പാഠപുസ്തകങ്ങളേ വിട; 6 വയസുവരെ അവര്‍ കളിച്ചു വളരട്ടെ

മുട്ടിലിഴയുന്ന പ്രായം തുടങ്ങി കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ നടത്തുന്ന തീവ്രയത്‌നങ്ങള്‍ക്ക് ഇനി അവധി നല്‍കാം. ആറുവയസുവരെ കുട്ടികള്‍ കുട്ടികള്‍ കളിച്ചാണു വളരേണ്ടത് എന്ന തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തുന്നു.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ഇനി ഉണ്ടാവില്ല. പകരം, കളിപ്പാട്ടങ്ങളിലൂടെയും കളികളിലൂടെയും മാതൃഭാഷയിലൂടെയും സംസാരത്തിലൂടെയും കഥകളിലൂടെയും കുട്ടികളെ പഠിപ്പിക്കുന്ന രീതിയാണ് ഇനി നടപ്പിലാക്കുന്നത്.

ഇന്ത്യയുടെ വൈവിധ്യം, ലിംഗഭേദം, ധാര്‍മ്മികത, ധാര്‍മ്മിക അവബോധം, നിരീക്ഷണപാഠവം, സര്‍ഗ്ഗാത്മക വിശകലനം തുടങ്ങിയവയാവും പാഠപുസ്തകങ്ങള്‍ക്കു പകരമായി കുട്ടികള്‍ക്കു നല്‍കുന്നത്. ഇവയും ഒരാളിലും അടിച്ചേല്‍പ്പിക്കാനാവില്ല എന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രത്യേകത. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

മൂന്നുമുതല്‍ 6 വയസു വരെയുള്ള കുട്ടികളില്‍ ദേശീയ പാഠ്യപദ്ധതി ഫ്രെയിംവര്‍ക്ക് (NCF-National Curriculum Framework) നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത് ഡല്‍ഹിയില്‍ ആയിരിക്കും. ഡല്‍ഹിയില്‍ ഇതു വിജയം കണ്ടാല്‍, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും ഈ പാഠ്യപദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

റിസേര്‍ച്ചുകള്‍ പ്രകാരം ഒരു മനുഷ്യന്റെ തലച്ചോറിന്റെ 85% വികാസവും സംഭവിക്കുന്നത് 6-8 വരെയുള്ള പ്രായത്തിലാണ്. അതിനാല്‍, ഈ പ്രായത്തില്‍ കുട്ടികള്‍ എന്തു പഠിക്കുന്നു എന്നത് വളരെ പ്രാധാന്യമേറിയതാണ്. പുതിയ ചട്ടക്കൂടിന് അനുസരിച്ചുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്കു നല്‍കാനായി എന്‍ സി ഇ ആര്‍ ടിയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ കാഘട്ടത്തിന്റെ ആദ്യ പടിയായ 3 മുതല്‍ 6 വയസുവരെയുള്ള കാലഘട്ടത്തില്‍ കുട്ടികള്‍ പുസ്തകങ്ങളുമായി മല്‍പ്പിടുത്തം നടത്താന്‍ പാടില്ല. ഈ പ്രായത്തില്‍ പുസ്തകങ്ങള്‍ ഇവര്‍ക്ക് അനാവശ്യമാണ്. കളികളും മറ്റു പ്രവര്‍ത്തനങ്ങളും ഇവരുടെ കഴിവുകള്‍ പുറത്തു കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ കാലയളവില്‍ നടത്തേണ്ടത്.


Leave a Reply

Your email address will not be published. Required fields are marked *