ജെസ് വര്‍ക്കി തുരുത്തേല്‍
ആലുവയിലെ തുരുത്ത്. അവിടെയാണ് ഇന്ത്യയിലെ വിസ്മയം കുടികൊള്ളുന്നത്. അവിടേക്കെത്താന്‍ മൂന്നുമാര്‍ഗ്ഗങ്ങള്‍. ആലുവ പാലസില്‍ നിന്നും ബോട്ടു മാര്‍ഗ്ഗം, അല്ലെങ്കില്‍ ദേശം റോഡു താണ്ടി തൂമ്പാത്തോട് മുറിച്ചു കടന്ന് ചങ്ങാടത്തിലൂടെ, പിന്നീടുള്ള മാര്‍ഗ്ഗം റെയില്‍വേ ട്രാക്കാണ്. തൂമ്പാത്തോടിലേക്കുള്ള വഴി ചോദിച്ചു ചോദിച്ചു പോയി, വഴി തെറ്റി, ഒടുവില്‍ ഞാനെത്തിച്ചേര്‍ന്നത് റെയില്‍വേ ട്രാക്കിലാണ്. നടന്നു പോയവര്‍ ചൂണ്ടിയ വഴിയിലൂടെ ഏറെ ദൂരം പോയപ്പോള്‍ വഴിതെറ്റിയെന്ന് മനസിലായി. ട്രാക്കിലൂടെ അലഞ്ഞു നടന്ന് ഒടുവില്‍ ഞാനാ വിസ്മയത്തിലേക്കെത്തി…! ഇന്ത്യയിലെ ഒരേയൊരു കാര്‍ബണ്‍ ന്യൂട്രല്‍ ഓര്‍ഗാനിക് ഫാമിലേക്ക്! ഇന്ത്യയുടെ അഭിമാനമിതാ, കേരളത്തിന്റെ മണ്ണില്‍ തലയെടുപ്പോടെ!! (State Seed Farm)
വായു, മണ്ണ്, വെള്ളം, ആഹാരം, എല്ലാം പരിപൂര്‍ണ്ണ ശുദ്ധം. ഇത് സ്റ്റേറ്റ് സീഡ് ഫാം ആലുവ. ഞാന്‍ ആദ്യമാ ഭൂമികയിലേക്കൊന്നു കണ്ണോടിച്ചു. ഉല്ലസിച്ചു തീറ്റ തിന്നു നടക്കുന്ന പശുക്കള്‍, ആടുകള്‍, കോഴികള്‍, താറാവുകള്‍. കതിരണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍, പച്ചക്കറികള്‍, കപ്പ ഉള്‍പ്പടെയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങള്‍. മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആ തുരുത്തില്‍ എല്ലാം വിളയും. പക്ഷേ വിഷത്തിനും മലിനീകരണത്തിനും മാത്രമിവിടേക്കു പ്രവേശനമില്ല. ഇത് നൂറു ശതമാനവും ഓര്‍ഗാനിക്ക് ആണ്, കാര്‍ബണ്‍ ന്യൂട്രല്‍ എന്നല്ല പറയേണ്ടത്, കാര്‍ബണ്‍ നെഗറ്റീവ് എന്നാണ്.
ഈ വിസ്മയത്തിലേക്കു തുരുത്തിനെ നയിച്ച ലിസി മോള്‍ ജെ വടക്കൂട്ട് ഓഫീസില്‍ എത്തുന്നതിനു മുന്‍പേ തന്നെ അവരുടെ അസിസ്റ്റന്റ് ബിനുഷ തുരുത്തിനെക്കുറിച്ച് ഒരവലോകനം തന്നിരുന്നു. മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട തുരുത്തും ഉയര്‍ന്ന സ്ഥലവുമായതിനാല്‍, സമീപ പ്രദേശങ്ങളില്‍ നിന്നു പോലും രാസവളങ്ങളോ വിഷ കീടനാശിനികളോ ഇവിടേക്കു പ്രവേശിക്കില്ല.
ഒരു ശംഖുപുഷ്പ ചായയുടെ അകമ്പടിയോടെയാണ് അഭിമുഖത്തിനായി എനിക്കു മുന്നിലവര്‍ ഇരുന്നത്. പ്രൗഢം, ഗംഭീരം, ഇത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവന്‍ അഭിമാനം, ലിസിമോള്‍ ജെ വടക്കൂട്ട്, ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍.
കാലാപാനി പോലെ ഒരിടം, ഒടുവിലിപ്പോള്‍…
2017 നവംബര്‍ ഒന്നിന് സീഡ് ഫാമിന്റെ സാരഥിയായി ചാര്‍ജ്ജെടുക്കുമ്പോള്‍ എവിടെ നിന്നും തുടങ്ങണമെന്നറിയാതെ അല്‍പമൊന്നു പകച്ചിരുന്നു അവര്‍. ക്ഷണനേരം കൊണ്ടു തന്നെ ആ പകപ്പില്‍ നിന്നവര്‍ മുക്തി നേടി. തുരുത്തിന്റെ ഏറ്റവും വലിയ നന്മയും പ്രശ്നവും അവിടേക്കെത്തിപ്പെടാനുള്ള കഷ്ടപ്പാടാണ്. അതിനാല്‍ത്തന്നെ, ജീവനക്കാര്‍ ആരും അവിടെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല. അവിടെയെത്തുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗം തെളിയുന്നതു വരെയുള്ള ഇടത്താവളം മാത്രമായിരുന്നു തുരുത്ത്. തൊഴിലാളികളില്‍ മൂന്നിലൊന്ന് താല്‍ക്കാലിക ജീവനക്കാരായിരുന്നു. ആകെ കുറച്ചു തൊഴിലാളികള്‍. അവരില്‍ ആണിനും പെണ്ണിനും പ്രത്യേകം ഗ്രൂപ്പുകള്‍, അവര്‍ക്കിടയില്‍ തന്നെ നിരവധി ഉപഗ്രൂപ്പുകള്‍, തമ്മിലടികള്‍, വഴക്കുകള്‍. ഇവയാണ് ലിസിമോള്‍ ആദ്യം പരിഹരിച്ചത്. സ്വര്‍ഗ്ഗം പോലുള്ള ഈ മണ്ണില്‍ ജോലി ചെയ്തിട്ടും എന്തിനു പരസ്പരം വഴക്കിട്ട് മനസ് മലിനമാക്കണമെന്നവരോടു ചോദിച്ചു. അവര്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിപ്പിച്ച് ഐക്യം ഊട്ടിയുറപ്പിച്ചു. കേരളീയ തൊഴിലാളി സ്ത്രീകളുടെ ദേശീയ വേഷമായ നൈറ്റിയും അതിനു മുകളില്‍ ഓവര്‍കോട്ടു പോലെ അവര്‍ ഇടാറുള്ള ഷര്‍ട്ടും ഒഴിവാക്കി, അവര്‍ക്കു യൂണിഫോം നല്‍കി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതോടെ, ഫാമിന് ഒരടുക്കും ചിട്ടയും കൈവന്നു.
പ്രധാന റോഡില്‍ നിന്നും ഫാമിലേക്കുള്ള ഇടറോഡിന്റെ ഇരുവശവും താമസിച്ചിരുന്ന രണ്ടു വീട്ടുകാര്‍, ആ പൊതു വഴിയിലൂടെ ഓട്ടോ പോലും കടത്തി വിടാറില്ല. അവരുടെ വീടുകളിലേക്കു മാത്രം പോകാനുള്ള വഴിയാണിതെന്നവകാശപ്പെട്ട് ഫാം സന്ദര്‍ശിക്കാനെത്തുന്നവരെ ഇവര്‍ തടഞ്ഞിരുന്നു. വഴിയുടെ നിജസ്ഥിതി അറിയുന്നതിനായി വില്ലേജ്, റവന്യു ഓഫീസര്‍മാര്‍ക്കും കളക്ടര്‍ക്കുമെല്ലാം നിരന്തരം കത്തെഴുതി. ഒടുവില്‍, സ്വകാര്യവ്യക്തികള്‍ പിടിച്ചു വച്ചിരുന്ന ആ പൊതുവഴിയ്ക്കു ശാപമോക്ഷം. ഇതിനായി ലിസിമോള്‍ നിയമവശങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതിയില്‍ വരെ എത്തിയിരുന്നു.
ഇന്ത്യയിലെ ഒരേയൊരു കാര്‍ബണ്‍ ന്യൂട്രല്‍, അല്ല, കാര്‍ബണ്‍ നെഗറ്റീവ് ഫാം!
2012 മുതല്‍ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനോടു കൂടി പ്രവര്‍ത്തിക്കുന്ന ഫാമാണിത്. അതിനാല്‍, ആദ്യ അനാലിസിസില്‍ തന്നെ കാര്‍ബണ്‍ ന്യൂട്രല്‍ അല്ല, കാര്‍ബണ്‍ നെഗറ്റീവിലേക്ക് എത്തിച്ചേരാന്‍ ഈ ഫാമിനു സാധിച്ചു. ഈ ഫാമിന്റെ ഒരു വര്‍ഷത്തെ കാര്‍ബണ്‍ എമിഷന്‍ 43 മെട്രിക് ടണ്‍ ആണ്. പക്ഷേ, അബ്സോര്‍ബ് ചെയ്യുന്ന കാര്‍ബണാകട്ടെ, 213 മെട്രിക് ടണ്ണുമാണ്. അതായത് മൈനസ് 170 ആണ് ആദ്യ പരിശോധനയിലെ റിസല്‍ട്ട്. College Of Climate Change And Environmental Science ആണ് ഈ പരിശോധന നടത്തിയത്. ഇതിനായി, ജൂണ്‍ 2021 മുതല്‍ ജൂലൈ 2022 വരെയുള്ള മുഴുവന്‍ ഡാറ്റയും അവര്‍ പരിശോധനയ്ക്കു വിധേയമാക്കി. നാലു സെക്ടര്‍ ആയിട്ടാണ് പരിശോധന നടത്തിയത്, കാര്‍ബണ്‍ മോണോസൈഡ്, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ പുറന്തള്ളുന്നത് നാലു മേഖലകളില്‍ നിന്നാണ്. ഒന്നാമത്തേത് എനര്‍ജി, അതായത്, ലൈറ്റ്, പെട്രോള്‍, ഡീസല്‍, ഓയില്‍, തുടങ്ങിയവ-എന്തിനെല്ലാം എനര്‍ജി ഉപയോഗിക്കുന്നുവോ അവയെല്ലാം എനര്‍ജിയുടെ കീഴില്‍ വരും. രണ്ട് വ്യവസായിക മലിനീകരണം. ഏതെങ്കിലുമൊരു താഴ് വാരത്താണ് താമസിക്കുന്നതെങ്കില്‍, മറ്റു മേഖലകളില്‍ നിന്നും രാസവളങ്ങളും കീടനാശിനികളുമെല്ലാം ഒലിച്ചു വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സീഡ് ഫാമില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നില്ല, ഇവിടേക്ക് യാതൊന്നും ഒലിച്ചു വരികയുമില്ല. വാഹനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനാവില്ല. മൂന്നാമത്തേത് അഗ്രിക്കള്‍ച്ചര്‍ അനുബന്ധ മേഖലയാണ്. പാടങ്ങളില്‍ നിന്നും പുറത്തു വരുന്ന കാര്‍ബണുകള്‍, പശുവില്‍ നിന്നും ചാണകത്തില്‍ നിന്നുമെല്ലാം methane പുറത്തു വരുന്നുണ്ട്. പിന്നീടുള്ളത് മാലിന്യത്തില്‍ നിന്നും പുറത്തു വരുന്ന കാര്‍ബണാണ്. വൈക്കോലോ മറ്റ് ഉണങ്ങിയ വസ്തുക്കളോ മറ്റോ കത്തിക്കുമ്പോഴോ അഴുകുമ്പോഴോ പുറത്തു വരുന്ന കാര്‍ബണ്‍. ഈ നാലു സെക്ടറിലെ കാര്‍ബണ്‍ ആണ് പഠന വിധേയമാക്കിയത്.
ഇവിടെയുള്ള മാലിന്യസംസ്‌കരണം സംപൂര്‍ണ്ണമാണ്. വ്യാവസായിക മലിനീകരണവും ഇവിടെയില്ല. മണ്ണിനു മുകളിലും താഴെയുമായി കാര്‍ബണിനെ പിടിച്ചു നിറുത്തുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണിനു മുകളില്‍ പ്രധാന പങ്കു വഹിക്കുന്നത് ഇളം മരങ്ങളാണ്. എത്രയേറെ കരുത്തുള്ള ഇളം മരങ്ങളുണ്ടോ അത്രയേറെ അവ കാര്‍ബണിനെ പിടിച്ചു നിറുത്തുന്നു. മണ്ണിനടിയിലെ ഓര്‍ഗാനിക് കാര്‍ബണാണ് കാര്‍ബണിനെ പിടിച്ചു നിറുത്തുന്നത്. ഈ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ ഓര്‍ഗാനിക് കാര്‍ബണിന്റെ അളവ് 2.5 ആണ്. ഓര്‍ഗാനിക് ഫാമിംഗും ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റവുമാണ് ഇതിനു കാരണം. ആടും പശുവും കോഴിയും താറാവുമെല്ലാം പാടത്ത് ഉല്ലസിച്ച് തീറ്റ തിന്നു നടക്കുന്നു. മീന്‍കുളവും അതുപോലെ തന്നെ. ഇവയ്ക്കെല്ലാം വേണ്ട നൈട്രജന്‍ ഇവിടെത്തന്നെ ഉത്പ്പാദിപ്പിക്കപ്പെടുന്നു.
ചെടികളുടെ വളര്‍ച്ചയ്ക്കായി ഈ വിത്തുല്‍പ്പാദന കേന്ദ്രം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് പഞ്ചഗവ്യം, കുണപ്പജല, വെര്‍മിവാഷ്, അമിനോ ഫിഷ്, മൈക്കോറൈസ എന്നിവ. ഇതുകൂടാതെ കീടങ്ങളെ തുരത്താനുള്ള ഒരു ഉല്‍പ്പന്നവുമുണ്ട്. ഒരു കര്‍ഷകനു കൃഷി ചെയ്യാന്‍ ഇത്രയും സാധനങ്ങള്‍ മതി. ഇവ കൊണ്ടു കൃഷി ചെയ്താണ് ഇവിടെ നൂറുമേനി വിളവെടുത്തത്. ഇവ കൂടാതെ യൂണിവേഴ്സിറ്റി ശുപാര്‍ശ ചെയ്യുന്ന ജീവാണു വളങ്ങളും ഉപയോഗിക്കുന്നുണ്ട്. കോഴിയുടേയും താറാവിന്റെയും കൂടു കഴുകിയ വെള്ളവും മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളവുമെല്ലാം ഇറിഗേഷന്‍ കനാലിലൂടെ കൃഷിയിടത്തിലേക്ക് ഒഴുക്കുന്നു. കൃഷിക്ക് ആവശ്യമായ വളങ്ങള്‍ ഇതിലൂടെ ലഭ്യമാകുന്നു.
ഏതു മോശപ്പെട്ട മണ്ണിലും ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. പക്ഷേ നമ്മുടെ മണ്ണ് അസിഡിക് ആയതിനാല്‍, അവ വലിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇതിനു പരിഹാരമാണ് മൈക്കോറൈസ. ഇതൊരു മിത്ര ഫംഗസാണ്, ഇവ അസിഡിറ്റി ഉള്ള മണ്ണില്‍ നിന്നും ഫോസ്ഫറസ് ഫലപ്രദമായി വലിച്ചെടുത്ത് ചെടികള്‍ക്കു ലഭ്യമാക്കുന്നു. ഈ ഫോസ്ഫറസ് കിട്ടിക്കഴിഞ്ഞാല്‍, ചെടികളുടെ വേരിന്റെ വളര്‍ച്ച ശരിയായ ദിശയിലാകും. കൂടുതല്‍ പ്രദേശത്തു നിന്നും വെള്ളവും മൂലകങ്ങളും വലിച്ചെടുക്കാന്‍ ഇതു സഹായകരമാകുന്നു.
നെല്‍കൃഷിയില്‍ നിന്നും നെല്‍ക്കതിര്‍ മാത്രമേ കൊയ്‌തെടുക്കുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ടില്ലര്‍ ഉപയോഗിച്ചു മണ്ണിനു തന്നെ നല്‍കുന്നു. നെല്‍കൃഷിക്കായി നിലമൊരുക്കിയശേഷം നെല്‍വിത്ത് നേരിട്ടു പാടത്തു വിതയ്ക്കുകയല്ല, മറിച്ച് പരമ്പരാഗത രീതിയില്‍ നെല്‍വിത്തു മുളപ്പിച്ച ശേഷം കൃഷിക്കാരെ ഉപയോഗിച്ച് പാടത്തു ഞാറു നടുകയാണ് ചെയ്യുന്നത്. ഞാറു നട്ട് 15 ദിവസമാകുമ്പോഴേക്കും പാടത്തേക്ക് താറാവുകളെ ഇറക്കി വിടുന്നു. ഇത് താറാവിനും നെല്‍കൃഷിക്കും ഒരുപോലെ ഗുണകരമാണ്. കാലുകള്‍ കൊണ്ടു തുഴഞ്ഞും കൊക്കുകള്‍ കൊണ്ട് തീറ്റ തേടിയും താറാവുകള്‍ നെല്‍പ്പാടത്തെ ഊഷ്മളമാക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളം എപ്പോളും ഇളകി മറിയുന്നതു മൂലം ഞാറ് ആരോഗ്യത്തോടെ വളരുന്നു. കക്കയോ ഞണ്ടോ ഉണ്ടായിട്ടല്ല താറാവുകള്‍ നെല്‍പ്പാടത്ത് തേടി നടക്കുന്നത്. അവര്‍ക്കത് ഏറെ സന്തോഷകരമാണ്. തീറ്റതേടി നെല്‍പ്പാടത്തു നടക്കുന്ന താറാവുകള്‍ കളകളും മുളയ്ക്കാത്ത നെല്ലും തിന്നുന്നു. ഇതോടെ നല്ല, കരുത്തുറ്റ നെല്‍വിത്താണ് ലഭിക്കുന്നത്.
ചാഴിയും തണ്ടുതുരപ്പന്‍ പുഴുവുമല്ലാതെ മറ്റൊന്നും നാളിതു വരെ കൃഷിയെ ആക്രമിച്ചിട്ടില്ല. ഇവയ്‌ക്കെല്ലാം ഫലപ്രദമായ ജൈവ കീടനാശിനികളുമുണ്ട്. കീടങ്ങളെ നിയന്ത്രിക്കാനായി വേപ്പെണ്ണ അടങ്ങിയ ബിവേറിയ തളിച്ചു കൊടുക്കുന്നു. ശാസ്ത്രീയ ജൈവ രോഗകീട നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇവിടെ അവലംബിക്കുന്നത്. രാസ കീടനാശിനികള്‍ പ്രയോഗിക്കാത്തതിനാല്‍ത്തന്നെ ധാരാളം മിത്ര കീടങ്ങള്‍ ഉള്‍പ്പെട്ട ഒരു ജൈവ ആവാസ വ്യവസ്ഥ ഇവിടെ രൂപം കൊണ്ടിട്ടുണ്ട്. ഇത് ആര്‍ക്കും ചെയ്യാവുന്നതേയുള്ളു. നമ്മുടെ പൂര്‍വ്വികര്‍ നമുക്കു നല്‍കിയ അറിവാണിത്. ഇങ്ങനെയാണ നമ്മള്‍ കൃഷി ചെയ്തിരുന്നത്.
2014 മുതല്‍ കേരള കൃഷിവകുപ്പ് 30 കൃഷി ഓഫീസര്‍മാരെ പ്രതിവര്‍ഷം PGDPHM (Post Graduate Diploma in Plant Health Management) കോഴ്‌സിനായി ഹൈദരാബാദിലേക്ക് പറഞ്ഞയക്കുന്നുണ്ട്. അവിടെ നിന്നാണ് സയന്റിഫിക്കായി ഓര്‍ഗാനിക് ഫാമിംഗിനെക്കുറിച്ച് ലിസിമോള്‍ പഠിച്ചത്. 2015 ലെ രണ്ടാമത്തെ ബാച്ചില്‍, ആ കോഴ്‌സ് കഴിഞ്ഞെത്തിയ ലിസിമോള്‍ പിന്നീട് ആലുവ സീഡ് ഫാമിലാണ് ജോയിന്‍ ചെയ്തത്.
ജൈവ കൃഷിയില്‍ നാടന്‍ പശുക്കള്‍ അവിഭാജ്യ ഘടകമാണെങ്കിലും അവയുടെ ലഭ്യത കുറവാണ്. നാടന്‍ ബ്രീഡുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. ഹൈബ്രിഡിനു പിന്നാലെയാണ് എല്ലാവരും. എന്നാല്‍, ആലുവ സീഡ് ഫാമില്‍, 2012 മുതല്‍ കാസര്‍കോഡ് കുള്ള പശുക്കളെ പരിപാലിച്ചു വരുന്നു. ആടുകള്‍, താറാവ്, കോഴി, മത്സ്യം എന്നിവ സംയോജിത കൃഷിയില്‍ ഉള്‍പ്പെടുത്തിയത് 2017 മുതലാണ്. അതു നടപ്പിലാക്കിയതാകട്ടെ, ലിസിമോളും.
കൂടെ നിന്ന് കൃഷിമന്ത്രിമാര്‍
പൂര്‍ണ്ണമായും ജൈവ രീതിയില്‍ രക്തശാലി നെല്ലാണ് ആദ്യമിവിടെ ഉല്‍പ്പാദിപ്പിച്ചത്. ഈ നെല്‍വിത്തിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടെ മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാറാണ് പൈതൃക നെല്‍വിത്തുകളുടെ ഉല്‍പാദനം, Live Rice Museum എന്നീ ആശയങ്ങള്‍ മുന്നോട്ടു വച്ചത്. Healthy Rice Through Ecological Engineering Practicse in Integrated Farming System എന്ന പുസ്തകം എഴുതി പൂര്‍ത്തിയാക്കിയപ്പോഴേക്കും മന്ത്രി സുനില്‍ കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. പിന്നീട് കൃഷി മന്ത്രിയായി എത്തിയ പി പ്രസാദും സര്‍വ്വ പിന്തുണയും നല്‍കി കൂടെ നിന്നു. അദ്ദേഹമാണ് ലിസിമോള്‍ എഴുതിയ ഈ പുസ്തകം പ്രകാശനം ചെയ്തത്. 2021 ല്‍ കൃഷി മന്ത്രി പി പ്രസാദിന്റെ ഫാം സന്ദര്‍ശനത്തോടെ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിംഗിനു തുടക്കമായി. ജീവനി എന്ന പേരില്‍ നിരവധി പ്രോഡക്ടുകളാണ് ഇന്ന് എസ് എസ് എഫ് വില്‍ക്കുന്നത്.
പ്രളയകാലം
2017 ലെ കേരളപ്പിറവി ദിനത്തിലാണ് ലിസിമോള്‍ സീഡ് ഫാമിന്റെ ചുമതല ഏല്‍ക്കുന്നത്. 2018 ലെ പ്രളയത്തില്‍ സീഡ് ഫാം അഞ്ചു ദിവസം വെള്ളത്തിനടിയിലായിരുന്നു. അഞ്ചാം ദിവസം മുതല്‍ വെള്ളമിറങ്ങിത്തുടങ്ങി. പ്രളയമുണ്ടാകുമ്പോള്‍ നെല്ല് കതിരിട്ടു തുടങ്ങിയിരുന്നില്ല. ഫാമിലെങ്ങും ചെളിയും എക്കലും നിറഞ്ഞിരുന്നു. ആ ചെളി പൊട്ടാഷ് സമ്പുഷ്ടമായിരുന്നു എന്ന് മണ്ണു പരിശോധനയില്‍ വ്യക്തമായിരുന്നു. പ്രളയത്തില്‍ കുറെ നെല്‍കൃഷി നശിച്ചു പോയി. എങ്കിലും ശേഷിച്ചു കിട്ടിയവ നിറകതിരുകളാണ് തിരിച്ചു നല്‍കിയത്.
തുരുത്തിലേക്ക് എത്താനായി ഉപയോഗിച്ചിരുന്ന കാലപ്പഴക്കം വന്ന ബോട്ട് പ്രളയത്തില്‍ ഒഴുകിപ്പോയിരുന്നു. ഒടുവില്‍ ഏറെപ്പണിപ്പെട്ട് അത് പിടിച്ചെടുത്തെങ്കിലും ഏറെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. നന്നാക്കിയെടുത്ത ആ ബോട്ട് 2023 ന്റെ തുടക്കം വരെ ഉപയോഗിച്ചു. മന്ത്രി പി പ്രസാദിന്റെ ഇടപെടല്‍ മൂലം, ഫാമിലേക്കുള്ള യാത്രാ ദുരിതം പരിഹരിക്കാനായി Cochin Shipyard എറണാകുളം ജില്ലാ പഞ്ചായത്ത് മുഖേന ആലുവ ഫാമിന് സി എസ് ആര്‍ ഫണ്ട് ആയി 50 ലക്ഷത്തിന്റെ ബോട്ട് അനുവദിച്ചു. SIV എമറാള്‍ഡ് എന്നു പേരിട്ട ആ സോളാര്‍ ബോട്ടിപ്പോള്‍ പണിപ്പുരയിലാണ്.
സ്റ്റേറ്റ് സീഡ് ഫാമിന്റെ അതുല്യമായ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി സംസ്ഥാന ഹരിതകീര്‍ത്തി അവാര്‍ഡ് ലഭിക്കുകയുണ്ടായി. ആ അവാര്‍ഡ് തുക ഉപയോഗിച്ച് ഒരു Multipurpose ISUZU S CAB എന്ന വാഹനവും ഇപ്പോള്‍ ഫാമിനു സ്വന്തം. ആലുവ മെട്രോ സ്റ്റേഷനിലെ ECOSHOP ലേക്കും എക്‌സിബിഷനും മറ്റും പോകുമ്പോള്‍ സീഡ് ഫാമിലെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. ഇപ്പോള്‍ അതിനും ഒരു പരിഹാരമായി.
മനുഷ്യരാശിയെ കാത്തിരിക്കുന്ന വന്‍ ദുരന്തങ്ങള്‍
ലോകത്തെയൊന്നാകെ കൊറോണ വിഴുങ്ങിയപ്പോള്‍, മനുഷ്യര്‍ക്കു തിരിച്ചറിവുണ്ടായി എന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, കൊറോണ മാറി, മനുഷ്യജീവിതം പഴയ രീതിയിലേക്കു മടങ്ങിവന്നതോടെ പഴയതിലും മോശമായി കാര്യങ്ങള്‍. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വായുവും വെള്ളവും മണ്ണും അന്തരീക്ഷവുമെല്ലാം വിഷമയമായിരിക്കുന്നു. നമ്മള്‍ ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ചവിട്ടി നില്‍ക്കുന്ന മണ്ണുമെല്ലാം വിഷമയമാണ്. രാസവളങ്ങളുടേയും വിഷകീടനാശിനികളുടേയും അമിതമായ ഉപയോഗം മൂലം മണ്ണിന്റെ ഫലഫൂയിഷ്ടി നഷ്ടപ്പെട്ടിരിക്കുന്നു. മണ്ണിന്റെ നന്മയെല്ലാം വലിച്ചൂറ്റി വിഷം കൊണ്ടു നിറയ്ക്കുകയാണ് മനുഷ്യന്‍. വളര്‍ത്തു മൃഗങ്ങള്‍ക്കു തിന്നാന്‍ കൊടുക്കുന്നതും ഹോര്‍മോണുകള്‍ നിറഞ്ഞ ഭക്ഷണമാണ്. ഇതെല്ലാം മനുഷ്യന്റെ ആരോഗ്യത്തെ തകര്‍ത്തെറിയുന്നു.
മനുഷ്യന്‍ ഈ രീതിയില്‍ പ്രകൃതിയെ നശിപ്പിച്ചാല്‍ അവനെ കാത്തിരിക്കുന്നത് സര്‍വ്വനാശമാണ്. ഭൂമിയിലെ പല ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിച്ചതു പോലെ മനുഷ്യന്റെ വംശനാശത്തിനും ഏറെ കാത്തിരിക്കേണ്ടി വരില്ല. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും മണ്ണിനെയും വെള്ളത്തെയും വായുവിനെയുമെല്ലാം സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ മനുഷ്യനെ ഈ ഭൂമിയില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.
മനുഷ്യനെ കാത്തിരിക്കുന്ന മറ്റൊരു വലിയ വിപത്താണ് നട്ടുണ്ടാക്കാന്‍ വിത്തില്ലാതാവുക എന്നത്. ആ അവസ്ഥയിലേക്ക് രാജ്യം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകന്റെ കൈയിലെ വിത്തുകളെല്ലാം കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒടുവില്‍ വിത്തിനായി ഈ കോര്‍പ്പറേറ്റുകള്‍ക്കു മുന്നില്‍ യാചനയോടെ കര്‍ഷകര്‍ക്കു നില്‍ക്കേണ്ടി വരും. ഹൈബ്രിഡ്, സീഡ് ലെസ് എന്നിങ്ങനെയുള്ള പേരുകളില്‍, വിത്തിനെ കര്‍ഷകരില്‍ നിന്നും ഇല്ലാതാക്കുകയാണ്. പല നല്ലയിനം നെല്‍വിത്തുകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇതിനെല്ലാം അറുതിയുണ്ടാവണമെങ്കില്‍, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങിയ കാര്‍ഷിക വിളകളെ ആശ്രയിച്ചേതീരൂ. വിത്തുകള്‍ പരമാവധി ശേഖരിച്ചു വയ്ക്കുകയും വേണം.
രോഗത്തെ പ്രതിരോധിക്കാന്‍ ശരീരത്തിനു ശേഷി ഉണ്ടാക്കിയെടുക്കുന്ന ആയുര്‍വ്വേദ ചികിത്സാരീതിയായിരുന്നു നാം മുന്‍പ് അവലംബിച്ചിരുന്നത്. കേരളത്തിന്റെ സ്വന്തം രോഗപ്രതിരോധ ചികിത്സാ രീതിയാണത്. മനുഷ്യര്‍ക്കുള്ളതു പോലെ വൃക്ഷങ്ങള്‍ക്കുമുണ്ട് ആയുര്‍വ്വേദം. ഇതിനെ വൃക്ഷായുര്‍വേദ എന്നു പറയുന്നു. മണ്ണിനെ ഫലഫൂയിഷ്ഠമാക്കാനും കീടങ്ങളെയും രോഗങ്ങളെയും തുരത്താനും രോഗം വരാതെ കരുത്തുറ്റ വിത്തുകള്‍ ഉണ്ടാക്കാനും വൃക്ഷായുര്‍വ്വേദ ഫലപ്രദമാണ്. രാസവളങ്ങളെയും വിഷ കീടനാശിനികളെയും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് കൃഷി സാധ്യമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലുവയിലെ സീഡ് ഫാം. ഇവിടെ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളെല്ലാം ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. കൂടാതെ കൊച്ചി മെട്രോയില്‍ സീഡ് ഫാമിന്റെ സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവയിലെ സീഡ് ഫാമില്‍ നേരിട്ടെത്തി ഫാം കണ്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
മനുഷ്യരാശിക്കു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നമ്മുടെ ആലുവയിലെ തുരുത്തിയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇതുപോലുള്ള ഫാമുകളും കൃഷി രീതികളും കൊണ്ടു മാത്രമേ മനുഷ്യരാശിയെ ഈ ഭൂമിയില്‍ പിടിച്ചു നിറുത്താന്‍ കഴിയുകയുള്ളു. അല്ലാത്ത പക്ഷം ചന്ദ്രനില്‍ പോയി കൂടുവച്ചാലും കാത്തിരിക്കുന്നത് മനുഷ്യകുലത്തിന്റെ വംശനാശമാണ്.
………………………………………………………………………………………………………….
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
…………………………………………………………………………………………………….
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :