പക്വതയുടെ അടിസ്ഥാനം പ്രായമല്ലെന്നു തെളിയിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

Jess Varkey Thuruthel

ദൈനിക് ഭാസ്‌കറിനു വേണ്ടി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ (Mayor Arya Rajendran) സമയം അനുവദിക്കുമ്പോള്‍ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ചുമതലയേറ്റെടുത്ത നാള്‍ മുതല്‍ പ്രായക്കുറവിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നിരുന്നു അവര്‍ക്ക്. എന്നാലിന്ന്, സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡായ യു എന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം നേടിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. ഇന്ത്യയില്‍ ഈ അവര്‍ഡ് നേടുന്ന ആദ്യ നഗരവും തിരുവനന്തപുരം തന്നെ.

2020 ല്‍, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി ചുമതലയേല്‍ക്കുമ്പോള്‍ അവരുടെ പ്രായം 21 വയസായിരുന്നു. പക്വതയില്ലാത്തൊരു ചെറിയ കുട്ടിയെ നഗരത്തിന്റെ ചുമതല ഏല്‍പ്പിച്ചു എന്ന വിമര്‍ശനത്തിനു കൂടിയുള്ള മറുപടിയാണ് ഈ അവാര്‍ഡ്. മേയറുടെ വാക്കുകളിലൂടെ:

സുസ്ഥിര വികസനം എന്നത് തുടര്‍ച്ചയായ പ്രക്രിയയാണ്. കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ക്ഷോഭങ്ങളും കേരളത്തെ പിടിച്ചുകുലുക്കുവാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. തിരുവനന്തപുരം നഗരസഭയുടെ മേയറായി ചുമതലയേറ്റതു മുതല്‍ മനസിലുറപ്പിച്ച ഒരു കാര്യമുണ്ട്. എന്തെല്ലാം വികസനങ്ങള്‍ നടപ്പിലാക്കിയാലും അതെല്ലാം പ്രകൃതിക്ക് അനുകൂലമാകണമെന്ന കാഴ്ചപ്പാട്. ഓരോ പദ്ധതികളും ഏറ്റെടുത്തു നടത്തുമ്പോഴും ആദ്യം മുതല്‍ മനസിലുറപ്പിച്ചതും ഈ ഉറച്ച തീരുമാനം തന്നെയായിരുന്നു. എല്ലാക്കാലത്തും തിരുവനന്തപുരം ഒരു വിനോദ സഞ്ചാര സൗഹൃദ ഹരിത നഗരമാണ്. എന്നിരുന്നാലും അതിനോടൊപ്പം ഇത്തരം സുസ്ഥിര വികസന കാഴ്ചപ്പാടു കൂടി ചേര്‍ത്തു വച്ചപ്പോള്‍ ലോകോത്തര മികവിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞു.

പ്രധാനമായും സീറോ കാര്‍ബണ്‍ ട്രിവാന്‍ഡ്രം എന്ന ആശയത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തെ സോളാര്‍ സിറ്റിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 17,000 കിലോവാട്ട് വൈദ്യുതിയുടെ സോളാര്‍ പാനലുകള്‍ നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സ്ഥാപിക്കുവാന്‍ കഴിഞ്ഞു. ഇതില്‍ നിന്നും പ്രതിവര്‍ഷം 2.5 കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയും. അതിനോടൊപ്പം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനും 115 വൈദ്യുതി ബസുകള്‍ നിരത്തിലിറക്കുവാനും നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. നഗരത്തിലുടനീളം 2000 സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മുഴുവന്‍ തെരുവ് വിളക്കുകള്‍ സോഡിയം വേപ്പര്‍ ലാമ്പ്, ട്യൂബ് ലൈറ്റ് എന്നിവയില്‍ നിന്നും LED യിലേക്ക് മാറിയ ചരിത്രപരമായ നേട്ടം കൂടി കൈവരിക്കുവാന്‍ കഴിഞ്ഞു. ഇതൊക്കെയാണ് ഈ മേഖലയില്‍ നഗരസഭ പ്രധാനമായും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍. എന്നിരുന്നാലും നഗരസഭ നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സുസ്ഥിര വികസന കാഴ്ചപ്പാട് പുലര്‍ത്തി പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ നടപ്പിലാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ആര്യ രാജേന്ദ്രന്‍ മേയറായി ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ഏറ്റവും മികച്ച രീതിയിലുള്ള ഒരു ഭരണ നിര്‍വ്വഹണ സംവിധാനമുള്ള നഗരസഭ തന്നെയായിരുന്നു തിരുവനന്തപുരം. മുന്‍കാലങ്ങളില്‍ നഗരസഭയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഭരണസമിതികള്‍ വളരെ മികച്ച രീതിയില്‍ കൃത്യമായ ആസുത്രണത്തോടു കൂടി തന്നെയായിരുന്നു ഭരണ നിര്‍വ്വഹണം നടത്തി പോന്നിരുന്നത്. അതിന്റെ ചുവടു പിടിച്ചു കൊണ്ട് അതിന്റെ തുടര്‍ച്ചയെന്നോണം മുന്‍ ഭരണ സമിതികള്‍ ഉയര്‍ത്തി കൊണ്ടു വന്നതും തുടങ്ങി വെച്ചതുമായ എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുവാന്‍ മേയറുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്.

എല്ലാ മേഖലകളിലേയും ജനവിഭാഗങ്ങള്‍ക്കും കൃത്യമായ പ്രാധിനിധ്യവും അവരിലേക്ക് വികസനവും എത്തിക്കുവാന്‍ ശ്രദ്ധ നല്‍കി. മാലിന്യ സംസ്‌കരണ രംഗത്ത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തി. എല്ലാ വാര്‍ഡുകളിലും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ തുമ്പൂര്‍മുഴികളും കിച്ചണ്‍ ബിന്നുകളും വഴി വീടുകളില്‍ തന്നെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ കഴിഞ്ഞു. അതിനോടെപ്പം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കൃത്യമായി ശേഖരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങളും കൃത്യമായി ശേഖരിച്ചു സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

ലോകം വികസിക്കുന്നതിനൊപ്പം നമ്മുടെ തിരുവനന്തപുരവും നഗരവും വികസിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് നഗരസഭയ്ക്ക് നാളിതുവരെയായി ലഭിച്ചിട്ടുള്ള അന്തര്‍ദേശീയ ദേശീയ അംഗീകാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി, ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്രം പുരസ്‌കാരം എന്നിവ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നഗരസഭയ്ക്ക് ലഭിക്കുകയുണ്ടായി. സ്‌കോച് അവാര്‍ഡ്, പി.എം. സ്വനിധി അവര്‍ഡ് തുടങ്ങിയ ദേശീയ അവാര്‍ഡ് മുതല്‍ ഏറ്റവും ഒടുവില്‍ ലഭിച്ച UN-HABITATന്റെ Sustainable City എന്ന അന്തര്‍ദേശീയ പുരസ്‌കാരം വരെ ലഭിച്ചു എന്നത് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നു എന്നതിന്റെ തെളിവാണ്. വികസനമെന്നുള്ളത് അവസാന അധ്യായമല്ല എന്നതിനാല്‍ തന്നെ വീണ്ടും വീണ്ടും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിന് വേണ്ടി അശ്രാന്തമായ പരിശ്രമമാണ് നഗരസഭ നടത്തി കൊണ്ടിരിക്കുന്നത്.

മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് നഗരസഭയ്ക്ക് പ്രത്യേക ഹെല്‍ത്ത് ഡേ/നൈറ്റ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും മാലിന്യം പൊതുനിരത്തിലോ ജലാശയങ്ങളിലോ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെടുത്തുന്ന വ്യക്തികള്‍ക്ക് ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാന തുക പാരിതോഷികമായി നല്‍കുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തയ്യാറാക്കിയിട്ടുണ്ട്. അതേ പദ്ധതി സാങ്കേതിക മികവോടെ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെടുത്തിയ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പിഴ തുകയുടെ നിശ്ചിത ശതമാനം പിഴ ഈടാക്കുമ്പോള്‍ തന്നെ നേരിട്ട് നിക്ഷേപിക്കുന്ന വെബ് ബേസ്ഡ് ആപ്ലിക്കേഷന്‍ നഗരസഭ തയ്യാറാക്കി വരുന്നു. പരാതി നല്‍കുന്ന വ്യക്തിയുടെ വിവരങ്ങള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ ലഭ്യമാകാത്ത തരത്തിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. ആരുടേയും സ്വകാര്യത ഹനിക്കപ്പെടാതെ വിവരങ്ങള്‍ നഗരസഭയ്ക്ക് കൈമാറുവാനും പരാതിക്കാരന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പാരിതോഷികം ലഭിക്കുന്നതിന് സാധ്യമാകുന്നു.

നിലവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉള്‍പ്പെടെ വികസനത്തിന്റെ എല്ലാ നഴികക്കല്ലുകളിലൂടെയും കടന്നു പോയിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം നഗരം. അതിന്റെ എല്ലാവിധ അടിത്തറയും നഗരസഭ കൈവരിച്ചിട്ടുണ്ട് എന്നാണ് ഭരണ സമിതി വിശ്വസിക്കുന്നത്. ആരോഗ്യം, മാലിന്യ സംസ്‌കരണം, അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ക്ഷേമ പ്രവര്‍ത്തനം, വയോജനക്ഷേമം എന്നീ വിഷയങ്ങളിലെല്ലാം നഗരസഭയ്ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്.

നിലവിലെ ഭരണ സമിതി ചുമതലയേറ്റ നാള്‍ മുതല്‍ ഇതുവരെ ഓരോ വാര്‍ഡിലും ശരാശരി 10 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ തരത്തിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കുവാനുള്ള സംവിധാനങ്ങള്‍ നഗരസഭയ്ക്ക് നിലവിലുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ സീവറേജ് സംവിധാനമാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 107 MLD ശേഷിയുള്ള സീവറേജ് സംസ്‌കരണ പ്ലാന്റാണ് നഗരസഭയ്ക്ക് സ്വന്തമായുള്ളത്. ഇത്ര വലിയ ശേഷിയുള്ള സീവറേജ് സംസ്‌കരണ പ്ലാന്റ് രാജ്യത്ത് തന്നെ വിരലില്‍ എണ്ണാവുന്ന നഗരങ്ങളില്‍ മാത്രമാണുള്ളത്. ഇത് നഗരസഭയുടെ പ്രധാനപ്പെട്ട നേട്ടങ്ങളില്‍ ഒന്നാണ്. അതിനാല്‍ തിരുവനന്തപുരം നഗരത്തിലെ ജലാശയങ്ങള്‍ ഒന്നും തന്നെ മനുഷ്യ വിസര്‍ജ്ജനങ്ങളാല്‍ മലിനപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സഗരസഭയ്ക്കു കഴിയുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ പഠന മുറികളുടെ നിര്‍മ്മാണം, ലാപ്‌ടോപ്പുകളുടെ വിതരണം മറ്റു പഠനോപകരണ വിതരണം എന്നീ പദ്ധതികളിലൂടെ നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ സാധിക്കുന്നുണ്ട്. നഗരസഭ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മറ്റൊരു മേഖലയാണ് വയോജനങ്ങള്‍. ഈ വര്‍ഷം അവസാനത്തോടു കൂടി വയോജനോത്സവം സംഘടിപ്പിക്കുവാനുള്ള കാര്യങ്ങള്‍ നഗരസഭ ആസൂത്രണം ചെയ്തു വരുന്നു. വയോജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികവിന് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം 2024 നഗരസഭയ്ക്ക് ലഭിക്കുകയുണ്ടായി. അത്തരത്തില്‍ വയോജനങ്ങളുമായി സംബന്ധിച്ചു ഒരു സര്‍വേ നടത്തുവാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്. WHOയുടെ മാനദണ്ഡ പ്രകാരം Elders Friendly City ആയി തിരുവനന്തപുരം നഗരത്തെ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. വയോജനങ്ങളുടെ മൊബിലിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും 70 വയസിന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് നഗരസഭയുടെ വൈദ്യുതി വാഹനങ്ങളില്‍ സൗജന്യ യാത്രാ പദ്ധതി തയ്യാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. ഇത്തരത്തില്‍ എല്ലാ മേഖലകളിലൂടെയും വയോജനങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുവാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. അങ്ങനെ സമസ്ത മേഖലകളിലും കൃത്യവും വ്യക്തവുമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കി കൊണ്ട് ഈ ഭരണ സമിതി നാലാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇനി തുടര്‍ന്നുള്ള സമയങ്ങളില്‍ നഗരസഭ ഭരണ സമിതി ആരംഭിച്ചിട്ടുള്ള മുഴുവന്‍ പദ്ധതികളും നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നത്.

പുതിയ ആശയങ്ങള്‍ ആദ്യമായി കേള്‍ക്കുമ്പോള്‍ പല എതിര്‍ സ്വരങ്ങളും സംശയങ്ങളും സ്വാഭാവികമായും ഉണ്ടാകാറുണ്ട്. അത്തരം വെല്ലുവിളികളെ നഗരസഭ ഭരണ സമിതിയുടെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കൃത്യമായ ആസൂത്രണത്തിലൂടെ കൃത്യമായ ടീം വര്‍ക്കിലൂടെയും ഓരോ പദ്ധതികള്‍ വിഭാവനം ചെയ്ത തരത്തില്‍ തന്നെ നടപ്പിലാക്കാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. അത്തരത്തില്‍ നഗരസഭ എല്ലാ വെല്ലുവിളികളും നല്ല രീതിയില്‍ തന്നെ നേരിടുകയും അത് വിജയിക്കുകയും ചെയ്തു.

തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ചിടത്തോളം സുസ്ഥിര വികസന കാഴ്ചപ്പാടോടുകൂടിയുള്ള പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ നല്ല രീതിയിലുള്ള പിന്തുണ തന്നെയാണ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ നിന്നും ചില വെല്ലുവിളികളും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ദൃഢമായ ലക്ഷ്യബോധം അത്തരം വെല്ലുവിളികളെ അതിജീവിച്ച് കൃത്യമായി പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തിയും ആത്മവിശ്വാസവും വീണ്ടെടുത്തു.

കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്താകെ മാതൃകയാക്കാവുന്ന രീതിയിലാണ് നടപ്പിലാക്കിയിട്ടുള്ളത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ക്കും വിധേയമായിട്ടാണ് പദ്ധതികള്‍ വിഭാവന ചെയ്തു നടപ്പിലാക്കുന്നത്. അതിനാല്‍ തന്നെ ഒരു താരതമ്യം ആവശ്യമില്ല. എന്നിരുന്നാലും എല്ലാ നഗരങ്ങളും എല്ലാ നഗരസഭകളും അവരുടെ നഗരത്തിന് ആവശ്യമായ ഏറ്റവും മികച്ച പദ്ധതികള്‍ ഏറ്റെടുത്ത് വളരെ വിജയകരമായ പൂര്‍ത്തീകരിച്ചു മുന്നേറുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തി വരുകയാണ്, ആര്യ രാജേന്ദ്രന്‍ പറഞ്ഞു നിറുത്തി.

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *