ലാം ചെയ്യുന്നു. വെളുത്ത കുഞ്ഞുങ്ങള്‍ ജനിക്കാനായി ഇണയുടെ തെരഞ്ഞെടുപ്പു പോലും അത്തരത്തിലാക്കുന്നു.

വെളുപ്പിനെ പ്രണയിക്കുകയും കറുപ്പിനെ വെറുക്കുകയും ചെയ്യുന്ന മനുഷ്യരുടെ മനസിനാണ് മാറ്റമുണ്ടാകേണ്ടത്. കറുത്ത ചര്‍മ്മമുള്ള ഓരോ വ്യക്തിയും സഹിച്ച അപമാനവും അവഗണനയും മാറ്റി നിറുത്തലുമെല്ലാം ഇത്തരം ചിന്താഗതിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഊര്‍ജ്ജമാണ്. കറുപ്പിനു സൗന്ദര്യമുണ്ടെന്നും അപഹസിക്കുകയും മാറ്റിനിറുത്തപ്പെടുകയും ചെയ്യേണ്ടവരല്ല കറുത്തവര്‍ എന്നും ആദ്യം മനസിലാക്കേണ്ടത് അവര്‍ തന്നെയാണ്. എങ്കില്‍ മാത്രമേ മനുഷ്യമനസില്‍ ആഴത്തില്‍ വേരുറപ്പിച്ച ഈ ചിന്താഗതിക്ക് അറുതിയുണ്ടാവുകയുള്ളു.

…………………………………………………………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *