ഉയിര്‍ വേണമെങ്കില്‍, പ്രണയിക്കണം ഈ പ്രകൃതിയെ, പ്രപഞ്ചത്തെയും……

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ

മണ്ണിനെ, പ്രകൃതിയെ, കാറ്റിനെ, കടലിനെ, സൂര്യചന്ദ്രാദികളെ, അവയുടെ കോപതാപങ്ങളെ പേടിച്ചിരുന്ന, ആരാധിച്ചിരുന്ന ഒരു നാടായിരുന്നു നമ്മുടേത്….. പ്രകൃതി തരുന്ന ഓരോ സൂചനയും ആപത്തിന്റെ മുന്നോടിയെന്നു നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു……

പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച്, തിരുത്തപ്പെടേണ്ടതിനെ തിരുത്തി, പ്രകൃതി ക്ഷോഭങ്ങളെ കഴിയുന്നത്ര വരുതിയിലാക്കി, മെച്ചപ്പെട്ടൊരു കാലാവസ്ഥയില്‍ ജീവിച്ചിരുന്നു നമ്മള്‍. അന്ന്, പ്രകൃതിയായിരുന്നു നമ്മുടെ ഏറ്റവും വലിയ പാഠപുസ്തകം, അനുഭവമായിരുന്നു ഗുരു….. ഇന്നതു മാറി……. അധ്യാപകരും അറിവുകളും വര്‍ദ്ധിച്ചു…. പ്രകൃതി നിരീക്ഷണം പടിക്കു പുറത്തായി, ആര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ പ്രകൃതി ചൂഷണത്തിന്റെ എല്ലാ സീമകളും ലംഘിക്കാമെന്ന നിലപാടിലെത്തി….! കൈയില്‍ കിട്ടുന്ന കോടിക്കണക്കായ പണത്തിനു വേണ്ടി മനുഷ്യര്‍ പ്രകൃതിയെ മറന്നു, തടയിടേണ്ട ഭരണനേതൃത്വം ഈ നിയമ ലംഘനങ്ങള്‍ക്കെല്ലാം കുട പിടിച്ചു…..!!

അറിവു വര്‍ദ്ധിച്ചുവെന്നുകരുതി നെറിവുണ്ടായിക്കൊള്ളണമെന്നില്ല…. ദൈവങ്ങളെ പൂജിച്ചാല്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ വഴിമാറിപ്പോവുകയുമില്ല….. ഈ പെയ്തു വീഴുന്ന മഴത്തുള്ളികള്‍ കണ്ടെങ്കിലും ബോധമുണ്ടാകുമെങ്കില്‍, ഓരോ മനുഷ്യനും പ്രകൃതിയിലേക്കു മടങ്ങിയേ തീരൂ….



കേരളത്തിന്റെ പച്ചപ്പിനും പ്രകൃതി ഭംഗിക്കും നിതാനം മഴയായിരുന്നു. ഇടവപ്പാതിയും തുലാവര്‍ഷവും ചില ഇടമഴകളും ചേര്‍ന്നാണ് കേരളത്തെ സമ്പന്നമാക്കിയിരുന്നത്. എന്നാലിന്ന്, മഴയുടെയും കാറ്റിന്റെയും വേനലിന്റെയും സ്വഭാവം മാറി. ആര്‍ത്തി പിടിച്ച മനുഷ്യരുടെ പ്രകൃതിയെ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് കേരളം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണം. ദുരന്തങ്ങളിനി എത്രയേറെ വന്നാലും അതിനെതിരെ പറയുന്നവരെയെല്ലാം വികസന വിരോധികളായി ചിത്രീകരിച്ച്, സമ്പത്തില്‍ അഭിരമിക്കുന്ന മനുഷ്യരുടെ വമ്പന്‍ നിരതന്നെ ഇവിടെയുണ്ട്. പ്രകൃതിയെ മറന്നുകൊണ്ട് ഭരണകര്‍ത്താക്കള്‍ നടത്തുന്ന വികസനങ്ങളുണ്ട്. ഇവയെല്ലാം മനുഷ്യരെ കൊണ്ടെത്തിക്കുന്നത് സര്‍വ്വനാശത്തിലേക്കാണെന്ന് ഇക്കണ്ട ദുരന്തങ്ങള്‍ കൊണ്ടൊന്നും മനസിലാക്കാന്‍ കഴിയില്ലെങ്കില്‍ ഇനിയും ജീവനുകള്‍ പൊലിഞ്ഞുകൊണ്ടേയിരിക്കും. നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും…..

മഴയില്‍ നിന്നും അതിതീവ്ര മഴയിലേക്ക്…..

കേരളം നാളതുവരെ കാണാത്ത തരത്തിലുള്ള തീവ്രമഴയ്ക്കാണ് 2018 ഓഗസ്റ്റില്‍ സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും നിരവധി സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അതിതീവ്രമഴയായിരുന്നു. മുന്‍പ് മഴയുടെ തീവ്രത കൂടിയിരുന്നത് ജൂണ്‍-ജൂലൈ മാസങ്ങളിലായിരുന്നു. എന്നാലിപ്പോള്‍ അതുമാറി അത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായതായി പഠനങ്ങള്‍ പറയുന്നു.

പ്രളയത്തിനു ശേഷം വന്ന ഭീമന്‍ മഴകളില്‍ ഒറ്റപ്പെയ്ത്തില്‍ പ്രളയവും ഉരുള്‍പൊട്ടലും വിതയ്ക്കുന്നവയായിരുന്നു. അതിപ്പോഴും തുടരുന്നു. ആളപായമില്ലാത്ത, വീടുകള്‍ക്കു കേടുപാടുകളില്ലാത്ത ചെറിയ ഉരുള്‍പൊട്ടലുകള്‍ ഇപ്പോഴും നിരവധിയാണ്. കോതമംഗലം കട്ടപ്പന റൂട്ടില്‍, നീണ്ടപാറയില്‍ ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളും അസംഖ്യം മണ്ണിടിച്ചിലുകളും ഭൂമിയില്‍ രൂപം കൊള്ളുന്ന ഗര്‍ത്തങ്ങളും അത്രയേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനു കാരണം ആളപായമോ നാശനഷ്ടങ്ങളോ ഇല്ലാത്തതാണ്. ഉരുള്‍പൊട്ടലില്‍ റോഡ് ഭാഗികമായി തകര്‍ന്നു എന്നതല്ലാതെ പറയപ്പെട്ട നാശനഷ്ടങ്ങള്‍ ഈ ഉരുള്‍പൊട്ടലുകളില്‍ ഉണ്ടായിട്ടില്ല.

സ്‌ഫോടനാത്മകമാണ് ഇപ്പോഴുള്ള മഴകള്‍. കൂട്ടിക്കല്‍, കവളപ്പാറ തുടങ്ങി മഴ നാശം വിതച്ച പ്രദേശങ്ങളിലൊക്കെയും മഴയുടെ സ്‌ഫോടന സ്വഭാവം വ്യക്തമാണ്. ഒരു മണിക്കൂറിനുള്ളില്‍ 100 മി. മീറ്ററോ അതില്‍ക്കൂടുതലോ മഴ പെയ്യുന്നതിനെയാണ് മേഘവിസ്‌ഫോടനങ്ങള്‍ എന്നുപറയുന്നത്. കൂട്ടിക്കല്‍ പ്രദേശമുള്‍പ്പെട്ട കാഞ്ഞിരപ്പള്ളി പ്രദേശത്തു രേഖപ്പെടുത്തിയത് 266 മി.മീ. മഴയാണ്.

അറബിക്കടലിപ്പോള്‍ പഴയ അറബിക്കടലല്ല……

അറബിക്കടലിന്റെ സ്വഭാവമാറ്റത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യന്‍ ചെയ്തുകൂട്ടിയ പ്രകൃതി ദ്രോഹങ്ങളുടെ അനന്തരഫലങ്ങള്‍. പിടിച്ചു നില്‍ക്കാന്‍ പ്രകൃതി പരമാവധി ശ്രമിക്കും. അതിനും കഴിയാതെ വരുന്ന സന്ദര്‍ഭത്തില്‍ ഒരു പൊട്ടിത്തെറിക്കലുണ്ട്. അതാകട്ടെ, ഒരു മനുഷ്യനെക്കൊണ്ടുപോലും തടയാന്‍ സാധിക്കാത്ത വിധം അതിഭീകരവുമായിരിക്കും. ദൈവകോപമെന്നും മറ്റുമിതിനെ പേരിട്ട് ഹോമങ്ങളും പ്രാര്‍ത്ഥനകളും നടത്തിയതുകൊണ്ടായില്ല, മറിച്ച് പ്രകൃതി സംരക്ഷണമാണ് സ്വയസംരക്ഷണത്തിന് ഒരേയൊരു പോംവഴിയെന്ന് മനസിലാക്കുകയാണ് വേണ്ടത്.

അറബിക്കടലിലെ ഉപരിതല താപനിലയില്‍ 1.197 ഡിഗ്രി കൂടിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. അറ്റ്‌ലാന്റിക് പസഫിക് സമുദ്രങ്ങളില്‍ ഇത് 0.78 മുതല്‍ 0.8 ഡിഗ്രി വരെ മാത്രമാണ് ഈ താപവര്‍ദ്ധന. കടലിന്റെ മുകള്‍ത്തട്ടു ചൂടുപിടിക്കുന്നതിനനുസരിച്ച് അടിത്തട്ടുവരെയുള്ള ജലരാശിയും ചൂടാവും. ഇത് ബാഷ്പീകരണം വേഗത്തിലാക്കുന്നു. ഇതിനൊപ്പം അന്തരീക്ഷവും മുന്‍പുള്ളതിനെക്കാള്‍ ചൂടുപിടിക്കുന്നതോടെ കടലില്‍ നിന്നുള്ള നീരാവിയെ വളരെ കൂടുതലായി ഉള്‍ക്കൊള്ളാന്‍ അന്തരീക്ഷത്തിനു കഴിയുന്നു. ഇവ മേഘങ്ങള്‍ കൂമ്പാരം കൂടുന്നതിന് ഇടയാക്കുന്നു. ഈ കൂമ്പാര മേഘങ്ങളാണ് അതിതീവ്രമഴയ്ക്കു കാരണം.

സാധാരണയായി ഈ കൂമ്പാര മേഘങ്ങളുടെ ഉയരം ആറുകിലോമീറ്ററാണ്. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവയുടെ ഉയരം 12 കിലോമീറ്ററും അതിലധികവുമാണ്. ഇത്രയും ഉയരത്തില്‍, അതിതീവ്രമായി രണ്ടും മൂന്നും മണിക്കൂറുകള്‍ പെയ്യുന്ന കനത്ത മഴയാണ് പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നത്.

മുന്‍പൊന്നും മണ്‍സൂണ്‍ സമയത്ത് അന്തരീക്ഷ ചുഴിയോ ചുഴലിയോ സാധാരണമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏഴു വര്‍ഷവും മണ്‍സൂണ്‍ ഒരുക്കകാലത്ത് ചുഴികള്‍ രൂപപ്പെട്ടതായി വിദഗ്ധര്‍ പറയുന്നു. 2010 ല്‍ അറബിക്കടലില്‍ മാത്രമുണ്ടായത് 5 ചുഴലിക്കാറ്റാണ്.

പ്രകൃതിയെ മാനിക്കാത്ത വികസനം, നാശത്തിന്റെ ആരംഭം…..

മഴവെള്ളം മണ്ണിലേക്കിറങ്ങാതെ അറബിക്കടലിലേക്ക് എത്തിച്ചേരുന്നു എന്നത് ഒരു സൂചനയായിരുന്നു, ആസൂത്രണമില്ലാത്ത നഗരവത്കരണത്തിന്റെ, ഭൂമി മണ്ണിട്ടു നികത്തിയതിന്റെ എല്ലാം പരിണിത ഫലം. അന്നു മുന്നില്‍ക്കണ്ട ഏറ്റവും വലിയ ആപത്ത് വരള്‍ച്ചയായിരുന്നു. ഇന്ന്, ഈ അതിതീവ്രമഴയുടെ കാലത്തും പെയ്തിറങ്ങുന്ന വെള്ളത്തില്‍ കാല്‍ശതമാനം പോലും മണ്ണിലേക്കിറങ്ങുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അന്നത്തെ വരള്‍ച്ചക്കാലത്തും ഇന്നത്തെ പ്രളയകാലത്തും വെള്ളം മണ്ണിലേക്ക്് ഇറങ്ങാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ നമ്മള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ഈ പ്രശ്‌നങ്ങളെല്ലാം രൂക്ഷമാക്കുന്നു.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ പരിസ്ഥിതി ദുര്‍ബല പ്രദേശമുള്ള പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും നശിപ്പിച്ചു തുടങ്ങിയിരുന്നു. ഓരോ തവണ അതിതീവ്രമഴകള്‍ ഉരുള്‍പൊട്ടലിനും പ്രളയത്തിനും കാരണമാകുമ്പോള്‍ പ്രകൃതി നമ്മോടു പറയുന്നതും ഇതുതന്നെയാണ്.



ഓരോ ഭൂപ്രദേശത്തിനും അതിന്റെ സ്വോഭാവികതയുണ്ട്. ചെരിവുകളിലെ പദാര്‍ത്ഥത്തിനും ഒരു ഘടനയുണ്ട്, ഭൂവിനിയോഗം സ്വാഭാവിക ഒഴുക്കിനെയോ ഭൗമാന്തര്‍ഘടനയെയോ തടസ്സപ്പെടുത്തുന്ന വിധത്തിലാവരുത്. ഇതോടൊപ്പം ഭൂമിയെയും പ്രകൃതിയെയും സംബന്ധിക്കുന്ന ഒട്ടനവധി കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.

സ്‌നേഹത്തിന്റെ ഉറവ വറ്റിപ്പോയിട്ടില്ലെങ്കില്‍…??

നിങ്ങളുടെ ഹൃദയത്തില്‍ നിന്നും സ്‌നേഹത്തിന്റെ ഉറവ വറ്റിപ്പോയിട്ടില്ലെങ്കില്‍, സ്‌നേഹിക്കുക, പ്രണയിക്കുക, മണ്ണിനെ, മരങ്ങളെ, ഈ പ്രകൃതിയെ, അതിലെ ജീവജാലങ്ങളെയും. വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള തലച്ചോറുമുണ്ടെന്ന കാരണത്താല്‍ ഈ ഭൂമിയില്‍ മനുഷ്യന്‍ മാത്രം മതി എന്നും ബാക്കിയുള്ളവയെയെല്ലാം സ്വന്തം സുഖത്തിനും ആര്‍ഭാടത്തിനും വേണ്ടി നശിപ്പിക്കുകയോ കൊന്നൊടുക്കുകയോ വേണമെന്ന മണ്ടന്‍ തീരുമാനത്തിലേക്ക് മനുഷ്യനെത്തിപ്പെട്ടിരിക്കുന്നു്. ഭൂമിയെ നശിപ്പിച്ച്, പ്രകൃതിയെ തകര്‍ത്തെറിഞ്ഞ് മനുഷ്യന്‍ മറ്റു ഗ്രഹങ്ങളില്‍ കൂടുകൂട്ടുന്നതിനെക്കുറിച്ചു ചിന്തിക്കുകയാണ്…..

മലപ്പുറം കവളപ്പാറയില്‍, മുത്തപ്പന്‍ കുന്നിന്റെ ചരിവ് 60 ഡിഗ്രിയായിരുന്നു. 20 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങള്‍ ഇടിഞ്ഞുവീഴാമെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. 1972 ലെ സര്‍വ്വേ പ്രകാരം മുത്തപ്പന്‍കുന്നിന്റെ മുകളില്‍ നിന്നും ഒഴുകിയിരുന്ന രണ്ടു നീര്‍ച്ചാലുകളുണ്ടായിരുന്നു. വികസനത്തിന്റെ ഭാഗമായി ഈ നീര്‍ച്ചാലുകള്‍ രണ്ടും ഏതാണ്ട് പൂര്‍ണ്ണമായും നികത്തി. കുന്നിന്‍ മുകളില്‍ റബര്‍കൃഷിക്കായി യന്ത്രങ്ങള്‍ കൊണ്ടുവന്നു കുഴിയുണ്ടാക്കി. ഈ കുഴികളില്‍ നിറഞ്ഞ വെള്ളം ഒഴുകിപ്പോകാനാവാതെ നിറഞ്ഞു നിന്നു. ഭൂമിക്കടിയിലെ കുതിര്‍ന്ന ഭാഗങ്ങളില്‍ പൈപ്പിലെന്ന പോലെ വെള്ളം ഭൂമിക്കടിയിലേക്കിറങ്ങി. ഈ പ്രതിഭാസത്തെ സോയില്‍ പൈപ്പിംഗ് എന്നാണ് പറയുന്നത്. ദിവസങ്ങളായി പെയ്ത അതിതീവ്ര മഴ മണ്ണിനെ വീണ്ടും ദുര്‍ബലമാക്കി. ഒഴുകിപ്പോകാന്‍ വേറെ മാര്‍ഗ്ഗമില്ലാതെ, മണ്ണിടിച്ചിലായി, പിന്നീടത് അതിഭീകരമായ ഉരുള്‍പൊട്ടലായി…

അനധികൃതമായി നടത്തുന്ന ക്വാറികളാണ് മറ്റൊരു വലിയ പ്രശ്‌നം. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെ കേരള ദുരന്തനിവാരണ അതോറിറ്റി മണ്ണിടിച്ചില്‍ സാധ്യത മാപ്പ് തയ്യാറാക്കിയിരുന്നു. ഇതു പരിശോധിച്ച് ഇതില്‍ ഉള്‍പ്പെടുന്ന പ്രദേശമല്ലെന്ന് ഉറപ്പു വരുത്തി മാത്രമേ ക്വാറികള്‍ അനുവദിക്കാന്‍ പാടുള്ളു എന്നു നിയമമുണ്ട്. പക്ഷേ, ഈ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ക്വാറി മാഫിയകളും അരങ്ങുവാഴുന്നു…..

ഈ കണക്കുകള്‍ ഗ്രാമങ്ങളിലേതാണെങ്കില്‍ നഗരങ്ങളും വ്യത്യസ്ഥമല്ല. കൊച്ചിയെ മാത്രമല്ല, പ്രളയം മുക്കുന്നത്. കോട്ടയം, പാല, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ നഗരപ്രദേശങ്ങളും പ്രളയജനത്തില്‍ മുങ്ങുകയാണ്. പ്രകൃതിയില്‍ മനുഷ്യന്‍ ചെയ്തിട്ടുള്ള നാശനഷ്ടങ്ങള്‍ കേരളത്തിലെ കൃഷിയെയും മണ്ണിനെയും ആരോഗ്യത്തെയും അടിമുടി ഉലച്ചിരിക്കുകയാണ്. മണ്ണിനെയും പ്രകൃതിയെയും ജീവജാലങ്ങളെയും മറന്നുള്ള വികസനം സര്‍വ്വനാശത്തിലേക്കാണ്…. ഇനിയും വൈകിയിട്ടില്ല…. സ്‌നേഹിക്കാനറിയുമെങ്കില്‍, പ്രണയിക്കാനറിയുമെങ്കില്‍ ഈ നിമിഷമതു തുടങ്ങാം…. മണ്ണിനെ, പ്രകൃതിയെ, ജീവജാലങ്ങളെയും….. കാരണം അവയില്ലാതെ ഈ പ്രപഞ്ചത്തിലൊരിടത്തും മനുഷ്യനു നിലനില്‍പ്പില്ല….!


Leave a Reply

Your email address will not be published. Required fields are marked *