ആര്‍ത്തവ രക്തത്തെ ഈ ആധുനിക യുഗത്തിലും അടയാളപ്പെടുത്തുന്നത് ചുവപ്പു നിറം കൊണ്ടല്ല, മറിച്ച് നീലനിറം കൊണ്ടാണ്. സംശയമുണ്ടെങ്കില്‍ സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കുക, നിങ്ങള്‍ക്കതു മനസിലാകും.
ഇതൊരു സാധാരണ ജൈവപ്രക്രിയയാണെന്നു പോലും മനസിലാക്കാതെ, സ്ത്രീയായി പിറന്നതിലുള്ള ദൈവശിക്ഷയാണ് ആര്‍ത്തവമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നുമുണ്ട് ഇന്ത്യയില്‍ എന്നറിയുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും.
ഇന്ത്യയില്‍ ഓരോ വര്‍ഷവും സ്‌കൂള്‍ കാലത്തു തന്നെ പഠനം അവസാനിപ്പിക്കുന്ന 23 ദശലക്ഷം പെണ്‍കുട്ടികളാണുള്ളത്. ഇങ്ങനെ പഠനം അവസാനിപ്പിക്കുവാനുള്ള ഒരേയൊരു കാരണമേയുള്ളു, ആര്‍ത്തവാരംഭവും അതു കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവവും.
വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവമാണ് ഒട്ടു മിക്ക സ്‌കൂളിന്റെയും പ്രശ്‌നം. ആര്‍ത്തവ ദിവസങ്ങള്‍ ശരീരം ശുചിയായി സൂക്ഷിക്കാന്‍ വെള്ളം അത്യന്താപേക്ഷിതമാണെന്നിരിക്കെ, ഒട്ടു മിക്ക സ്‌കൂളുകളിലും തുള്ളിവെള്ളം പോലും ലഭ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പല സ്‌കൂളുകളിലും നല്ലൊരു ടോയ്‌ലറ്റ് പോലും ഉണ്ടായിരിക്കില്ല. ചില സ്‌കൂളുകളിലാകട്ടെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ ടോയ്‌ലറ്റുകളും ഉണ്ടാകാറില്ല.
സച്ച് ഭാരത് അഭിയാന്‍ എന്ന് നമ്മുടെ നാട് അഭിമാനപൂര്‍വ്വം പറയുമ്പോഴും പെണ്‍കുട്ടികളുടെ ആര്‍ത്തവകാലത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. Menstrual Health Management (MHM) അഥവാ ആര്‍ത്തവ ദിനത്തിലെ ആരോഗ്യപരിപാലനത്തെക്കുറിച്ച് യാതൊന്നും അറിയാത്ത സര്‍ക്കാരുകളാണ് നമുക്കുള്ളത്. സ്‌കൂളുകളുടെ സ്ഥിതി ഇതാണെങ്കില്‍, നാടിന്റെ അഭിമാനമായി വാഴ്ത്തുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കൊന്നു കണ്ണോടിക്കുക. ആര്‍ത്തവ ദിന ആരോഗ്യപരിപാലനത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ രേഖകള്‍ എന്തെന്നു പോലും അവര്‍ക്കറിയില്ല.
ആര്‍ത്തവം എന്ന പ്രതിബന്ധം
സ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കുന്ന 23 ദശലക്ഷം പെണ്‍കുട്ടികളാണ് ഇന്ത്യയിലുള്ളതെന്നത് ഒരു ഞെട്ടിപ്പിക്കുന്ന കണക്കാണ്. ആര്‍ത്തവ ദിനത്തിന്റെ ആരംഭത്തില്‍ പല കുടുംബങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ട്. അവര്‍ പ്രത്യുല്‍പാദനത്തിനുള്ള പ്രായത്തിലേക്ക് എത്തിപ്പെട്ടു എന്നത് ഒരു കാരണമാണ്. പക്ഷേ, അതിനേക്കാള്‍ ശക്തമായ കാരണമാണ് സ്‌കൂളുകളില്‍ നല്ല ടോയ്‌ലറ്റുകള്‍ ഇല്ല എന്നത്.
നഗരങ്ങളില്‍ സ്‌കൂളുകള്‍ വീടിനടുത്താണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വളരെയേറെ കഷ്ടതകളാണ് സഹിക്കേണ്ടി വരുന്നത്. കിലോമീറ്ററുകളോളം യാത്ര ചെയ്താല്‍ മാത്രമേ അവര്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുകയുള്ളു.
സ്‌കൂളിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ സര്‍ക്കാരുകള്‍ കുട്ടികള്‍ക്ക് സൈക്കിളുകള്‍ നല്‍കാറുണ്ട്. നല്ല കാര്യം. പക്ഷേ, അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ അവര്‍ക്കു നല്‍കാന്‍ എത്ര സ്‌കൂളുകള്‍ക്കു കഴിയുന്നുണ്ട്…?? ഏതു സര്‍ക്കാരാണ് ഈ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അടിസ്ഥാനപരമായ കാര്യങ്ങളിലും ജാഗ്രതയുള്ളവര്‍?
സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്ല രീതിയില്‍ ക്ലാസ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ ടോയ്‌ലറ്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പരിതപിച്ചിട്ട് എന്താണു കാര്യം…??
ഇന്ത്യയിലെ 71 ശതമാനം പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെക്കുറിച്ചു യാതൊന്നും അറിയില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ശരിയായ രീതിയില്‍ അവര്‍ക്ക് അറിവു പകര്‍ന്നു കൊടുക്കാന്‍ പോലും ആരുമില്ല. ആര്‍ത്തവകാലത്തെക്കുറിച്ചും ശരീര ശുദ്ധിയെക്കുറിച്ചും തുറന്നൊരു ചര്‍ച്ചയാണ് ഇവിടെ ആവശ്യം. പക്ഷേ, അതേക്കുറിച്ച് പറയുന്നതു പോലും നിഷിദ്ധമായ ഒരു സമൂഹത്തില്‍ എങ്ങനെയാണ് തുറന്ന ചര്‍ച്ചകള്‍ സാധ്യമാകുന്നത്…??
സ്‌കൂളുകളുടെ മാത്രമല്ല, കോളജുകളുടെ സ്ഥിതിയും ദയനീയമാണ്
ആര്‍ത്തവദിന ആരോഗ്യപരിപാലനത്തിലെ ഏറ്റവും പ്രധാനമായ കാര്യങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത. കോളജുകളില്‍ പലയിടത്തും സാനിറ്ററി പാഡിനുള്ള വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും ഇതൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് ഉപകരിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ആര്‍ത്തവം ചലനസ്വാന്ത്ര്യത്തെ കാര്യമായി ബാധിക്കുന്നു. ലീക്കാകുമോ എന്നുള്ള പേടിയും ടോയ്‌ലറ്റുകളില്‍ വെള്ളമില്ലാത്ത അവസ്ഥയും മൂലം ആ ദിവസങ്ങളില്‍ ക്ലാസുകള്‍ മുടക്കുകയാണ് മിക്ക പെണ്‍കുട്ടികളും. വിദ്യാര്‍ത്ഥികള്‍ക്കായി ടോയ്‌ലറ്റുകള്‍ പണിതു എന്നു പറഞ്ഞതു കൊണ്ടായില്ല. ആ ടോയ്‌ലറ്റ് അവര്‍ക്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ എന്നതാണ് പ്രധാനം.
രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വച്ഛ റാങ്കിംഗ് അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴില്‍ വരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല.
ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ വരാത്ത പെണ്‍കുട്ടികള്‍ അതിലേറെ കഷ്ടപ്പെടുകയാണ്. പെട്ടെന്നുണ്ടാകുന്ന ആര്‍ത്തവങ്ങളില്‍ കൈയില്‍ പാഡു പോലും കരുതിയിട്ടുണ്ടാവില്ല. വെന്‍ഡിംഗ് മെഷീനില്‍ പോലും പാഡുണ്ടായിക്കൊള്ളണമെന്നില്ല. പെണ്‍കുട്ടികള്‍ നേരിടുന്ന ഈ പ്രശ്‌നം ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോ സര്‍ക്കാരോ വേണ്ടത്ര ശ്രദ്ധ കാണിക്കാറുമില്ല.
ആര്‍ത്തവമെന്നത് ശാരീരിക ശുചിത്വവമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. അത് ഒരു സ്ത്രീയുടെ അന്തസും സ്വകാര്യതയും ആശ്വാസകരമായ നിമിഷങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ത്തവകാലം മാനസിക പിരിമുറുക്കങ്ങളില്ലാതെ താണ്ടുവാന്‍ ആര്‍ത്തവ സൗഹൃദ ടോയ്‌ലറ്റുകള്‍ കൂടിയേ തീരൂ. പക്ഷേ, ആവശ്യത്തിനു വെള്ളമോ, വെള്ളമെടുക്കാനൊരു കപ്പോ നല്ല രീതിയില്‍ അടയ്ക്കാവുന്ന ഒരു വാതിലോ ആവശ്യത്തിനു ടോയ്‌ലറ്റുകളോ ഉണ്ടാകാറില്ല. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ആര്‍ത്തവ ദിനങ്ങളില്‍ പഠിക്കാനായി സ്ഥാപനങ്ങളിലേക്കു പോകുന്നതിനേക്കാള്‍ നല്ലത് വീട്ടിലിരിക്കുകയാണെന്നു ചിന്തിക്കുന്ന പെണ്‍കുട്ടികളാണ് ഏറെയും.
ആര്‍ത്തവത്തെക്കുറിച്ചു സംസാരിക്കുന്നതു പോലും വിലക്കുള്ള നാട്ടില്‍…..
ആര്‍ത്തവത്തെക്കുറിച്ചു ചിന്തിക്കുന്നതു പോലും പാപമാണെന്നു ചിന്തിക്കുന്ന മനുഷ്യരുള്ള നാടാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. ആര്‍ത്തവ സമയത്ത് ഉപയോഗിച്ച പാഡോ തുണിയോ നായ മണത്തു നോക്കിയാല്‍ ആ പെണ്ണിനു വിവാഹമേ ഉണ്ടാവില്ലെന്ന വിശ്വാസമാണ് പലര്‍ക്കുമെന്ന് പാഡ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അരുണാചലം മുരുഗാനന്ദം പറഞ്ഞു. ആര്‍ത്തവകാലത്ത് സൂര്യനസ്തമിച്ച ശേഷം പുറത്തിറങ്ങുന്ന സ്ത്രീകളുടെ കാഴ്ച നഷ്ടപ്പെടുമെന്നു വിശ്വസിക്കുന്ന വില്ലേജുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഓരോ മാസവും ആര്‍ത്തവത്തിലൂടെ കടന്നുപോകുന്നത് 355 ദശലക്ഷത്തിലേറെ സ്ത്രീകളാണ്. പക്ഷേ, ആരോഗ്യകരമായ രീതിയില്‍ ഈ ആര്‍ത്തവത്തെ കൈകാര്യം ചെയ്യുന്ന 36 ശതമാനം സ്ത്രീകള്‍ മാത്രമേയുള്ളു. ആര്‍ത്തകാല ആരോഗ്യപരിപാലന മാര്‍ഗ്ഗങ്ങളുടെ അഭാവവും അറിവില്ലായ്മയും മൂലം ഇവര്‍ക്ക് വൃത്തിഹീനമായ മാര്‍ഗ്ഗങ്ങളിലൂടെ ഒഴുകിവരുന്ന രക്തത്തെ നിയന്ത്രിക്കേണ്ടതായി വരുന്നു. ആര്‍ത്തവത്തിലെത്തിയ പെണ്‍കുട്ടികളുടെ പഠിപ്പവസാനിപ്പിച്ച് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയക്കുന്നവരുമുണ്ട്.
ആര്‍ത്തവമെന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു തെറ്റി. ഇതൊരു രാജ്യത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നമാണ്. സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയ്ക്കു പുരോഗതി പ്രാപിക്കാന്‍ കഴിയുകയുള്ളു. അതിനാല്‍, ആര്‍ത്തവകാല പരിരക്ഷ ആരോഗ്യപ്രദമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ തീരൂ. ആര്‍ത്തവകാലം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ വസ്തുക്കളും അവര്‍ക്കു നല്‍കിയേ തീരൂ. ആര്‍ത്തവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്ത്രീകള്‍ മാത്രം നടത്തേണ്ടതല്ല. മറിച്ച് ഈ ചര്‍ച്ചകളില്‍ അച്ഛനും സഹോദരനും സുഹൃത്തും പങ്കാളിയും സഹപ്രവര്‍ത്തകരും ബന്ധുക്കളും എല്ലാവരും പങ്കാളികളായേ മതിയാകൂ.
………………………………………………………………………………………………………..