Jess Varkey Thuruthel
വിവാഹ ശേഷം എട്ടു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന ആ കുഞ്ഞിനെ ആ മനുഷ്യന്‍ കണ്‍നിറയെ ഒന്നു കണ്ടില്ല…..! ഭാര്യയുടെ ആദ്യപ്രസവത്തിനായി വയനാട്ടില്‍ നിന്നും കോഴിക്കോട് നഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക് വന്ന ആദിവാസി യുവാവ് വിശ്വനാഥന്‍ ചെയ്ത കുറ്റം ഇതു മാത്രമായിരുന്നു….! മുഷിഞ്ഞ വേഷം ധരിച്ചു….! അവന്റെ നിറം കറുത്തതായിരുന്നു…!!
എത്രയോ കാലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞാണത്…! മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഭയപ്പെട്ട് കരഞ്ഞ് ഓടിപ്പോയ ആ മനുഷ്യനെ തൂങ്ങി മരിച്ചതായാണ് പിന്നീട് കാണുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്ത്, ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ കള്ളന്‍ എന്ന് മുദ്രകുത്തപ്പെടുന്നു…..! അപമാനവും മര്‍ദ്ദനവും സഹിക്കാനാവാതെ അവന്‍ നെഞ്ചു പിടഞ്ഞു നിന്നു…! നിറം കുറഞ്ഞത് കൊണ്ട്, മുഷിഞ്ഞ വസ്ത്രം ധരിച്ചത് കൊണ്ട് ഒരാളെ മോഷ്ടാവാക്കാന്‍ എളുപ്പമായിരുന്നു പണത്തിന്റെ പുളപ്പില്‍ അഹങ്കരിക്കുന്ന മനസാക്ഷികെട്ട ഇരുകാലി പിശാച്ചുക്കള്‍ക്ക്….!!
കോടിക്കണക്കിന് രൂപ തട്ടിച്ചും വെട്ടിച്ചും പറഞ്ഞു പറ്റിച്ചും പോക്കറ്റിലാക്കി, പളപള മിന്നുന്ന വേഷവും ധരിച്ച് മുന്തിയ കാറില്‍ പറപറക്കുന്നവര്‍ക്കു മുന്നില്‍ വായ്‌പൊത്തി, പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന നട്ടെല്ലില്ലാത്ത നാണംകെട്ട പരിഷകള്‍ക്ക് കുറ്റവാളിയാക്കാനും ശിക്ഷ വിധിക്കാനും പണമില്ലാത്ത, മുഷിഞ്ഞ വസ്ത്രം ധരിച്ച കുറെ മനുഷ്യരുണ്ടല്ലോ….! ആശ്രിതരുടെ അണ്ണാക്കിലേക്കു കുറച്ചു പച്ചനോട്ടുകളും ഒരു ജോലിയും തിരുകിയാല്‍, നീതിക്കുവേണ്ടിയുള്ള കരച്ചിലും അടക്കാനാവുല്ലോ…! പിന്നെന്താണ്…!!
വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതാണത്രെ…! അതെങ്ങനെ ആത്മഹത്യയാകും…! അതു കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. ആ മനുഷ്യനെ ചോദ്യം ചെയ്ത, അപമാനിച്ച, മര്‍ദ്ധിച്ച, കാഴ്ചക്കാരായി നോക്കി നിന്ന ഓരോ മനുഷ്യര്‍ക്കും ആ കൊലപാതകത്തിലും ആ മനുഷ്യന്റെ ചോരയിലും പങ്കുണ്ട്…! ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷത്തിന്റെ നെറുകയില്‍ നിന്നുമിറങ്ങിപ്പോയി ഒരു മനുഷ്യന്‍ ആത്മഹത്യ ചെയ്തു എന്ന് വിളിച്ചു പറയണമെങ്കില്‍ കുറച്ചെങ്കിലും ഉളുപ്പുവേണ്ടേ നീതിപാലകരെ നിങ്ങള്‍ക്ക്…??
ജീവന്റെ പാതിയെ ആ യുവതിക്കു നഷ്ടപ്പെടാന്‍ കാരണം ഒരുകൂട്ടം ചെകുത്താന്മാരുടെ ക്രൂരവിനോദമാണ്. പണമില്ലാത്തവന്, മുഷിഞ്ഞ വേഷം ധരിച്ചവന് മാനമില്ലെന്നു കരുതിയോ ഈ സമൂഹം…?? അപമാനിതനായി ജീവിതം തന്നെ ഇല്ലാതായിപ്പോയ ആ മനുഷ്യന് എങ്ങനെയാണ് നീതിപീഠം നീതി കൊടുക്കുക?? ആ യുവതിയെ എങ്ങനെയാണ് സമാധാനിപ്പിക്കുക?? പിറന്നുവീണതിന്റെ പിറ്റേന്നു തന്നെ അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞിന് എന്തു നീതിയാണ് കരുതി വച്ചിരിക്കുന്നത്…??
ആ മനുഷ്യനെതിരെ ഇത്രമാത്രം കൊടിയ അക്രമവും നീതിനിഷേധവും നടത്താന്‍ കാരണം അയാളുടെ നിറവും രൂപവും ദൈന്യതയും തന്നെയാണ്. അയാളുടെ മേല്‍ കൈവെക്കാന്‍ ആ ആള്‍ക്കൂട്ടത്തിന് എന്തുത്സാഹമായിരുന്നു…!! ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധുവാണ് എന്ന ധൈര്യം. ചെറിയ മനുഷ്യരുടെ സന്തോഷങ്ങള്‍ക്കും ജീവിതത്തിനും ജീവനും ഇവിടെ എന്ത് വിലയായണുള്ളത്??
മുഷിഞ്ഞ വേഷധാരിയായതിനാല്‍ അന്യന്റെ വസ്തുക്കള്‍ മോഷ്ടിക്കുമെന്ന് ചില മനുഷ്യപ്പിശാച്ചുക്കള്‍ തീരുമാനിച്ചു, അവനു മരണവും വിധിച്ചു. മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചുവത്രെ! അതിനു വെറുതെയൊന്നു ചോദ്യം ചെയ്തതേയുള്ളുവത്രെ! ഇത്തരത്തില്‍, വിശന്നപ്പോള്‍ ഒരുപിടി അന്നം മോഷ്ടിച്ച മധുവിനെയും ഇത്തരം പിശാച്ചുക്കള്‍ കൊന്നുകളഞ്ഞു…! മധുവിന്റെ ആശ്രിതര്‍ക്കു ജോലി നല്‍കി സര്‍ക്കാര്‍ ആ നിസ്സഹായ യുവാവിന്റെ നിലവിളിയെ ഇല്ലാതാക്കി…! കാരണം, തല്ലിക്കൊന്നവര്‍ വലിയ പിടിപാടുള്ളവരാണ്. കേസുനടക്കുന്നുണ്ടെന്നു മേനി പറയാന്‍ ഇവിടെ ലക്ഷങ്ങളുണ്ടായേക്കാം. പക്ഷേ, മധുവും വിശ്വനാഥനുമെല്ലാം ചെയ്‌തൊരു കുറ്റമുണ്ട്….! മുഷിഞ്ഞ വേഷം….! കറുത്ത നിറം….! അതാണ് പ്രശ്‌നം…!!