ഇടപ്പള്ളിയില്‍ വമ്പന്‍ തിമിംഗലം. ഒന്നു തൊടാന്‍ പോലും കഴിയാതെ നടുങ്ങിവിറച്ച് കൗണ്‍സിലറും കൊച്ചി നഗരസഭയും. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍, കുറ്റം ചെയ്തവരുടെ പേര് ഉച്ചരിക്കാന്‍ പോലും ഭയക്കുന്നത് കൗണ്‍സിലറും നഗരസഭയും കോണ്‍ഗ്രസിലെയും, സി പി എമ്മിലേയും, ബി ജെ പിയിലെയും പ്രവര്‍ത്തകരും മാത്രമല്ല ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളും കൂടിയാണ്. അപ്പോള്‍, ഇടപ്പള്ളിയില്‍ ഇറങ്ങിയിരിക്കുന്നത് വമ്പന്‍ തിമിംഗലമല്ലാതെ മറ്റാര്…???
പ്രശ്നം ഇതാണ്. നഗരസഭയുടെ അനുമതിയില്ലാതെ ചില സ്വകാര്യവ്യക്തികള്‍ രായ്ക്കു രായ്മാനം ഒരു റോഡിന്റെ പേരുമാറ്റി. ഈ നിയമലംഘനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റവാളികളെ ഒന്നു തൊടാന്‍ പോലും കഴിയുന്നില്ല. എന്നുമാത്രമല്ല, അവരുടെ പേരു പറയാന്‍ പോലും കൗണ്‍സിലറും മറ്റു ബന്ധപ്പെട്ടവരും ഭയക്കുന്നു. അതിനര്‍ത്ഥം ഇടപ്പള്ളിയിലേത് വമ്പന്‍ തിമിംഗലമാണെന്നു തന്നെയല്ലേ…?? ഏതെങ്കിലും പാവപ്പെട്ടവനായിരുന്നു കുറ്റവാളിയെങ്കില്‍ അവനെ അടിവസ്ത്രം പോലും ഉരിഞ്ഞുമാറ്റി ലോക്കപ്പില്‍ തള്ളിയേനെ.
ശ്രീനാരായണ റോഡ് എന്ന് നഗരസഭ നാമകരണം ചെയ്ത ഒരു റോഡിന്റെ പേര് സ്വന്തം ഇഷ്ടപ്രകാരം മാറ്റി, ‘വടക്കേപ്പള്ളി റോഡ്’ എന്നാക്കി മാറ്റിയതിനു പിന്നിലെ ചേതോവികാരം മറ്റെന്താണ്…?? കോര്പ്പറേഷന് പരിധിയില്‍ വരുന്ന ഒരു റോഡിനു നാമകരണം ചെയ്യാനും പുനര്‍ നാമകരണം ചെയ്യാനുമുള്ള അധികാരം നഗരസഭയ്ക്കു മാത്രമാണെന്നിരിക്കെ, തന്നിഷ്ടപ്രകാരം ഈ റോഡിന്റെ പേരു മാറ്റിയത് ധിക്കാരപരമായ നടപടിയാണ്. ഈ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രശ്നത്തില്‍ ഇടപെടാതെ സ്ഥലം കൗണ്‍സിലര്‍ പി ജി രാധാകൃഷ്ണനും കൊച്ചി കോര്‍പ്പറേഷനും നാടകം കളിക്കുന്നത് എന്തിന്…??? അനധികൃതമായി പേരുമാറ്റിയ വിഭാഗത്തെ കൗണ്‍സിലറും കോര്‍പ്പറേഷനും ഭയപ്പെടുന്നുവെന്നാണോ…?? അങ്ങനെയാണ് എങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കോര്‍പ്പറേഷനും സ്ഥലം കൗണ്‍സിലറും എങ്ങനെയാണ് നടപടി എടുക്കുന്നത്…???
എരിയുന്ന നെരിപ്പോടിനു മുകളില്‍ ഇടപ്പള്ളി 37-ാം ഡിവിഷന്
കൊച്ചി നഗരസഭയുടെ ഇടപ്പള്ളി മേഖല ഓഫീസ് പരിധിയില്‍ വരുന്ന 37ാം ഡിവിഷനില്‍ പഴയ NH 17 ല്‍ നിന്നുള്ള അല്‍ അമീന് റോഡിനു കിഴക്കു ഭാഗത്തു നിന്നും മണിമല റോഡിനെ ബന്ധിപ്പിക്കുന്ന ശ്രീനാരായണ റോഡിന്റെ നാമകരണം സംബന്ധിച്ച പ്രശ്നമാണ് ഇവിടെ എരിഞ്ഞുകത്തുന്നത്. നഗരസഭയുടെ കീഴിലുള്ള ഒരു റോഡിന്റെ പേരു വയ്ക്കുന്നത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍, ‘വടക്കേപ്പള്ളി റോഡ്’ എന്നത് ഈ ഭാഗത്തുള്ള ഒരു വിഭാഗം ആളുകള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതാണ്.
ഒരു റോഡിന്റെ ആരംഭത്തിലും അവസാനത്തിലും പേര് ഉള്‍പ്പെടുന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. ഈ റോഡിന്റെ അവസാന ഭാഗത്ത് ഇപ്പോഴും ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് നാട്ടിയിട്ടുണ്ട്. എന്നാല്‍, റോഡ് ആരംഭിക്കുന്നിടത്ത്, വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. അതായത് ഇപ്പോള്‍ ശ്രീനാരായണ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ശ്രീനാരായണ റോഡ് എന്നും കിഴക്കു ഭാഗത്ത് വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡുമാണ് സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിന് കോര്പ്പറേഷന് സ്ഥാപിച്ചത് എന്ന് കാഴ്ചക്കാര്‍ക്കു തോന്നുമെങ്കിലും ഈ ബോര്‍ഡ് കൊച്ചി കോര്‍പ്പറേഷന്റേത് അല്ല. ഒറിജിനലിനെ വെല്ലുന്ന കള്ളന് നോട്ടുകളുടെ രൂപത്തില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ തന്നെയാണ് ഇപ്പോള്‍ ഈ ബോര്‍ഡിന്റെയും അവസ്ഥ.
കോര്‍പ്പറേഷന്റെ അധികാരം കൈക്കലാക്കി സ്വകാര്യവ്യക്തികള്‍: അനങ്ങാപ്പാറ നയവുമായി കോര്‍പ്പറേഷനും വിവിധ പാര്‍ട്ടി നേതാക്കളും
കേരള മുനിസിപ്പാലിറ്റി ആക്ട് 379 പ്രകാരം റോഡുകള്‍ക്ക് പേരുനല്കാനുള്ള അവകാശം നഗരസഭയ്ക്കാണ്. ഈ അവകാശം കുറെ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് കൊച്ചി കോര്പ്പറേഷന് ചെയ്യുന്നത്.
ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് ചില വ്യക്തികള്‍ ചേര്‍ന്ന് പിഴുതുമാറ്റിയത് 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൈയ്യൂക്കിന്റെ ബലത്തില്‍ ബോര്‍ഡ് പിഴുതുമാറ്റിയ ശേഷം റോഡിന് മസ്ജിദ് റോഡ് എന്ന പേരു നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തീരുമാനത്തെ ഇവിടെയുള്ള നിവാസികളില്‍ പലരും എതിര്‍ത്തു. പേരുമാറ്റാന്‍ താല്പര്യമുണ്ടെങ്കില് അത് നിയമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ വേണമെന്നും തന്നിഷ്ടപ്രകാരം ആവരുത് എന്നും അവര്‍ വാദിച്ചു. ആളുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന 9 വര്‍ഷത്തോളം റോഡിന്റെ കിഴക്കു ഭാഗത്ത് പേരു സൂചിപ്പിക്കുന്ന ബോര്‍ഡ് ഇല്ലായിരുന്നു. മൂന്നുവര്‍ഷം മുമ്പ്, ഒരു സുപ്രഭാതത്തില്‍ ഇവിടെ വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒറ്റനോട്ടത്തില്‍ കോര്പ്പറേഷന് സ്ഥാപിച്ചതാണ് എന്നു തോന്നും. വെള്ള, നീല എന്നീ കളറുകളിലാണ് ബോര്‍ഡ്. അടിയില്‍ കോര്പ്പറേഷന് ഓഫ് കൊച്ചി എന്ന് എഴുതിയിട്ടുമുണ്ട്. പക്ഷേ, ഈ ബോര്‍ഡ് സ്ഥാപിച്ചത് കോര്‍പ്പറേഷനല്ല. ഇതെത്തുടര്‍ന്ന്, ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചു കിട്ടാനായി, ഇവിടെയുള്ള ആളുകള്‍ ചേര്‍ന്ന് ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷന് രൂപീകരിച്ച് നിയമനടപടികള്‍ ആരംഭിച്ചു.
ഈ നിയമലംഘനത്തിനു പിന്നില്‍ ആര്…??
ഈ ഏരിയയില്‍ താമസിക്കുന്ന ഏതാനും മുസ്ലീങ്ങള്‍, അവരുടെ താല്പര്യപ്രകാരം സ്ഥാപിച്ച ബോര്‍ഡാണ് വടക്കേപ്പള്ളി റോഡ് എന്ന ബോര്‍ഡ്. മുന്‍ കൗണ്‍സിലര്‍ ദീപ വര്‍മ്മയുടെ ഭരണകാലത്താണ് റോഡിന്റെ കിഴക്കും പടിഞ്ഞാറും ശ്രീനാരായണ റോഡ് എന്ന ബോര്‍ഡ് സ്ഥാപിച്ചത്. ദീപാ വര്‍മ്മയ്ക്കു ശേഷം പല കൗണ്‍സിലര്‍മാരും ഇടപ്പള്ളി 37-ാം ഡിവിഷന്റെ ചുമതല ഏറ്റെടുത്തു. എന്‍ എ മണി, വി എന്‍ സരോജനി എന്നിവരാണ് അതിനു ശേഷം വന്ന കൗണ്‍സിലര്‍മാരില്‍ ചിലര്‍. ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതാണ് എന്ന് മുന്‍ കൗണ്‍സിലര്‍ സരോജനി വ്യക്തമാക്കി. എന്നാല്‍, ഈ ബോര്‍ഡ് ആരു സ്ഥാപിച്ചുവെന്ന് അറിയില്ലെന്ന് ഇവര്‍ പറഞ്ഞു. ‘അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റാന്‍ എന്റെ ഭരണകാലത്ത് ഞാന്‍ വളരെയേറെ പരിശ്രമിച്ചിരുന്നു. പക്ഷേ, കോര്‍പ്പറേഷനില്‍ നിന്നും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ല. കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. പക്ഷേ, അനധികൃതമായി സ്ഥാപിച്ച ഈ ബോര്‍ഡ് മാറ്റാനോ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനോ കോര്പ്പറേന് തയ്യാറായില്ല,’ സരോജനി വ്യക്തമാക്കി.
ഈ ബോര്‍ഡ് ഉള്‍പ്പെടുന്ന ഡിവിഷന്റെ ഇപ്പോഴത്തെ കൗണ്‍സിലറാണ് പി ജി രാധാകൃഷ്ണന്. ഈ ഡിവിഷനില്‍ ഏകദേശം 15 വര്‍ഷത്തോളം കൗണ്‍സിലര്‍ ആയിരുന്ന വ്യക്തിയും ഇദ്ദേഹമാണ്. ഇദ്ദേഹത്തിനെതിരെ ഈ മേഖലയില്‍ നിന്നും ഇപ്പോള്‍ നിരവധി പരാതികളാണ് ഉയരുന്നത്. ഇത്തരത്തില്‍ ഒരു ബോര്‍ഡ് തന്റെ അധീനതയിലുള്ള പ്രദേശത്ത് ഉള്ളതായി അറിയില്ല എന്നായിരുന്നു ഈ മാന്യ ദേഹത്തിന്റെ ആദ്യത്തെ മറുപടി. ഒരുപാടു തിരിവുകളും പിരിവുകളും ഉള്ള റോഡാണ് ഇതെന്നും ശ്രീനാരായണ എന്നും വടക്കേപ്പള്ളി എന്നും ഇവിടെ രണ്ടു റോഡുകള്‍ ഉണ്ട് എന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ പി ജി രാധാകൃഷ്ണന് ആദ്യം പറഞ്ഞു.
ഇലക്ഷന് കമ്മീഷന് മുമ്പാകെ ഈ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നല്കിയ മൊഴിയില്‍, തന്റെ അറിവില്‍ വടക്കേപ്പള്ളി എന്ന റോഡ് കോര്പ്പറേഷന് രേഖകളില്‍ ഇല്ലെന്നും ശ്രീനാരായണ റോഡിന്റെ പേരു മാറ്റി വടക്കേപ്പള്ളി റോഡ് എന്നാക്കിമാറ്റാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അനാവശ്യവിവാദമുണ്ടാക്കി വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനാണ് തമസോമ ശ്രമിക്കുന്നതെന്നും തമസോമ ആരുടേയോ ഏജന്റായി കലാപമുണ്ടാക്കുകയാണ് എന്നുമായിരുന്നു പി ജി രാധാകൃഷ്ണന്റെ മറുപടി. ഫോണില്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നും നേരിട്ടു കാണാന്‍ സൗകര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ആരുടേയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി, തെറ്റിന്റെ കൂടെ നിന്ന് ജനങ്ങളില്‍ വെറുപ്പിന്റെ വിത്തു പാകുവാനാണ് ഈ കൗണ്‍സിലര്‍ ശ്രമിക്കുന്നത്. സത്യത്തിന്റെ ഭാഗത്തു നിന്ന് ശരിക്കു വേണ്ടി പോരാടാന്‍ ബാധ്യസ്ഥനായ ഇദ്ദേഹം ആരെ പേടിച്ചാണ് പിന്‍വലിയുന്നത് എന്ന് വ്യക്തമാക്കിയേ തീരൂ.
ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷന്റെ (SNRRA) നിലപാട്
‘റോഡിന്റെ പേരു മാറ്റുന്നതില്‍ ഞങ്ങള്‍ ആരും എതിരല്ല. പക്ഷേ, അത് നേരായ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം. ഇന്ത്യന്‍ ഭരണ ഘടനയെയും നിലവിലുള്ള ഭരണ സംവിധാനത്തെയും കൊഞ്ഞനം കുത്തിക്കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം പേരുമാറ്റാന്‍ ഈ റോഡ് ആരുടേയും തറവാട്ടു സ്വത്തല്ല. ഞങ്ങള്‍ ഉള്‍പ്പെടുന്ന താമസക്കാര്‍ക്കു കൂടി അവകാശപ്പെട്ടതാണ് ഈ റോഡ്. അതിനാല്‍, ഈ റോഡിന്റെ പേരു മാറ്റുമ്പോള്‍ ഞങ്ങള്‍ കൂടി അതറിയണ്ടേ…?? ഞങ്ങളുടെ ആവശ്യം ന്യായമല്ലേ…?? കുറച്ചുപേരുടെ ഇഷ്ടം പോലെ മാറ്റാനും വളയ്ക്കാനും ഒടിക്കാനും കഴിയുന്നതാണോ ഇന്ത്യയിലെ നിയമങ്ങളും ഭരണഘടനയും…?? അവര്‍ക്കു വേണ്ടത് വടക്കേപ്പള്ളി റോഡ് എന്ന പേര് ആയിരുന്നുവെങ്കില്‍ നേരായ മാര്‍ഗ്ഗത്തിലൂടെ അതു നേടിയെടുക്കാമായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി അവരതിനു ശ്രമിച്ചിട്ടില്ല. കൈയ്യൂക്കുകൊണ്ടു കാര്യം സാധിക്കാമെന്നാണ് അവര്‍ കരുതിയത്. അത് അംഗീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല,’ ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി വി നരേന്ദ്രന് അഭിപ്രായപ്പെട്ടു.
‘ജാതിയും മതവുമൊന്നുമില്ലാതെ, ഒരുമയോടെയാണ് ഞങ്ങള്‍ ഇവിടെ ഇത്രയും കാലം ജീവിച്ചത്. ഇനിയുംഎല്ലാവരുമായും ഒത്തൊരുമിച്ചു പോകാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. പലരീതിയില്‍ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഈ പ്രശ്നം കലാപത്തിലേക്കു നീങ്ങാത്തതിനു കാരണം ഞങ്ങളുടെ സംയമനം തന്നെയാണ്,’ പി വി നരേന്ദ്രന് വ്യക്തമാക്കി.
കൊച്ചി കോര്പ്പറേഷന് ഇതുവരെ എന്തുചെയ്തു…??
ഈ റോഡിനെ ചൊല്ലി കഴിഞ്ഞ 12 വര്‍ഷമായി പ്രശ്നങ്ങള്‍ ഉണ്ടായിട്ട്. ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും എത്രയും വേഗം നടപടി എടുക്കണമെന്നും ഹൈക്കോടതിയില്‍ നിന്നും ഉത്തരവു വന്നിട്ട് ഒന്നര വര്‍ഷമായി. ഹൈക്കോടതിയുടെ ഉത്തരവിനു മുകളില്‍ കയറി അടയിരിക്കുകയാണ് കൊച്ചി കോര്പ്പറേഷന് ചെയ്യുന്നത്. റോഡിന്റെ പേരുമാറ്റാനോ പുനര്‍ നാമകരണം ചെയ്യുവാനോ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശമില്ലെന്നു പറയുന്ന കോര്പ്പറേഷന് പക്ഷേ, കൃത്യമായ നിയമലംഘനം നടന്നിട്ടും അതിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ല. ‘റോഡിന്റെ പേരുമാറ്റി ബോര്‍ഡ് സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഞങ്ങള്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്. പ്രശ്നം ബന്ധപ്പെട്ട കൗണ്‍സിലറെ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് സഭ കൂടി വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്കെല്ലാം റോഡിന്റെ പേരു മാറ്റാനാണു താല്പര്യമെങ്കില് അതു ചെയ്തു കൊടുക്കും,’ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ (ഇടപ്പള്ളി) സ്മിത വ്യക്തമാക്കി. എന്നാല്‍, നിയമം ലംഘിച്ചവര്‍ക്കെതിരെ എന്തു ശിക്ഷാ നടപടിയാണ് കൈക്കൊള്ളുക എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. കോര്പ്പറേഷന് സെക്രട്ടറി ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ക്ഷുഭിത യൗവനം ബിജിന്റെ ഇടപെടലുകള്‍
കൈയ്യൂക്കിന്റെയും പണത്തിന്റെയും മതത്തിന്റെയും പിന്‍ബലത്തില്‍ കുറച്ചു സ്വകാര്യ വ്യക്തികള്‍ കാണിച്ച ഈ അന്യായത്തിനെതിരെ ആദ്യം മുതല്‍ പൊരുതുന്ന ഒരു ചെറുപ്പക്കാരനുണ്ട്. പള്ളിപ്പറമ്പില്‍ പി ആര് ബിജിന് എന്ന കണ്ണന്. ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. കൗണ്‍സിലര്‍മാര്‍ നടത്തുന്ന കള്ളത്തരത്തിനെതിരെയും ഈ ചെറുപ്പക്കാരന് അതിശക്തമായി പോരാടുന്നു. ‘ഒരു പേരില്‍ എന്തിരിക്കുന്നു എന്നു ചിന്തിച്ചേക്കാം. പക്ഷേ, നിയമത്തിന്റെ വഴിക്കല്ലേ ഇക്കാര്യങ്ങള്‍ ചെയ്യേണ്ടത്…? ഈ റോഡിന്റെ പേരുമാറ്റാന്‍ അവര്‍ക്കു താല്പര്യമുണ്ട് എങ്കില്‍ നിയമപരമായ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. അതിനു പകരം കള്ളത്തരത്തിലൂടെയാണ് അവരത് സാധിച്ചെടുത്തത്. ശ്രീനാരായണ ഗുരു എല്ലാവരും ആദരിക്കുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ഈ റോഡ് ഗൂഗിള്‍ മാപ്പില്‍ പോലും വന്നിട്ടുള്ളതാണ്. ആ റോഡാണ് ഒരു സുപ്രഭാതത്തില്‍ ഏതാനും വ്യക്തികള്‍ ചേര്‍ന്ന് പിഴുതു മാറ്റിയിരിക്കുന്നത്. നിയമത്തിന്റെ ഭാഗത്തു നിന്നാണ് ഞങ്ങള്‍ പോരാടുന്നത്. അവര്‍ കാണിച്ച പോലുള്ള തോന്ന്യാസങ്ങള് കാണിക്കാനായിരുന്നുവെങ്കില്‍ എപ്പോഴേ ഇതൊരു വര്‍ഗ്ഗീയ കലാപമായി മാറിയേനെ. വര്‍ഗ്ഗീയ കലാപമായി ഇതിനെ മാറ്റാനാണ് ഇതിനു പിന്നിലുള്ളവര്‍ ശ്രമിക്കുന്നതും. സത്യം പുറത്തു വരുന്നതു വരെ ഈ നിയമലംഘനത്തിനെതിരെ ഞങ്ങള്‍ പ്രതികരിക്കും,’ ബിജിന് വ്യക്തമാക്കി.
ഹൈക്കോടതിയില്‍ SNRRA നല്കിയ കേസിന്റെ അടിസ്ഥാനത്തില്‍, റോഡിന് പേരു നല്കുവാനും അതു മാറ്റുവാനുമുള്ള അവകാശം കോര്‍പ്പറേഷനാണെന്നും അതിനാല്‍ ഈ കേസില്‍ കൊച്ചി കോര്പ്പറേഷന് ഉടന്‍ ഒരു തീരുമാനമുണ്ടാക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം സന്താനഗൗഡര്‍, ജസ്റ്റിസ് സതീഷ് നൈനാന് എന്നിവര്‍ ഉത്തരവിട്ടിരുന്നു. 2016 ഡിസംബര്‍ 15നാണ് ഈ ഉത്തരവിറക്കിയത്. വിധിവന്ന് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കോര്‍പ്പറേഷനോ കൗണ്‍സിലര്‍ക്കോ അനക്കമില്ല.
കോണ്‍ഗ്രസിന്റെ കൗണ്‍സിലറാണ് പി ജി രാധാകൃഷ്ണന്. കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഈ വാര്‍ഡ് ഭരിച്ചിരുന്നു. അടുത്തകാലത്തായി ബി ജെ പിയും ഈ ഭാഗത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് ഈ പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം SNRRA യും വ്യക്തിപരമായി ബിജിനും പരാതി നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്, മറ്റു പാര്‍ട്ടി നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. പക്ഷേ, യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല, ഒരു മറുപടി പോലും ഇവരില്‍ ആരില്‍ നിന്നും ലഭിച്ചിട്ടില്ല.
‘നിങ്ങളിപ്പോള്‍ കോടതിയില്‍ പോയി എന്ത് ഉത്തരവുമായി വന്നാലും ഒരു ശ്രീനാരായണന്റെയും പേരിടാന്‍ അവര്‍ അനുവദിക്കില്ല,’ ഇതാണ് ഇപ്പോഴും പി ജി രാധാകൃഷ്ണന്റെ മറുപടിയെന്ന് ബിജിന് വ്യക്തമാക്കി. ആരാണ് അവര്‍ എന്ന് ഈ നേതാക്കളൊന്നും വ്യക്തമാക്കുന്നില്ല. ആരാണ് ആ ബോര്‍ഡ് അവിടെ സ്ഥാപിച്ചതെന്ന് തനിക്ക് അറിയില്ല എന്ന് മുന്‍ കൗണ്‍സിലര്‍ സരോജനിയും വ്യക്തമാക്കിയിരുന്നു.
ആ തിമിംഗലമാര്….???
ഒരു റോഡിന്റെ പേര് തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റിയെടുക്കണമായിരുന്നുവെങ്കി ല്‍, അവര്‍ക്കത് നിയമാനുസൃതം ആകാമായിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, നിയമലംഘനമാണ് എന്ന് കോര്‍പ്പറേഷനും കൗണ്‍സിലര്‍മാക്കും നേതാക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഉത്തമബോധ്യമുണ്ടായിട്ടും ആ റോഡിന്റെ പേര് ഇപ്പോഴും അങ്ങനെ തന്നെയിരിക്കുന്നു. എന്താണ് ഒരു പാര്‍ട്ടിയും നേതാക്കളും ഈ വിഷയത്തില്‍ ഇടപെടാത്തത്…?? ഈ നിയമലംഘനത്തിനു പിന്നില്‍ അത്രവലിയ തിമിംഗലമോ…?? അങ്ങനെയെങ്കില്‍ ആ തിമിംഗലത്തെ തളയ്ക്കാന്‍ കഴിവില്ലാത്തവരാണോ ഇവിടെയുള്ള പാര്‍ട്ടികളും അതിന്റെ നേതാക്കളും…?? ഈ ഒരു ചെറിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാത്ത കോര്‍പ്പറേഷനും കൗണ്‍സിലര്‍മാരും എങ്ങനെയാണ് വലിയ വലിയ കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാക്കുന്നത്…?? ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട് എങ്കില്‍, ബന്ധപ്പെട്ട അധികാരികള്‍ പ്രശ്നത്തില്‍ ഇടപെടുക തന്നെവേണം. നിയമലംഘനം നടത്തിയിട്ട് 12 വര്‍ഷമായി. ഇപ്പോഴവര്‍ പറയുന്നു, കാലമിത്രയായില്ലേ, ഇനിയത് അങ്ങനെതന്നെയിരിക്കട്ടെ എന്ന്. കാലം പഴകിയെന്നുവച്ച് തെറ്റ് തെറ്റല്ലാതായി മാറുമോ…?? കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാലേ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ…..
അനാരോഗ്യം മൂലം പോലീസിന്റെ യൂണിഫോം അധികനാള്‍ ധരിക്കാനുള്ള ഭാഗ്യമുണ്ടായില്ല എങ്കിലും ബിജിന് എന്ന ഈ ചെറുപ്പക്കാരന് പ്രതീക്ഷ നല്കുന്നു. ഇത്തരത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ ഉണ്ടെങ്കില്‍, നമ്മുടെ നാടു നന്നാവും. കണ്ടവരുടെ ഓശാരം പറ്റി, തെറ്റുകള്‍ ശരികളാക്കുന്ന ജനപ്രതിനിധികളെയും നേതാക്കളെയും നേര്‍വഴി പഠിപ്പിക്കാന്‍ ബിജിനെപ്പോലെ കുറച്ചു ചെറുപ്പക്കാര്‍ വേണം. തെറ്റിനെതിരെ പോരാടുന്ന ഇത്തരം യുവത്വങ്ങള്‍ക്കാണ് ഇരട്ടച്ചങ്കനെന്നുള്ള വിളിപ്പേരു ചേരുക. ബിജിന്റെ പോരാട്ടങ്ങള്‍ക്ക് ജനപക്ഷവും തമസോമയും പിന്തുണ നല്കുന്നു…. സത്യം നടപ്പാകും വരെ, തളരാതെ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനും ശ്രീനാരായണ റോഡ് റെസിഡന്റ് അസോസിയേഷനും കഴിയട്ടെ….
……………………………………………………………………………………….
Tags: Edappally, Cochin Corporation, Counsellor PG Radhakrishnan, Kochi corporation secretary, Sreenarayana Road, Vadakkeppally Road, A few private individuals changed the name of a road without the permission of Kochi corporation, But corporation is not taking any action against the culprit even though they realised it. Hindus and Muslims in Edappally are in the brink of conflict due to this fact
മതേ 'തറ'കൾ എല്ലാം കാണുന്നുണ്ടല്ലോ അല്ലേ ???