നില്‍ക്കൂ……, ഒരിറ്റു സ്‌നേഹവും കരുതലും പുരുഷനും ആഗ്രഹിക്കുന്നുണ്ട്….!!

Written by: Jess Varkey Thuruthel & D P Skariah

സ്‌നേഹം, സാന്ത്വനം, ചേര്‍ത്തു പിടിക്കല്‍, കാരുണ്യം… ഇവയെല്ലാം സ്ത്രീയ്ക്കു മാത്രമേ വേണ്ടതുള്ളു എന്നാണോ….?? ഈ കാട്ടാള സാമൂഹിക നീതിശാസ്ത്രം കരയുന്ന പുരുഷനെയും കണ്ണീരൊഴുക്കാത്ത സ്ത്രീകളെയും അംഗീകരിക്കുന്നില്ല….. സ്ത്രീയ്ക്കും പുരുഷനും ഈ സമൂഹം കല്‍പ്പിച്ചു നല്‍കിയ ചട്ടക്കൂട്ടില്‍ അവരെത്രമാത്രം തീവ്രവേദനയാണനു ഭവിക്കുന്നതെന്ന് ഈ കണക്കുകള്‍ നിങ്ങള്‍ക്കു കാണിച്ചു തരും.

ബലഹീനതയുടെയും ദൗര്‍ബല്യത്തിന്റെയും പര്യായമായി സമൂഹമെന്നും കണ്ടിരുന്നത് സ്ത്രീകളെയാണ്. ഈ വിശ്വാസത്തെ സാധൂകരിക്കാനും സമര്‍ത്ഥിക്കാനും ഒരായിരം ഉദാഹരണങ്ങളും സമൂഹം നമുക്കു മുന്നില്‍ നിരത്താറുണ്ട്. പക്ഷേ, ഈ വിശ്വാസവും വാദഗതികളുമെല്ലാം തെറ്റാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ പുതിയ കണക്കു പ്രകാരം 2020 ല്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് 1,53052 ആത്മഹത്യകളാണ്. അതായത് ഒരു ദിവസം ഇന്ത്യയില്‍ സ്വയം ജീവനൊടുക്കുന്നവര്‍ 419 പേര്‍ ആണെന്ന് സാരം. ഇവയില്‍ 1,08,532 പേര്‍ പുരുഷന്മാരാണ്. അതായത്, മൊത്തം ആത്മഹത്യയുടെ 70.91 ശതമാനവും പുരുഷന്മാര്‍! സ്ത്രീകളാകട്ടെ, 44,498 പേരും. അതായത് 29.07 ശതമാനം സ്ത്രീകള്‍. ബാക്കിയുള്ള 22 പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്.

ഈ സമൂഹം പുരുഷനു കല്‍പ്പിച്ചു കൊടുത്തിട്ടുള്ള ചട്ടക്കൂടു തന്നെയാണ് അവര്‍ക്കു കൊലക്കളമൊരുക്കുന്നത്. പുരുഷന്മാര്‍ കരുത്തുറ്റവരും ഉറച്ച തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ളവരും ബുദ്ധിമാന്മാരും ആക്രമണോത്സുകരും മത്സര ശേഷിയുള്ളവരുമാണെന്ന പൊതുബോധമിവിടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെ, സ്ത്രീ മനസിലാക്കുന്നവളും സത്യസന്ധയും മനക്കട്ടിയില്ലാത്തവളും മറ്റുള്ളവരോടു കരുതലും സഹതാപവുമുള്ളവളുമാണെന്ന പൊതുപോധവും ഇവിടെ രൂഢമൂലമാണ്.

ഈ പൊതുബോധത്തിനുള്ളില്‍ നിന്നുകൊണ്ടാണ് ഓരോ പുരുഷനെയും സ്ത്രീയെയും സമൂഹം വീക്ഷിക്കുന്നത്. ഈ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാത്ത പുരുഷന്മാരും സ്ത്രീകളും സമൂഹത്തില്‍ നിന്നും നേരിടുന്നത് അതിരൂക്ഷമായ തിരിച്ചടികളാണ്.

അതിനാല്‍, ഏതെങ്കിലുമൊരു പ്രശ്‌നത്തെ നേരിടുമ്പോള്‍ ഉള്ളിലെ വിഷമം പോലും പുറത്തു കാണിക്കാനാവാത്ത അവസ്ഥയിലാകുന്നു പുരുഷന്മാര്‍. ഏതെങ്കിലുമൊരു കാരണവശാല്‍ ആരോടെങ്കിലുമൊന്നു പറഞ്ഞു പോയാല്‍ നീയൊരു പുരുഷനല്ലേ ഇങ്ങനെ കരയാന്‍ പാടുണ്ടോ എന്ന ചോദ്യശരങ്ങളായി. അതിനാല്‍ ആരോടും യാതൊന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ഒരുനാള്‍ അവനീ ലോകജീവിതം തന്നെ മതിയാക്കി യാത്രയാകുന്നു. അപ്പോഴും സമൂഹം ചോദിച്ചു കൊണ്ടേയിരിക്കും, അവനൊരാണല്ലേ, എല്ലാം സഹിക്കാനുള്ള ത്രാണിയുള്ളവനല്ലേ…?? അവനതെല്ലാം നേരിട്ടു കൂടായിരുന്നോ…?? എന്തിനവന്‍ ആത്മഹത്യ ചെയ്തു….???

ജോലി സംബന്ധമായ കാര്യങ്ങളിലും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്. പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ ധൈര്യപ്പെടുന്നവര്‍ സ്ത്രീകളായതിനാല്‍ അവര്‍ക്കു മാത്രമേ പ്രശ്‌നങ്ങള്‍ ഉള്ളു എന്ന രീതിയിലാണ് കാര്യങ്ങളെ വിലയിരുത്തപ്പെടുന്നത്. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കാള്‍ കൂടുതലാണ് പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. പുറത്തു പറയാന്‍ കഴിയാത്തതിനാല്‍ അവയൊന്നും പരിഹരിക്കപ്പെടാതെ പോകുന്നു എന്നതാണ് സത്യം. ജോലിസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം 2020 ല്‍ ഇന്ത്യയില്‍ ജീവനൊടുക്കിയത് 1837 പേരാണ്. അതായത്, ഒരു ദിവസം 5 ആത്മഹത്യകള്‍. ഇവയില്‍ 1602 പേരും പുരുഷന്മാരാണ് (87.20%). ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത സ്ത്രീകളാകട്ടെ 234 പേര്‍ മാത്രമാണ് (12.74%). ബാക്കിയുള്ളവര്‍ ട്രാന്‍സ്‌ജെന്റേഴ്‌സും ആണ്.

ജോലിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കൈവശമില്ല. പക്ഷേ, ജോലി സ്ഥലത്ത് അവര്‍ നേരിടുന്ന അസമത്വങ്ങളും കളിയാക്കലുകളും ഭീഷണിപ്പെടുത്തലുകളും അപമാനങ്ങളുമെല്ലാം ഇവയില്‍ പെടും. ജോലിയില്‍ പ്രതീക്ഷയ്‌ക്കൊത്ത വളര്‍ച്ച നേടാന്‍ കഴിയാതെ പോകുന്നതും പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന് അതിശക്തമായ നിയമങ്ങളാണ് നിലവിലുള്ളത്. പക്ഷേ, ജോലി സ്ഥലങ്ങളില്‍ പുരുഷന്‍ നേരിടുന്ന ഭീഷണിപ്പെടുത്തലുകളോ പീഡനങ്ങളോ തടയാന്‍ തക്ക ഒരു നിയമവും നിലവിലില്ല. ജോലി സ്ഥലത്തെ ഭീഷണിപ്പെടുത്തലുകള്‍ അത്യന്തം അപമാനകരവും അപഹാസ്യവും മാനസിക പീഡനവുമാണെന്ന് ഗവേഷകര്‍ പറയുന്നു. ഭീഷണിപ്പെടുത്തലുകളും പീഡനങ്ങളുമെല്ലാം ഏല്‍ക്കേണ്ടി വരുന്നത് പലപ്പോഴും മുതിര്‍ന്ന ജീവനക്കാരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നു തന്നെയോ ആയിരിക്കും.

പുരുഷനായാല്‍ വരുമാനമുള്ള, നാലുപേരുടെ മുന്നില്‍ അന്തസോടെ പറയാന്‍ പറ്റിയ ഒരു തൊഴിലുണ്ടാവുക എന്നതാണ് ഈ സമൂഹം പുരുഷനു പണിതു കൊടുത്തിരിക്കുന്ന മറ്റൊരു ചട്ടക്കൂട്. ജോലിയില്ലാത്തവരെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരെന്ന പേരു നല്‍കി അപഹസിക്കുകയും ചെയ്യുന്നു. കുടുംബത്തെയും മാതാപിതാക്കളെയും പോറ്റേണ്ട ഉത്തരവാദിത്വം പുരുഷനാണെന്ന കാഴ്ചപ്പാടാണ് സമൂഹത്തിന്. അതിനാല്‍, നല്ലൊരു ജോലി കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്നവരും ഏറെയാണ്.

ഇന്ത്യയില്‍ ജോലി ലഭിക്കാത്തതിനാല്‍ 2020 ല്‍ 3548 പേരാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ 3237 പേര്‍ പുരുഷന്മാരാണ് (91.23%). ഇതേകാരണത്താല്‍ ആത്മഹത്യ ചെയ്ത സ്ത്രീകളുടെ എണ്ണം 309 (8.71%) ആണ്. ബാക്കി രണ്ടുപേര്‍ ട്രാന്‍സ് ജെന്ററുകള്‍ ആണ്.

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 309 അനുസരിച്ച് ആത്മഹത്യ കുറ്റകരമാണ്. ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെടുന്നവരെ കാത്തിരിക്കുന്നത് ഒരു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ്. എന്നാല്‍, മാനസികാരോഗ്യ നിയമം 2017 സെക്ഷന്‍ 115 അനുസരിച്ച് ആത്മഹത്യ തെരഞ്ഞെടുക്കുന്നവരുടെ മാനസികാരോഗ്യം പരിഗണിച്ച് ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിതീവ്രമായ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ സ്വീകരിക്കുന്ന സ്വയം ശിക്ഷയാണ് ആത്മഹത്യയെന്നും അവരെ വീണ്ടും ശിക്ഷിക്കാന്‍ പാടില്ലെന്നും ഈ വകുപ്പു പറയുന്നു.

പുരുഷനെന്നാല്‍, സ്ത്രീയെന്നാല്‍ ഇങ്ങനെയൊക്കെയേ ആകാന്‍ പാടുള്ളുവെന്നും അതിനു വിപരീതമായി ആരു പെരുമാറിയാലും അവര്‍ ഈ ലോകത്തു ജീവിച്ചിരിക്കാന്‍ യോഗ്യരല്ലെന്നുമുള്ള കാട്ടാള നീതിബോധം തന്നെയാണ് പലരെയും ആത്മഹത്യകളിലേക്കു തള്ളിവിടുന്നത്. ഒരുപക്ഷേ, സ്‌നേഹിക്കാനും കൈപിടിച്ചു കൂടെനില്‍ക്കാനും ആരെങ്കിലുമുണ്ടായാല്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ് ഭൂരിഭാഗം ആത്മഹത്യകളും. അതിനു പകരം, തങ്ങള്‍ വരച്ചിട്ട വരയ്ക്കപ്പുറം പോയവര്‍ ചത്തൊടുങ്ങുന്നതു തന്നെയാണ് നല്ലതെന്ന ചില സാമൂഹിക പൊതുബോധമാണ് നമ്മുടെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്നത്. ഇത്തരം കാട്ടാള സാമൂഹിക നീതിശാസ്ത്രങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടാനാവുകയുള്ളു. വരച്ചിട്ട കളങ്ങള്‍ക്കുള്ളിലല്ല, അതിനു പുറത്തും ജീവിതങ്ങളുണ്ട്. അവിടെ നിറങ്ങളും ചായങ്ങളും ചമയങ്ങളുമുണ്ട്…. അവര്‍ക്കുമിവിടെ ജീവിക്കാന്‍ അവകാശമുണ്ട്…… വ്യത്യസ്തരായിരിക്കുന്നവരെ വെറുതെ വിടുക ലോകമേ….

………………………………………………………………………………………………..

#mentalhealthofmen #NationalCrimeRecordsBureau

Leave a Reply

Your email address will not be published. Required fields are marked *