Jess Varkey Thuruthel
കേരളത്തിലെ ആരോഗ്യമേഖല ലോകത്തിനു തന്നെ മാതൃകയാണ് എന്നാണ് സര്‍ക്കാരിന്റെ വ്യാപകമായ പ്രചാരണം. പക്ഷേ, ഇവിടെ വ്യാജ ഡോക്ടര്‍മാര്‍ പെരുകുമ്പോഴും യാതൊരു നടപടിയും കൈക്കൊള്ളാതെ ജനങ്ങളെ തീരാ ദുരിതത്തിലേക്കും തോരാ കണ്ണീരിലേക്കും മരണത്തിലേക്കും എറിഞ്ഞിട്ടുകൊടുത്ത് കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് സര്‍ക്കാര്‍! എന്നിട്ടും പറയുന്നു നമ്മുടെ ആരോഗ്യമേഖല ലോകത്തിനുതന്നെ മാതൃകയാണെന്ന്!
കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ മുരുകേശ്വരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു ശേഷം കേരളത്തിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനായി ജി പി എ (General Practitioners Association) ഒരു ക്വാക് സെല്‍ രൂപീകരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം ഇവിടേക്ക് വന്നത് അമ്പതിലേറെ പരാതികളാണ്. അതായത്, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് വ്യാജ ഡോക്ടര്‍മാര്‍ പെരുകിയിരിക്കുന്നു എന്നര്‍ത്ഥം. ഇത്തരക്കാരുടെ ചികിത്സ മൂലം കരളും വൃക്കയും തകര്‍ന്ന് ദുരിത ജീവിതത്തിലേക്ക് എടുത്തെറിയപ്പെടുന്നവര്‍ നിരവധിയാണെന്ന്! എന്നിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാതെ അതീവ ലാഘവത്തോടെയാണ് ഭരണസംവിധാനം ഈ കാര്യം കൈകാര്യം ചെയ്യുന്നതെന്ന്!!
‘വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തുന്നതിനായി രണ്ടാഴ്ച മുമ്പാണ് ക്വാക് സെല്‍ രൂപീകരിച്ചത്. അതിനു ശേഷം ഞങ്ങള്‍ക്കു ലഭിച്ചത് അമ്പതിലേറെ പരാതികളാണ്. പക്ഷേ, ഈ ഡോക്ടര്‍മാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം നമ്മുടെ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന് ഇല്ല. കേരളത്തില്‍ നിന്നും 2019 നു ശേഷം എം ബി ബി എസ് പാസായിട്ടുള്ളവരുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന് ഉണ്ടായ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും, ഉദാഹരണത്തിന് തമിഴ്‌നാട്ടിലെ മെഡിക്കല്‍ കൗണ്‍സില്‍ പോര്‍ട്ടലില്‍, ഡോക്ടര്‍ സേര്‍ച്ച് എന്നൊരു ഓപ്ഷനുണ്ടാവും. ഏതെങ്കിലുമൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇവിടെ കൊടുത്താല്‍ ആ ഡോക്ടറുടെ ഫോട്ടോ ഉള്‍പ്പടെ എല്ലാ വിശദാംശങ്ങളും കിട്ടും. പക്ഷേ, കേരളത്തില്‍ അങ്ങനെയൊരു സംവിധാനമില്ല. കേരളത്തെക്കാള്‍ വലിയൊരു സംസ്ഥാനമാണ് തമിഴ്‌നാട്, ഇവിടെ പാസാകുന്നതിനെക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ അവിടെ പാസാകുന്നുമുണ്ട്. എന്നിട്ടും എല്ലാ ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ ആ വെബ്‌സൈറ്റില്‍ അവര്‍ നല്‍കുന്നുണ്ട്. പക്ഷേ, കേരളത്തില്‍ അതു നടക്കുന്നില്ല. ഞങ്ങള്‍ക്കു കിട്ടുന്ന പരാതികള്‍ അതാതു പ്രദേശത്തെ എസ് എച്ച് ഒ യ്ക്കും ഡി എം ഒയ്ക്കും അയക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്,’ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പറഞ്ഞു.
രോഗിക്ക് ഡോക്ടര്‍ ഒരു മരുന്ന് കുറിച്ചു നല്‍കിയാല്‍, അതിന്റെ താഴെ ഒപ്പിന്റെ കൂട്ടത്തില്‍ പേരും രജിസ്‌ട്രേഷന്‍ നമ്പറും എഴുതണമെന്നാണ് നിയമം. വ്യാജമായി പ്രാക്ടീസ് ചെയ്യുന്നവര്‍ പ്രിസ്‌ക്രിപ്ഷന്റെ താഴെ പേരോ മറ്റു വിവരങ്ങളോ നല്‍കില്ല. പകരം വെറുതെ എന്തെങ്കിലുമൊരു വര വരച്ച് ഒപ്പിട്ടു വയ്ക്കുകയേയുള്ളു. താന്‍ വ്യാജനല്ല എന്നു തെളിയിക്കാനും രോഗികള്‍ക്കിടയില്‍ തന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനുമായി മുരുകേശ്വരി തന്റെ പേരും രജിസ്‌ട്രേഷന്‍ നമ്പറുമുള്ള സീല്‍ എല്ലാ പ്രിസ്‌ക്രിപ്ഷനിലും നല്‍കിയിരുന്നു. അങ്ങനെയാണ് അവരെ കണ്ടുപിടിക്കാനും കുടുക്കാനും കഴിഞ്ഞത്. അവര്‍ എഴുതിയിരിക്കുന്ന മരണസര്‍ട്ടിഫിക്കറ്റില്‍പ്പോലും പിഴവുകളാണ്. അവരുടെ അമിത ആത്മവിശ്വാസമാണ് അവരെ കുടുക്കിയത്.
‘സാങ്കേതിക വിദ്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന്. എന്നിട്ടു പോലും ഒരു ഡോക്ടറുടെ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം ഇവിടെ ഇല്ല എന്നത് വളരെ പരിതാപകരമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഒരാള്‍ എം ബി ബി എസ് പാസായാല്‍, രജിസ്‌ട്രേഷനു വേണ്ടി അതത് മെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ കയറി അപേക്ഷിച്ച് അതിനുള്ള ഫീസ് അടയ്ക്കുക. അവര്‍ക്ക് ആ വെബ്‌സൈറ്റില്‍ നിന്നു തന്നെ ഒരു സ്ലോട്ട് എടുക്കാന്‍ സാധിക്കും. അവിടെ, അപേക്ഷകന്റെ സൗകര്യാര്‍ത്ഥം ഒരു തീയതി തെരഞ്ഞെടുക്കാന്‍ സാധിക്കും. ആ ദിവസം മെഡിക്കല്‍ കൗണ്‍സിലില്‍ ചെന്ന് അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലിനു മുന്നില്‍ കാണിച്ചാല്‍, അന്നു വൈകിട്ടു തന്നെ രജിസ്‌ട്രേഷനുമായി അവര്‍ക്കു വീട്ടില്‍ പോകാം. തമിഴ്‌നാടും കര്‍ണാടകയും പോലുള്ള സംസ്ഥാനങ്ങളില്‍ ഇതാണ് നിലവിലുള്ളത്. എന്നാല്‍ കേരളത്തിലാകട്ടെ, ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയ പേപ്പറുകളുമായി തിരുവനന്തപുരത്ത് എത്തണം. അവിടെ മെഡിക്കല്‍ കൗണ്‍സിലില്‍ ഒരു ബോക്‌സുണ്ട്, ഈ പേപ്പറുകള്‍ അടങ്ങിയ കവര്‍ അവിടെ നിക്ഷേപിക്കണം. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് ഇതില്‍ തീരുമാനമുണ്ടാകുന്നത്. വിദേശത്തു നിന്നും പഠിച്ചെത്തുന്ന കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ 9 മുതല്‍ 15 മാസം വരെ എടുക്കുന്നുണ്ട്. അവര്‍ ഇവിടെ വന്ന് എഫ് എം ജി ഇ പാസായി ഇന്റേണ്‍ഷിപ്പും ചെയ്ത് അപേക്ഷിച്ചിട്ട് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ഒരു വര്‍ഷവും ഒന്നര വര്‍ഷവും വരെ എടുക്കുന്നത്! ഈ നമ്പര്‍ കിട്ടാതെ പ്രാക്ടീസ് ചെയ്യുന്നത് നിയമ വിരുദ്ധമാണ്. രജിസ്‌ട്രേഷന്‍ കിട്ടാന്‍ വൈകുമ്പോള്‍ പലരും ക്ഷമ നശിച്ച് പ്രാക്ടീസ് തുടങ്ങും. പക്ഷേ, ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നതും നിയമ വിരുദ്ധമാണ്. കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ ഒരു ഫോണ്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൊബൈല്‍ നമ്പറുകളാണ് ഇപ്പോഴും ഈ വെബ്‌സൈറ്റില്‍ ഉള്ളത് എന്നത് പരമ ദയനീയമാണ്. മറ്റു ജില്ലകളിലുള്ള ഒരാള്‍ക്ക് രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ അറിയാന്‍ തിരുവനന്തപുരം വരെ വരേണ്ട അവസ്ഥയാണുള്ളത്.
മതിയായ വിദ്യാഭ്യാസ യോഗ്യതയോ പരിശീലനമോ ഇല്ലാത്ത, രജിസ്ട്രേഷനില്ലാത്ത എത്രപേര്‍ കേരളത്തില്‍ ഡോക്ടറായി ജോലി നോക്കുന്നുണ്ട് എന്നറിയാനും കൃത്യമായ സംവിധാനം കേരളത്തിനില്ല. എത്ര പേരാണ് എം ബി ബി എസ് പഠനം നടത്തുന്നതെന്നോ പാസായവര്‍ എത്രയാണെന്നോ തോറ്റവര്‍ എത്രയാണെന്നോ ഉള്ളതിനും കൃത്യമായ കണക്കുകളില്ല. കേരളത്തിനു വെളിയിലേക്ക് എം ബി ബി എസ് പഠനത്തിനായി നിരവധി പേരാണ് പോകുന്നത്. പാസായോ അല്ലാതെയോ അവര്‍ മടങ്ങിയെത്തുന്നു. ഈ കണക്കുകള്‍ എത്രയാണെന്നു ചോദിച്ചാലും ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തും.
കേരളത്തിലെ 92 ആശുത്രികളില്‍ പ്രതിമാസം 40,000 രോഗികള്‍ക്ക് ഹീമോ ഡയാലിസിസ് നല്‍കാനുള്ള സൗകര്യമൊരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് 2022 ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. കരള്‍ തകര്‍ന്നു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും ക്രമാധീതമായി കൂടിയിരിക്കുകയാണ്. ഓരോ മാരക രോഗത്തിനും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ജീവിത ശൈലിയെയും വിഷ ഭക്ഷ്യവസ്തുക്കളും മറ്റുമാണ്. പക്ഷേ, വ്യാജ ചികിത്സകര്‍ കൊടുക്കുന്ന മരുന്നുകള്‍ കഴിച്ച് കരളും വൃക്കയും തകര്‍ന്നു പോകുന്നതിനെക്കുറിച്ച് ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നതു പോലുമില്ല! മരുന്നുകഴിക്കുന്ന മാത്രയില്‍ രോഗത്തില്‍ നിന്നും മുക്തി ലഭിക്കുന്ന രോഗി അതേക്കുറിച്ചു കൂടുതല്‍ ചിന്തിക്കുന്നതുമില്ല. ഇന്നിപ്പോള്‍ സ്വന്തം വീട്ടിലോ തൊട്ടയല്‍പക്കത്തോ ഒരു മാരക രോഗി ഉണ്ടെന്നതാണ് അവസ്ഥ. മരുന്നുകളുടെ ഉപയോഗം മാത്രം ഒരുമനുഷ്യനെ ഇത്തരം കരള്‍, വൃക്ക രോഗികളാക്കി മാറ്റാമെന്ന കാര്യം ഇവിടുത്തെ വൈദ്യ ശാസ്ത്രം പോലും മിണ്ടുന്നില്ല. പിന്നെ സാധാരണ ജനത്തിന് എങ്ങനെ ഇതിനെക്കുറിച്ച് അറിവുണ്ടാവാനാണ്? വ്യാജ ഡോക്ടര്‍ മുരുകേശ്വരിയുടെ വാര്‍ത്ത തമസോമ പുറത്തു വിട്ടപ്പോള്‍, അവര്‍ ചങ്കും കരളും വൃക്കയുമൊന്നും മുറിച്ചെടുത്തു കച്ചവടം ചെയ്തില്ലല്ലോ എന്നതായിരുന്നു പലരുടെയും പ്രതികരണം. തങ്ങളുടെ വൃക്കയെയും കരളിനെയും തകര്‍ത്തെറിഞ്ഞ് നിത്യദുരിതവും മരണവും സമ്മാനിക്കത്തക്ക മരുന്നുകളാണ് അവര്‍ തങ്ങള്‍ക്കു തന്നതെന്ന സത്യം ഈ മനുഷ്യര്‍ മനസിലാക്കാത്തതെന്ത്്?
കരളോ വൃക്കയോ തകര്‍ന്നാല്‍ അതിനു തക്ക ചികിത്സ കിട്ടുന്ന ആശുപത്രികള്‍ തേടി ഇവര്‍ പോകും. ഈ രോഗം എങ്ങനെവന്നു എന്നതില്‍ കാര്യമായ അന്വേഷണങ്ങള്‍ നടക്കുന്നില്ല. ഇനി അഥവാ നടത്തിയാല്‍ത്തന്നെ, രോഗിയുടെ ജീവിത ശൈലിയും വിഷഭക്ഷണവും മറ്റുമാകും പ്രതിക്കൂട്ടിലാവുക. അല്ലാതെ, വ്യാജ ഡോക്ടര്‍മാരുടെ തെറ്റായ ചികിത്സാ രീതികൊണ്ടു സംഭവിച്ചതാണോ എന്നതിനെക്കുറിച്ച് ആരന്വേഷിക്കാനാണ്? കൂടുതല്‍ക്കൂടുതല്‍ മദ്യം വിറ്റ് ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ത്തെറിഞ്ഞും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഭരിക്കുന്ന സര്‍ക്കാരിന് ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ല. വൃക്കയോ കരളോ തകര്‍ന്നാലെന്ത്, ജനങ്ങള്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗികളായി മാറിയാലെന്ത്?? പുതിയ പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറക്കുന്നില്ലേ. ഡയാലിസിസ് സൗജന്യമായി വീട്ടില്‍ത്തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടല്ലോ. കൂടുതല്‍ക്കൂടുതല്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടല്ലോ. പിന്നെ ജനങ്ങളെന്തിന് ആവലാതിപ്പെടണം എന്ന ചിന്തയാണ് സര്‍ക്കാരിന്.
ലൈഫ് കെയറില്‍ മുരുകേശ്വരി എന്ന വ്യാജ ഡോക്ടര്‍മാത്രമല്ല ഉണ്ടായിരുന്നത്. പാര്‍വ്വതി സുരേന്ദ്രന്‍ എന്ന മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. തന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇവര്‍ ഇവിടെ ജോലി ചെയ്യുന്നതെന്ന് ആശുപത്രി ഉടമയായ സമദ് യുവ ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതുപോലുള്ള വ്യാജ ചികിത്സകരെ പിടികൂടിയാല്‍ ആ ആശുപത്രി അടിയന്തിരമായി അടച്ചു പൂട്ടുകയാണ് വേണ്ടത്. അത്രയ്ക്കും മാരകമായ കുറ്റം ചെയ്തിട്ടുള്ള ഒരു വ്യക്തി ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ല. പക്ഷേ, ലൈഫ് കെയര്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യമേഖലയില്‍ ജീവനക്കാരെ എടുക്കുന്നത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിനും വൈദ്യരംഗത്തിനും കഴിയണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റുകള്‍, മറ്റു ടെക്നീഷ്യന്‍സ് എന്നിവരെയെല്ലാം യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ജോലിക്കെടുക്കാവൂ.
കേരളത്തില്‍ എത്രയോ പിഞ്ചുകുഞ്ഞുങ്ങളുടെ വൃക്കയും കരളുമാണ് തകര്‍ന്നിട്ടുള്ളത്! ഇതെല്ലാം മദ്യപാനം കൊണ്ടോ ജീവിത ശൈലി കൊണ്ടോ ഉണ്ടായതല്ല. മറിച്ച് ഇവിടെയുള്ള വ്യാജ ഡോക്ടര്‍മാരുടെ ചികിത്സയുടെ പരിണിത ഫലമാണ്. അത് ആയുര്‍വ്വേദമോ അലോപ്പതിയോ ഹോമിയോ സിദ്ധ മര്‍മ്മ പഞ്ചകര്‍മ്മ നാച്ചുറോപ്പതി എന്നിങ്ങനെ എന്തു തന്നെ ആയാലും കളിക്കുന്നത് ജനങ്ങളുടെ ആരോഗ്യം വച്ചാണ്. ഇതിനെതിരെ ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. എല്ലാ ആശുപത്രിയിലും കൃത്യമായ ഓഡിറ്റ് നടത്തണം, ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മതിയായ യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും ഉള്ളവരാണെന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം കേരളം മാരക രോഗികളെക്കൊണ്ടു നിറയുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
ഇന്ത്യയ്ക്കു വെളിയില്‍ ജോലി തേടിപ്പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി അതാതു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പ്രത്യേകം പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് മറ്റൊരു രാജ്യത്തു ജോലി ചെയ്യുവാന്‍ കഴിയുകയുളളു. ഇതിന്റെ ആദ്യപടിയായി സര്‍ട്ടിഫിക്കറ്റുകളെല്ലാം ഡാറ്റാ ഫ്ളോയ്ക്കു വിടണം. അതിനു ശേഷം ഉദ്യോഗാര്‍ത്ഥി ജോലി ചെയ്തിരുന്ന എല്ലാ സ്ഥാപനങ്ങളിലും അന്വേഷണം നടത്തും. ഹാജര്‍ബുക്ക് ഉള്‍പ്പടെ പരിശോധനകള്‍ക്കു വിധേയമാക്കി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനായി പരീക്ഷകളും നടത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു രാജ്യങ്ങളില്‍ ജീവനക്കാരെ എടുക്കുകയുള്ളു. കാരണം, ഈ രാജ്യത്തുള്ള ഗവണ്‍മെന്റുകള്‍ക്കറിയാം, ഈ ജനങ്ങളുടെ ആരോഗ്യമാണ് ജീവനക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന്. തങ്ങളുടെ നാട്ടിലെ പൗരന്മാരുടെ ആരോഗ്യത്തിനും ജീവനും ജീവിതത്തിനും വലിയ പ്രാധാന്യം നല്‍കുന്നവരാണ് അവര്‍. അതിനാല്‍, ഈ പരിശോധനകളില്‍ യാതൊരു പിഴവും വരുത്താന്‍ അവര്‍ തയ്യാറാവില്ല. എന്നാല്‍ ഇവിടെയാകട്ടെ, ജനങ്ങള്‍ രോഗികളായാലും ചത്തൊടുങ്ങിയാലും മാഫിയകളുടെ കൈയില്‍ നിന്നും പണം കിട്ടിയാല്‍ മതിയെന്ന ചിന്തയാണ്.
ഇന്ത്യയ്ക്കു വെളിയില്‍ ജോലി ചെയ്യാന്‍ യോഗ്യത നേടാനായി നമ്മുടെ നഴ്സുമാര്‍ക്കും മറ്റും കഠിന പരിശ്രമം ചെയ്തു പഠിക്കാമെങ്കില്‍, എന്തുകൊണ്ടാണ് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഇത്തരം ടെസ്റ്റ് പാസായിരിക്കണം എന്ന നിയമം കൊണ്ടുവരാത്തത്? വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവും പഠിക്കാത്തവരും പരീക്ഷ പാസാകാത്തവരുമെല്ലാം കള്ളസര്‍ട്ടിഫിക്കറ്റില്‍ ജോലികളില്‍ പ്രവേശിക്കുന്നതിനു തടയിടാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ഒരു രാജ്യത്തിന്റെ സമ്പത്ത് ആ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്, അല്ലാതെ പണത്തിലല്ല. ജനങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണ്ണമായിരിക്കം. അത് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരാണ്. അതിനാല്‍, ആരോഗ്യമേഖലയിലെ കള്ളനാണയങ്ങളെയും മാഫിയകളെയും പിടികൂടാനും തക്ക ശിക്ഷ നല്‍കാനും സര്‍ക്കാരിനു ചങ്കുറപ്പുണ്ടാവണം. അതു ചെയ്യാതെ, ആരോഗ്യമേഖലയില്‍ കേരളം ലോകത്തിനു മാതൃകയാണെന്ന സ്തുതി പാടല്‍ ചെലവാകുന്നത് വിഡ്ഡികളുടെ മൂഢസ്വര്‍ഗ്ഗത്തില്‍ മാത്രമായിരിക്കും.