വിവാദസൂര്യന്‍ ജോസഫൈന്‍ ചെങ്കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു

സ്വന്തം ജീവിതം തന്നെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു സമര്‍പ്പിച്ച എം സി ജോസഫൈന്‍ (74) ചെങ്കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു പോയി. കണ്ണൂരില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ സമ്മേളനവേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അവര്‍. സി പി എം കേന്ദ്ര കമ്മറ്റി അംഗവും വനിതാ കമ്മീഷന്റെ മുന്‍ അധ്യക്ഷയുമായിരുന്നു. എന്നാല്‍ നീ അനുഭവിച്ചോ എന്ന ഒറ്റ പ്രതികരണത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവി തെറിച്ചത്.

ഭര്‍തൃഗൃഹത്തില്‍ താനനുഭവിക്കുന്ന നരകയാതനയ്ക്കു പരിഹാരമായി വനിതാ കമ്മീഷനെ വിളിച്ചപ്പോഴായിരുന്നു ജോസഫൈന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഒരു സ്വകാര്യ ചാനല്‍ നടത്തിയ അദാലത്തില്‍ സംസാരിക്കവേയായിരുന്നു ഈ പ്രതികരണം. അനുഭവിക്കുന്ന ദുരിതത്തിന് സധൈര്യം പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് പരാതിക്കാരിയുടെ ഉത്തരം ഇല്ലെന്നായിരുന്നു. ഈ ഉത്തരമാണ് ജോസഫൈനെ ചൊടിപ്പിച്ചത്. പോലീസില്‍ പരാതിപറയാന്‍ ധൈര്യമില്ലാത്ത പരാതിക്കാരിയോട് എന്നാല്‍ നീ അനുഭവിച്ചോ എന്ന മറുപടിയായിരുന്നു ജോസഫൈന്‍ നല്‍കിയത്. അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സ്ത്രീ സ്വയം തീരുമാനിച്ചേ മതിയാകൂ. അതു ചെയ്യാത്ത സ്ത്രീകളോടുള്ള ദേഷ്യവും ആ സ്വരത്തിലുണ്ടായിരുന്നു. എന്നാല്‍, ജോസഫൈന്റെ ഈ മറുപടി വിവാദങ്ങള്‍ക്കു തിരികൊളുത്തി. പാര്‍ട്ടിയുടെ അപ്രീതിക്കു കൂടി പാത്രമായതോടെ പദവി തെറിക്കുകയും ചെയ്തു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പഴ്‌സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. പരേതനായ പള്ളിപ്പാട് പി.എ.മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി.മത്തായി. മരുമക്കള്‍: ജ്യോത്സന.

വൈപ്പിന്‍കര മുരിക്കന്‍പാടത്താണ് ജനനം. അച്ഛന്‍ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കന്‍പാടം സെന്റ് മേരിസ് എല്‍പിഎസില്‍. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്‌കൂളില്‍നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്‌സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും.

പഠനകാലത്തൊന്നും ജോസഫൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും വിമോചന സമരം മനസ്സില്‍ സ്വാധീനം സൃഷ്ടിച്ചിരുന്നു. മതചട്ടക്കൂടിനെ വെല്ലുവിളിച്ചായിരുന്നു വിവാഹം. എംഎ പാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാ വക സ്‌കൂളില്‍ ടീച്ചറായി. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയശേഷം സുഹൃത്തിനോടൊന്നിച്ച് പാലരല്‍ കോളജ് ആരംഭിച്ചു. കോളജില്‍ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധം കാരണം പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് കോളജ് പൂട്ടി.



1976ലായിരുന്നു വിവാഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുരംഗത്തേക്കിറങ്ങുന്നത്. വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം. കെഎസ്വൈഎഫിന്റെ ബ്ലോക്കുതല പ്രവര്‍ത്തകയായി യുവജനമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെഎസ്വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്.

1978ല്‍ തലശ്ശേരിയില്‍ നടന്ന കെഎസ്വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി. 1978മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു പ്രധാന പ്രവര്‍ത്തനമേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.

സിപിഎമ്മിന്റെ കേരളരാഷ്ട്രീയത്തിലെ പോരാട്ടവീര്യത്തിന്റെവനിതാ മുഖങ്ങളിലൊന്നായിരുന്നു എം.സി ജോസഫൈനെന്ന എഴുപത്തിനാലുവയസുകാരി. മൂര്‍ച്ചയേറിയ ഭാഷയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു സംസാരിക്കുന്ന ശൈലിയും ഒരോസിരയിലും അഗ്‌നിസ്ഫുലിംഗം പോലെ ജ്വലിച്ച പാര്‍ട്ടിക്കൂറും ജോസഫൈനെ അടുത്ത കാലത്ത് വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ അവസാന നാളുകളില്‍ വിവാദങ്ങളില്‍ ചാടിച്ചിരുന്നുവെങ്കിലും അവരുടെ ഉദ്ദ്യേശശുദ്ധിക്കും ആത്മാര്‍ത്ഥതയ്ക്കും പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേരള വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെ വിവാദങ്ങള്‍ വേട്ടയാടിയത്. പല പ്രശ്നങ്ങളിലും ജോസഫൈന്‍ സ്വീകരിച്ച പ്രത്യക്ഷ നിലപാടുകളും പ്രസ്താവനകളും പരാമര്‍ശനങ്ങളും ഏകപക്ഷീയമായോ എന്ന തോന്നല്‍ പൊതുസമൂഹത്തിന് ഉണ്ടാക്കി. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത പ്രവര്‍ത്തക പരാതി നല്‍കിയതിനെക്കുറിച്ച് ജോസഫൈന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. സ്ത്രീകളുടെ നീതിക്കും അവകാശത്തിനും വേണ്ടി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട കമ്മിഷന്‍ അധ്യക്ഷ അന്ന് പറഞ്ഞത് ‘പാര്‍ട്ടി തന്നെയാണ് പൊലീസും, പാര്‍ട്ടി തന്നെയാണ് കോടതിയും’ എന്നായിരുന്നു. ഇത് വിമര്‍ശിക്കപ്പെട്ടെങ്കിലും അവരുടെ പാര്‍ട്ടി കൂറിന് തെളിവായി മാറുകയായിരുന്നു സംഭവം.

രമ്യ ഹരിദാസ് എംപിക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെയും ജോസഫൈന്‍ പ്രതിരോധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകയായി നിന്നായിരുന്നു. രമ്യ നല്‍കിയ പരാതി പോലും കമ്മിഷന്‍ പരിഗണിച്ചില്ല. പൊലീസ് സ്റ്റേഷനുനേരെ അക്രമികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത എസ്പി. ചൈത്ര തേരസ ജോണിനെതിരെ പ്രവര്‍ത്തകരും നേതാക്കളും അധിക്ഷേപം ചൊരിഞ്ഞപ്പോഴും ‘ചൈത്ര തെറ്റ് ചെയ്‌തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേ’യെന്നായിരുന്നു പ്രതികരണം.

89 വയസ്സുകാരിയായ വയോധികയെ അയല്‍വാസി മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കിടപ്പിലായ വയോധിക നേരിട്ട് ഹാജരാകണമെന്ന കമ്മിഷന്‍ തീരുമാനവും വിമര്‍ശിക്കപ്പെട്ടു. കിടപ്പുരോഗിയാണെന്നും അതിനാല്‍ നേരിട്ടല്ലാതെ പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്നും ആരാഞ്ഞ ബന്ധുവിനായിരുന്നു അന്ന് ജോസഫൈന്റെ ശകാരവര്‍ഷം.

’89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണമെന്നും’ ജോസഫൈന്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ അധ്യക്ഷയുടെ ഈ പ്രതികരണത്തോടും സാംസ്‌കാരിക കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നെന്നാണ് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ ചോദിച്ചത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ജോസഫൈന്‍, താന്‍ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും മേല്‍ അപ്രതീക്ഷിതമായി പതിച്ച പ്രതിച്ഛായ കളങ്കത്തെ കഴുകിക്കളയാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അവരോട് രാജി ആവശ്യപ്പെടുകയായിരുന്നു.

പാര്‍ട്ടി എല്ലാമെല്ലാം ആയിരുന്ന എം സി ജോസഫൈന്റെ മരണം പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്തുവച്ച പരമോന്നത വേദയിയില്‍ വച്ചായിരുന്നു.
………………………………………………………………………..
Thamasoma News Desk


Leave a Reply

Your email address will not be published. Required fields are marked *