Jess Varkey Thuruthel
മലയാള സിനിമയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിച്ച ആര്‍ട്ടിസ്റ്റ് മീനു മുനീറിനു (Minu Muneer) നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി. ജോണ്‍ എബ്രാഹാം എന്ന എഫ് ബി അക്കൗണ്ടില്‍ നിന്നാണ് ഭീഷണി മെസേജുകള്‍. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ മറ്റൊരു പ്രമുഖ നടിയുടെ പേരുകൂടി പരാമര്‍ശിക്കപ്പെട്ടിരുന്നു. അതിന്റെ പേരിലാണ് മീനു മുനീറിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ‘തനിക്ക് ഉള്ള പണി ഞാന്‍ തരാം. കരുതി ഇരുന്നോ. തന്നെ പൊക്കാന്‍ വെറും മിനിറ്റുകള്‍ മതി എനിക്ക്. എന്നെക്കൊണ്ട് അതു ചെയ്യിക്കരുത്. വായ ഉള്ളതു കൊണ്ടല്ലേ സംസാരിക്കുന്നേ. തല പോയാല്‍പ്പിന്നെ സംസാരിക്കില്ലല്ലോ. സൂക്ഷിച്ചാല്‍ തനിക്കു കൊള്ളാം. എന്നെക്കൊണ്ട് ഇനി മെസേജ് ചെയ്യിക്കരുത്. കേട്ടല്ലോ. ഇനിയെങ്ങാനും അവരെ കുറിച്ച് തന്റെ സംസാരം എവിടേലും കേട്ടാല്‍ പിന്നെ തന്നെ ആരും കാണില്ല. തലയില്ലാത്ത ശവം കടലില്‍ പൊങ്ങും. ഇന്നത്തോടെ നിറുത്തിക്കോ.’ ഇത്തരത്തിലെല്ലാമാണ് ഭീഷണി.
നടന്മാരായ സിദ്ധിക്ക്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു, ബാലചന്ദ്രമേനോന്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി പേര്‍ക്കെതിരെ ലൈംഗികാരോപണം ഉള്‍പ്പടെ മീനു മുനീര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ നിരവധി ഭീഷണികളും ഇവരെ തേടി എത്തുന്നുണ്ട്.
‘ഇവിടെ നിയമം ഉണ്ട് എന്ന് കൂടി ഇവനെ പോലുള്ളവര്‍ അറിയണമല്ലോ. നിയമപാലകര്‍ കണ്ണുപൊട്ടന്മാര്‍ അല്ലെന്നും. ഇവിടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉണ്ടന്ന് കൂടി ഇങ്ങനെ ഉള്ള ഗുണ്ടകള്‍ അറിയണമല്ലോ. പ്രമുഖര്‍ക്കു കാശിന്റെ മേലെ എന്ത് തോന്നിവാസവും ചെയ്യാം എന്നുള്ളത് പണ്ടായിരുന്നു. ഇത് ഡിജിറ്റല്‍ വേള്‍ഡ് ആണ്. 1,2,3 പറഞ്ഞ് എല്ലാത്തിനെയും പൊക്കിയിരിക്കും. ഭീഷണിയൊന്നും ഇപ്പോള്‍ ആര്‍ക്കും ഒരു രോമത്തില്‍ പോലും തൊടില്ല..കുരയ്ക്കുന്ന പട്ടി കടിക്കാറില്ല. ഇനി എല്ലാവരും നേരെ വാ നേരെപോ. ഉടായിപ്പ് ഒന്നും ഈ ഡിജിറ്റല്‍ worldil ഇനി നടക്കില്ല.ഇവന്റെ പ്രൊഫൈല്‍ 5 ഇല്‍ കൂടുതല്‍ പോലീസ് ഓഫീസര്‍സ് ഫോളോ ചെയ്യുന്നു. അപ്പോള്‍ ഇവന്‍ പോലീസിന്റെ നോട്ടപുള്ളി ആണ്,’ മീനു പറയുന്നു.
‘സ്ത്രീകള്‍ക്കു നേരെയുള്ള കൈയ്യേറ്റങ്ങളെ എതിര്‍ക്കുന്ന വലിയൊരു ശക്തി തന്നെ എന്റെയൊപ്പമുണ്ട്. സിനിമാരംഗത്ത് എനിക്ക് 15 വര്‍ഷത്തെ പരിചയമുണ്ട്. ചൂഷണങ്ങള്‍ക്കു വിധേയരായ നിരവധി പേരുണ്ട്. അവര്‍ക്കൊന്നും ഇക്കാര്യങ്ങള്‍ പുറത്തു പറയാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബക്കാരെപ്പോലും അവരിതൊന്നും അറിയിച്ചിട്ടില്ല. പല സിനിമകളിലും എനിക്ക് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും ഞാന്‍ എപ്പോഴും കേട്ടിരുന്ന കാര്യമാണ് അഡ്ജസ്റ്റ് ചെയ്യുക എന്നത്. അന്ന് കുഞ്ഞുങ്ങള്‍ വളരെ ചെറുതാണ്. വലിയ വാര്‍ത്ത ആയാല്‍ കുട്ടികളെ പഠനത്തെപ്പോലും ബാധിക്കും. ഭര്‍ത്താവിന്റെ കുടുംബവും പിന്തിരിപ്പിച്ചു. അതിനാലാണ് മിണ്ടാതിരുന്നത്. ഒരു സ്റ്റേജിന് അമ്പതിനായിരം രൂപ തരാമെന്നു പറഞ്ഞ് ജാഫര്‍ ഇടുക്കി എന്നെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. ഏഴു സ്‌റ്റേജില്‍ പരിപാടി നടത്തി. പക്ഷേ, ഒരുരൂപ പോലും തന്നില്ല. ഈ 15 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ഞാനിക്കാര്യം ഇദ്ദേഹത്തോടു ചോദിച്ചിട്ടുമില്ല. മുകേഷ് ഒരു എം എല്‍ എ ആയപ്പോള്‍ എനിക്കുവേണമെങ്കില്‍ അദ്ദേഹത്തെ കരിതേക്കാമായിരുന്നു. ഏഴര ലക്ഷം ഫോളോവേസ് ഉള്ള എന്റെ ഫേയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി ആളുകള്‍ അറിയാനായി. പക്ഷേ, ഞാനതൊന്നും ചെയ്തില്ല. ഇപ്പോള്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍, ലൈംഗിക ചൂഷണത്തിന് ഇരയായ ഒരു പെണ്‍കുട്ടി കരയുന്നതു കണ്ടു. ഈ സാഹചര്യങ്ങളൊന്നും ഇതേവരെ മാറിയില്ലേ എന്ന ചിന്ത ഉണ്ടായത് അങ്ങനെയാണ്. സത്യം തുറന്നു പറഞ്ഞു എന്നതിന്റെ പേരില്‍ ഈ കുട്ടിയെ എല്ലാവരും കല്ലെറിയുന്നു. സിനിമാ ലോകത്തെ പുഴുക്കുത്തുകളെക്കുറിച്ച് ജനം അറിഞ്ഞേ തീരൂ എന്നു ഞാന്‍ തീരുമാനിച്ചത് അങ്ങനെയാണ്,’ മീനു പറഞ്ഞു.
‘എനിക്കു പേടിയില്ല. തെറ്റു ചെയ്താല്‍ പേടിച്ചാല്‍ പോരെ. ഇനി വരുന്ന പെണ്‍കുട്ടികള്‍ക്ക് ഇതുപോലെ ഒരു പ്രശ്‌നവും ഉണ്ടാകരുത് എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്. സിനിമയിലെത്തിയാല്‍ ഇഷ്ടം പോലെ പൈസ കിട്ടും എന്നാണ് എല്ലാവരും കരുതുന്നത്. വലിയൊരു തെറ്റിദ്ധാരണയാണത്. ഇവരൊന്നും കാശുപോലും കൊടുക്കില്ല. എത്രയോ ചെക്കാണ് എന്റെ കൈയില്‍ ഇരിക്കുന്നത്. കുറച്ചു പൈസ അഡ്വാന്‍സ് തരും. പിന്നീട് ഒന്നുമുണ്ടാവില്ല. ഇക്കാര്യങ്ങളെക്കുറിച്ച് വിജയിച്ച നടീനടന്മാര്‍ പോലും പറഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ പ്രോഗ്രാമിനു പോകുമ്പോള്‍ സ്വര്‍ണ്ണക്കടത്തിനു പോലും പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ, ഞാനതിനൊന്നും നിന്നു കൊടുത്തിട്ടില്ല. സിനിമയുടെ പിന്നില്‍ വമ്പന്‍ റാക്കറ്റുകളുണ്ട്. പല സിനിമകളും വെറും പേരിനു വേണ്ടിമാത്രമാണ്. ഈ പേരും പറഞ്ഞ് അവരുടെ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യാം,’ മീനു പറയുന്നു.
‘കൈയില്‍ മുല്ലപ്പൂവൊക്കെ ചുറ്റി ബാലചന്ദ്രമേനോന്‍ വന്നു പറഞ്ഞു, ഞാനിപ്പോള്‍ ലെനയുടെ അടുത്തേക്ക് പോകുകയാണ് എന്ന്. ലെന ഇദ്ദേഹത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നൊന്നും എനിക്കറിയില്ല. പക്ഷേ, ഇദ്ദേഹം എന്നോടു പറഞ്ഞ വാചകം ഇതായിരുന്നു. പിന്നീടൊന്നും എനിക്കറിയില്ല. അതിനാണ് എനിക്കിപ്പോള്‍ ഇത്തരത്തില്‍ വധഭീഷണി. ആരുടേയും ഭീഷണിക്കു മുന്നില്‍ പേടിക്കുന്ന ആളല്ല ഞാന്‍. അതിനാല്‍ പേടിയുമില്ല,’ മീനു പറയുന്നു.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975