അച്ഛനോ അമ്മയോ കുടുംബത്തിലാരെങ്കിലുമോ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തന്റെ പൃഷ്ഠത്തിലുണ്ടെന്നുറപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നെറികെട്ട ഏര്‍പ്പാടിന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മരിച്ചു പോയ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമ തോമസായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
2021 ഡിസംബര്‍ 22 നാണ് പി ടി തോമസ് മരിച്ചത്. ആ ദിവസം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍, താനാണ് സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി പ്രഖ്യാപിക്കും വരെ ആ വാര്‍ത്ത ഉമയും പാര്‍ട്ടിയും നിഷേധിച്ചു. എന്തിന്, സ്ഥാനാര്‍ത്ഥി ആരെന്നു പ്രഖ്യാപിക്കുന്നതിന്റെ തലേന്നു വരെ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു ഉമ.
രാഷ്ട്രീയം പ്രതിഫലമില്ലാത്ത സേവനമാണെന്നും ജനങ്ങള്‍ക്കായി തങ്ങളെന്തോ വലിയൊരു കുരിശു ചുമക്കുന്നു എന്ന ഭാവത്തോടെയുമാണ് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ആ രംഗത്തേക്കിറങ്ങി വരുന്നത്. ബോംബെ ടാറ്റാ ഗ്രൂപ്പില്‍ ലക്ഷങ്ങളുടെ ശമ്പളം വലിച്ചെറിഞ്ഞ് തിരുവനന്തപുരം അരുവിക്കര നിയോജക മണ്ഡലത്തില്‍ അച്ഛന്‍ ജി കാര്‍ത്തികേയന്റെ ഒഴിവിലേക്കായി മത്സരിക്കാനിറങ്ങുമ്പോള്‍ കെ എസ് ശബരിനാഥന്‍ പറഞ്ഞതും ഇതുതന്നെയായിരുന്നു. ഒട്ടും താല്‍പര്യമില്ലാതിരുന്ന തന്നെ പാര്‍ട്ടി നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിത്വം ഏല്‍പ്പിച്ചുവത്രെ…!!
അനൂപ് ജേക്കബ്, ഹൈബി ഈഡന്‍, എം കെ മുനീര്‍, അബ്ദുറബ്, ഷിബു ബേബി ജോണ്‍, കെ പി മോഹനന്‍, എം വി ശ്രേയാംസ് കുമാര്‍, ഡോ എന്‍ ജയരാജ്, പി കെ ബഷീര്‍, അമൃത രാമകൃഷ്ണന്‍, സൂരജ് രവി, സിറിയക് തോമസ്, പദ്മജ വേണുഗോപാല്‍, കെ മുരളീധരന്‍, ആര്യാടന്‍ ഷൗക്കത്ത്, മറിയമ്മ ചെറിയാന്‍, എലിസബത്ത് മാമ്മന്‍ മാത്യു, ജോസ് കെ മാണി, ഷോണ്‍ ജോര്‍ജ്ജ്, തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ പൃഷ്ഠത്തിലെ തഴമ്പിന്റെ ബലത്തില്‍ അധികാരത്തിലെത്തിയവരാണ്.
എല്‍ ഡി എഫ് പാളയത്തില്‍ നിന്നും ഇത്തരത്തില്‍ അധികാരശ്രേണിയിലേക്കു വന്നവര്‍ ഇവരാണ്. ശാരദ മോഹന്‍, കെ ബി ഗണേഷ് കുമാര്‍, എം വി നികേഷ് കുമാര്‍, സാജു പോള്‍, കെ അജിത്ത്, ജമീല പ്രകാശം, വി ആര്‍ സുനില്‍കുമാര്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് തുടങ്ങിയവര്‍.
സിനിമയിലെ വമ്പന്‍ പ്രതിഫലങ്ങളുപേക്ഷിച്ചാണ് കെ ബി ഗണേഷ് കുമാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. കുടുംബ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ഓരോ വ്യക്തിയും ജോലിയിലൂടെ കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം വേണ്ടെന്നു വച്ചിട്ടാണ് ജന സേവനം തെരഞ്ഞെടുത്തത്. ധനസമ്പാദനമല്ല, ജനങ്ങളെ സേവിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നുമിവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ എന്തിന് അധികാരം തന്നെ തെരഞ്ഞെടുക്കണം..?? സാധാരണ പ്രവര്‍ത്തകരായി, കഴിവു തെളിയിച്ചതിനു ശേഷം പോരെ അധികാരം? അപ്പോള്‍, അതല്ല കാര്യം. അവര്‍ക്ക് അധികാരം വേണം, പണവും. അതിനാലാണ് മറ്റൊരു രാജ്യത്തും കാണാത്ത രീതിയില്‍ കുടുംബങ്ങള്‍ നമ്മുടെ രാജ്യത്തില്‍ പിടിമുറുക്കിയിരിക്കുന്നത്.
ദേശീയ നേതൃത്വത്തിലെ കുടുംബ രാഷ്ട്രീയം
ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ജനാധിപത്യ രീതിയില്‍ ഭരണം ഏറ്റെടുത്ത കാലം മുതല്‍ തുടങ്ങിയതാണ് കുടുംബ ഭരണം. തങ്ങള്‍ക്കു പൈതൃകമായി കിട്ടിയ സ്വത്തു പോലെ നെഹൃു-ഗാന്ധി കുടുംബം കൈവശം വച്ചിരുന്ന രാജ്യമാണ് നമ്മുടേത്. ഇന്നും കോണ്‍ഗ്രസ് നേതൃത്വം ആ കുടുംബത്തിനു തന്നെ. കുടുംബ വാഴ്ച അവസാനിപ്പിക്കുമെന്ന ദൃഢ പ്രതിജ്ഞയുമെടുത്തെത്തിയ ബി ജെ പിയിലുമുണ്ട് കുടുംബ വാഴ്ച. എങ്കിലും ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കുടുംബവാഴ്ച നെഹൃു-ഗാന്ധി കുടുംബം തന്നെ. ആന്ധ്രയിലെ റെഡി കുടുംബം, ബിഹാറിലെ യാദവ്, മിശ്ര, സിന്‍ഹ കുടുംബങ്ങള്‍, ഛത്തിസ്ഗഡിലെ ജോഗി, ശുക്ല, കാശ്യപ്, സിംഗ് കുടുംബങ്ങള്‍ തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് കുടുംബ രാഷ്ട്രീയമാണ്. തമിഴ്‌നാട്ടിലാവട്ടെ കുടുംബ രാഷ്ട്രീയത്തിന്റെ നീണ്ട നിര തന്നെയുണ്ട്.
പാര്‍ട്ടിയും ജനങ്ങളും തങ്ങളെ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്നും അവരുടെ ഇഷ്ടം സാധിച്ചു കൊടുക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും പറഞ്ഞ് വലിയ മുള്‍ക്കിരീടമെടുത്തു തലയില്‍ വയ്ക്കുന്നതു പോലെയാണ് കുടുംബ വാഴ്ചയിലുള്ള ഓരോ വ്യക്തിയും രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വെറും സാധാരണ പ്രവര്‍ത്തകരായല്ല, മറിച്ച്, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാര രാഷ്ട്രീയം കൈപ്പിടിയിലൊതുക്കാനുറച്ച് ഇറങ്ങിപ്പുറപ്പെട്ടതാണ് ഇവരെല്ലാം. രാഷ്ട്രീയം കയ്പ്പു നീരാണെന്നും സന്തോഷത്തോടെയല്ല തങ്ങളതു സ്വീകരിക്കുന്നതെന്നുമുള്ള ജല്പനങ്ങളും. തങ്ങളില്ലാതെ ജനങ്ങള്‍ക്കു ജീവിക്കാന്‍ പോലും സാധിക്കില്ലെന്ന പ്രതീതിയുണ്ടാക്കി അധികാരം പിടിച്ചടക്കുന്നതു കാണണമെങ്കില്‍ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളിലെ കുടുംബ വാഴ്ചയിലേക്കു നോക്കിയാല്‍ മാത്രം മതിയാകും.
പൊരിവെയിലിലും പെരും മഴയത്തും അനുകൂലവും പ്രതികൂലവുമായ ഏതൊരു സാഹചര്യത്തിലും ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ട് അവരിലൊരാളായി, അധികാരമേതുമില്ലാതെ ജീവിക്കുന്ന നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. തങ്ങളുടെ ഇടം ജനസേവനമാണെന്നുറപ്പിച്ച് ഈ രംഗത്തേക്കു വരുന്നവര്‍. പക്ഷേ, അത്തരം സത്യസന്ധരായ രാഷ്ട്രീയക്കാരുടെ എണ്ണം തുലോം കുറവാണ്. പക്ഷേ, അവര്‍ അധികാരശ്രേണിയിലൊന്നുമില്ല. അവരെ ആരും സ്ഥാനാര്‍ത്ഥികളാക്കുകയുമില്ല. ജനങ്ങളോടു കൂറും രാജ്യത്തോടു സ്‌നേഹവുമുള്ളവരായിരുന്നു ഈ രാഷ്ട്രീയ പ്രവര്‍ത്തകരെങ്കില്‍ ജനങ്ങളുടെ ഇടയില്‍ നിന്നും പ്രവര്‍ത്തിക്കാത്ത ഒരൊറ്റ ആളെപ്പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നു. നാഴികയ്ക്കു നാല്‍പ്പതു വട്ടം രാജ്യസ്‌നേഹം ഉരുട്ടി വിഴുങ്ങുന്നവരെങ്കിലും ഇതിനെ എതിര്‍ക്കുമായിരുന്നു.
അധികാരമെന്നത് മുള്‍ക്കിരീടമാണെന്നു ജനങ്ങള്‍ക്കു മുന്നില്‍ കണ്ണീര്‍ വാര്‍ക്കുന്ന സകലര്‍ക്കുമറിയാം, കൈയിലേക്കെത്താന്‍ പോകുന്നത് ഒരിക്കലും തീരാത്ത നിധികുംഭങ്ങളുടെ അക്ഷയഖനിയാണെന്ന്. അതിനാല്‍, തങ്ങളുടെ മുന്നിലേക്കു നീട്ടപ്പെടുന്ന സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി കൈയിലും കക്ഷത്തിലുമിരിക്കുന്ന സകലതും വലിച്ചെറിഞ്ഞവര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമെന്നതില്‍ തര്‍ക്കമില്ല.
ജനാധിപത്യത്തില്‍, പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ നമ്മുടെ കര്‍ത്തവ്യം അവസാനിച്ചുവെന്നും പിന്നീടുള്ള കാര്യങ്ങള്‍ ജയിപ്പിച്ചു വിട്ടവര്‍ തീരുമാനിക്കുമെന്നുമാണ് നിങ്ങള്‍ ധരിച്ചു വച്ചിരിക്കുന്നതെങ്കില്‍ അതു തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വോട്ടു ചെയ്തു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതിനു ശേഷമാണ് നമ്മുടെ ഉത്തരവാദിത്വം ആരംഭിക്കുന്നതെന്നു നമ്മള്‍ മനസിലാക്കണം. നമ്മള്‍ ജയിപ്പിച്ചു വിട്ടയാള്‍ നമുക്കു വേണ്ടി എന്തു ചെയ്യുന്നു എന്ന് നമ്മള്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നേ തീരു. രാഷ്ട്രീയ പാര്‍ട്ടിയോടോ നേതാക്കളോടോ ആവരുത് നമ്മള്‍ കൂറു കാണിക്കേണ്ടത്. ഇന്ത്യയിലെ ഓരോ വ്യക്തിക്കുമുണ്ട് സ്വന്തമായ രാഷ്ട്രീയ നിലപാടുകള്‍. അത് എന്തു തന്നെ ആയിരുന്നാലും നമ്മുടെ സിരകളിലൊഴുകുന്നത് ഇന്ത്യയുടെ രക്തമാണെങ്കില്‍, നമ്മള്‍ ഭാരതാംബയുടെ മക്കളാണെങ്കില്‍ നമ്മള്‍ കൂറും വിശ്വസ്ഥതയും കാണിക്കേണ്ടത് നമ്മുടെ രാജ്യത്തോടാവണം. അല്ലാതെ നമ്മള്‍ വിജയിപ്പിച്ചു വിട്ട നേതാവിനോടോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയോടോ ആവരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതാക്കളുടെയോ മന്ത്രിമാരുടെയോ ഏറാന്‍ മൂളികളല്ല നമ്മള്‍. മറിച്ച് ഭാരതാംബയുടെ കരുത്തുറ്റ മക്കളാണ് നമ്മളെന്ന് ഓര്‍മ്മ വേണം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയോ നേതാവോ മന്ത്രിയോ കൊട്ടുന്ന താളത്തിനൊത്തു തുള്ളുന്ന എരണംകെട്ട ഒരാളെയും ഭാരതാംബ പെറ്റിട്ടില്ലെന്ന സത്യം നമ്മള്‍ മനസിലാക്കണം.
ഇന്ത്യ എന്ന രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി, അതിന്റെ നിലനില്‍പ്പിനു വേണ്ടി, അതിന്റെ സമൃദ്ധിക്കു വേണ്ടി, ജൈവവൈവിധ്യങ്ങള്‍ക്കു വേണ്ടി, സര്‍വ്വോപരി നാനാ ജാതിയിലും മതത്തിലും പെട്ട മനുഷ്യരുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടിയാണോ നാം തെരഞ്ഞെടുത്തവര്‍ പ്രവര്‍ത്തിക്കുന്നതെന്നു നാം നിരന്തരം നിരീക്ഷിച്ചേ തീരൂ. സാധ്യമായ എല്ലാ പഠനങ്ങളുടെയും വസ്തുതകളുടെയുമെല്ലാം അടിസ്ഥാനത്തില്‍ വേണം ഈ വിലയിരുത്തല്‍. നമ്മുടെ നാടിനെ തകര്‍ക്കുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുന്ന, പ്രകൃതിയെ നശിപ്പിക്കുന്ന ഏതു ഭരണകര്‍ത്താവിനെയും ചോദ്യം ചെയ്യാനുള്ള അവകാശവും അധികാരവും ഒരു ജനാധിപത്യ രാജ്യം അതിലെ ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. അതിന്, ജാതിക്കും മതത്തിനും ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ക്കും ദരിദ്ര സമ്പന്ന ഭേതങ്ങള്‍ക്കും കക്ഷി രാഷ്ട്രീയത്തിനുമധീതമായി ഇന്ത്യയിലെ ഓരോ മനുഷ്യരും ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ ജനാധിപത്യം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ആധിപത്യമായി മാറുകയുള്ളു.
നമ്മുടെ നാടു സ്വാതന്ത്ര്യം നേടിയ നാള്‍ മുതലിന്നേവരെ നമ്മള്‍ ജനാധിപത്യത്തിലേക്കെത്തിയിട്ടില്ല. ഏതു ജാതിയില്‍, ഏതു മതത്തില്‍, ഏത് അച്ഛന്, ഏതമ്മയ്ക്ക്, ഏതു കുടുംബത്തില്‍, ഏതു പാരമ്പര്യത്തില്‍, ആണോ പെണ്ണോ, സമ്പത്ത്, തുടങ്ങിയ നൂറൂനൂറായിരം കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നവന്‍/വള്‍ ഈ ജനങ്ങള്‍ക്കു വേണ്ടി, നാടിനു വേണ്ടി എന്തു ചെയ്തിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കേണ്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണിങ്ങനെ നാണംകെട്ട രീതിയിലേക്കു തരംതാഴുന്നത്. പാര്‍ട്ടി തീരുമാനിച്ചു, പാര്‍ട്ടി നിര്‍ബന്ധിച്ചു എന്ന മുട്ടാപ്പോക്കു ന്യായവും പറഞ്ഞ്, സ്വന്തം പൃഷ്ഠത്തില്‍ തഴമ്പുണ്ടാകുമെന്നുറപ്പിച്ച്, മുഖത്തൊരു നാണംകെട്ട ചിരിയുമായി, രാഷ്ട്രീയ ഗോദയിലേക്കിറങ്ങുകയാണിവര്‍. എന്നിട്ടും ഞങ്ങള്‍ പിന്തുടരുന്നതു ജനാധിപത്യ പാരമ്പര്യമാണെന്നു പറയാന്‍, മതേതരത്വമാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നു പറയാന്‍ ഒട്ടും നാണമില്ലേ രാഷ്ട്രീയക്കാരെ നിങ്ങള്‍ക്ക്…??
ഭാരതാംബയുടെ മക്കള്‍ നട്ടെല്ലുള്ളവരാണെന്ന് ഈ രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലെങ്കിലുമറിയണ്ടേ…..?? ജാതിയുടെ, മതത്തിന്റെ കുടുംബ മഹിമയുടെ അച്ഛന്റെ അമ്മയുടെ പാരമ്പര്യത്തിന്റെ, സമ്പത്തിന്റെ, ആണിന്റെ പെണ്ണിന്റെ പേരില്‍ വോട്ടു പിടിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കണം. നമ്മളെ തമ്മില്‍ തല്ലിച്ച് ചുടുചോര കുടിക്കാന്‍ ഈ നെറികെട്ട രാഷ്ട്രീയക്കാര്‍ ചീറ്റുന്ന വിഷമാണിതെന്ന് തിരിച്ചറിയണം…. സ്ഥാനാര്‍ത്ഥി ആരായാലും അവര്‍ ചെയ്യുന്ന പ്രവൃത്തിയുടെ പേരിലാവണം അവര്‍ വിലയിരുത്തപ്പെടേണ്ടത്. ജനങ്ങള്‍ക്കു വേണ്ടി നല്ലതൊന്നും ചെയ്തിട്ടില്ലാത്തവര്‍ തന്തയ്ക്കും തള്ളയ്ക്കും ജനിച്ചതിന്റെയും കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും കഥകളിവിടെ പാടി നടക്കും. ഇതു കഴിവുള്ളവരുടെ ലോകമാവണം. ജനങ്ങളോടൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടത്തി സ്വയം കഴിവു തെളിയിച്ചതിനു ശേഷം വേണം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങാന്‍. അല്ലാതെ, അച്ഛനോ അമ്മയോ ഭര്‍ത്താവോ കുടുംബത്തിലാരെങ്കിലുമോ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് സ്വന്തം പൃഷ്ഠത്തിലുണ്ടെന്നവകാശപ്പെട്ട് ഉടുതുണി പൊക്കി നടന്നാല്‍, ഉള്ളിലുള്ളത് നാട്ടാരു മുഴുവന്‍ കാണുമെന്ന കാര്യം മറക്കരുത്….
…………………………………………………………………………………….
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ