Jess Varkey Thuruthel
തന്നെ കുടുക്കാന്‍ വന്‍ ഗൂഡാലോചന നടന്നുവെന്നു നടന്‍ നിവിന്‍ പോളി (Actor Nivin Pauly)വാദിക്കുമ്പോള്‍, കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരി സംശയിക്കുന്നു. ഈ കേസ് ഉയര്‍ന്നു വന്ന ആദ്യ ദിനം മുതല്‍ പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരോടു പറയുന്നതൊന്ന്, മാധ്യമങ്ങളോടു പറയുന്നതു മറ്റൊന്ന്. മാധ്യമ പ്രവര്‍ത്തകരെയൊന്നാകെ മാപ്രകളെന്നു വിളിച്ച് അധിക്ഷേപിക്കാം, പോലീസിനെ മൊത്തം ക്രിമിനലുകളാക്കി ചിത്രീകരിക്കുകയും ചെയ്യാം. പക്ഷേ, ആ വിമര്‍ശനങ്ങള്‍ക്കുമെല്ലാമപ്പുറം ഇവരോടു പറയുന്ന മൊഴികള്‍ വ്യത്യസ്തമാണെങ്കില്‍ സംശയമുനയിലാകുന്നത് പരാതിക്കാരുടെ വിശ്വാസ്യതയാണ്. നിവിന്‍ പോളി കേസില്‍ പരാതിക്കാരിക്കു സംഭവിച്ചതും ഇതു തന്നെ.
നഴ്‌സിംഗ് ബിരുദധാരിയാണ് പരാതിക്കാരി. ആഗോള തലത്തില്‍ ഏറ്റവുമധികം ഡിമാന്റുള്ളവരാണ് നഴ്‌സുമാരും വീട്ടുജോലിക്കാരും. ഈ രണ്ടു തൊഴിലുകള്‍ക്കും ഒരുകാലത്തും ക്ഷാമം ഉണ്ടാകുന്നില്ല. എന്നിട്ടും നഴ്‌സിംഗ് ബിരുദം നേടിയ പരാതിക്കാരി ജോലി ചെയ്തത് റിസപ്ഷനിസ്റ്റായും ബേബി സിറ്ററായുമെല്ലാമാണ്. തങ്ങള്‍ക്കു ലഭിച്ച നഴ്‌സ് ജോലിക്കു ശമ്പളം കുറവായിരുന്നു,. അതിനാലാണ് ഈ ജോലി തെരഞ്ഞെടുത്തത് എന്നിവര്‍ പറയുന്നുണ്ട്. ബേബി സിറ്റര്‍ ജോലി ഡിമാന്റുള്ള ഒന്നുതന്നെയാണ്. അതിനാല്‍ ആ വാദം അവിശ്വസിക്കേണ്ട കാര്യമില്ല.
മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ഇവര്‍ പറഞ്ഞിരുന്നത് താന്‍ ദുബായിലായിരുന്നപ്പോള്‍ ആരൊക്കെയോ തങ്ങളുടെ വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു എന്നായിരുന്നു. എന്നാല്‍, പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു, പരാതിക്കാരി കേരളത്തിലെ വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് നിരീക്ഷണ ക്യാമറ വച്ചത് എന്നാണ്. ഭര്‍ത്താവിന്റെ ഫോണും വൈഫൈയും ഹാക്ക് ചെയ്യപ്പെട്ടതായും ഇവര്‍ പറയുന്നുണ്ട്.
ദുബായിലെ ഹോട്ടല്‍ ഫ്‌ളോറ ക്രീക്കില്‍ അഭിമുഖത്തിനു ചെന്നപ്പോള്‍ പ്രൊഡ്യൂസര്‍ എ കെ സുനിലാണ് തന്നെ ആദ്യം ബലാത്സംഗം ചെയ്തതെന്ന് യുവതി തമസോമയോടു പറഞ്ഞിരുന്നു. എന്നാല്‍, ഊന്നുകല്‍ പോലീസിനു നല്‍കിയ പരാതിയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെങ്കില്‍, നിരവധി പേര്‍ ചേര്‍ന്ന് അതിക്രൂരമായി ശാരീരികവും മാനസികവുമായി ദ്രോഹിച്ച ഒരു യുവതിയാണത്. ഈ കാലയളവിനിടയിലെ മാനസിക വ്യഥയും ശാരീരിക പീഡനങ്ങളും അവളുടെ മനസിനെ സാരമായ രീതിയില്‍ ബാധിച്ചിട്ടുണ്ടാകാം. ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും പ്രയാസങ്ങള്‍ നേരിട്ടേക്കാം. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന അതിശക്തമായ എതിര്‍പ്പുകള്‍ അവളുടെ മനസിനെ തളര്‍ത്തിയിട്ടുമുണ്ടാകാം.
പാസ്‌പോര്‍ട്ടിലെ രേഖകള്‍ കേസിന്റെ മുന്നോട്ടുള്ള ഗതിയിലെ നിര്‍ണ്ണായക വഴിത്തിരിവാണ്. ആ രേഖകള്‍ നിവിന്‍ പോളിയും യുവതിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇപ്പോള്‍ ഇവരുടെ ഭര്‍ത്താവിന്റെ മൊഴിയും എടുത്തു കഴിഞ്ഞു.
ആരുടെ ഭാഗത്താണ് സത്യമെന്ന് കണ്ടെത്താന്‍ ഇവിടെ സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ തെളിവുകളും മാത്രമാണുള്ളത്. ‘ഞങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞത് പൂര്‍ണ്ണമായും ശരിയല്ല,. യഥാര്‍ത്ഥ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത് പോലീസിനോടാ’ണെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു. പരാതിക്കാരിക്ക് ഏറ്റവും വലിയ പിഴവു പറ്റിയതും ഇവിടെത്തന്നെ. മാധ്യമങ്ങളോടും പോലീസിനോടും രണ്ടു വിധത്തില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ പരാതിക്കാരിയുടെ വിശ്വാസ്യതയ്ക്കാണ് കളങ്കമേല്‍ക്കുന്നത് എന്ന കാര്യം ഇവര്‍ മറന്നു പോയി. മാധ്യമങ്ങളോടു പറയുന്ന കാര്യങ്ങളാണ് പൊതുസമൂഹം അറിയുന്നത്.
ഒരു സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അവള്‍ നീതി തേടി ഈ സമൂഹത്തിനു മുമ്പാകെ വന്നാല്‍, അവളോടൊപ്പം നില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേത്. അക്രമികള്‍ക്കെതിരെ അവള്‍ക്കൊപ്പം പൊരുതാനിറങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. പറയുന്ന കാര്യങ്ങളില്‍ കൃത്യതയില്ലാതിരിക്കുക എന്നത് വിശ്വസിച്ചു കൂടെ നില്‍ക്കുന്നവരെ വഞ്ചിക്കുന്നതിനു തുല്യമാണ്. അതിനാല്‍, ഏതെങ്കിലും തരത്തില്‍ ഈ കേസ് അട്ടിമറിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ നല്ലൊരു പങ്ക് പരാതി നല്‍കിയവര്‍ക്കു തന്നെ. ആദ്യം പരാതി നല്‍കിയപ്പോള്‍ അന്വേഷണം നടത്താന്‍ പോലും ഊന്നുകല്‍ പോലീസ് തയ്യാറായില്ലെന്നും ഇനിയങ്ങനെ സംഭവിക്കാതിരിക്കാനാണ് തങ്ങള്‍ ചില കാര്യങ്ങള്‍ മാറ്റിപ്പറയുകയും ചിലവ മറച്ചു പിടിക്കുകയും ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരുടേയും പ്രതിയാക്കപ്പെടുന്നവരുടേയും വാദഗതികള്‍ കേള്‍ക്കുന്നവരാണ് പോലീസും മാധ്യമങ്ങളും. അവരോടു പറയുന്ന കാര്യങ്ങളില്‍ കൃത്യതയില്ലാതെ വന്നാല്‍ കേസ് ചിലപ്പോള്‍ തിരിച്ചടിച്ചേക്കാം. സംശയത്തിന്റെ ആനുകൂല്യത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും. പീഡന പരാതികളെല്ലാം കെട്ടിച്ചമയ്ക്കുന്നവയും പണം തട്ടാനുള്ള ഉപാധിയായും വാദിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. അവരുടെ കൈയിലെ നല്ലൊരു ആയുധമായി മാറുകയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ നല്‍കിയ ഈ പരാതിയും.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975