ഭയപ്പെടുത്താന്‍ നോക്കേണ്ട, ഭയക്കില്ല ഞങ്ങള്‍: മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍


Jess Varkey Thuruthel & Zachariah

 

കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കാത്ത ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടും രാഷ്ട്രീയ പാര്‍ട്ടിക്കാരോടും നേതാക്കളോടും തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോതമംഗലം രൂപത. കോതമംഗലം കെ എസ് ആര്‍ ടി സി ബസ് സ്‌റ്റേഷനില്‍ നിന്നും ഡി എഫ് ഒ ഓഫീസിലേക്കു നടത്തിയ മനുഷ്യാവകാശ സംരക്ഷണ ജാഥയില്‍ നയം വ്യക്തമാക്കിയിരിക്കുകയാണ് സഭ (Mar George Madathikandathil)

‘എല്ലാ ദിവസവും നമ്മളിപ്പോള്‍ ഒരു ഗ്യാരണ്ടി കേള്‍ക്കാറുണ്ട്. പക്ഷേ, മനുഷ്യര്‍ക്കു മാത്രം ഒരു ഗ്യാരണ്ടിയുമില്ല. ജനങ്ങള്‍ക്ക് നീതി പൂര്‍വ്വവും സുരക്ഷിതവുമായി ജീവിക്കാന്‍ സാധിക്കുന്ന ഗ്യാരണ്ടി കൊടുക്കുന്നവര്‍ക്കു മാത്രമേ ഇനി വോട്ടു ചെയ്യുകയുള്ളു. ഭരണാധികാരികളെ തെരഞ്ഞെടുത്തത് മൃഗങ്ങളല്ല, മനുഷ്യരാണ് എന്ന കാര്യം മറക്കരുത്. ഇനിയും ഞങ്ങളെ സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ വോട്ടു നിങ്ങള്‍ മൃഗങ്ങളോടു ചോദിച്ചു കൊള്ളുക,’ കോതമംഗലം രൂപത നടത്തിയ മനുഷ്യാവകാശ റാലിയുടെ സമാപനത്തില്‍ സംസാരിക്കവെ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ഭരണാധികാരികളും നേതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളും കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കര്‍ഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.

‘കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണ് എന്ന് എല്ലാവരും പറയുന്നു. പക്ഷേ ഈ നട്ടെല്ലിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പലരും മറന്നു പോകുന്നു. മനുഷ്യര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. ഈ മീറ്റിംഗിന്റെ പേരില്‍ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും നമുക്കെതിരെ തിരിഞ്ഞേക്കാം. എങ്കിലും കുഴപ്പമില്ല. കാരണം അവരെ പേടിച്ചല്ല നമ്മള്‍ ജീവിക്കേണ്ടത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. പക്ഷേ, ചില സാഹചര്യങ്ങള്‍ മൂലം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ജനങ്ങള്‍ നാടുവിട്ടു പോകുന്നു എന്നാണ് എല്ലാവരും പറയുന്നത്. ജനങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. ആ സംരക്ഷണം നല്‍കേണ്ടത് ജനങ്ങളല്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ്. എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. കാട്ടുമൃഗങ്ങളല്ല ഇവരെ തെരഞ്ഞെടുത്തത്, ജനങ്ങളാണ്. ഇനി വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ മൃഗങ്ങളുടെ അടുത്തു പോയിട്ടു കാര്യമില്ല, ജനങ്ങളുടെ അടുത്തു വരൂ എന്നു പറയണം. നേതാക്കളോടു നിങ്ങള്‍ ചോദിക്കണം, നിങ്ങള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന്. സംരക്ഷണം നല്‍കാന്‍ തയ്യാറാകുന്ന ജനപ്രതിനിധികളെ നമ്മള്‍ തെരഞ്ഞെടുക്കണം.

വന്യമൃഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, ഇതു സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന കാര്യങ്ങളേയുള്ളുവെന്ന് കേന്ദ്രം പറയുന്നു. മൃഗങ്ങളെ വെടിവയ്ക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും. ഇത്തരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നമ്മളെ കബളിപ്പിക്കുകയാണ്. ഈ അവസ്ഥയില്‍ അധികനാള്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ല. ഈ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സര്‍ക്കാരും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളണം. അതിനുള്ള സാഹചര്യം ഉണ്ടാകണം.

കാലഹരണപ്പെട്ട വനനിയമം മാറ്റി ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള നിയമം ഉണ്ടാകണം. വന്യജീവികള്‍ വനത്തില്‍ കഴിയണം. മനുഷ്യര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. വന്യമൃഗങ്ങളുടെ ആക്രമണം മൂലം നഷ്ടമുണ്ടായിട്ടുള്ള അനേകം മനുഷ്യരുണ്ട്. ഇവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണം. വാഹനാപകടം ഉണ്ടാകുമ്പോള്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ പോലെ, വൈല്‍ഡ് അനിമല്‍ അറ്റാക്ക് ക്ലെയിമിനു വേണ്ടി ഒരു ട്രൈബ്യൂണല്‍ ഉണ്ടാക്കണം. ഈ ട്രൈബ്യൂണലില്‍ കേസുകള്‍ പരിഗണിക്കപ്പെടണം. അഞ്ചുവര്‍ഷം മുന്‍പുള്ള കേസുകള്‍ പോലും പരിഹരിക്കപ്പെടാനാവാതെ തുടര്‍ന്നുകൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനു മാറ്റമുണ്ടാകണം. വന്യമൃഗങ്ങള്‍ മൂലം ജീവനോ ഭൂമിയോ വിളവോ നഷ്ടപ്പെട്ട ആളുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുവാനായി ട്രൈബ്യൂണല്‍ സ്ഥാപിച്ച് കേസുകള്‍ പെട്ടെന്നു തീര്‍ക്കുവാനുള്ള സാഹചര്യമുണ്ടാക്കണം. ഈ കേസുകളുടെ പിന്നാലെ ഓരോ വ്യക്തിയും പോകുന്നതിനു പകരം നമ്മുടെ രൂപതയില്‍ ഈ പ്രദേശത്തുള്ള ജനങ്ങള്‍ക്ക് നിയമസഹായം നല്‍കാനായി ഒരു ലീഗല്‍ സെല്‍ നമ്മള്‍ സ്ഥാപിക്കും.

ജനങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കാന്‍ ഇനി തയ്യാറല്ല. അര്‍ഹമായ അവകാശം നേടിയെടുക്കാന്‍ സാധിക്കണം. അതിനാല്‍ ഏതെങ്കിലും സ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ ലീഗല്‍ സെല്‍ അവരുടെ സഹായത്തിനെത്തും.

നമ്മുടെ നാട്ടിലേക്കു വരുന്ന മൃഗങ്ങളെ തുരത്തുവാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പേടിക്കുകയാണ്. ജനങ്ങള്‍ക്കു വേണ്ടിയാണ് നിയമമുണ്ടാക്കേണ്ടത്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാവണം. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരായിരിക്കണം. അല്ലാത്തവര്‍ക്ക് വോട്ടില്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വനത്തില്‍ മനുഷ്യര്‍ കയറിയാല്‍ കേസെടുക്കും. വനത്തില്‍ നിന്നും മൃഗങ്ങള്‍ കൃഷിഭൂമിയിലേക്കിറങ്ങിയാല്‍ കേസില്ല. ബോധമില്ലാത്ത ആനയോ കടുവയോ പോത്തോ നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയാല്‍ അവയോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല, അവര്‍ക്കു ബോധമില്ല. പക്ഷേ, ബോധമുണ്ടെന്നു പറയുന്ന സര്‍ക്കാരും ഉദ്യോഗസ്ഥരും അവരോടു പറഞ്ഞിട്ടും കാര്യമില്ല, ഒന്നും ചെയ്യില്ല. അതിനാല്‍ ഇതിനൊരു പരിഹാരമുണ്ടാകണം.

രണ്ടുമൂന്നു ദിവസം കൊണ്ട് ഇത്രയേറെ ആളുകളെ സംഘടിപ്പിക്കാന്‍ സഭയ്ക്കു കഴിഞ്ഞു. സഭ എന്നും കര്‍ഷകര്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. സഭ എന്നും പീഡിതര്‍ക്കും സങ്കടപ്പെടുന്നവര്‍ക്കുമൊപ്പമാണ്. ഇനി ആരെയും ഭയപ്പെട്ടു മുന്നോട്ടു പോകരുത്. ഒരു രാഷ്ട്രീയക്കാരും നമ്മെ രക്ഷിക്കാന്‍ വരില്ല. ഇതുവരെയുള്ള അനുഭവം അങ്ങനെയാണ്. കര്‍ഷകക്കൂട്ടായ്മയില്‍ നാം ഒരുമിച്ചു മുന്നോട്ടു പോകണം. ഈ ദിവസങ്ങളില്‍ വളരെ പ്രത്യേകിച്ച് കര്‍ഷകര്‍ക്കു വേണ്ടി ജനങ്ങളുടെ നന്മയ്ക്കു വേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധികളെ നാം തെരഞ്ഞെടുക്കണം. ജനങ്ങള്‍ക്കു വേണ്ടി, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ജനപ്രതിനിധികളെയാണ് നമുക്കാവശ്യം,’ റാലിയുടെ സമാപന സമ്മേളനത്തില്‍ ബിഷപ്പ് മഠത്തിക്കണ്ടത്തില്‍ പ്രസംഗിച്ചതിന്റെ പൂര്‍ണ്ണരൂപമാണിത്.

അവകാശ സംരക്ഷണ റാലിയുടെ സമാപനത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോസ് പുതിയിടം പ്രമേയം അവതരിപ്പിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, വന്യജീവി ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സ സഹായവും ജീവനാംശവും വനം വകുപ്പ് ഏറ്റെടുക്കുക, വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ ആഹാരവും വെള്ളവും വനത്തില്‍ തന്നെ ലഭ്യമാക്കാനുള്ള ക്രമീകരണമുണ്ടാക്കുക, വനാതിര്‍ത്തിക്കുള്ളില്‍ ട്രഞ്ചുകള്‍ നിര്‍മ്മിച്ച് മൃഗങ്ങളെ കാട്ടില്‍ത്തന്നെ നിലനിര്‍ത്തുക, വൈല്‍ഡ് അനിമല്‍ ആന്‍ഡ് ക്ലെയിം ട്രൈബ്യൂണല്‍ സ്ഥാപിക്കുക, കാലഹരണപ്പെട്ട വനനിയമം ഭേതഗതി ചെയ്യാനുള്ള നടപടികള്‍ അടിയന്തിരമായി നടപ്പാക്കുക എന്നിവയാണ് ആ ഏഴു നിര്‍ദ്ദേശങ്ങള്‍.

………………………………………………………………………………….

 


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–







.......................................................................................

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *