Jess Varkey Thuruthel & Zachariah
ലോകത്തിലെ തന്നെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് അതിന്റെ ആരംഭം മുതലിന്നും കുത്തഴിഞ്ഞ, അച്ചടക്കമില്ലാത്ത ഒരു പാര്‍ട്ടിയാണ്. 1885 ല്‍, ബ്രിട്ടീഷ് ഭരണകാലത്ത്, അലന്‍ ഒക്ടേവിയന്‍ ഹ്യൂം, ദാദാഭായി നവറോജി, ഡിന്‍ഷൗ എദുല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന, വ്യത്യസ്ഥ നാടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്നാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു കോണ്‍ഗ്രസ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം കോണ്‍ഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി.
വെറുമൊരു ആള്‍ക്കൂട്ടം മാത്രമാണ് ഇന്നും കോണ്‍ഗ്രസ്. എത്ര വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതല്ല, പ്രവര്‍ത്തനകാലയളവില്‍ എന്തു മികവു പുലര്‍ത്തി എന്നതും എന്താണ് നിലപാട് എന്നതുമാണ് ആളുകളെയും പ്രസ്ഥാനങ്ങളെയും വ്യത്യസ്ഥരാക്കുന്നത്. താഴെക്കിടയില്‍ ഇറങ്ങിച്ചെന്ന്, ആളുകളുമായി സംവദിച്ച്, അവരുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥതയോടെ ഇടപെട്ട് അതേസമയം സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ശേഷിയുണ്ടാവണം. പക്ഷേ, ഒരു സീറ്റിനു വേണ്ടി, അധികാരത്തിനു വേണ്ടി, സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആരുടെ തോളിലും കൈയിടാം എന്നത് ഒരു മനുഷ്യന്റെ ഏറ്റവും മോശപ്പെട്ട സ്വഭാവമാണ്. മക്കള്‍ രാഷ്ട്രീയമാണ് ഈ പാര്‍ട്ടിയുടെ ഏറ്റവും മോശപ്പെട്ട മറ്റൊരു സ്വഭാവം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അനീതിക്കെതിരെ പോരാടിയ പരിജയമൊന്നും ആ പാര്‍ട്ടിയുടെ തലപ്പത്തെത്താന്‍ ആവശ്യമില്ല. നേതാക്കന്മാരുടെ കുടുംബത്തിന് പാരമ്പര്യമായി കിട്ടുന്ന ഒന്നാണ് സ്ഥാനമാനങ്ങളും അധികാരവുമെല്ലാം. ഇനിയഥവാ കിട്ടിയില്ലെങ്കില്‍, ആ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോരാനും എതിര്‍ പാര്‍ട്ടിയില്‍ പോയി ചേരാനും യാതൊരു മടിയുമില്ല അവര്‍ക്ക്.
നിലപാടില്ല എന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പ്രശ്‌നം. ഇന്ത്യയെ കോണ്‍ഗ്രസ് നയിക്കാന്‍ ആരംഭിച്ച കാലം മുതലിന്നോളം കണ്ടുവരുന്നതും അതുതന്നെ. ജാതിയുടേയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം കൊണ്ട നാള്‍ നമ്മുടെ ഭരണഘടനയുടെ ശില്‍പിയായ ബി ആര്‍ അംബേദ്കര്‍ വ്യക്തമായി പറഞ്ഞിരുന്നു, മതങ്ങള്‍ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുമെന്നും സ്വാതന്ത്ര്യവും സമാധാനവും മതേതരത്വവും തകര്‍ന്നടിയുമെന്നും. ഇപ്പോള്‍ അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. മതങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരുവില്‍ പരസ്പരം വെട്ടിയും കുത്തിയും മരിക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാന്‍ ബാധ്യതപ്പെട്ടവര്‍ മൗനമായിരിക്കുന്ന കാഴ്ച എത്രയോ ഭീകരമാണ്!
അംബേദ്കറുടെ മനസിലൂടെ കടന്നുപോയ ഭയത്തെ പൂര്‍ണ്ണമായ തോതില്‍ ഉള്‍ക്കൊണ്ട്, മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനെ ശക്തമായി വിലക്കുന്ന നിയമം നടപ്പാക്കാനുള്ള അവസരം അന്ന് കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. കാരണം, അന്നവര്‍ക്ക് കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഉള്ളവര്‍ ദുര്‍ബലരുമായിരുന്നു. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നു. വിശ്വാസം വേറെ രാഷ്ട്രീയം വേറെ എന്ന നിലപാട് കോണ്‍ഗ്രസിനു സ്വീകരിക്കാമായിരുന്നു. ഇന്നും, ഇച്ഛാശക്തിയുണ്ടെങ്കില്‍ അവര്‍ക്കതിനു സാധിക്കും. പക്ഷേ, ശക്തമായ നിലപാടുകളും ആരെതിര്‍ത്താലും ആ നിലപാടില്‍ ഉറച്ചു നില്‍ക്കാനുമുള്ള മനസുമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് അതില്ല. ബി ജെ പിയുടേത് ഹിന്ദു വര്‍ഗ്ഗീയതയാണെങ്കില്‍ എല്ലാത്തരം മതവര്‍ഗ്ഗീയതയെയും കൂടെ കൂട്ടുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഒരു അനിവാര്യതയാണ്. പക്ഷേ, അവരുടെ ഈ മതനിലപാടുകളും മതതീവ്രവാദത്തോടുള്ള മൃദുസമീപനവും ഇന്ത്യയ്ക്ക് ഒരുകാലത്തും ഗുണം ചെയ്യില്ല. പൂര്‍ണ്ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തി, വിശ്വാസത്തിന്റെയും മതത്തിന്റെയും മതദൈവങ്ങളുടെയും ബന്ധനത്തില്‍ കഴിയുന്ന കാഴ്ച എത്രയോ അരോചകമാണ്.
ഇന്ത്യയിലെ ജനങ്ങളിലേക്ക് മതവിശ്വാസവും അന്ധവിശ്വാസവും അനാചാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. മതേതരത്വത്തെ കാത്തുപരിപാലിക്കാന്‍ ശേഷിയുള്ള കോണ്‍ഗ്രസാകട്ടെ നടത്തുന്നതത്രയും പൊറാട്ടു നാടകങ്ങളും. മോദി കാവിയുടുത്താല്‍ രാഹുല്‍ ഗാന്ധി കാഷായവേഷമിട്ടിറങ്ങും. വിശ്വാസങ്ങള്‍ക്കുമപ്പുറം ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ നേതൃത്വങ്ങള്‍ക്കു കഴിയണം. ജാതിയോ മതമോ നോക്കിയല്ല മനുഷ്യരെ അളക്കേണ്ടതും. ഇനിയും കോണ്‍ഗ്രസിനു സമയമുണ്ട്. വിശ്വാസവും മതവും രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കിയാല്‍ അവര്‍ക്കു രക്ഷപ്പെടാം. അല്ലെങ്കില്‍ ഇതെല്ലാം ചെന്നവസാനിക്കുന്നത് ഇന്ത്യയുടെ സര്‍വ്വനാശത്തിലായിരിക്കും, തീര്‍ച്ച.