Jess Varkey Thuruthel
സിറാജ് പത്രത്തിന്റെ ലേഖകനായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ നടുറോഡില്‍ കാറിടിച്ചു കൊന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ചെറുവിരല്‍ പോലുമനക്കാന്‍ ശേഷിയില്ലാത്ത മാധ്യമപ്രവര്‍ത്തകരാണ് വിനായകനു നേരെ കുരച്ചു ചാടിയത്. അതിനു വിനായകന്‍ ചെയ്ത കുറ്റമാകട്ടെ, ഉഭയകക്ഷി സമ്മതപ്രകാരം മാത്രമേ താന്‍ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളുവെന്നും ഇനിയും അങ്ങനെ മാത്രമേ സംഭവിക്കുകയുള്ളുവെന്നും പറഞ്ഞതാണ്. ഒരു മാധ്യമപ്രവര്‍ത്തകയെ ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്ഥാവന ഉദാഹരിച്ചു എന്നതാണ് ആ മനുഷ്യനു നേരെ ആരോപിക്കപ്പെട്ട കുറ്റം.
മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചു വന്ന് ബഷീറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഈ കേസിലെ പ്രതികളാകട്ടെ, ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വനിതാ സുഹൃത്ത് വഫ ഫിറോസും. ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപടത്തിനു ശേഷവും അയാളുടെ കാല്‍ നിലത്തുറയ്ക്കാത്ത നിലയിലായിരുന്നുവെന്നും ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. എന്നിട്ടും, ശ്രീറാമിനെതിരെ ഒരു മാധ്യമപ്രവര്‍ത്തകനും നാളിതുവരെ കുരച്ചു ചാടി കണ്ടിട്ടില്ല.
കേസില്‍ വിചാരണ പോലും തുടങ്ങും മുന്‍പേ ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തു, തുടര്‍ച്ചയായി സുപ്രധാന ചുമതലകളും നല്‍കി. മാധ്യമപ്രവര്‍ത്തകരോ പത്രപ്രവര്‍ത്തക യൂണിയനോ അനങ്ങിയിട്ടില്ല. മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാല്‍ അപകടമുണ്ടായി യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മരണം സംഭവിക്കാമെന്നും പൊതുമുതല്‍ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത്. എന്നിട്ടും വിനായകനു നേരെ ആക്രോശിച്ചടുത്ത ഒരു ജേര്‍ണലിസ്റ്റിനു പോലും നട്ടെല്ലുണ്ടായില്ല ശ്രീറാം വെങ്കിട്ടരാമനെതിരെ ശബ്ദിക്കാന്‍…!
വിദേശ പഠന ശേഷം മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമനെ റവന്യു വകുപ്പില്‍ സര്‍വേ ഡയറക്ടറായി നിയമിച്ചിരുന്നു. ചുമതലയില്‍ പ്രവേശിക്കുന്നതിനു മുന്‍പു നടത്തിയ ആഘോഷരാവിലാണ് സുഹൃത്ത് വഫ ഫിറോസിനെ കാറുമായി കവടിയാറിലേക്കു ശ്രീറാം വിളിച്ചു വരുത്തിയതെന്നു കുറ്റപത്രത്തിലുണ്ട്. വഫയെ മാറ്റി ഡ്രൈവിങ് ഏറ്റെടുത്ത ശ്രീറാം, കാര്‍ ഓടിക്കുന്നതിനിടെ പബ്ലിക് ഓഫിസിനു മുന്‍പില്‍ നിയന്ത്രണം വിട്ടു ബഷീറിന്റെ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ബഷീര്‍.
വിനായകനു നേരെ ആക്രോശിക്കാന്‍ പത്രക്കാരെ പ്രേരിപ്പിച്ച ഘടകം പരസ്യമായി കളി ചോദിച്ചു എന്നതാണ് അവര്‍ വ്യക്തമാക്കുന്നത്. പക്ഷേ, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള നിരവധി മീടൂ കേസുകളുണ്ട്. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അമല്‍ വിഷ്ണുനാഥാണ്. മാതൃഭൂമി ന്യൂസില്‍ തന്നെ പ്രൊഡ്യൂസര്‍ ആയ യുവതിയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പീഡന പരാതി നല്‍കിയത്.
ഹിന്ദു ദിനപ്പത്രത്തിന്റെ റെസിഡന്റ് എഡിറ്ററായിരുന്ന ഗൗരിദാസന്‍ നായരും സ്ത്രീ പീഡകനാണ്. ഇന്ത്യവിഷന്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകനു നേരെയും ലൈംഗിക പീഡന പരാതികളുണ്ട്.
മാധ്യമങ്ങളുടെ ചങ്കില്‍ തറയ്ക്കും, വിനായകന്‍ ചോദിച്ച ചോദ്യങ്ങള്‍
‘എന്താണ് മീടൂ? ശാരീരികവും മാനസികവുമായ പീഡനം, അല്ലേ ? ഇന്ത്യന്‍ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങള്‍ ശിക്ഷിച്ചു? അതൊരു വലിയ കുറ്റകൃത്യമാണ്, അതുവെച്ച് തമാശ കളിക്കരുത്..’ എത്ര കൃത്യമായാണ് വിനായകന്‍ തന്റെ രാഷ്ട്രീയം പറഞ്ഞു വെക്കുന്നത്. എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്.
‘ശാരീരികവും മാനസികവുമായ പീഡനത്തിന് മീ ടൂ എന്നാണ് പേരെങ്കില്‍, ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല.’ എന്ന് ആണയിട്ട് പറഞ്ഞിട്ടും, ‘താന്‍ സംസാരിക്കണ്ട വിനായകാ ‘ എന്നലറി അയാളോട് മാത്രം നിങ്ങള്‍ കയര്‍ക്കുന്നത് എന്തുകൊണ്ടാണ് ? ഏതധികാര ബോധത്തില്‍ നിന്നാണ്, മമ്മൂക്കയും ലാലേട്ടനും ദിലീപേട്ടനും വിളികള്‍ വിനായകാ എന്നതിലേക്ക് മാറുന്നത്?
കള്ളുമൂത്തു തങ്ങളിലൊരുവന്റെ നെഞ്ചിലൂടെ കാറോടിച്ചു കൊലപ്പെടുത്തിയവനെതിരെ നാളിതുവരെയും മാധ്യമ പ്രവര്‍ത്തകരില്‍ ആരുടേയും രക്തം തിളച്ചിട്ടില്ല. ചതിച്ചും വഞ്ചിച്ചും പ്രലോഭിപ്പിച്ചും സ്ത്രീ സഹപ്രവര്‍ത്തകരെ ലൈംഗികമായി ചൂഷണം ചെയ്തവര്‍ക്കു നേരെയും ഈ ആക്രോശങ്ങളുണ്ടായിട്ടില്ല. ഇരുട്ടിന്റെ മറവില്‍ ബലാത്സംഗം ചെയ്തവര്‍ക്കു നേരെയും അവര്‍ നിശബ്ദരായിരുന്നു, അവതാര പുരുഷന്മാര്‍ക്കു മുന്നിലും വിനീത വിധേയരായിരിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. പക്ഷേ, വിനായകന്‍മാര്‍ നേരിന്റെ പാതയില്‍ നിന്നു ചെയ്യുന്ന നിര്‍ദോഷ പ്രവര്‍ത്തനങ്ങള്‍ പോലും അവരിലെ രക്തം ചൂടുപിടിപ്പിക്കും. രോക്ഷത്തിന്റെ നുരഞ്ഞു പൊന്തലില്‍ അവര്‍ മതിമറന്നു പ്രതികരിക്കും. ചിലപ്പോള്‍ തല്ലിക്കൊന്നെന്നു വരും. വിനായകന്മാര്‍ സദയം ക്ഷമിക്കുക……
#Vinayakan #metoo #Sriram Vekitarama #JournalistBasheer #Siraj